കാലിക്കറ്റ്‌ സർവ്വകലാശാല: "വിലപേശലും ഒത്തുതീർപ്പും സംശയിക്കേണ്ടിയിരിക്കുന്നു" പ്രതിഷേധവുമായി എഴുത്തുകാർ

കാലിക്കറ്റ്‌ സർവ്വകലാശാല:
"വിലപേശലും ഒത്തുതീർപ്പും സംശയിക്കേണ്ടിയിരിക്കുന്നു" പ്രതിഷേധവുമായി എഴുത്തുകാർ

സര്‍വ്വകലാശാലാ മലയാളം പഠനവകുപ്പില്‍ പ്രൊഫസര്‍ സ്ഥാനത്തേക്ക് നടന്ന നിയമനത്തില്‍ ഇന്റര്‍വ്യൂ അടക്കം കഴിഞ്ഞതിന് ശേഷം അന്യായമായി അധ്യാപകന്‍ ഡോ.സി.ജെ. ജോര്‍ജിനെ അയോഗ്യനാക്കി എന്ന ആരോപണവുമായി എഴുത്തുകാരും അക്കാഡമിക്കുകളും രംഗത്ത്. സ്‌ക്രീനിംഗ് കമ്മിറ്റി പൂര്‍ണ്ണമായി പരിശോധിച്ച് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ളവരെയാണ് സര്‍വ്വകലാശാല ഇന്റര്‍വ്യൂവിന് വിളിച്ചത്. ഇത്തരത്തില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഡോ.സി.ജെ ജോര്‍ജിനെ നീണ്ട അഭിമുഖങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം അയോഗ്യനാക്കുകയും തല്‍സ്ഥാനത്തേക്ക് അധ്യാപകന്‍ ജോസഫ് സ്‌കറിയ തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്തകളാണ് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

അപേക്ഷകരുടെ ഗവേഷണ പ്രബന്ധങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചതിന് ശേഷം തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളുകളെ ഇന്റര്‍വ്യൂവിന് ശേഷം എങ്ങനെ അയോഗ്യരാക്കി എന്നാണ് ഈ നടപടിയെ വിമര്‍ശിച്ചു കൊണ്ട് എം എന്‍ കാരശ്ശേരി, കല്‍പ്പറ്റ നാരായണന്‍, കെ ജി ശങ്കരപ്പിള്ള, കെ.സി നാരായണന്‍, ആര്‍. രാജശ്രീ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും അക്കാഡമീഷ്യന്മാരും ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ ചോദിക്കുന്നത്. സര്‍വ്വകലാശാലാ നിയമന വിവാദങ്ങള്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, കാലിക്കറ്റ് സര്‍വ്വകലാശാലാ പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉയരുന്നത്.

ഔദ്യോഗിക അറിയിപ്പൊന്നും ഇല്ലാതെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഒരാള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത്, സി.ജെ ജോര്‍ജിനെ പുറത്തക്കിയതില്‍ കൃത്യമായ ഗൂഢാലോചനയുണ്ട് എന്ന സംശയമുണ്ടാക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് ഡോ. സി.ജെ ജോര്‍ജ് ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍വ്വകലാശാല ചാന്‍സലര്‍ക്കും (ഗവര്‍ണര്‍) വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സജീവമായ അക്കാദമിക ഇടപെടലുകളും ഉയര്‍ന്ന യു.ജി.സി അക്കാഡമിക് സ്‌കോറും ഉള്ള ഡോ. ജോര്‍ജിനെ പോലൊരാളെ നിയവിരുദ്ധമായാണ് സെലക്ഷന്‍ കമ്മിറ്റി പുറന്തള്ളിയത് എന്നും സംയുക്ത പ്രസ്താവനയില്‍ ആരോപിക്കുന്നു.

ഭാഷാ വിഭാഗം ഡീനും സ്‌ക്രീനിംഗ് കമ്മിറ്റി അംഗവുമായ, ഡോ കെ.എം. അനിലും പഠനവകുപ്പ് തലവന്‍ ഡോ.സോമനാഥന്‍.പിയും സ്‌ക്രീനിംഗ് കമ്മിറ്റി അംഗവും സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ഡയറക്ടരുമായിരുന്ന ഡോ.എം.വി. നാരായണനും മലയാളം വിഭാഗം പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്ററര്‍വ്യൂവില്‍ സംഭവിച്ചത് അനുചിതമായ കാര്യങ്ങളാണ് എന്ന് രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

കാലിക്കറ്റ് ഇന്റര്‍വ്യൂ കഴിഞ്ഞതിന് തൊട്ടടുത്ത ദിവസം മുതല്‍ കണ്ണൂരില്‍ തഴയപ്പെട്ട ജോസഫ് സ്‌കറിയ കാലിക്കറ്റില്‍ ഒന്നാം സ്ഥാനത്താണ് എന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലാത്ത ഈ വിവരം എങ്ങനെ മാധ്യമങ്ങള്‍ക്കു കിട്ടി?

വിലപേശലും ഒത്തുതീര്‍പ്പും സംശയിക്കേണ്ടിയിരിക്കുന്നു.

'ജോസഫ് സ്‌കറിയ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മലയാളം വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ യോഗ്യതയുണ്ടായിരുന്നിട്ടും തന്നെ അന്യായമായി രണ്ടാം സ്ഥാനക്കാരനാക്കി എന്ന പരാതി ഉന്നയിച്ച വ്യക്തിയാണ്. കണ്ണൂരില്‍ ഇദ്ദേഹത്തിന്റെ സ്‌കോറായി പറയപ്പെടുന്നത് 651 ആണല്ലോ. കാലിക്കറ്റില്‍ ഡോ.സി.ജെ.ജോര്‍ജിന്റെ സ്‌കോര്‍ ഏകദേശം 1100നടുത്ത് വരും. കണ്ണൂരില്‍ ഇയാളുടെ വാദം ശരിവെക്കുകയാണെങ്കില്‍ കാലിക്കറ്റില്‍ ആരുടെ വാദമാണ് അംഗീകരിക്കേണ്ടത്? കണ്ണൂരാണെങ്കിലും കോഴിക്കോടാണെങ്കിലും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം നിയമനം നടത്തേണ്ടത്. കണ്ണൂരില്‍ തഴയപ്പെട്ട അപേക്ഷാര്‍ത്ഥി എന്ന ഇമേജ് മാധ്യമങ്ങള്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. ആ പശ്ചാത്തലത്തില്‍ കാലിക്കറ്റിലെ കാര്യം നമുക്ക് കാണാന്‍ കഴിയില്ലല്ലോ. മറ്റ് അപേക്ഷാര്‍ത്ഥികളെ കൂടി നോക്കണമല്ലോ.' ബ്രണ്ണന്‍ കോളേജ് ഫിലോസഫി വിഭാഗം അധ്യാപകന്‍ ദിലീപ് രാജ് ദ ക്യുവിനോട്പറഞ്ഞു.

ഇതൊരു വിലപേശലാണെന്നും, ഒത്തുതീര്‍പ്പാണെന്നും സംശയിക്കാനുള്ള കാരണം കണ്ണൂരിലെ സംഭവത്തിന് ശേഷം നടന്ന ചില കാര്യങ്ങളാണെന്നും, കണ്ണൂരില്‍ സര്‍വ്വകലാശാലയ്ക്കെതിരെ കേസിനു പോകുമെന്ന് പറഞ്ഞ ജോസഫ് സ്‌കറിയ കേസ് കൊടുത്തിരുന്നില്ല എന്നും ദിലീപ് രാജ് പറഞ്ഞു. 'കാലിക്കറ്റ് ഇന്റര്‍വ്യൂ കഴിഞ്ഞതിന് തൊട്ടടുത്ത ദിവസം മുതല്‍ കണ്ണൂരില്‍ തഴയപ്പെട്ട ജോസഫ് സ്‌കറിയ കാലിക്കറ്റില്‍ ഒന്നാം സ്ഥാനത്താണ് എന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലാത്ത ഈ വിവരം എങ്ങനെ മാധ്യമങ്ങള്‍ക്കു കിട്ടി? അത് ഒന്നുകില്‍ ജോസഫ് സ്‌കറിയ പുറത്തു വിട്ട വാര്‍ത്തയാണ്, അല്ലെങ്കില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ആരെങ്കിലും പുറത്തുവിട്ടതാണ്. അങ്ങനെ വാര്‍ത്ത വന്നതില്‍ നിന്ന് തന്നെ വ്യക്തമാണ് ഇതില്‍ ഒരു വിലപേശല്‍ നടന്നിട്ടുണ്ട്, ഉദ്യോഗാര്‍ഥിയെ നമുക്ക് വിടാം, സെലക്ഷന്‍ കമ്മിറ്റിയുടെ ഇടപെടല്‍ സുതാര്യമാകണം.' ദിലീപ് രാജ് കൂട്ടിച്ചേര്‍ത്തു.

ദിലീപ് രാജ്
ദിലീപ് രാജ്

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അതിന്റെ പകര്‍പ്പ് പോസ്റ്റലായി സര്‍വ്വകലാശാലയ്ക്ക് അയക്കണം എന്നതാണ് അപേക്ഷിക്കേണ്ട രീതി. ഏറ്റവും കുറഞ്ഞത് പത്തു പ്രബന്ധങ്ങളെങ്കിലും സ്വന്തം പേരില്‍ വേണമെന്നിരിക്കെ, അദ്ദേഹം ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഒന്‍പത് ഗവേഷണ പ്രബന്ധങ്ങള്‍ മാത്രമാണ് കാണിച്ചിട്ടുള്ളത്, പിന്നീട് അബദ്ധം മനസ്സിലാക്കി പത്ത് പ്രബന്ധങ്ങള്‍ കാണിച്ചുകൊണ്ട് അപേക്ഷയുടെ പകര്‍പ്പ് സര്‍വ്വകലാശാലയിലേക്ക് അയച്ചു, ശേഷം കോടതി ഉത്തരവുമായാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത് എന്നുമുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. നോട്ടിഫിക്കേഷനില്‍ പറയുന്നതു പ്രകാരം, ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ പിന്നീട് മാറ്റാന്‍ കഴിയില്ല. ഓണ്‍ലൈനില്‍ നല്കിയിട്ടില്ലാത്ത പുതിയ ഒരു രേഖയും തപാല്‍ വഴി സ്വീകരിക്കാനും കഴിയില്ല.

2018 ലെ യു.ജി.സി ഉത്തരവില്‍, ഇനി മുതല്‍ യു.ജി.സി കെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രബന്ധങ്ങള്‍ മാത്രമേ ഇന്റര്‍വ്യൂകളില്‍ പരിഗണിക്കാവൂ എന്ന ഓര്‍ഡറിലെ സാങ്കേതികത്വം പറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഡോ. ജോര്‍ജ് അയോഗ്യനാക്കപ്പെടുന്നത്

'കോടതി ഉത്തരവുള്ളതുകൊണ്ട് അദ്ദേഹത്തിന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ അപേക്ഷയുടെ സാധുത സംശയത്തിലാണ്. ഇദ്ദേഹത്തിന്റെ പേരില്‍ ഏഴു പുസ്തകങ്ങളുണ്ട് എന്ന പ്രചാരണങ്ങള്‍ ഉണ്ടല്ലോ, അപേക്ഷയില്‍ ഇദ്ദേഹം ഒരു പുസ്തകം മാത്രമേ കാണിച്ചിട്ടുള്ളു. അതുതന്നെ പി.എച്ച്.ഡി പ്രബന്ധം പുസ്തമാക്കിയതാണ്. അല്ലാതെ അത് വ്യത്യസ്തമായൊരു മൗലിക കൃതിയല്ല. അതിന് അദ്ദേഹത്തിന് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. അതേ പുരസ്‌കാരം അതിനും പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.ജെ ജോര്‍ജിന് ലഭിച്ചതാണ്. ഇദ്ദേഹം കോളേജ് അധ്യാപകനായി ജോലിയില്‍ കയറുന്നത് 2008 ലാണ്, സി.ജെ. ജോര്‍ജ് 1993ല്‍ ജോലിയില്‍ കയറിയ ആളാണ്. എം.എയും പി.എച്ച്.ഡിയും മാത്രമാണ് ജോസഫ് സ്‌കറിയയുടെ യോഗ്യത. നെറ്റ് യോഗ്യതയില്ല. നെറ്റും എം.ഫിലും ഉള്ള ജോര്‍ജ് എന്തുകൊണ്ടും ഇന്റര്‍വ്യൂവില്‍ പരിഗണന ലഭിക്കേണ്ടയാളാണ്.' ദിലീപ് രാജ് പറഞ്ഞു.

കോടതിയിലിരിക്കുന്ന വിഷയത്തില്‍, തീരുമാനമാകാതെ നിയമനത്തിലേക്ക് പോകരുത് എന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി അംഗം കെ കെ ഹനീഫ ഉയര്‍ത്തിയ എതിര്‍പ്പിനെത്തുടര്‍ന്നാണ് നിയമനം നടക്കാതിരുന്നത് എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.

ജോസഫ് സ്‌കറിയക്ക് കേവലം സെക്കന്റ് ക്ലാസ് എം.എ മാത്രമാണ് ഉള്ളതെന്നും. മറ്റെല്ലാ അപേക്ഷകരും ഫസ്റ്റ് ക്ലാസ് എം.എക്കാരാണെന്നും ഡോ.സി.ജെ. ജോര്‍ജിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. യു.ജി.സി യുടെ പോസ്റ്റ് ഡോക്ടറല്‍ അവാര്‍ഡ് ലഭിച്ച വ്യക്തി കൂടിയാണ് ഡോ. സി.ജെ. ജോര്‍ജ്. 2018 ലെ യു.ജി.സി ഉത്തരവില്‍, ഇനി മുതല്‍ യു.ജി.സി കെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രബന്ധങ്ങള്‍ മാത്രമേ ഇന്റര്‍വ്യൂകളില്‍ പരിഗണിക്കാവൂ എന്ന ഓര്‍ഡറിലെ സാങ്കേതികത്വം പറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഡോ. ജോര്‍ജ് അയോഗ്യനാക്കപ്പെടുന്നത് എന്നും, അത് മുന്‍കാല പ്രാബല്യമുള്ള ഉത്തരവല്ലാത്തതുകൊണ്ടുതന്നെ ആ ഓര്‍ഡര്‍ ഇവിടെ ബാധക മാക്കേണ്ടതില്ല എന്നും അക്കാഡമിക്കുകള്‍ അഭിപ്രായപ്പെട്ടു. കോടതിയിലിരിക്കുന്ന വിഷയത്തില്‍, തീരുമാനമാകാതെ നിയമനത്തിലേക്ക് പോകരുത് എന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി അംഗം കെ കെ ഹനീഫ ഉയര്‍ത്തിയ എതിര്‍പ്പിനെത്തുടര്‍ന്നാണ് നിയമനം നടക്കാതിരുന്നത് എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ നടന്നിട്ടുള്ള അസ്സോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ നിയമന നടപടിക്രമങ്ങളിലെല്ലാം തന്നെ ഭരണഘടനാപരമായ സംവരണ തത്വങ്ങളൊന്നും പാലിക്കാതെയാണ് അവര്‍ നോട്ടിഫിക്കേഷന്‍ പോലും ഇറക്കിയിട്ടുള്ളത്.

സംവരണതത്വങ്ങള്‍ പോലും സര്‍വ്വകാലശാല പാലിച്ചിട്ടില്ല

'യു.ജി.സിയുടെ റെഗുലേഷന്‍ വരുന്നത് 2018 ലാണ്. 2019 മുതല്‍ അപ്പോയിന്മെന്റുകളിലെല്ലാം തന്നെ ഈ റഗുലേഷന്‍ ആണ് പിന്തുടരുന്നത്. പക്ഷെ മലയാളത്തെ സംബന്ധിച്ച് കാര്യമായി റെഫെര്‍ഡ് ജേര്‍ണലുകള്‍ ഒന്നുമുണ്ടായിരുന്നില്ല. ജോര്‍ജ് മാഷ് ഒരുപാട് മുമ്പേ എഴുതിത്തുടങ്ങിയ ആളാണ്, അതുകൊണ്ടു തന്നെ സെലക്ഷന്‍ കമ്മിറ്റികള്‍ക്ക് പ്രബന്ധങ്ങളുടെ ഗുണനിലവാരമനുസരിച്ച് തീരുമാനമെടുക്കാവുന്നതാണ്.

മാത്രവുമല്ല കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ നടന്നിട്ടുള്ള അസ്സോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ നിയമന നടപടിക്രമങ്ങളിലെല്ലാം തന്നെ ഭരണഘടനാപരമായ സംവരണ തത്വങ്ങളൊന്നും പാലിക്കാതെയാണ് അവര്‍ നോട്ടിഫിക്കേഷന്‍ പോലും ഇറക്കിയിട്ടുള്ളത്. ജനറല്‍ കാറ്റഗറി സീറ്റ് എന്ന രീതിയില്‍ അഭിമുഖം സംഘടിപ്പിക്കുകയും ശേഷം അത് എസ്.സി സീറ്റ് ആണ് എന്ന് പറയുകയുമായിരുന്നു. ആ സീറ്റുകളിലേക്ക് എസ്.സി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.' മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മലയാളം വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ രവി കെ.പി. ദ ക്യുവിനോട് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് തന്നെ, സര്‍വ്വകലാശാല നിയമനങ്ങളില്‍ സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും നടക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്.

ഡോ.ജോര്‍ജിനെതിരെ നേരത്തെയും ഗൂഢാലോചനയുണ്ടായിട്ടുണ്ട്. കാലടി സര്‍വ്വകലാശാലയില്‍ ഉള്‍പ്പെടെ അദ്ദേഹം അന്യായമായി മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സമാനമായ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട് എന്ന് തന്നെ സംശയിക്കുന്നുവെന്നും രവി കെ.പി പറഞ്ഞു. 'ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് തന്നെ, സര്‍വ്വകലാശാല നിയമനങ്ങളില്‍ സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും നടക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. നിലവാരമുള്ളവരെ മാറ്റി നിര്‍ത്തി എങ്ങനെയാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പോകുന്നത് എന്ന് മനസിലാകുന്നില്ലെന്നും രവി കെ.പി കൂട്ടിച്ചേര്‍ത്തു.

രവി കെ.പി
രവി കെ.പി

യു.ജി.സി റെഗുലേഷനില്‍ വന്ന മാറ്റത്തെ കുറിച്ചൊന്നും അറിവില്ല. സി.ജെ ജോര്‍ജ് തന്റെ വിദ്യാര്‍ത്ഥിയാണ്, അയാള്‍ യോഗ്യതയുള്ള ആളാണ്, ഇന്റര്‍വ്യൂ നടത്തിയതിന് ശേഷം ഒരാളെ അയോഗ്യനാക്കുന്ന സംഭവം കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അത് അന്യായമാണ് എന്ന് തോന്നുന്നത് കൊണ്ട് താന്‍ ഈ വിഷയത്തില്‍ ഐക്യപ്പെടുന്നു എന്നും പ്രൊഫസര്‍ എം.എന്‍. കാരശ്ശേരി ദ ക്യുവിനോട് പറഞ്ഞു.

കേരളത്തിന്റെ ഉന്നത വിദ്യാസരംഗം മെച്ചപ്പെടാന്‍ ശക്തമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട ആവശ്യമുണ്ട്. സര്‍വ്വകലാശാലകളിലെ തൊഴുത്തില്‍കുത്തും കാലുവാരലും അവസാനിക്കാതെ മെച്ചപ്പെട്ട ഒരു അക്കാദമിക അന്തരീക്ഷം കേരളത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നും അക്കാദമിക രംഗത്തുള്ളവർ ആശങ്ക പ്രകടിപ്പിക്കുന്നു.

കാലിക്കറ്റ്‌ സർവ്വകലാശാല:
"വിലപേശലും ഒത്തുതീർപ്പും സംശയിക്കേണ്ടിയിരിക്കുന്നു" പ്രതിഷേധവുമായി എഴുത്തുകാർ
'കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെ നശിപ്പിക്കുന്നു, വി.സി ഒരു ക്രിമിനലാണ്'; പുറത്താക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ഗവര്‍ണര്‍

Related Stories

No stories found.
logo
The Cue
www.thecue.in