'കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെ നശിപ്പിക്കുന്നു, വി.സി ഒരു ക്രിമിനലാണ്'; പുറത്താക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ഗവര്‍ണര്‍

'കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെ നശിപ്പിക്കുന്നു, വി.സി ഒരു ക്രിമിനലാണ്'; പുറത്താക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ഗവര്‍ണര്‍

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമന വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍ വിസിയെ വ്യക്തിപരമായി കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്ദ് ഖാന്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെ പുറത്താക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്ന് ഗവര്‍ണര്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റിയെ നശിപ്പിക്കുന്ന് വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ആണെന്നും, രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മാത്രമാണ് വി.സി സ്ഥാനത്ത് ഗോപിനാഥ് തുടരുന്നതെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടില്‍ വി.സി ഒപ്പുവെച്ചില്ല. തനിക്കെതിരെ ആക്രമണം നടത്താനുള്ള ഗൂഢാലോചനയില്‍ വി.സിയും ഭാഗമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ആക്ഷന്‍ എടുക്കാന്‍ എനിക്ക് അധികാരമുണ്ട്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ മാന്യതയുടെ എല്ലാ പരിധിയും ലംഘിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സര്‍വകലാശാല തനിക്കെതിരെ കോടതിയെ സമീപിച്ചാല്‍ ചാന്‍സലര്‍ എന്ന നിലയില്‍ കര്‍ശന നടപടി സ്വീകരിക്കാമെന്ന് തനിക്ക് തനിക്ക് നിയമോപദേശം ലഭിച്ചതായി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗവര്‍ണര്‍ പറഞ്ഞതിന്റെ പൂര്‍ണരൂപം

അര്‍ഹതയില്ലാത്തവര്‍ക്ക് എങ്ങനെയാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ നോട്ടീസ് നല്‍കുക? വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികള്‍ സ്വീകരിക്കുന്നത്. നിയമാനുസൃതമായിരിക്കും നടപടികള്‍.

ആക്ഷന്‍ എടുക്കാന്‍ എനിക്ക് അധികാരമുണ്ട്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ മാന്യതയുടെ എല്ലാ പരിധിയും ലംഘിച്ചു. വൈസ് ചാന്‍സലര്‍ എന്നതിനപ്പുറം, ഒരു പാര്‍ട്ടി കേഡര്‍ എന്ന് ഞാന്‍ അദ്ദേഹത്തെ വിളിക്കാന്‍ കാരണം, കണ്ണൂര്‍ സര്‍വകലാശാലയില്‍ വെച്ച് മുമ്പ് ഞാന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ ആളുകള്‍ക്ക് വരെ ആ ഗൂഢാലോചന അറിയാമായിരുന്നു. അദ്ദേഹവും അതിന്റെ ഭാഗമാണ്. കാരണം അദ്ദേഹമാണ് എന്നെ ക്ഷണിച്ചത്.

ഗവര്‍ണര്‍ ആയ തനിക്കെതിരെ ഉണ്ടായ ആക്രമണം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വി.സി ഒപ്പുവെച്ചില്ല. കണ്ണൂര്‍ വി.സി ഒരു ക്രിമിനലാണ്. രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് മാത്രമാണ് ഇദ്ദേഹം വി.സി ആയി ഇരിക്കുന്നത്. അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെ നശിപ്പിക്കുകയാണ് ഇദ്ദേഹം. ഒരു പ്രൊഫസറെ പോലെയോ, അക്കാഡമീഷ്യനെ പോലെയോ അല്ല, പാര്‍ട്ടി കേഡറിനെ പോലെയാണ് വി.സി പ്രവര്‍ത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in