കടുവ പേടിയില്‍ വയനാട്

കടുവ പേടിയില്‍ വയനാട്
Summary

മുത്തങ്ങ, ബന്ദിപ്പൂര്‍, മുതുമല, നാഗര്‍ഹോള 12,500 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കാട്. ഇതിനോട് ചേര്‍ന്നുള്ള ജില്ല, വയനാട്. വന്യമൃഗങ്ങള്‍ ഏറ്റവുമധികം മനുഷ്യരെ കൊന്ന ജില്ല. കൃഷിയും കന്നുകാലി വളര്‍ത്തലും ഉപജീവനമാര്‍ഗ്ഗമാക്കിയ മനുഷ്യര്‍, മലയണ്ണാന്‍ മുതല്‍ കടുവ വരെയുള്ള വനജീവികള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്നു. അപകടങ്ങളും പ്രതിഷേധങ്ങളും ശക്തമാകുമ്പോള്‍ മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍. മൃഗങ്ങള്‍ കാടിറങ്ങി ജീവനപഹരിക്കുമ്പോള്‍ വയനാട്ടിലെ മനുഷ്യര്‍ എന്തുചെയ്യണം. ദ ക്യൂ ന്യൂസ് അന്വേഷിക്കുകയാണ്.

വനം വികസന കോര്‍പ്പറേഷന്റെ പുല്‍പ്പള്ളി മരിയനാട്ടെ സമരഭൂമിയില്‍ ആദിവാസി ഭൂസമര സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കുന്ന കുടുംബങ്ങളിലെ അംഗമാണ് ഇരുപതുകാരനായ ബിനു. ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി എട്ടുമണിയോടെ കുടിലിനടുത്ത് വെച്ച് കടുവ ആക്രമിച്ചു. ഓടി മരത്തില്‍ കയറിയെങ്കിലും കടുവ പിന്‍തുടര്‍ന്നു. മരത്തില്‍ കയറുമ്പോഴും തന്നെ ചാടി ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് ബിനു പറയുന്നു. മുകളിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. ആദ്യം അക്രമിച്ചപ്പോള്‍ വീണു കിടന്നിടത്തും കടുവ പോയി നോക്കുന്നത് കാണാമായിരുന്നുവെന്ന് ബിനു പേടിയോടെ ഓര്‍ക്കുന്നു. ബിനുവിന്റെ കരച്ചില്‍ കേട്ട് കുടിലുകളിലുള്ളവര്‍ കൂട്ടമായെത്തി ബഹളമുണ്ടാക്കിയതോടെ കടുവ സ്ഥലം വിട്ടു.

കടുവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ബിനു
കടുവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ബിനു

നാല് ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കാണുമ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. ചെറിയ ശബ്ദം കേള്‍ക്കുമ്പോള്‍ പോലും പേടിയാണ്. ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ശരീരമാകെ വേദനയാണ്. മുറിവുകള്‍ ഉണങ്ങിത്തുടങ്ങുന്നതേയുള്ളു. ആക്രമിക്കപ്പെട്ട ഭീതി മാറ്റാന്‍ ചികിത്സ തേടേണ്ടി വരുമെന്ന് ബിനുവിന്റെ മുത്തച്ഛന്‍ പറയുന്നു. അന്ന് രാത്രി തന്നെ കെട്ടിപ്പിടിച്ചാണ് ബിനു കിടന്നത്. പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു. പനിച്ചുവെന്നും മുത്തച്ഛന്‍ പറയുന്നു.

കടുവാപേടിയിലാണ് ഈ സമരഭൂമിയിലെ മുഴുവന്‍ ആളുകളും. ഞങ്ങളും കണ്ടു കുടിലുകള്‍ക്ക് സമീപത്തായി കടുവയുടെയും കുഞ്ഞുങ്ങളുടെയും കാല്‍പ്പാടുകള്‍. കെ.എഫ്.ഡി.സിയുടെ കാപ്പിത്തോട്ടത്തില്‍ 500 കുടുംബങ്ങള്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസികളാണ് ഇവര്‍. ബിനു അക്രമിക്കപ്പെട്ടതിന് ശേഷവും തുടര്‍ച്ചയായി കാപ്പിത്തോട്ടത്തില്‍ കുടിലുകള്‍ക്ക് ചുറ്റുമായി കടുവയെ കാണുന്നു. കടുവയും രണ്ട് കുഞ്ഞുങ്ങളുമുണ്ടെന്ന് സമരഭൂമിയിലുള്ളവര്‍ പറയുന്നു. പകല്‍ പോലും കുട്ടികളുമായി പുറത്തിറങ്ങാന്‍ ഭയക്കുകയാണ് ആദിവാസികള്‍. വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ ഏത് നിമിഷവും അക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണ് കുടുംബങ്ങള്‍. പലരും കുഞ്ഞുങ്ങളുമായി സമരഭൂമി വിട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇത് ഇരുളം ഭൂസമര ഭൂമിയിലെ മാത്രം അവസ്ഥയല്ല. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ ഇതേ ഭീതിയില്‍ കഴിയുകയാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ആറ് പേര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വയനാട് വന്യജീവി സങ്കേതത്തിലാണ് ഇവരില്‍ നാല് പേരെ കടുവ കൊലപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍ ജനുവരി 12-ന് പുതുശ്ശേരി വെള്ളാരംകുന്നില്‍ ജനവാസ മേഖലയില്‍ വെച്ച് തോമസിന്റെ ജീവനും കടുവയുടെ അക്രമണത്തില്‍ നഷ്ടപ്പെട്ടു. വളര്‍ത്തുമൃഗങ്ങളെ കടുവ അക്രമിക്കുന്ന സംഭവങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

കടുവയുടെ എണ്ണമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2018-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കടുവ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടുവകളുടെ സാന്നിധ്യമുള്ളത് വയനാട്ടിലാണ്. വയനാട് വന്യജീവി സങ്കേതത്തില്‍ സ്ഥാപിച്ച 312 ക്യാമറകളില്‍ 1,380 ഇമേജുകളാണ് ലഭിച്ചത്. ഇതില്‍ നിന്നും 29 കുട്ടികള്‍ ഉള്‍പ്പെടെ 120 കടുവകളെ കണ്ടെത്തി. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളായ പറമ്പിക്കുളത്ത് 27, പെരിയാറില്‍ 26, ഉം മലയാറ്റൂരിലും സൈലന്റ് വാലിയിലും ഏഴ് വീതവും കടുവകളുണ്ടെന്നാണ് സെന്‍സസ് റിപ്പോര്‍ട്ട്.

കുറവ് കടുവകളെ കണ്ടെത്തിയ സൗത്ത് വയനാട് ഡിവിഷനിലെ ജനവാസ മേഖലയിലെ കടുവകളുടെ സാന്നിധ്യത്തെക്കുറിച്ച് വയനാട് സൗത്ത് ഡിവിഷന്‍ ഫോര്‍സ്റ്റ് ഓഫീസര്‍ ഷജ്ന എ. 2022 ആഗസ്ത് 30-ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ട് ഇവിടുത്തെ മനുഷ്യരുടെ ജീവന്‍ എത്രമാത്രം ഭീഷണി നേരിടുന്നുവെന്ന് വ്യക്തമാക്കും. ജൂലായ്, ആഗസ്ത് മാസങ്ങളില്‍ മാത്രം ബീനാച്ചിയില്‍ മൂന്ന് തവണയും ഈട്ടിക്കവലയില്‍ 23 തവണയും വാകേരിയില്‍ 6 തവണയും മണല്‍വയലില്‍ ഒന്നും കളനാടിക്കൊല്ലിയില്‍ 4 പ്രാവശ്യവും എരിയപ്പള്ളി, ചേപ്പില എന്നിവിടങ്ങളില്‍ 7 തവണയും മടൂര്‍/വാകേരിയില്‍ 3 തവണയും കടുവകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ കടുവകളുടെ എണ്ണം 1997-ല്‍ 73 ഉം 2002-ല്‍ 71 ഉം 2006-ല്‍ 46 ഉം 2010-ല്‍ 71 ഉം 2014-ല്‍ 136 ഉം ആയിരുന്നു.

വയനാടന്‍ കാടുകള്‍ കടുവകളുടെ താവളമോ?

നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിലുള്‍പ്പെട്ട വയനാടന്‍ കാടുകളിലെ കാലാവസ്ഥ അനുകൂലമായതും വേനല്‍ക്കാലത്തും കുടിവെള്ളം ലഭിക്കുന്നതും കടുവകള്‍ കൂടാന്‍ കാരണമാകുന്നുണ്ടെന്നാണ് വനംവകുപ്പിന്റെ ഉള്‍പ്പെടെ വിലയിരുത്തല്‍. വയനാടിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ 524 ഉം തമിഴ്നാട്ടില്‍ 264 ഉം കടുവകളാണുള്ളത്. ബന്ദിപ്പൂര്‍, മുതുമല, നാഗര്‍ഹോള തുടങ്ങിയ ഇടങ്ങളില്‍ നിന്നും കടുവകള്‍ വയനാടന്‍ കാടുകളിലേക്ക് എത്തുന്നുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.

ഇത്ര കടുവകളുണ്ടെന്നത് വിഡ്ഢിത്തം

വയനാട്ടില്‍ എത്ര കടുവകളുണ്ടെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.

'നാഗര്‍ഹോളെ, മുതുമല, ബന്ദിപ്പൂര്‍, സത്യമംഗലം, വയനാട് എന്നിങ്ങനെ വലിയൊരു ലാന്‍ഡ് സ്‌കേപ്പാണിത്. വയനാട് വന്യജീവി സങ്കേതത്തിലെ കണക്ക് എടുക്കാന്‍ നോക്കുമ്പോള്‍ തൊട്ട് ചേര്‍ന്ന് സൗത്ത് വയനാടും നോര്‍ത്ത് വയനാടും ബ്രഹ്‌മഗിരിയുമുണ്ട്. ഇതെല്ലാം ഇങ്ങനെ ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളാണ്. കടുവയ്ക്ക് ജില്ലകളില്ലല്ലോ. വന്യമൃഗങ്ങള്‍ ഇങ്ങനെ യാത്ര ചെയ്തു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. മുമ്പ് കാലാവസ്ഥയിലൊക്കെ മാറ്റം വരുന്നതിന് മുമ്പ്, വേനല്‍ക്കാലത്ത് മഴ കിട്ടുന്നതും വെള്ളമുള്ളതുമായ സ്ഥലം വയനാടായിരുന്നു. ആ സമയത്ത് കാട്ടുപോത്തും ആനയും ഉള്‍പ്പെടെയുള്ള മൃഗങ്ങളെല്ലാം ഇവിടേക്ക് യാത്ര ചെയ്യും. കടുവകളും ആ സമയത്ത് മൂവ് ചെയ്യുന്നുണ്ടാകും. കൃത്യമായി ഇത്ര കടുവകളുണ്ടെന്ന് പറയുന്നത് വിഡ്ഢിത്തമാണ്'. -ഡോക്ടര്‍ അരുണ്‍ സക്കറിയ

കാട്ടിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റമാണ് കടുവ നാട്ടിലേക്കിറങ്ങുന്നതിന് കാരണമെന്ന വാദമാണ് വന്യജീവി സംരക്ഷണ പ്രവര്‍ത്തകനായ ഗുരുവായൂരപ്പന്‍ ആവര്‍ത്തിക്കുന്നത്.

'വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കന്നുകാലി വളര്‍ത്തല്‍ വര്‍ദ്ധിച്ചു. വനമേഖലയില്‍ നിന്നാണ് ഇവയ്ക്കുള്ള പുല്ല് കണ്ടെത്തുന്നത്. ഇത് ഇക്കോസിസ്റ്റത്തെ ബാധിച്ചു. കടുവ ഭക്ഷിച്ചിരുന്ന മാനുകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ എണ്ണം കുറയാന്‍ കാരണമായി. പന്നികളെ കൊല്ലാന്‍ അനുവദിച്ചതും കടുവയുടെ ഭക്ഷ്യലഭ്യത കുറച്ചു. മറ്റ് ജില്ലകളില്‍ നിന്നു പിടികൂടുന്ന കടുവകളെ വനത്തില്‍ കൊണ്ടുവിട്ട് അവിടെ വംശ വര്‍ദ്ധനയ്ക്കുള്ള സാഹചര്യം ഒരുക്കി. ഇത് സംഘര്‍ഷം വര്‍ദ്ധിക്കാന്‍ ഇടയാക്കി. വനസംരക്ഷണ സമിതികളുടെ പ്രവര്‍ത്തനത്തില്‍ വനംവകുപ്പ് കാണിച്ച ഉദാസീനത ജനങ്ങളുമായുള്ള അകല്‍ച്ചയ്ക്ക് ഇടയാക്കി'. -ഗുരുവായൂരപ്പന്‍

344 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള വയനാട് വന്യജീവസങ്കേതത്തിന് ഇത്രയധികം കടുവകളെ താങ്ങാനാവുമോയെന്നതാണ് ചോദ്യം. ഓരോ കടുവക്കും ജീവിക്കാന്‍ 'സ്വന്തമായി ഇടം' വേണം. 75 മുതല്‍ 100 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമാണ് ഒരു ആണ്‍കടുവയ്ക്ക് വേണ്ടത്. ഇണ ചേരുന്ന സമയത്ത് മാത്രമാണ് പെണ്‍കടുവയ്ക്കൊപ്പം ജീവിക്കുക. മാന്‍, മ്ലാവ്, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് എന്നിവയാണ് പ്രധാന ഭക്ഷണം. 30 കിലോ മാംസം വരെ ഒരു സമയത്ത് കഴിക്കും. പരിക്ക് പറ്റിയാലും ടെറിറ്ററി നഷ്ടപ്പെടുമ്പോഴും കടുവകള്‍ കാടിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലേക്ക് ഇര തേടി ഇറങ്ങും. വളര്‍ത്തുമൃഗങ്ങളെ എളുപ്പത്തില്‍ ലഭിക്കുമെന്നത് കൊണ്ട് ജനവാസ മേഖല കേന്ദ്രീകരിക്കും.

അധികമുള്ള കടുവകളെ പുനരധിവസിപ്പിക്കണം

വയനാടന്‍ കാടുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അധികം കടുവകള്‍ ഇപ്പോഴുണ്ടെന്നാണ് കര്‍ഷകരുടെ സംഘടനയായ കിഫ (കേരള ഇന്‍ഡിപെന്ഡന്‍ഡ് ഫാര്‍മേഴ്സ് അസോസിയേഷന്‍ ) ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍ ചൂണ്ടിക്കാണിക്കുന്നത്.

'വിസ്തൃതി നോക്കുമ്പോള്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 20 കടുവകളേ പറ്റുകയുള്ളു. അവിടെയാണ് 154 കടുവകളെ 2018-ല്‍ കണ്ടെത്തിയത്. കടുവകളുടെ എണ്ണം കുറയ്ക്കുക മാത്രമാണ് പരിഹാരം. കൂടുതലുള്ളതിനെ കുറവ് എണ്ണമുള്ള സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കുകയോ കള്ളിംഗ് നടത്തുകയോ വേണം. റെയില്‍ ഫെന്‍സിംഗ് ആനകള്‍ ജനവാസമേഖലയില്‍ എത്തുന്നതിന് പരിഹാരമുണ്ടാക്കുന്നുണ്ടാകാം. കടുവയ്ക്ക് മുന്നില്‍ അതുപോലും തടസ്സമല്ല'. -അലക്സ് ഒഴുകയില്‍

പരിഹാരം എങ്ങനെ?

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാണ് വന്യജീവി അക്രമണ മേഖലയില്‍ ആവശ്യമെന്നാണ് ഉയരുന്ന ആവശ്യം. കടുവയെ നാടുകടത്തുമെന്നൊക്കെ ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ വെറുംവാക്ക് പറയുന്നതിന് പകരം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രായോഗിക നടപടികളിലേക്ക് നീങ്ങണമെന്നും കര്‍ഷകര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നു. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ച് വകുപ്പിനെ ശക്തിപ്പെടുത്തണം. എങ്കില്‍ മാത്രമേ കടുവയുടെ സാന്നിധ്യമുണ്ടെന്ന പരാതി ഉയരുമ്പോള്‍ തന്നെ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിന് കഴിയുള്ളു. ജീവന് ഭീഷണിയുയര്‍ത്തുന്ന കടുവകളെ കണ്ടെത്തി പിടികൂടി പുനരധിവസിപ്പിക്കണം. ഇല്ലെങ്കില്‍ വനാതിര്‍ത്തിയിലെ മനുഷ്യരുടെ അതിജീവനം എങ്ങനെയെന്ന ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in