ബിഹാര്‍ 'സീറ്റ് എഡ്ജ് ത്രില്ലറി'ല്‍ കേരള മുന്നണികള്‍ക്ക് നെഞ്ചിടിപ്പ്, നേരിയ വോട്ടുകളില്‍ വിജയം തെന്നുമോയെന്ന് ആശങ്ക

ബിഹാര്‍ 'സീറ്റ് എഡ്ജ് ത്രില്ലറി'ല്‍
കേരള മുന്നണികള്‍ക്ക് നെഞ്ചിടിപ്പ്, നേരിയ വോട്ടുകളില്‍ വിജയം തെന്നുമോയെന്ന് ആശങ്ക

'സീറ്റ് എഡ്ജ് ത്രില്ലര്‍' സിനിമയുടെ സ്വഭാവത്തിലായിരുന്നു ആദിമധ്യാന്തം ബിഹാര്‍ വോട്ടെണ്ണല്‍. ഫലസൂചനകള്‍ തുടരെ മാറിമറിഞ്ഞു. ലീഡ് നിലയിലെ അടിതെറ്റലുകള്‍ എണ്ണല്‍ മണിക്കൂറുകളില്‍ മുന്നണികളുടെ നെഞ്ചിടിപ്പേറ്റി. ട്വിസ്റ്റുകളില്‍ കണ്ണുനട്ട് രാജ്യരാഷ്ട്രീയം അന്തിമഫലത്തിനായി നോറ്റിരുന്നു. പ്രവചനാതീത മാറിമറിച്ചിലുകളുണ്ടായ 52 മണ്ഡലങ്ങളാണ് വോട്ടെണ്ണലിനെ അത്യന്തം നാടകീയവും ത്രസിപ്പിക്കുന്നതുമാക്കിയത്. കേവലം 12 മുതല്‍ അയ്യായിരം വരെ വോട്ടുകളുടെ മേല്‍ക്കൈയിലാണ് ഇത്രയും മണ്ഡലങ്ങളില്‍ വിധി നിര്‍ണയിക്കപ്പെട്ടത്. ഹില്‍സ മണ്ഡലത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥി കടന്നുവീണത് 12 വോട്ടുകളുടെ ബലത്തില്‍. ബിഹാര്‍ പോരാട്ടത്തിന്റെ ചൂടും ചൂരും അതില്‍ നിന്നറിയാം. 8 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെയുമാണ്. 243 ല്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടതെന്നിരിക്കെ കേവലം മൂന്ന് സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് അധികമായുള്ളത്. മഹാസഖ്യത്തിന് 110 സീറ്റുകളാണ് നേടാനായത്. ഭരണം നഷ്ടമായത് കേവലം 12 സീറ്റുകള്‍ അകലെ. രാജ്യം കൊവിഡ് മഹാമാരിക്കൊപ്പം നീങ്ങവെ 57.05 ശതമാനമായിരുന്നു ബിഹാറിലെ വോട്ടിംഗ് ശതമാനം.

കേരളത്തിലെ ഇടതുവലത് മുന്നണികളെ എരിപൊരി കൊള്ളിക്കുന്ന രാഷ്ട്രീയ പാഠമാണിത്. ഒരു പരിധിവരെ ബിജെപിയ്ക്കും ഈ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലമരുകയാണ് കേരള രാഷ്ട്രീയം. ത്രിതല വാര്‍ഡുകളില്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്ക് തോറ്റതിനാല്‍ മുന്നണികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ ഭരണം നഷ്ടമാകുന്ന സാഹചര്യം സ്വതവേയുണ്ട്. ഒരേ വോട്ട് നേടി ടോസിലൂടെ ജയിച്ച സ്ഥാനാര്‍ത്ഥികളുണ്ട്. ആ അംഗത്തിന്റെ ബലത്തില്‍ തദ്ദേശസ്ഥാപന ഭരണം കൈവന്ന സംഭവങ്ങളുമുണ്ട്.

സാധാരണഗതിയില്‍ രാജ്യത്ത് എറ്റവുമുയര്‍ന്ന പോളിങ് നിരക്കോടെയാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുള്ളത്. എന്നാല്‍ മുന്നനുഭവമില്ലാത്തവിധം കൊവിഡിനൊപ്പമുളള തെരഞ്ഞെടുപ്പാണിത്. രോഗവ്യാപനം അതിതീവ്രമായാല്‍ വോട്ടിംഗ് ശതമാനത്തില്‍ അത് നിഴലിക്കുമോയെന്ന ആശങ്ക എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. അത്തരമൊരു ആകാംക്ഷയുണ്ടെന്നൊക്കെ ലളിതവല്‍ക്കരിക്കുകയേ ചെയ്യൂവെങ്കിലും മുന്നണികളെ ഇ ചിന്ത അലട്ടുന്നുണ്ടെന്നത് വ്യക്തമാണ്. വോട്ടിംഗ് ശതമാനം കുറഞ്ഞാല്‍ നേരിയ ഭൂരിപക്ഷത്തിന് തോല്‍വികളുണ്ടാകാനും തദ്ദേശസ്ഥാപനങ്ങള്‍ കൈവിട്ടുപോകാനുമൊക്കെ സാധ്യതയുണ്ട്. ശക്തമായ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കുന്ന സംസ്ഥാനമായതിനാല്‍ വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ കുറവുണ്ടാകില്ലെന്ന പ്രതീക്ഷയാണ് പാര്‍ട്ടികള്‍ പൊതുവെ മുന്നോട്ടുവെയ്ക്കുന്നത്. പക്ഷേ കൊവിഡ് മഹാമാരിക്കിടെ തങ്ങളുടെ എല്ലാ വോട്ടുകളും പോള്‍ ചെയ്യിക്കുകയെന്ന് അത്രമേല്‍ ശ്രമകരമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

പലവിധ വിവാദങ്ങളാല്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയാകാശം കലുഷിതമാണ്. ശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിമൂലം പ്രചരണത്തിനുള്ള പരിമിതികള്‍ മുന്നണികളെ സംബന്ധിച്ച് പ്രതിസന്ധിയാണ്. അത്രയെളുപ്പത്തില്‍ ഓടിനടന്ന് വീടുകയറി വോട്ട് തേടാവുന്ന സാഹചര്യമല്ല. ഡിസംബര്‍ രണ്ടാം വാരത്തിലാണ് തെരഞ്ഞെടുപ്പ്. അപ്പോള്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ല. വോട്ടെടുപ്പ് അത്രമേല്‍ സുഗമമായിരിക്കില്ലെന്ന് ഉറപ്പാണ്. രോഗികളുടെ എണ്ണവും, നിരീക്ഷണത്തിലാകുന്നവരുടെ സംഖ്യയുമെല്ലാം തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകും. സ്ഥാനാര്‍ത്ഥികള്‍ തന്നെ രോഗികളായാല്‍ അത് സാഹചര്യം കടുപ്പിക്കും. രോഗികള്‍ക്കായി തപാല്‍ വോട്ടുകളും പിപിഇ കിറ്റ് സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും ഏതളവില്‍ പ്രായോഗികമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ചിന്തിച്ചാലും മുന്നണികള്‍ അമ്പരപ്പിലാണ്. കഷ്ടി ആറുമാസമേ നിയമസഭാ തെരഞ്ഞെടുപ്പിനുള്ളൂ. അപ്പോഴേക്കും കൊവിഡിനെ മുറിച്ചുകടക്കാനാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. അവിടെയാണ് ബിഹാറിലെ ചെറിയ വോട്ടിലുള്ള തോല്‍വികള്‍ മുന്നണികളെ പേടിപ്പിക്കുന്നതും പാഠമാകേണ്ടതുണ്ടെന്ന് ചിന്തിപ്പിക്കുന്നതും. 2016 ല്‍ കേവലം 43 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ നിന്നും അനില്‍ അക്കര നിയമസഭയിലെത്തിയത്. ഇതുള്‍പ്പെടെ ഇടതുവലത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച 20 മണ്ഡലങ്ങളിലെ ഭൂരിപക്ഷം 43 നും 2750 വോട്ടിനും ഉള്ളിലാണ്. കൊവിഡിനിടെയാണ് തെരഞ്ഞെടുപ്പെങ്കില്‍ വോട്ടിംഗ് ശതമാനം കുറയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കൊവിഡില്‍ പോളിങ് കുറയുമോയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് അനുഭവത്തിലൂടെയേ മനസ്സിലാക്കാനാകൂ.

കേരള രാഷ്ട്രീയത്തില്‍ വോട്ടെണ്ണല്‍ സമാനതകളില്ലാത്തവിധം 'സീറ്റ് എഡ്ജ് ത്രില്ലറായത് 2011 ലാണ്. അന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തിലേറിയത് കേവലഭൂരിപക്ഷത്തില്‍ നിന്ന് ഒരു സീറ്റ് മാത്രം അധികം നേടിയാണ്. 140 ല്‍ 72 സീറ്റില്‍ യുഡിഎഫും 68 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ജയിച്ചു. 71 അംഗങ്ങളുടെ പന്‍തുണയാണ്‌ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കടുത്ത രാഷ്ട്രീയ പോരാട്ടം എന്ന ഘടകമാണ് 2011 ല്‍ ഫലപ്രഖ്യാപന വേളയില്‍ ആകാംക്ഷയുടെ പരകോടിയിലേക്ക് രാഷ്ട്രീയ തല്‍പ്പരരെ കൊണ്ടെത്തിച്ചത്. അത്തരമൊരു അനുഭവമുണ്ടാകുമോയെന്നും ഇടതുവലതുമുന്നണികള്‍ ആശങ്കപ്പെടുന്നുണ്ട്.

2016 ല്‍ 3000 ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷമുള്ള കേരളത്തിലെ നിയമസഭാ മണ്ഡലങ്ങള്‍

വടക്കാഞ്ചേരി - അനില്‍ അക്കര - യുഡിഎഫ് - 47 വോട്ട്

മഞ്ചേശ്വരം (2016) - പി ബി അബ്ദുള്‍ റസാഖ് -യുഡിഎഫ് -89 വോട്ട്

പീരുമേട് - ഇ.എസ് ബിജിമോള്‍ - എല്‍ഡിഎഫ് - 314

കൊടുവള്ളി - കാരാട്ട് റസാഖ് -എല്‍ഡിഎഫ് - 573

പെരിന്തല്‍മണ്ണ - മഞ്ഞളാംകുഴി അലി - യുഡിഎഫ് - 579

കാട്ടാക്കട - ഐ.ബി സതീഷ് - എല്‍ഡിഎഫ്- 849

കൊച്ചി -കെ ജെ മാക്‌സി - എല്‍ഡിഎഫ് - 1086

ഉടുമ്പന്‍ ചോല - എംഎം മണി - എല്‍ഡിഎഫ് - 1109

കുറ്റ്യാടി - പാറക്കല്‍ അബ്ദുള്ള - യുഡിഎഫ് - 1157

കണ്ണൂര്‍ - കടന്നപ്പള്ളി രാമചന്ദ്രന്‍ - എല്‍ഡിഎഫ് - 1196

മാനന്തവാടി - ഒ ആര്‍ കേളു - എല്‍ഡിഎഫ് - 1307

മങ്കട - ടിഎ അഹമ്മദ് കബീര്‍ - യുഡിഎഫ് - 1508

കരുനാഗപ്പള്ളി- ആര്‍ രാമചന്ദ്രന്‍-എല്‍ഡിഎഫ്- 1759

ചങ്ങനാശ്ശേരി - സിഎഫ് തോമസ് - യുഡിഎഫ് - 1849

അരൂര്‍ (2019) - ഷാനിമോള്‍ ഉസ്മാന്‍ - യുഡിഎഫ് -1921

അഴീക്കോട് - കെ എം ഷാജി - യുഡിഎഫ് - 2287

വര്‍ക്കല - വി ജോയി - എല്‍ഡിഎഫ് - 2386

കോവളം - എം വിന്‍സെന്റ് - യുഡിഎഫ് - 2615

കുന്നത്തുനാട് - വി.പി സജീന്ദ്രന്‍ - യുഡിഎഫ് - 2679

ഇരിങ്ങാലക്കുട - കെ.വി അരുണന്‍ - എല്‍ഡിഎഫ്- 2711

മുന്നണി നേതാക്കള്‍ക്ക് പറയാനുള്ളത്

കൊവിഡ് ഒരു പുതിയ അനുഭവമായതിനാല്‍ അതിനിടയിലെ തെരഞ്ഞെടുപ്പ് ഏത് പാര്‍ട്ടിക്കും ഏറെ ആകാംക്ഷയുള്ള കാര്യമാണെന്നായിരുന്നു സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസിന്റെ പ്രതികരണം. വോട്ടിംഗ് ശതമാനം കുറയുമോ കൂടുമോ എന്നൊന്നും ഈ ഘട്ടത്തില്‍ പ്രവചിക്കാനാകില്ല. തെരഞ്ഞെടുപ്പിന്റെ സമീപ ദിവസങ്ങളിലേ ആളുകളുടെ മനോഭാവം അറിയാനാകൂ. പ്രായം കൊണ്ടോ അല്ലാതെയോ ഉള്ള ശാരീരിക അവശതകള്‍ ഉള്ളവര്‍ ബൂത്തില്‍ വരാതെ മാറി നില്‍ക്കുമോയെന്ന ആശങ്ക എല്ലാ പാര്‍ട്ടിക്കാര്‍ക്കുമുണ്ടാകുന്നത് സ്വാഭാവികമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊതുവെ പോളിങ് ശതമാനം കൂടുന്ന പതിവാണുള്ളത്. അസംബ്ലി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി വാര്‍ഡില്‍ മത്സരിക്കുന്നവര്‍ക്ക് വോട്ടര്‍മാരെ അടുത്ത് അറിയാം. വോട്ടുചെയ്യാന്‍ വ്യക്തിബന്ധത്തിന്റെ പേരില്‍ ഒരു സമ്മര്‍ദ്ദം സ്വാഭാവികമായി സൃഷ്ടിക്കപ്പെടും. അതുകൊണ്ടാണ് എപ്പോഴും വോട്ടിംഗ് ശതമാനം കൂടുന്നത്. പോളിങ് കുറഞ്ഞാല്‍ ഇടതുമുന്നണിക്ക് നേട്ടം, കൂടിയാല്‍ യുഡിഎഫിന് വിജയം എന്നൊരു പഴയ കാഴ്ചപ്പാടുണ്ട്. അതിന് ഇപ്പോള്‍ പ്രസക്തിയില്ല. വോട്ട്‌ ചെയ്യാനെത്താത്തവരില്‍ എല്ലാ പാര്‍ട്ടിക്കാരും സൈലന്റ് വിഭാഗത്തില്‍പ്പെടുന്നവരും ഉണ്ടാകുമെന്നും ശുഭപ്രതീക്ഷയിലാണ് ഇടതുമുന്നണിയെന്നും എന്‍എന്‍ കൃഷ്ണദാസ് ദ ക്യുവിനോട് പറഞ്ഞു.

പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ വൈബ്രന്റായതിനാല്‍ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുമെന്നും വോട്ടിംഗ് ശതമാനം കുറയാന്‍ ഇടയില്ലെന്നും കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ പറയുന്നു. ബിഹാറിലെ സാഹചര്യം വ്യത്യസ്ഥമാണ്. പൊതുവെ അവിടെ വോട്ടിംഗ് ശതമാനം കുറവാണ്. താഴേ തട്ടില്‍ ഇവിടുത്തെ പോലെ ശക്തമായ പാര്‍ട്ടി പ്രവര്‍ത്തനം നടക്കാറുമില്ല. പാര്‍ട്ടികള്‍ക്ക് പലയിടത്തും സജീവ പ്രവര്‍ത്തകരില്ലാത്ത സ്ഥിതിയുമുണ്ട്. കേരളത്തില്‍ മറിച്ചാണ്. പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ ഇടപെടലിലൂടെ കൊവിഡ് സാഹചര്യത്തിന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ സാധിക്കും. അവരവരുടെ വോട്ടുകള്‍ അതാത് പാര്‍ട്ടിക്കാര്‍ ബൂത്തിലെത്തിക്കും. സ്ഥാനാര്‍ത്ഥിയെ നന്നായറിയുകയും വ്യക്തിബന്ധം ഉണ്ടാവുകയും ചെയ്യുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആളുകള്‍ വിട്ടുനില്‍ക്കില്ല. നിയമസഭയിലേക്ക് ഏറ്റവും കൂടുതല്‍ പോളിങ് നടക്കുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ മണ്ഡലമാണ് പറവൂര്‍. 86 ശതമാനമൊക്കെ വരാറുണ്ട്. അതിനര്‍ത്ഥം നാട്ടില്‍ ഇല്ലാത്തവരോ മരിച്ചുപോയവരോ ഒഴികെ എത്താനാവുന്ന മുഴുവനാളുകളും വോട്ടുചെയ്യുന്നുവെന്നാണ്. എല്ലാ പാര്‍ട്ടികള്‍ക്കും താഴേ തട്ടില്‍ വേരുകള്‍ ഉള്ളതുകൊണ്ടാണത്. ശക്തമായ ഭരണവിരുദ്ധവികാരമുള്ളതിനാല്‍ പഞ്ചായത്തിലേക്കും നിയമസഭയിലേക്കും മികച്ച വിജയം യുഡിഎഫിനുണ്ടാകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചില നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുന്നത് എല്ലാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ സംഭവിക്കാറുള്ളതാണെന്നും ബിഹാറുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നുമാണ് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രതികരണം. കൊവിഡ് സാഹചര്യത്തില്‍ വോട്ടിംഗ് ശതമാനം കുറയാതിരിക്കാന്‍ പാര്‍ട്ടികളില്‍ നിന്നും ഇലക്ഷന്‍ കമ്മീഷന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളുണ്ടാകും. അതിനാല്‍ പോളിങ്ങില്‍ കുറവുവരാന്‍ സാധ്യതയില്ല. ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിലായാലും നിയമസഭയിലേക്കായാലും ത്രികോണ മത്സരമാണ് മിക്കവാറും എല്ലാ മണ്ഡലങ്ങളിലുമുണ്ടാവുക. ഇടത് വലത് ഏറ്റുമുട്ടല്‍ എന്ന രാഷ്ട്രീയ ചരിത്രം കേരളത്തില്‍ അവസാനിച്ചു. കഴിഞ്ഞ നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ അതാണ് കാണിക്കുന്നത്. ബിജെപിക്ക് വലിയ സാധ്യത ഞങ്ങള്‍ കാണുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇപ്പോഴുള്ളതിനേക്കാള്‍ നിരവധി ഇരട്ടി അംഗങ്ങള്‍ ജയിച്ചുവരുമെന്നും സന്ദീപ് വാര്യര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

kerala local body election2020, kerala election 2020

Related Stories

No stories found.
logo
The Cue
www.thecue.in