
തുതിയൂർ സ്വദേശി റനീഷിനെ എറണാകുളം നോർത്ത് കസബ സ്റ്റേഷനിലെ സിഐ പ്രതാപചന്ദ്രൻ അകാരണമായി കസ്റ്റഡിയിലെടുത്ത് മർദിച്ചിട്ട് രണ്ട് വർഷത്തിനിപ്പുറവും നീതി അകലെയാണ്. റിനീഷ് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയായില്ല.
സംഭവത്തെകുറിച്ച് റിനീഷ് പറയുന്നതിങ്ങനെ
2023 ഏപ്രിൽ ഒന്നിന് ഉച്ചയോടെയാണ് സംഭവം. ഹോട്ടലുകളിലേക്ക് സ്റ്റാഫിനെ നൽകുന്ന ഏജൻസിയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന ആളുകൾക്ക് ഇത്തരമൊരു തൊഴിൽ അവസരം പരിചയപ്പെടുത്തലായിരുന്നു ലക്ഷ്യം. വെയിൽ കാരണം നോർത്ത് പാലത്തിനു താഴെ ഇരിക്കുകയായിരുന്നു.
രണ്ട് പേർ വന്ന് എന്നോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. അവരുടെ കൈവശം മുളവടി ഉണ്ടായിരുന്നു. കാക്കനാടു നിന്നാണെന്ന് പറഞ്ഞു. കാക്കനാടുള്ളവൻ എറണാകുളത്ത് എന്തിനാണ് വന്നിരിക്കുന്നതെന്ന് ചോദിച്ചു. ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞു. അതിനിടയിൽ ലാത്തികൊണ്ട് അടിച്ചു. വെറുതെ എന്നെ അടിക്കല്ലേ എന്നു പറഞ്ഞപ്പോൾ മുഖത്തടിച്ചു. നാലുതവണ അടിച്ചു. വേദനകൊണ്ട് അവിടെ കിടന്ന് കരഞ്ഞു. നിന്നെ വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കുറെ സമയം അവിടെ ഇരുത്തിയ ശേഷം ഇതേ എസ്എച്ഒ വന്ന് വീണ്ടും ദേഷ്യത്തോടെ സംസാരിച്ചു. എന്തിനാണ് നോർത്ത് പാലത്തിന്റെ താഴെ പോയി എന്ന് ചോദിച്ച് വീണ്ടും തല്ലി. വൈദ്യപരിശോധന നടത്തിയ ശേഷം മാത്രമേ വിടാവൂ എന്ന് എന്നെ കളമശ്ശേരി ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. വാഹനത്തിൽ വെച്ച്, പോലീസ് മർദിച്ചെന്ന് ആശുപത്രിയിൽ പറയരുതെന്ന് പലതവണ പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതരോട് ഞാൻ പൊലീസ് മർദിച്ചതാണെന്ന് പറഞ്ഞെങ്കിലും അവരും ഇടപെട്ടില്ല.
എന്റെ പേരിൽ എഫ്ഐആർ ഉണ്ടെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നു. വൈകിട്ട് അഞ്ചുമണി ആയപ്പോഴാണ് തിരികെ വിട്ടത്. എന്റെ പേരിൽ കേസെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, കേസൊന്നും എടുത്തിട്ടില്ലെന്നും നിന്നെ വെറുതെ നോക്കാൻ വേണ്ടി ഇരുത്തിയതാണെന്നും പറഞ്ഞു. ഇതിനിടെ രണ്ട് തവണ പൊലീസ് സ്റ്റേഷനിൽ വെച്ച് ഛർദിച്ചിരുന്നു. വീട്ടിൽ എത്തിയപ്പോഴേക്കും മുഖം വീങ്ങി വീർത്ത് ഒന്നും കഴിക്കാൻ കഴിയാത്ത സ്ഥിതി ആയി. കാക്കനാട് സഹകരണ ആശുപത്രിയിൽ മൂന്ന് ദിവസമാണ് ചികിത്സയിൽ ഉണ്ടായിരുന്നത്.
അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകിയിരുന്നു. പ്രതിപക്ഷ നേതാവും ഉമാ തോമസ് എംഎൽഎയും ഒട്ടനവധി രാഷ്ട്രീയക്കാരും അപ്പോൾ പിന്തുണയ്ക്കെത്തി. കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു. പക്ഷെ അമ്മയുടെ പരാതികളിൽ ഒരു തരത്തിലും അപ്പോൾ നടപടി ഉണ്ടായില്ല. പിന്നീട് ഇടപ്പള്ളി പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് വിവരങ്ങൾ ശേഖരിക്കുകയും പൊലീസ് കംപ്ലയിന്റ് അതോറിറ്റി വിളിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
ആറ് തവണ കളക്ട്രേറ്റിലേക്ക് വിളിപ്പിച്ചു, ഓരോ തവണയും ജോലി ഒഴിവാക്കി അമ്മക്കൊപ്പം പോകും. എതിർകക്ഷിയായ പോലീസുകാരൻ ഹാജരായില്ല എന്ന പേരിൽ സിറ്റിംഗിന് വേണ്ടി മറ്റൊരു ഡേറ്റ് തരും. ഇങ്ങനെ മാസങ്ങൾ തുടർന്നിട്ടും പിന്നീട് ഒരു തരത്തിലും നടപടി ഉണ്ടായില്ല. ഇനി കേസിനൊന്നും പോകുന്നില്ല എന്നാണ് മനസ്സിൽ, മാനസികമായി ഏറെ തകർന്നതിനാൽ ജോലി നഷ്ടപ്പെട്ടും ഏറെ പ്രയാസപ്പെടേണ്ടി വന്നു. എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ മതി എന്ന് മാത്രമാണ് ഇപ്പോൾ മനസിൽ ഉള്ളത്.
കുന്നംകുളം പൊലീസ് മർദ്ദന വാർത്തകൾക്ക് പിന്നാലെ പുറത്തുവരുന്ന പൊലീസ് ക്രൂരതകളിൽ ഒരു സംഭവം മാത്രമാണിത്. റിനീഷിനെ മർദിച്ച പോലീസുകാരനെതിരെ അന്വേഷണസംഘം റിപ്പോർട്ട് നൽകിയിട്ടും വകുപ്പ് തലത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല.