നിക്ഷേപക്കുരുക്കിയില്‍ നിന്നും കരകയറാനാവാതെ ലീഗും കമറുദ്ദീനും; സമരം ശക്തമാക്കാന്‍ സിപിഎം

നിക്ഷേപക്കുരുക്കിയില്‍ നിന്നും കരകയറാനാവാതെ ലീഗും കമറുദ്ദീനും; സമരം ശക്തമാക്കാന്‍ സിപിഎം

കാസര്‍ഗോഡ് നിക്ഷേപതട്ടിപ്പ് കേസ് സങ്കീര്‍ണമാകുന്നു. പ്രശ്‌നപരിഹാരത്തിനുള്ള മുസ്ലീംലീഗിന്റെ ശ്രമത്തിനിടെയാണ് മധ്യസ്ഥചര്‍ച്ചയ്ക്ക് ചുമതലപ്പെടുത്തിയ കല്ലട്ര മാഹിന്‍ഹാജി മര്‍ദ്ദിച്ചുവെന്ന് മൊഴി നല്‍കാനെത്തിയ ജീവനക്കാരന്‍ പരാതി നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സ്വത്തും നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ എംസി കമറുദ്ദീനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് സിപിഎം. നിക്ഷേപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ബുധനാഴ്ച്ച സത്യഗ്രഹ സമരം സംഘടിപ്പിച്ചിട്ടുണ്ട് സിപിഎം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് പ്രതിഷേധം.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി പിആര്‍ഒ ടികെ മുസ്തഫയാണ് മൊഴി എടുക്കുന്നതിനിടെ കല്ലട്ര മാഹിന്‍ ഹാജിയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തുവെന്ന പരാതി നല്‍കിയിരിക്കുന്നത്. മായിന്‍ഹാജി മുഖത്തടിച്ചു. ഭാര്യയെയും മക്കളെയും കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുസ്തഫ ആരോപിക്കുന്നു. ജീവനക്കാരുടെ വീടും സ്വത്തും കൈമാറാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയുണ്ട്.

അതേസമയം തട്ടിപ്പ് ലക്ഷ്യമിട്ടാണ് കമ്പനി തുടങ്ങിയതെന്ന് ആരോപണം ശക്തമാകുകയാണ്. 2006 മുതല്‍ 2012 വരെയുള്ള കൊല്ലങ്ങളില്‍ നാല് കമ്പനികളാണ് എംസി കമറുദ്ദീന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. ഇതിന്റെ ആകെ മൂലധനം ഒമ്പത് കോടി രൂപയാണ് രേഖകളിലുള്ളത്. ഒരു ജ്വല്ലറിക്ക് തന്നെ 15 കോടി വരെ മൂലധനം ആവശ്യമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാല് ജ്വല്ലറിക്ക് 60 കോടി നിക്ഷേപം വേണ്ടിടത്ത് 132 കോടി രൂപയാണ് സ്വീകരിച്ചത്. ബാക്കി പണം എവിടെ പോയെന്നാണ് തട്ടിപ്പ് പുറത്തു കൊണ്ടുവന്ന അഡ്വക്കേറ്റ് സി ഷുക്കൂര്‍ ചോദിക്കുന്നത്.

ബിസിനസ് തുടങ്ങുന്നതിനുള്ള മൂലധനം ആയി കഴിഞ്ഞാല്‍ നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തുകയാണ് സാധാരണ ചെയ്യാറുള്ളത്. ഗോള്‍ഡ് സുരക്ഷ പദ്ധതി എന്ന പേരില്‍ ഫാഷന്‍ ഗോള്‍ഡിലേക്ക് സാധാരണക്കാരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. 2019 വരെ ഇത്തരത്തില്‍ പണം നല്‍കിയവരുണ്ട്. 2017ല്‍ ജ്വല്ലറി തകര്‍ന്നിട്ടും പണം വാങ്ങി. ആളുകളെ പറ്റിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് അഡ്വക്കേറ്റ് ഷുക്കൂര്‍ ആരോപിക്കുന്നു.

നിക്ഷേപ തട്ടിപ്പ് കേസില്‍ ശക്തമായ നടപടി സ്വീകരിച്ചുവെന്ന നിലപാടിലാണ് മുസ്ലിം ലീഗ്.യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഉള്‍പ്പെടെ നീക്കിയത് ശക്തമായ നടപടിയായാണ് ലീഗ് നേതൃത്വം വാദിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകളിലൂടെ നിക്ഷേപം തിരിച്ചു നല്‍കാനുള്ള ശ്രമമാണ് മുസ്ലീംലീഗ് നടത്തുന്നത്.എംസി കമറുദ്ദീന്റെ സ്വത്തുവിവരങ്ങളും കടബാധ്യതകളും സംബന്ധിച്ചുള്ള വിശദമായ വിവരം ഈ മാസം 30നുള്ളില്‍ നല്‍കാനാണ് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാണ് ശ്രമം.

Related Stories

No stories found.
logo
The Cue
www.thecue.in