നേതാക്കള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രികയെ മറയാക്കുന്നുവെന്ന് ജീവനക്കാര്‍;ദുരിതം പറഞ്ഞ് പിരിവെടുത്ത കാശും മുക്കുന്നുവെന്നും ആരോപണം

നേതാക്കള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രികയെ മറയാക്കുന്നുവെന്ന് ജീവനക്കാര്‍;ദുരിതം പറഞ്ഞ് പിരിവെടുത്ത കാശും മുക്കുന്നുവെന്നും ആരോപണം

മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലെ ജീവനക്കാരും വിരമിച്ചവരും രംഗത്ത്. കള്ളപ്പണം വെളുപ്പിക്കാന്‍ നേതൃത്വം ചന്ദ്രികയെ മറയാക്കുന്നുവെന്നാണ് ആരോപണം. ശമ്പളം മുടങ്ങിയതും വിരമിച്ച ജീവന്‍ക്കാര്‍ക്ക് ആനുകൂല്യം നല്‍കാത്തതും ചൂണ്ടിക്കാണിച്ച് ഗള്‍ഫ് നാടുകളില്‍ നിന്നുള്‍പ്പെടെ പിരിച്ച പണം ചന്ദ്രികയുടെ അകൗണ്ടിലെത്തിക്കാതെ മറിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. ലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഫിനാന്‍സ് ഡയറക്ടര്‍ അബ്ദുള്‍ ഷമീറിന്റെ നേതൃത്വത്തിലാണ് ചന്ദ്രികയെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.

സാമ്പത്തിക ക്രമക്കേടുകള്‍ക്ക് മറയുണ്ടാക്കാനാണ് ചന്ദ്രികയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാത്തതെന്നാണ് ജീവനക്കാരുടെ വാദം(ജീവനക്കാര്‍ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തുന്നില്ല).

പാര്‍ട്ടി അഴിമതിക്ക് വേണ്ടി ചന്ദ്രികയെ മറയാക്കി ഉപയോഗിക്കുകയാണ്. അതുകൊണ്ടാണ് ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നീട്ടി കൊണ്ടുപോകുന്നത്. പ്രശ്‌നങ്ങള്‍ പറഞ്ഞു കൊണ്ട് ആളുകളില്‍ നിന്നും ഫണ്ട് ശേഖരിക്കുന്നു. പണമില്ലാത്തത് കൊണ്ടല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തത്. എല്ലാ കളക്ഷനും നടത്തുന്നത് ചന്ദ്രിക ഉപയോഗിച്ചാണ് നടത്തുന്നത്. അതിന്റെ ഒരു ഉദാഹരണം മാത്രമാണ് വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിഷയം.

പത്ത് കോടി രൂപയുടെ കള്ളപ്പണ ഇടപാട് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ നടത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അന്വേഷണം നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസിന്റെ തിരക്കിലായതിനാലാണ് മറ്റ് നടപടികള്‍ വൈകുന്നതെന്നാണ് സൂചന.അന്വേഷണത്തിന്റെ ഭാഗമായി ചന്ദ്രികയുടെ അകൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കൊച്ചി ഓഫീസില്‍ റെയ്ഡും നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.രണ്ട് അകൗണ്ടുകളില്‍ നിന്നായി പത്തര കോടി ചന്ദ്രികയുടെ അകൗണ്ടിലൂടെ വെളുപ്പിച്ചെടുത്തുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഈ കേസില്‍ രണ്ടര കോടി രൂപ ചന്ദ്രിക പിഴയടച്ചിരുന്നു.

നേതൃത്വത്തിന്റെ പണമിടപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് വേണ്ടിയാണ് ഫിനാന്‍സ് ഡയറക്ടറായി അബ്ദുല്‍ ഷമീറിനെ നിയമിച്ചതെന്നാണ് മുന്‍ജീവനക്കാരും ആരോപിക്കുന്നത്. ചീഫ് എഡിറ്റര്‍ ആയിരുന്ന ടി.പി.ചെറുപ്പയെയും മാനേജിംഗ് ഡയറക്ടറായ കക്കോടന്‍ മുഹമ്മദിനെയും പുറത്താക്കി ചന്ദ്രികയുടെ നടത്തിപ്പ് പൂര്‍ണമായും ഷമീറിനെ ഏല്‍പ്പിക്കുകയായിരുന്നു. ഷമീര്‍ ചുമതല ഏറ്റെടുത്തതോടെയാണ് പത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതെന്നും ഇവര്‍ ആരോപിക്കുന്നു. പിരിഞ്ഞ് പോകുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയില്ല. മുസ്ലിം ലീഗ് നേതൃത്വത്തെ നിരവധി തവണ കണ്ടിട്ടും ഫലമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.

പി.എഫ് ഇനത്തില്‍ എട്ട് വര്‍ഷം കൊണ്ട് 2.51 കോടി രൂപ കുടിശ്ശികയുണ്ടെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിച്ച തുകയാണ് പി.എഫില്‍ അടക്കാതെ കൃത്രിമം നടത്തിയത്. ഇതിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 405 വകുപ്പ് പ്രകാരം ചന്ദ്രിക ക്കെതിരെ പി.എഫ് ഉദ്യോഗസ്ഥര്‍ പരാതി രജസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴിലാളികളില്‍നിന്ന് നാല് വര്‍ഷമായി പിരിച്ചെടുത്ത തൊഴില്‍നികുതി കോര്‍പ്പറേഷനില്‍ ഇതുവരെയും അടച്ചിട്ടില്ല.

ചന്ദ്രികയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി പ്രവാസികളില്‍ നിന്നും പണം പിരിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരും വിരമിച്ചവരും പറയുന്നത്. ഫിനാന്‍സ് ഡയറക്ടറുടെ ഓഫീസാണ് ഈ പണം കൈകാര്യം ചെയ്യുന്നത്. ചന്ദ്രികയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നതിന്റെ ഭാഗമായി നേരത്തെ ആദായനികുതി ഉദ്യോഗസ്ഥര്‍ ചന്ദ്രികയില്‍ റെയ്ഡ് നടത്തിയിരുന്നു. ഇത് നോട്ട് നിരോധനകാലത്തായിരുന്നു. ഇതിന്റെ ഭാഗമായി കോടികള്‍ പിഴയടച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. കെ.എം.സി.സി കോഴിക്കോട്ട് ചന്ദ്രികയ്ക്കായി പുതിയ പ്രിന്റിങ് മെഷീന്‍ വാങ്ങാന്‍ നാല് കോടി രൂപ നല്‍കിയിരുന്നു. ഈ പണം ചന്ദ്രികയില്‍ എത്തിയില്ലെന്നും പരാതിയുണ്ട.്

ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ മുസ്ലിംലീഗ് അണികള്‍ക്കിടയിലും കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. പത്രം എന്തുകൊണ്ട് പ്രതിസന്ധി നേരിടുന്നുവെന്ന് കണ്ടെത്തണമെന്ന നേതൃത്വത്തിലെ ഒരുവിഭാഗത്തിന്റെ ആവശ്യവും അവഗണിക്കപ്പെടുകയാണ്.

ഷമീറിനെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാനും നേതൃത്വം ശ്രമിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സീറ്റ് സംവരണമായതോടെ നീക്കം പാളി. ലീഗിന്റെ അധികാര കേന്ദ്രത്തിലേക്ക് എത്തുകയാണ് ഷമീറിന്റെ ലക്ഷ്യമെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെയാണ് പാര്‍ട്ടിയില്‍ ശക്തി കേന്ദ്രമാകാന്‍ ശ്രമിക്കുന്നതെന്നും ഒരുവിഭാഗം പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in