ബൈജൂസ് ബാം​ഗ്ലൂർ ആസ്ഥാനത്തും രാജി സമ്മർദം; കേരളത്തിലെ ജീവനക്കാർക്ക് ബാം​ഗ്ലൂരിലേക്ക് ട്രാൻസ്ഫർ നൽകാനിരിക്കെ

ബൈജൂസ് ബാം​ഗ്ലൂർ ആസ്ഥാനത്തും രാജി സമ്മർദം; കേരളത്തിലെ ജീവനക്കാർക്ക് ബാം​ഗ്ലൂരിലേക്ക് ട്രാൻസ്ഫർ നൽകാനിരിക്കെ

എഡ് ടെക് കമ്പനിയായ ബൈജൂസ് കേരളത്തിലേതിന് സമാനമായ രീതിയിൽ ബം​ഗളൂരു ഓഫീസിലെ ജീവനക്കാരെയും കൂട്ടമായി പിരിച്ചുവിടുന്നതായി പരാതി. കേരളത്തിലെ 170 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് കമ്പനി ഉപേക്ഷിക്കുകയും ജീവനക്കാർക്ക് ബംഗളൂരു ഓഫീസിലേക്ക് ട്രാൻസ്ഫർ‌ വാ​ഗ്ദാനം നൽകുകയും ചെയ്തിരുന്നു. പിരിച്ചുവിടൽ നടപടിയില്‍ സംസ്ഥാന തൊഴില്‍വകുപ്പും ലേബര്‍ കമ്മീഷനും ഇടപെട്ടതോടെ കമ്പനി തീരുമാനം മാറ്റിയത് ദ ക്യു ഉള്‍പ്പെടെ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ബം​ഗളുരു ഓഫീസിലെ ജീവനക്കാരോട് ജോലി രാജി വെക്കാൻ കമ്പനി നിർബന്ധിക്കുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ബം​ഗളൂരു ഓഫീസിൽ കൂട്ട പിരിച്ചുവിടലാണ് നടക്കുന്നതെന്നും, രാജി വെക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നു എന്നും കർണ്ണാടക ഐ.ടി എംപ്ലോയീസ് യൂണിയൻ (കെ.ഐ.ടി.യു) സെക്രട്ടറി സൂരജ് നിഡിയം​ഗ പറഞ്ഞതായി ദ ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. രാജി വെച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് ടെർമിനേറ്റ് ചെയ്യുമെന്നും ഇത് ഭാവിയെ ബാധിക്കുമെന്ന് ജീവനക്കാർക്ക് ഭീഷണിയുള്ളതായും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലെ170 ജീവനക്കാരില്‍ 150ലേറെ പേര്‍ തൊഴില്‍ വകുപ്പിനെയും ലേബര്‍ കമ്മീഷനെയും സമീപിച്ചതോടെയാണ് പിരിച്ചുവിടൽ നടപടിയില്‍ സംസ്ഥാന തൊഴില്‍വകുപ്പും ലേബര്‍ കമ്മീഷനും ഇടപെട്ടത്. അതോടെ കമ്പനി തീരുമാനം മാറ്റി ട്രാൻസ്ഫർ ഓപ്ഷൻ നൽകാമെന്ന് ജീവനക്കാർക്ക് ഇ-മെയിൽ അയക്കുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സെന്ററിലെ മുഴുവന്‍ ജീവനക്കാരെയും ബാംഗ്ലൂര്‍ ഓഫീസുകളിലേക്ക് മാറ്റാം എന്നായിരുന്നു വാഗ്ദാനം. എക്സിറ്റ് ഓപ്ഷനുള്ളതായും ഇ-മെയിലില്‍ കമ്പനി പ്രതിനിധി വിനയ് രവീന്ദ്ര അറിയിച്ചിരുന്നു. ആറ് മാസത്തേക്ക് കൂടി ജീവനക്കാര്‍ക്കും കുടുംബത്തിനുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തുടരുമെന്ന് മാത്രമാണ് എക്‌സിറ്റ് ഓപ്ഷനിലെ പരാമര്‍ശം.

ബൈജൂസ് ജീവനക്കാരന്റെ പ്രതികരണം

വിനയ് രവീന്ദ്ര എന്ന വ്യക്തിയുടെ ഐ.ഡി യില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു മെയില്‍ വന്നിട്ടുള്ളത്, ഇത്രയും ജീവനക്കാരെ ബാംഗ്ലൂരിലെ ഓഫീസുകളില്‍ ഉള്‍ക്കൊള്ളാനാകില്ല അതുകൊണ്ടുതന്നെ ഞങ്ങളാരും ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കില്ല. ഞങ്ങള്‍ പരാതിയുമായി കേരളാ സര്‍ക്കാരിനെയും ലേബര്‍ കമ്മീഷനെയും ബന്ധപ്പെട്ടിട്ടുള്ളതുകൊണ്ട്, സര്‍ക്കാര്‍ മുഖേന ഒരു പരിഹാരത്തിനായാണ് കാത്തിരിക്കുന്നത്. ലേബര്‍ കമ്മീഷന്‍ തീരുമാനിച്ച യോഗം നടക്കാനിരിക്കുന്നുണ്ട്. അതില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

'ഗാര്‍ഡന്‍ ലീവ്' എന്നൊരു ഓപ്ഷനും കമ്പനി മുന്നോട്ടു വെക്കുന്നുണ്ട്. അതില്‍ എല്ലാ ആനുകൂല്യങ്ങളോടെയും ലീവില്‍ പ്രവേശിക്കാനുള്ള അവസരമുണ്ടാകും. അടുത്ത ജോലി ലഭിക്കുന്നതുവരെ കമ്പനി അവരെ പിന്തുണയ്ക്കും എന്നാണ് ഇ മെയിലില്‍ പറയുന്നത്. അതോടൊപ്പം ഇന്‍ഡസ്ട്രിയില്‍ ഏറ്റവും മികച്ച പ്ലേസ്‌മെന്റും കമ്പനി നല്‍കുമെന്നു പറയുന്നു. ഇതിനൊക്കെ പുറമെ അടുത്ത പന്ത്രണ്ടു മാസത്തിനിടയ്ക്ക് എപ്പോള്‍ വേണമെങ്കിലും ബൈജൂസിലേക്ക് തിരിച്ചു വരാനുള്ള അവസരവും ജീവനക്കാര്‍ക്കുണ്ടാകുമെന്ന് ബൈജൂസിനു വേണ്ടി വിനയ് രവീന്ദ്ര അയച്ച മെയിലില്‍ പറയുന്നു.

ഡിസംബര്‍ ഒന്നാം തീയ്യതിയാണ് ജീവനക്കാരോട് ബാംഗ്ലൂര്‍ ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും ബാംഗ്ലൂരിലേക്ക് എത്ര പേര് മാറും എന്ന് പറയാന്‍ കഴിയില്ല. ആളുകളെ രാജിവയ്പ്പിക്കാനുള്ള മറ്റൊരു മാര്‍ഗമായിട്ടാണ് ട്രാന്‍സ്ഫര്‍ ഓപ്ഷനെയും കമ്പനി കാണുന്നത് എന്ന് മറ്റൊരു ജീവനക്കാര്‍ പറയുന്നു.

എണ്‍പത് ശതമാനം ജീവനക്കാരും നഷ്ടപരിഹാരം എന്ന തീരുമാനത്തിലാണ് നില്‍ക്കുന്നത്. ബാംഗ്ലൂരില്‍ നിന്ന് വന്ന ഒരു ചെറിയ ശതമാനം ജീവനക്കാര്‍ മാത്രമേ തിരിച്ചു പോകാന്‍ തീരുമാനിച്ചിട്ടുള്ളൂ. ബാംഗ്ലൂര്‍ ഐ.ബി.സി നോളജ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബൈജൂസ് ഓഫീസ് അടച്ചു പൂട്ടാന്‍ പോവുകയാണെന്നാണ് ദി മോര്‍ണിംഗ് കൊണ്ടെക്സ്റ്റ് റിപ്പോര്‍ട്ട് പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കണ്ണില്‍ പൊടിയിടുന്ന നടപടികളാണ് ഇതെന്നും ജീവനക്കാര്‍ ആക്ഷേപിക്കുന്നു.

നിലവിലെ ശമ്പളത്തില്‍ ബാംഗ്ലൂരിലേക്ക് പോകാന്‍ കഴിയില്ല

കേവലം 25000 രൂപ ശമ്പളമുള്ള ഒരാള്‍ ബാംഗ്ലൂരില്‍ പോയിട്ട് എന്ത് ചെയ്യാനാണ്. അത്തരക്കാരൊന്നും കേരളം വിടാന്‍ തീരുമാനിക്കില്ല. ബാംഗ്ലൂര്‍ പോലൊരു സ്ഥലത്തേക്ക് ഒരു സാമ്പത്തിക ഭദ്രതയുമില്ലാതെ പോകുന്ന ഒരാള്‍ അവിടെ ചെന്നാല്‍ ഉണ്ടാകുന്നത് കൂടുതല്‍ അനിശ്ചിതത്വമാണെന്നും ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ കൂട്ടായ്മ പ്രതിദ്ധ്വനി ദ ക്യു'വിനോട് പ്രതികരിച്ചു. ബൈജൂസ് പിരിച്ചുവിടലില്‍ നീക്കം മന്ത്രി വി.ശിവന്‍കുട്ടിയെ ശ്രദ്ധയിലെത്തിച്ചത് പ്രതിദ്ധ്വനി ആയിരുന്നു. അവിടെ നിലവിലുള്ള ജീവനക്കാര്‍ തന്നെ പിരിച്ചുവിടല്‍ ഭീഷണി നേരിടുകയാണ്. അത്തരമൊരു അന്തരീക്ഷത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. ഒരു അവസരം കൊടുത്തിരുന്നു എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കം കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ ഒക്ടോബര്‍ 25 ന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ബൈജൂസ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. 2019 ലാണ് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ബൈജൂസ് ഓഫീസ് ആരംഭിച്ചത്. നിലവിലെ സാമ്പത്തിക പ്രതിസന്ധികളുടെ ഭാഗമായും, പ്രോഫിറ്റ് മോഡല്‍ മാറ്റുന്നതിന്റെ ഭാഗമായുമാണ് കമ്പനി ജീവനക്കാരെ പിരിച്ചു വിടുന്നത്. മൊത്തം 50000 ജീവനക്കാരില്‍ 5% ആളുകളെ പിരിച്ചു വിടാന്‍ തീരുമാനിച്ചു എന്ന വിവരങ്ങളായിരുന്നു നേരത്തെ പുറത്ത് വന്നിരുന്നത്. എന്നാല്‍ 25% ആളുകളെ പിരിച്ചു വിടാന്‍ സാധ്യതയുണ്ട് എന്നാണ് ദി മോര്‍ണിംഗ് കൊണ്ടെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് ഏകദേശം 12000 പേരോളം വരും.

നിലവില്‍ തിരുവനന്തപുരം ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ തീരുമാനിച്ച ചര്‍ച്ച നവംബർ 2 ആം തീയ്യതി നടക്കും. ഈ ചര്‍ച്ചയില്‍ ബൈജൂസ് പ്രതിനിധികള്‍ പങ്കെടുക്കും എന്നാണ് ലേബര്‍ ഡിപ്പാര്‍ട്മെന്റിന് ലഭിച്ചിട്ടുള്ള വിവരം.

Related Stories

No stories found.
logo
The Cue
www.thecue.in