
2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം തിരിച്ചുവരവിന്റെ കാലമായിരുന്നു. 2023-ൽ ഏറ്റവും കൂടുതൽ ചർച്ചയായത് തിയറ്റർ പ്രതിസന്ധി ആയിരുന്നെങ്കിൽ ഈ വർഷം തിയ്യട്രിക്കൽ സിനിമകളുടെ വർഷമായിരുന്നു. തിയറ്റർ ഹിറ്റുകളുടെ ലിസ്റ്റ് എടുത്താൽ മാറ്റി നിർത്താൻ കഴിയാത്ത പേരാണ് 2024-ൽ സുഷിൻ ശ്യാമിന്റേത്. മഞ്ഞുമ്മൽ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക്, ബോഗയ്ൻവില്ല. നാല് വ്യത്യസ്ത ഴോണറുകളിൽ വരുന്ന ഈ സിനിമകൾക്ക് സംഗീതം നൽകിയ സുഷിൻ ശ്യാം തന്റെ ഈ വർഷത്തെ സിനിമകളെ പറ്റിയും, സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുന്നതിനെ പറ്റിയും, തന്റെ സംഗീതത്തിലുള്ള കാഴ്ചപ്പാടുകളെ പറ്റിയും ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
ഈ വർഷത്തെ നാല് സിനിമകളും നാല് ഴോണറുകളിൽ ഉള്ളവയാണ്. നാലിനും നാല് സൗണ്ട്. ഒരുതരത്തിൽ പൊളിച്ചെഴുത്തു കൂടെ ആയിരുന്നല്ലോ?
സൗണ്ട് ഡിസൈനിൽ ഞാനൊന്നും പൊളിച്ചെഴുതിയിട്ടില്ല. സിനിമ നമ്മളിലേക്കെത്തുമ്പോൾ ആണല്ലോ, നമുക്ക് അതിനെ പറ്റി ചിന്തിക്കാൻ പോലും പറ്റുന്നത്. പ്രീപ്ലാൻ വച്ചിട്ടുള്ള പരിപാടികൾ ഒന്നും ഉണ്ടായിട്ടില്ല ഇതിൽ. ഉള്ളൊഴുക്ക് പോലൊരു പടം വരുമ്പോൾ, മനസ്സിലേക്ക് ആദ്യം വരുന്നത് മഴയാണല്ലോ. അതാണ് ആ സിനിമയുടെ ഡിസൈൻ. ഉള്ളൊഴുക്ക് എന്ന് പറയുമ്പോൾ ഇമോഷൻസ് ഇങ്ങനെ ഒഴുകകയാണല്ലോ. അതിങ്ങനെ മാറിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാ വീടുകളിലും നടക്കുന്ന പോലെയുള്ള കോൺഫ്ലിക്റ്റുകൾ. മുഴുവൻ ഇമോഷൻ ആണ്, ഡയലോഗ് ഓറിയെന്റഡ് ആണ്, ആ ഡയലോഗുകളുടെ കൂടെ തന്നെ ഒഴുകുന്ന മ്യൂസിക് ആകണം അതിന് പിന്നിലായി വേണ്ടത്. പ്രേക്ഷകരെ ഡിസ്ട്രാക്ട് ചെയ്യാതെ, സ്റ്റോറി ടെല്ലിങിനെ സഹായിക്കുക എന്നതാണ് ഉള്ളൊഴുക്കിൽ സംഭവിച്ചത്. എന്നാൽ ആവേശത്തിലേക്ക് വരുമ്പോൾ മുന്നിൽ നിൽക്കുന്നത് മ്യൂസിക് ആണ്. കളർഫുൾ ആയി, പൊട്ടിത്തെറിച്ച് നിൽക്കുന്ന, അഡ്രിനാലിന്റെ വേഗത കൂട്ടുന്ന തരത്തിലുള്ള മ്യൂസിക്. എന്നാൽ മഞ്ഞുമ്മലിൽ ഇതിലൊന്നും പെടാത്ത ഒന്നാണ്. മഞ്ഞുമ്മലിൽ സൗണ്ടിന് കൂടുതൽ പ്രാധാന്യമുണ്ട്. ഗുഹയിൽ ആണെങ്കിലും, കുറച്ച് ആളുകൾ ഒരു സ്‌പേസിലേക്ക് പോകുന്നു, അതിനും ഒരു ഡിസൈൻ ഉണ്ട്. പടത്തിന്റെ തുടക്കം മുതൽ ഒരു മൂഡിൽ പോയിട്ട്, ഗുഹയിൽ എത്തുമ്പോൾ മുതൽ ഒരു അൺസെറ്റ്ലിംഗ് മൂഡിലേക്ക് മാറുകയാണ്.
അവിടൊരു പുതിയ സൗണ്ട് കൊണ്ടു വരിക എന്ന ഉദ്ദേശത്തിലല്ലേ പുതിയൊരു വാദ്യോപകരണം നിർമിക്കുന്നത്?
അപ്രഹെൻഷൻ ഇൻസ്ട്രുമെന്റ് ഉണ്ടാക്കാനുള്ള കാരണം, വിച്ച് എന്ന കാട്ടിൽ നടക്കുന്ന ഒരു ഹൊറർ സിനിമയാണ്. ഹൊറർ സ്‌പേസിലേക്ക് ആണ് ആ ഇൻസ്ട്രുമെന്റ് എനിക്ക് കൊണ്ട് വരാൻ താത്പര്യം ഉണ്ടായത്. ഇൻസ്ട്രുമെന്റ് ഉണ്ടാക്കുമ്പോൾ എന്റെയുള്ളിൽ ഉണ്ടായിരുന്ന ഡിസൈൻ ഗുഹയ്ക്കകത്ത് മാത്രമേ അത് ഉപയോഗിക്കുകയുള്ളൂ എന്നാണ്. ഒരു വുഡൻ പീസ് ആണ് ആ ഇൻസ്ട്രുമെന്റ്. സൂപ്പർ ബോൾ എന്ന് പറഞ്ഞ ഒരു ബോൾ ഉണ്ട്. ആ ബോളിലേക്ക് ഒരു ബാംബൂ സ്റ്റിക്ക് വയ്ക്കും, അത് ഈ വുഡിലേക്ക് റബ്ബ് ചെയ്യും. അത് ഒരു വിയേർഡ് ശബ്ദം ഉണ്ടാക്കും. ഏമ്പക്കം പോലെയൊരു ശബ്ദമാണ് അത്, ഒരു ഏലിയന്റെയോ, മോൺസ്റ്ററിന്റെയോ ഏമ്പക്കം പോലെ എന്നതായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. ഒരു ഇരയെ കിട്ടി, ചെറിയ വിശപ്പ് മാറി എന്ന കൺസെപ്റ്റ്. സുഭാഷ് കുഴിലേക്ക് വീഴുന്നത് മുതലാണ് സിനിമയുടെ മ്യൂസിക്കൽ ഡിസൈൻ തുടങ്ങുന്നത്. അവർ എല്ലാവരും ആ കുഴിയിലേക്ക് ഇറങ്ങുമ്പോൾ മുതൽ സൗണ്ട് സ്കേപ്പ് മാറുന്നുണ്ട്. അവിടെ പ്ലസന്റ് മ്യൂസിക് ആണ്, പക്ഷെ അടിയിലെവിടെയോ ഒരു ഹൊറർ എലമെന്റ് ഉണ്ട്. ഭാസി കുഴിയിലേക്ക് വീഴുമ്പോൾ ആണ് നമ്മൾ ഈ ഇൻസ്ട്രുമെന്റ് ആദ്യം ഉപയോഗിക്കുന്നത്. പിന്നെയത് ഉപയോഗിക്കുന്നത് സൗബിൻ ആ കുഴിയുടെ അകത്തേക്ക് കയറുമ്പോൾ മാത്രമാണ്. കുഴിക്കകത്ത് ആകട്ടെ ഈ ഇൻസ്ട്രുമെന്റ് ആണ് മിക്കവാറും ഉപയോഗിച്ചിരിക്കുന്നത്.
പുതിയതായി ഒരു ഉപകരണം ഉണ്ടാക്കുക എന്നതായിരുന്നു അതിലെ എക്സൈറ്റ്മെന്റ്. ഒരു എഫർട്ട് നമ്മൾ ഇടുന്നുണ്ട് എന്നൊരു തോന്നലുണ്ടല്ലോ. ഇതിന്റെയൊക്കെ സൗണ്ട് നമുക്ക് കിട്ടും വേണമെങ്കിൽ, പക്ഷെ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ഹൈയ്ക്ക് വേണ്ടിയാണ് അത് ചെയ്തത്.
ഇതിനോട് ചേർത്ത് ചോദിക്കുകയാണെങ്കിൽ ടർക്കിഷ് തംബുർ എന്ന ഒരു ഇൻസ്ട്രുമെന്റ് ഭീഷ്മയിൽ ഉപയോഗിച്ചു കണ്ടു.
ഭീഷ്മയിൽ ഡ്രാമ വരുമ്പോൾ ആണ് ടർക്കിഷ് തമ്പൂർ ഉപയോഗിച്ചിട്ടുള്ളത്. മഞ്ഞുമ്മലിന്റെ അവസാന ഭാഗത്തും ആ ഉപകരണം ഉപയോഗിച്ചിട്ടുണ്ട്. സെങ്ക് എന്ന ഒരു ഇസ്‌താംബുൾ ആർട്ടിസ്റ്റ് ആണ് അത് വായിച്ചിട്ടുള്ളത്. അദ്ദേഹത്തെ ഞാൻ ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ടതാണ്. ഭാസിയെ കൊല്ലുന്ന ആ സീനിൽ എനിക്ക് ഒരു ഡ്രാമ വേണം എന്നുണ്ട്, പക്ഷെ നമ്മുടെ ഇന്ത്യൻ ഇൻസ്ട്രുമെന്റ് വച്ച് ചെയ്താൽ അത് ടിപ്പിക്കൽ ആകും. ഈ ഇൻസ്ട്രുമെന്റിന് വേൾഡ് മ്യൂസിക്കിന്റെ ആ ടച്ച് വരും. ഒരു അണ്ടർലയിങ് ഇമോഷൻ ഉള്ള പോലെ.
വൈവാൾടിയെ കൊണ്ട് വരുന്നത്?
അമലേട്ടൻ തന്നെയാണ് വൈവാൽഡിയെ എനിക്ക് കേൾപ്പിച്ചു തന്നത്. മാത്രവുമല്ല പോർട്രൈറ്റ് ഓഫ് എ ലേഡി ഓൺ ഫയർ എന്ന ചിത്രത്തിലും ഫോർ സീസൺസ് ഉപയോഗിച്ചിട്ടുണ്ട്. അത് വളരെ പഴയൊരു പീസ് ആണ്. ബോഗയ്ൻവില്ലയിൽ ആണ് ആദ്യമായി ഞാൻ അത് ഉപയോഗിക്കുന്നത്, റോയ്സ് ഗ്രാമഫോൺ ഉപയോഗിക്കുന്ന സമയത്താണ്. അമലേട്ടൻ വളരെ മുൻപ് ഈ പടത്തിൽ എന്നല്ല, ജനറലി ഈ മ്യൂസിക് എവിടെയെങ്കിലും ഉപയോഗിക്കണം എന്ന് പറഞ്ഞിരുന്നു. ആ മ്യൂസിക് അവിടെ വച്ചപ്പോൾ എനിക്ക് ഡ്രാമ ഫീൽ ചെയ്തു. എന്തോ ശരിയല്ല എന്നൊരു തോന്നൽ തരും ആ മ്യൂസിക്. അത് കഴിഞ്ഞപ്പോൾ ഞാൻ വിചാരിച്ചു, റോയ്സ് എല്ലായിപ്പോഴും ആ മ്യൂസിക് കേട്ടിട്ടാണ് അയാളുടെ ഇവെന്റ്സ് എല്ലാം ചെയ്യുന്നത് എന്നാൽ ആ ഐഡിയയിൽ ചെയ്യാമെന്ന്. പിന്നീട് അതിൽ ഒരു ഹിപ് ഹോപ് കൂടെ മിക്സ് ചെയ്ത് മാറ്റി നോക്കി.
ക്ലാസിക്കലുകൾ കേൾക്കാറുണ്ടോ?
ക്ലാസിക്കൽ ഞാൻ കേൾക്കുന്നത് വളരെ കുറവാണ്. അതിനേക്കാൾ കൂടുതൽ ഞാൻ കേൾക്കുന്നത് ഇളയരാജയെ ആയിരിക്കും. അദ്ദേഹം എങ്ങനെയാണ് മെലഡി കംപോസ് ചെയ്യുന്നത് എന്നറിയാൻ.
ഇൻഡിപെൻഡന്റ് മ്യൂസിക്നെ മലയാള സിനിമ ഗാനശാഖയിലേക്ക് ലയിപ്പിക്കുക എന്ന് പറയുന്ന ഒരു കാര്യം സുഷിൻ ചെയ്യുന്നുണ്ട്. ഹനുമാൻ കൈൻഡ്, ഡബ്സീ, പാൽഡബ്ബാ, അടക്കമുള്ള ആളുകളെ ഇതിലേക്ക് കൊണ്ട് വരിക എന്നത് ബോധപൂർവ്വമുള്ള തീരുമാനം ആണോ?
സത്യം പറഞ്ഞാൽ ഞാൻ എന്റെ ആവശ്യത്തിന് ഇവരെയൊക്കെ ഉപയോഗിക്കുകയാണ്. സത്യമായിട്ടും ഇന്റിപെന്റന്റ് മ്യൂസിക്കിനെ ഉയർത്തിക്കൊണ്ട് വരണം എന്നു വിചാരിച്ച് ചെയ്യുന്നതൊന്നുമല്ല. നമുക്ക് വളരെ ലിമിറ്റഡ് ഗായകരെ ഉള്ളൂ എന്നു തോന്നാറുണ്ട്. എപ്പോഴും സ്ഥിരമായി പോകുന്ന പേരുകളിലേക്ക് പോകാതെ, നമുക്കെങ്ങനെ വേറെ ഒരു ശബ്ദം കൊണ്ട് വരാം എന്നാണ് ചിന്തിക്കുന്നത്. ഇല്ലുമിനാറ്റി എന്ന ട്രാക്ക് വരുമ്പോൾ ടിപ്പിക്കലി എന്റെ തലയിലേക്ക് വന്നത് മെയ്ൻ സ്ട്രീം സിംഗേഴ്സിന്റെ പേരുകളാണ്. ഇല്ലുമിനാറ്റി പുതിയ ഫോമിൽ ഉള്ള ഒരു പാട്ടൊന്നുമല്ല, നമ്മൾ സ്ഥിരം അവിടെയും ഇവിടെയും ഒക്കെ കേൾക്കുന്ന തരത്തിലുള്ള ഒരു പാട്ടാണ്. വിജയ്യുടെ പോക്കിരിപ്പൊങ്കൽ ഒക്കെ പോലെയുള്ള ഒരു പാട്ട്. അതിൽ എന്തെങ്കിലും വ്യത്യാസം കൊണ്ടു വരണമെങ്കിൽ അത് ശബ്ദമാകണം. ഡബ്‌സീ അങ്ങനെയൊരു പാട്ട് പാടിയിട്ടുമില്ല. ഹനുമാൻ കൈൻഡും, പാൽ ഡബ്ബയും എല്ലാം എനിക്കറിയാവുന്ന ആളുകളാണ്. കൂടാതെ ജിതുവിനും ഇൻഡിപെൻഡന്റ് മ്യൂസിഷ്യൻസിനെ നോക്കാം എന്ന താല്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് ഇന്റിപെന്റന്റ് ആർട്ടിസ്റ്റ്സിലേക്ക് വരുന്നത്. അത് ചർച്ചയിൽ തന്നെ ഉണ്ടായതാണ്, ഞാൻ മാത്രം എടുത്ത ഒരു തീരുമാനം അല്ല.
ശബ്ദങ്ങളെ പറ്റി പറയുമ്പോൾ പാടുന്നത് ആര് എന്ന തീരുമാനം കൂടെയുണ്ട്. ചെരാതുകൾ എടുത്ത് നോക്കിയാൽ ആ പാട്ട് മുഴുവൻ അമ്മ വന്ന് അമ്മയുടെ അതേ കമ്പിളി കൊണ്ട് നമ്മളെ കൂടെ ചേർത്ത് പിടിച്ച് തണുപ്പ് അകറ്റുന്ന ഒരു ഫീലിംഗ് ആണ്. പക്ഷെ ആ പാട്ടിന്റെ അറ്റത്ത്, അസാധാരണമായി സാധാരണമാകുന്ന പോലെ 'മകനെ ഞാനുണ്ടരികത്തൊരു കാണാ കൺനോട്ടമായ്...' സുഷിന്റെ ശബ്ദത്തിൽ ആണ് വരുന്നത്. അത് എന്തുകൊണ്ട് തീരുമാനിച്ചതാണ്?
ചെരാതുകൾ ആദ്യമേ ട്യൂൺ ചെയ്ത് എഴുതിയ പാട്ടാണ്. ആദ്യം മുതൽക്കു തന്നെ ഞാൻ ഹമ്മിങ് പാടുമ്പോൾ ലോ ആയാണ് പാടുന്നത്, അന്നൊന്നും ഈ പാട്ട് ഫീമെയ്ൽ ആണോ മെയ്ൽ ആണോ പടേണ്ടത് എന്നൊരു തീരുമാനം ഒന്നും എടുത്തിരുന്നില്ല. ഹൈ പോഷൻ വരുമ്പോൾ ഞാൻ പാടിയത് എനിക്കിഷ്ടപ്പെട്ടു. പക്ഷെ അൻവർ അലി അത് എഴുതി വന്നപ്പോൾ, അത് മെയ്ൽ വോയ്സ് വന്നാലും ശരിയാകും എന്നു തോന്നി. ഒരു അച്ഛന്റെ കാഴ്ചപ്പാടും ആകാം അത്. നേരത്തെ മരിച്ചു പോയ ആളാണ് കഥയിൽ അവരുടെ അച്ഛൻ. അതുകൊണ്ട് ഒരു ജൻഡർ സ്പെസിഫിക് ആയി ഇത് ചെയ്യണമെന്ന് നിർബന്ധമില്ലെന്നാണ് അൻവറിക്ക പറഞ്ഞത്.
പുതിയത് ചെയ്യണം എന്നുണ്ടോ എപ്പോഴും?
പുതുമക്ക് വേണ്ടി കാത്തിരിക്കുന്ന നാടാണല്ലോ നമ്മുടേത്. എല്ലാത്തിലും എന്തെങ്കിലും ഒരു പുതിയ കാര്യമില്ലെങ്കിൽ ആളുകൾക്ക് ബോറടിക്കില്ലേ. ആളുകളെ എന്റെർറ്റൈൻ ചെയ്യുകയും വേണം, അതേ സമയം ചെറിയൊരു എഡ്യൂക്കേഷണൽ ഫാക്ടർ കൂടെ ഉണ്ടായാൽ കൊള്ളാം എന്നെനിക്ക് തോന്നാറുണ്ട്. കേൾവിക്കാർക്ക് എന്തെങ്കിലും പുതിയത് കൊടുക്കണം, എപ്പോഴും ഒരേ സാധനങ്ങൾ കൊടുക്കരുത് എന്നാണ് ആഗ്രഹം. അത് എത്രത്തോളം വർക്ക് ആകുന്നുണ്ട് എന്നെനിക്കറിയില്ല. പക്ഷെ എന്റെ കേൾവിക്കാരും എന്റെ കൂടെ വളരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ എന്താണോ കേൾക്കുന്നത് അതെന്റെ പ്രേക്ഷകരിലേക്കും എത്തിക്കണമെന്നുണ്ട്.
സുഷിന്റെ പ്രേക്ഷകർ ഉറപ്പായും കേൾക്കണമെന്ന് സുഷിന് നിർദ്ദേശിക്കാൻ കഴിയുന്ന ഒരു 5 ആർട്ടിസ്റ്റുകളുടെ പേര് പറയാമോ?
ആളുകൾ എന്ത് കേൾക്കണം എന്നല്ല, പക്ഷേ എന്റെ ഇൻഫ്ലുവൻസ് ആരാണെന്ന് ഞാൻ പറയാം,
Alt j, Zero 7, Bonobo, Radiohead, air, Sigur Rós
ഞാൻ ഹെവി ഇലക്ട്രോണിക് മ്യൂസിക് അല്ലെങ്കിൽ അഗ്രസീവ് മ്യൂസിക് കേൾക്കുന്ന ആളല്ല. പക്ഷെ ഞാൻ അത് ചെയ്യാറുണ്ട്. കാരണം സിനിമ മിക്കവാറും അതാണ് ആവശ്യപ്പെടുന്നത്. ഞാൻ കേൾക്കുന്നത് കൊടൈക്കനാലിൽ പോയിരുന്ന് തണുപ്പത്ത് കേൾക്കാൻ പറ്റുന്ന തരത്തിലുള്ള പാട്ടുകളാണ്.
ഹിറ്റ് സ്‌ട്രീക്ക് ഒരു ഭാരമാണോ?
ഹിറ്റ് സ്ട്രീക്ക് ഭയങ്കര ഭാരം തന്നെയാണ്. ഞാനൊരു ബാലൻസിലാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാം ഹിറ്റാകണം എന്നെനിക്ക് ആഗ്രഹമില്ല. മഞ്ഞുമ്മേലിൽ കുതന്ത്രം ഹിറ്റ് ആണെങ്കിൽ, നെബുലകൾ ആണ് എന്റെ ഇഷ്ടപ്പെട്ട ട്രാക്ക്. നേരത്തെ പറഞ്ഞ കാര്യമുണ്ടല്ലോ, ആളുകളെ എന്തെങ്കിലും പുതിയത് കേൾപ്പിക്കണം എന്ന്. നെബുലകളിൽ ആണ് ഞാൻ എന്റെ ആത്മാവ് കൊടുത്തത്. സിന്ത് ആണെങ്കിലും ഒരു ഒഴുക്കുള്ള പാട്ടാണ്. ആ ഒരു ബാലൻസ് വയ്ക്കും എപ്പോഴും. തായ്‌മനം എടുത്ത് നോക്കുകയാണ് എങ്കിലും അതൊരു സോൾഫുൾ പാട്ടാണ്. തായ്‌മനം ഒന്നും അങ്ങനെ ഹിറ്റ് ആകുന്ന പാട്ടല്ല. ചില ആളുകൾ മാത്രം പേഴ്‌സണൽ ആയി കേൾക്കുന്ന പാട്ടാകും. ഇല്ലുമിനാറ്റിയിൽ പേഴ്‌സണൽ എക്സ്പീരിയൻസ് ഒന്നുമില്ല. അത് മറ്റൊരു ഇമോഷൻ ആണ്. പക്ഷെ എന്റെ ഫോക്കസ് ആളുകൾ ചില ഇമോഷൻ വരുമ്പോൾ കേൾക്കുന്ന പാട്ടുകളിലാണ്. ചിലർ ഒറ്റമുറി അങ്ങനെ കേൾക്കാറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള പാട്ടുകൾ ചെയ്യാനാണ് എനിക്കിഷ്ടം.
കടുകുമണിക്കൊരു കണ്ണുണ്ട്, നിങ്ങൾ പാടി പാടി ഉണ്ടാക്കിയ പാട്ടാണെന്ന് സിത്താര പറഞ്ഞിരുന്നു
കടുകുമണിക്കൊരു കണ്ണുണ്ട് ലിറിക്സ് തന്നിട്ട് ഉണ്ടാക്കിയ പാട്ടാണ്. എന്റെ മനസ്സിൽ ആദ്യമേ വന്ന ശബ്ദം സിത്താരയുടേതാണ്. ചെരാതുകൾക്ക് ശേഷം ഞങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കുക എന്നത് കംഫർട്ടബിൾ ആയിരുന്നു. അങ്ങനെ ജാം ചെയ്ത് നോക്കാം എന്നു പറഞ്ഞ് ഇരുന്നതാണ്. ( പിന്നെ എനിക്ക് ട്യൂൺ ഉണ്ടാകാൻ ചെറിയ മടിയുമായി) അങ്ങനെ സിത്താര വന്നു ഒരുവരി പാടി, സിത്താരയുടെ ഒരു പാറ്റേണിൽ അങ്ങ് തുടങ്ങി. പിന്നെ ഞാൻ അതിൽ നിന്ന് ഒരു വരിയുണ്ടാക്കി. അങ്ങനെ അതൊരു ജാമിങ് ആയിരുന്നു. ഒരു അരമണിക്കൂറിലാണ് അത് സംഭവിച്ചത്.
പാട്ടുകളുടെ ലിറിക്‌സിനെ സമീപിക്കുന്ന രീതി?
അർത്ഥത്തേക്കാൾ ഞാൻ ഫോക്കസ് ചെയ്യുന്നത് വാക്കുകളുടെ സൗണ്ടിൽ ആയിരിക്കും. അതാണ് ഗാനരചയിതാക്കളുമായി ഞാൻ നടത്തുന്ന ചർച്ച. അല്ലെങ്കിൽ കേട്ട് കേട്ട് മടുത്ത വാക്കുകൾ വേണ്ട എന്ന് പറയാറുണ്ട്.
നെഗറ്റിവ് കമന്റുകളെ എങ്ങനെയാണ് എടുക്കുന്നത്?
നെഗറ്റീവ് കമന്റുകൾ ഇപ്പോൾ ഞാൻ അങ്ങനെ ശ്രദ്ധിക്കാറില്ല. ആവേശത്തിലെ പാട്ടുകൾ ശുദ്ധസംഗീതം ഒന്നുമല്ലല്ലോ. അത് പെട്ടെന്നുള്ള ഹിറ്റിന് വേണ്ടി ചെയ്യുന്നതല്ലേ. കഥയ്ക്കും കഥാപാത്രങ്ങൾക്കും വേണ്ടി ഉണ്ടാക്കുന്നതാണ്. രംഗണ്ണൻ ഓവർ ആണ് അതിനകത്ത്, അതൊരു ഡാർക്ക് ഹ്യൂമർ സ്‌പേസിലെ കാണുന്നുള്ളു. ആളുകൾ പറയുന്നുണ്ട് അതു കണ്ട് പ്രേക്ഷകർ ഇൻഫ്ലുവൻസ്ഡ് ആകും, അതുപോലെ ചെയ്യും എന്നൊക്കെ. അത് സ്വന്തം ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ടതാണ്. സിനിമയിൽ നിന്ന് ഇൻഫ്ലുവൻസ്ഡ് ആയി ചെയ്യുക എന്നു പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല.
നെഗറ്റിവ് കമ്മന്റുകൾ പണ്ടൊക്കെ എന്നെ വല്ലാതെ ബാധിക്കാറുണ്ടായിരുന്നു. പക്ഷെ കാലം കഴിയുമ്പോൾ ഞാൻ അതിൽ നിന്ന് മൂവ് ഓൺ ആയി. ഇപ്പോൾ അതൊന്നും എന്നെ ബാധിക്കാറില്ല. പക്ഷെ കൺസ്ട്രക്റ്റീവ് ക്രിട്ടിസിസം ഞാൻ എടുക്കാറുണ്ട്. ഒരാൾ സുഷിന്റെ ട്യൂൺ വല്ലാതെ റിപ്പീറ്റേഷൻ ആകുന്നുണ്ട് എന്നു പറഞ്ഞാൽ, അത് ഞാൻ ചിലപ്പോൾ എടുക്കും. കാരണം പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് ആകും അത് മനസ്സിലാവുക. എനിക്ക് സ്വയം അത് മനസ്സിലാകണം എന്നില്ല. ഞാൻ തുടരെ രണ്ട് സിനിമകൾ ചെയ്യുമ്പോൾ ആ ഒരു ആവർത്തനം വരാം. ഞാൻ തന്നെയാണല്ലോ രണ്ടും ചെയ്യുന്നത്. ഞാൻ അങ്ങനെ മ്യൂസിക് പഠിച്ച് ചെയ്യുന്നതൊന്നും അല്ല. അതുകൊണ്ട് തന്നെ ചിലപ്പോൾ ആവർത്തനം സംഭവിച്ചേക്കാം. അങ്ങനെ വരുന്ന കമന്റുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. അത് മാറ്റിപ്പിടിക്കാനും ശ്രമിക്കാറുണ്ട്.
എങ്ങനെയാണ് അപ്‌ഡേറ്റഡ് ആകുന്നത്?
എന്തെങ്കിലും ഉണ്ടാവുമല്ലോ ജൻസിക്ക് വേണ്ടത്. കൂടുതൽ എല്ലാവരും ബിടിഎസ് ഒക്കെയാണല്ലോ കേൾക്കുന്നത്. എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കും. നമുക്കത് നമ്മുടെ കമ്പോസിഷനിലേക്ക് കൊണ്ടുവരാൻ പറ്റുമോ എന്ന് നോക്കും. ട്യൂണിനേക്കാളും സൗണ്ടിൽ ആയിരിക്കും ഞാൻ അത് കൊണ്ട് വരുന്നത്. എനിക്ക് കൂടെ അതിൽ ഹൈ വരണമല്ലോ, വെറുതെ ആളുകൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയിട്ട് കാര്യമില്ല.
സുഷിൻ സുഷിന് വേണ്ടിയാണോ അതോ പ്രേക്ഷകർക്ക് വേണ്ടിയാണോ പാട്ട് ഉണ്ടാക്കുന്നത്?
രണ്ടും ചെയ്യാറുണ്ട്. നെബുലകൾ ഞാൻ ഹിറ്റ് ആവുകയെ വേണ്ട എന്നു കരുതി എനിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ പാട്ടാണ്. എനിക്കൊരു ഇൻഡിപെൻഡന്റ് സൈഡ് ഉണ്ട്. ഞാൻ സിനിമയിൽ അല്ലായിരുന്നു എങ്കിൽ ഇൻഡിപെൻഡൻഡ് ആയിരുന്നു എങ്കിൽ ഞാൻ എന്തായിരിക്കും ചെയ്യുക എന്ന ചിന്ത എപ്പോഴും വരും. അത് സിനിമയിലേക്കും കൂടെ വന്നാൽ എങ്ങനെയുണ്ടാകും എന്ന് ചിന്തിക്കാറുമുണ്ട്. മുൻപ് റെക്സ് ഏട്ടനൊക്കെ ചെയ്ത കാര്യങ്ങളാണ്. ചാപ്പാകുരിശ് എടുത്ത് നോക്കിയാലും അത് കൺവെൻഷണൽ അല്ല. എന്നിട്ടും അത് ആളുകൾ ഇഷ്ടപ്പെടുന്നുണ്ടല്ലോ. അത് തന്നെയാണ് ഞാനും ശ്രമിക്കുന്നത്.
തിയറ്ററുകളിലെ സൗണ്ട് സിസ്റ്റം ആളുകളുടെ ആസ്വാദനത്തെ ബാധിക്കില്ലേ?
സൗണ്ട് കാരണം എനിക്കൊരു സിനിമ ഇഷ്ടപ്പെടാതിരിക്കാറില്ല. സിനിമ എന്നാൽ മ്യൂസിക്കിനെക്കാളും മുകളിൽ ആണല്ലോ. ഒരു ഇമോഷൻ ആണല്ലോ നമ്മളെ കൊണ്ട് പോകുന്നത്. ഒരു മൊബൈൽ സ്‌ക്രീനിൽ ഇരുന്ന് കണ്ടാലും എനിക്ക് ഒരു സിനിമ ഇഷ്ടപ്പെടാം. ഉറപ്പായിട്ടും ബെസ്റ്റ് എക്സ്പീരിയൻസിന് മാത്രമേ ഈ സൗണ്ട് എന്ന ഫാക്ടർ വരുന്നുള്ളൂ. ഞങ്ങൾ ചെയ്ത പോലെ തന്നെ നിങ്ങൾക്ക് എക്സ്പീരിയൻസ് ചെയ്യണം എങ്കിൽ ബെസ്റ്റ് സൗണ്ട് സിസ്റ്റം വേണം.
വിഷ്ണു വിജയുമായുള്ള സൗഹൃദം
ഞങ്ങൾ ഒരുമിച്ച് തുടങ്ങിയ ആളുകളാണ്. ഞാൻ ദീപക് ദേവിനെ അസ്സിസ്റ്റ് ചെയ്യുമ്പോൾ വിഷ്ണു അവിടെ എല്ലാ ആർട്ടിസ്റ്റ്സിനും ഫ്ലൂട്ട് വായിക്കുന്നുണ്ട്. ഞങ്ങൾ പണ്ട് മുതലേ സുഹൃത്തുക്കളാണ്. അവൻ ആദ്യമായി പടം ചെയ്യാൻ തുടങ്ങുമ്പോൾ ഞാൻ അവിടെയുണ്ട്. വിഷ്ണു പ്രൊഡക്ഷൻ അങ്ങനെ ചെയ്യാറില്ല. ഫ്ലൂട്ടിലാണ് കൂടുതലും ഫോക്കസ് ചെയ്യുക. ആ സമയത്ത് ജോണും വിഷ്ണുവും കൂടെ എന്റെ ഫ്ലാറ്റിലേക്ക് വരും. പാട്ടുകളുടെ ട്യൂൺ ഓൾറെഡി ഉണ്ടാകും. അത് ഓരോന്നായി ഞാൻ ഇരുന്ന് ചെയ്യും. ഞാൻ ആദ്യമായി കിസ്മത്തിൽ പാട്ട് ചെയ്യുമ്പോൾ, വിഷ്ണുവിന് ഞാൻ പാട്ട് കേൾപ്പിച്ചു കൊടുത്തു. അതിൽ ഒരു ഹമ്മിങ് ഞാൻ ഒരു തവണ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ, വിഷ്ണുവാണ് അത് രണ്ടു തവണയാക്കാൻ പറഞ്ഞത്. വിഷ്ണു തന്നെയാണ് അതിൽ ഫ്ലൂട്ട് വായിച്ചതും. യാക്സണും ആ സമയത്ത് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
സുഷിനെ മാറ്റി നിർത്തിയാൽ, ഈ വർഷം മലയാള സിനിമയിൽ എക്സൈറ്റ് ചെയ്യിപ്പിച്ച വർക്‌സ്?
വാഴയിലെ പുതിയ ആർട്ടിസ്റ്റ്സിനെ എനിക്കിഷ്ടമാണ്. ഏയ് ബാനാനെ ഒക്കെ എനിക്കിഷ്ടമാണ്. ഇലക്ട്രോണിക് കിളി എന്നാണ് പുള്ളിയുടെ പേര്. ക്രിസ്റ്റോയുടെ ഭ്രമയുഗത്തുലെ സ്കോർ ഇഷ്ടമായിരുന്നു. ക്രിസ്റ്റോ ആദ്യം ചെയ്‌ത വർക്കിനെക്കാളും ഭ്രമയുഗം എത്തിയപ്പോഴാണ്, ഒരു സിനിമ സ്‌പേയ്സിൽ എത്തിയതായി എനിക്ക് തോന്നിയത്. പ്രേമലുവിലെ പാട്ടുകൾ ഇഷ്ടമാണ്. ആടുജീവിതം സിനിമയും സ്കോറും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. സൂക്ഷ്മദർശിനിയും നല്ലതാണ്. കിഷ്കിന്ധാകാണ്ഡം സ്കോറും എനിക്കിഷ്ടമായിരുന്നു.
ഇൻഡിപെൻഡന്റ് മ്യൂസിക്കിലേക്ക് പോകണം എന്നില്ലേ?
ഇൻഡിപെൻഡൻഡ് മ്യൂസിക്കിലേക്ക് ഞാൻ പോവുകയാണ്. ഞാൻ ഈ ബ്രേക്ക് എടുക്കുന്ന ടൈമിൽ ഒരു ഇൻഡിപെൻഡൻഡ് പ്രൊജക്റ്റ് വർക്ക് ചെയ്യുന്നുണ്ട്. ജനുവരിയിൽ ഒരു റിലീസ് ഉണ്ടാകും.
TDT തിരിച്ചു വരുന്നുണ്ട്...
ടിഡിടി(The Down Troddence, popularly known as TDT is a six piece thrash metal band)യിലേക്കും എനിക്ക് ഈ കൊല്ലമാണ് ഒന്ന് ഇരിക്കാൻ പറ്റിയത്. പത്തു പുതിയ പാട്ടുകൾ ഉണ്ട്. ഞങ്ങൾ പത്തു കൊല്ലം എടുത്ത് ചെയ്ത പത്ത് പാട്ടുകൾ. അതും ജനുവരി-ഫെബ്രുവരി സമയത്ത് റിലീസ് ഉണ്ടാകും. 2025 -ൽ ആയിരിക്കും ഇതെല്ലാം വരുന്നുന്നത്. ഞാൻ സിനിമകളുടെ എണ്ണം കുറച്ചിട്ടും ഉണ്ട്. അടുത്തത് മോഹൻലാൽ-മമ്മൂട്ടി-മഹേഷ് നാരായണൻ പടമാണ്. അടുത്ത വർഷം പകുതിയിൽ വർക്ക് തുടങ്ങും. അത് വരെ ഞാൻ ഒരു ഇടവേള എടുത്തിരിക്കുകയാണ്. എടുക്കുന്ന ബ്രേക്കിൽ ലൈവ് പെർഫോമൻസസും, ഇൻഡിപെൻഡൻഡ് മ്യൂസിക്കും ഒക്കെ നോക്കണം എന്നാണ്.
മറ്റു ഭാഷകളിലേക്ക് പോകണം എന്ന തോന്നൽ ഇല്ലേ?
ഇവിടെ നല്ല തിരക്കഥകളുണ്ട്, പൈസയുമുണ്ട്. മറ്റൊരു ഭാഷയിലേക്ക് പെട്ടെന്ന് പോകേണ്ട ഒരു ആവശ്യം തോന്നുന്നില്ല.
സ്പോട്ടിഫൈ ആർട്ടിസ്റ്റിസിന് നൽകുന്ന റെമ്യുണറേഷൻ..
നമ്മൾ വൺ ടൈം ആയാണല്ലോ ചെയ്യുന്നത്. ഒരു റെക്കോർഡ് ലേബലിന് കൊടുക്കും, ബാക്കി എല്ലാം അവർക്കാണ് പോകുന്നത്. പിന്നെ ഐപിആർഎസ് ഉണ്ട്. അവിടെ നിന്ന് ചെറിയ ഒരു റോയൽറ്റി ലഭിക്കും. ചിലർ ഡിസ്ട്രിബ്യുഷന് നൽകാറുണ്ട്.