റൈഫിൾ ക്ലബ് എന്റെ തിരിച്ചു വരവല്ല, സ്വാഭാവികമായ ഇടവേള; റെക്സ് വിജയൻ

റൈഫിൾ ക്ലബ് എന്റെ തിരിച്ചു വരവല്ല, സ്വാഭാവികമായ  ഇടവേള; റെക്സ് വിജയൻ
Published on

'റൈഫിൾ ക്ലബ്' പ്രഖ്യാപിക്കപ്പെട്ടത് മുതൽ സോഷ്യൽ മീഡിയ കാത്തിരുന്ന കാര്യങ്ങളിൽ ഒന്ന് റെക്സ് വിജയന്റെ തിരിച്ചു വരവാണ്. എന്നാൽ ഇതൊരു തിരിച്ചു വരവ് അല്ലെന്നും ആദ്യ ചിത്രം 'ചാപ്പാകുരിശ്' മുതൽ കരിയറിൽ ഇത്രയും തന്നെ ഇടവേളകൾ എടുത്താണ് സംഗീതസംവിധാനത്തിൽ മുന്നോട്ടു പോയിരുന്നതെന്നും റെക്സ് വിജയൻ പറയുന്നു. ഒരുപാട് പാട്ടുകൾ ചെയ്യണമെന്നോ, ഹിറ്റ് ആകുന്ന അല്ലെങ്കിൽ ട്രെൻഡ് ആകുന്ന പാട്ടുകൾ ചെയ്യണമെന്നോ അല്ല ആഗ്രഹം, ആളുകൾക്ക് സ്പെഷ്യൽ ആയിരിക്കുന്ന, സങ്കടത്തിൽ ഒരു സുഹൃത്തിനെപ്പോലെ കൂടെയിരിക്കുന്ന പാട്ടുകൾ ആയിരിക്കണം ചെയ്യേണ്ടതെന്ന ആ​ഗ്രഹമാണ് ഉള്ളിൽ ഉണ്ടായിരുന്നതെന്നും റെക്സ് വിജയൻ പറയുന്നു. സംഗീതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും, പാട്ടുകൾക്ക് പിന്നിലെ കഥകളും റെക്സ് വിജയൻ ക്യു സ്റ്റുഡിയോയുമായി പങ്കുവയ്ക്കുന്നു.

റൈഫിൾ ക്ലബ്ബിലൂടെയുള്ള കം ബാക്ക്

റൈഫിൾ ക്ലബ് ഒരു കം ബാക്ക് ആണ് എന്ന് ഞാൻ വിചാരിക്കുന്നില്ല. ഒരുപാട് വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ, പൊതുവേ മടിയുള്ള കൂട്ടത്തിലാണ്. കുറച്ച് വർക്ക് ചെയ്താൽ മതി എനിക്ക്, പക്ഷെ ചെയ്യുന്നതെല്ലാം സ്‌പെഷ്യൽ ആയിരിക്കണം. സൂപ്പർ ഹിറ്റ്, വൈറൽ എന്ന ചിന്താഗതിയല്ല, ഏതെങ്കിലും തരത്തിൽ സ്‌പെഷ്യൽ വർക്ക് ആയി നിൽക്കണം, എല്ലാ കാലത്തും ആൾക്കാരത് മനസ്സിൽ കൊണ്ട് നടക്കണം എന്നാ​ഗ്രഹിക്കുന്ന ഒരു മ്യൂസിഷ്യൻ ആണ് ഞാൻ. അതുകൊണ്ട് തന്നെ എല്ലാ പ്രോജെക്റ്റ് കഴിയുമ്പോഴും വലിയ ഇടവേളകൾ എടുക്കാറുണ്ട്.

പറവ, മായാനദി, സുഡാനി, തമാശ എന്നീ സിനിമകളാണ് ഞാൻ അടുപ്പിച്ച് ചെയ്തിട്ടുള്ളത്. അല്ലാതെ നോക്കുകയാണെങ്കിൽ സിനിമകൾ ചെയ്‌തു തുടങ്ങിയ കാലം മുതൽ തന്നെ ഇടവേളകൾ എടുക്കാറുണ്ട്. അതുകൊണ്ട് തന്നെ റൈഫിൾ ക്ലബ്ബ് എനിക്ക് കം ബാക്ക് ഒന്നുമല്ല. സ്വഭാവികമായി വന്നതാണ്.

സോഷ്യൽ മീഡിയ വന്ന ശേഷം വന്ന പ്രയോഗം ആകണം അത്.

അതിൽ എനിക്ക് വിരോധമൊന്നുമില്ല.

ഞങ്ങൾക്ക് വർക്‌സ് സ്‌പെഷ്യൽ ആണ്.

എന്റെ ആഗ്രഹം സാധിച്ചു എന്നറിയുന്നതിൽ വളരെ സന്തോഷം.

Rex Vijayan, Vinayak Sasikumar, Aashiq Abu
Rex Vijayan, Vinayak Sasikumar, Aashiq Abu

റൈഫിൾ ക്ലബ്ബിന്റെ സൗണ്ട്

ചെയ്ത മ്യൂസിക് എല്ലാം സൗണ്ട് ഡിസൈനർക്ക് കൊടുത്തിരുന്നു, അദ്ദേഹം അത് കേട്ടിട്ടാണ് സൗണ്ട് ഡിസൈൻ ചെയ്യുന്നത്. പരസ്പരം ഡിസ്റ്റർബ് ചെയ്യാത്ത രീതിയിൽ ആണ് ഞങ്ങൾ അത് ചെയ്തത്. അതേസമയം ഒരു പവർ കൊടുക്കാനായി ഈ രണ്ട് ഡിപ്പാർട്ട്‌മെന്റും ഒരുമിച്ച് നിൽക്കുകയും വേണം.

മ്യൂസിക് കേട്ട് ചെയ്തത് കൊണ്ട് തന്നെ നിക്സൺ, പല സ്ഥലങ്ങളിലും മ്യൂസിക്കിന്റെ പിച്ചിലേക്ക് സൗണ്ട് ഡിസൈൻ കൊണ്ട് വന്നിട്ടുണ്ട്. തിയറ്ററിൽ കാണുമ്പോൾ അത് ഒരുമിച്ച് നിൽക്കുന്ന പോലെ തോന്നി.

റൈഫിൾ ക്ലബ്ബിന്റെ പശ്ചാത്തലസംഗീതം ഞാൻ ഒറ്റയ്ക്കിരുന്ന് കമ്പ്യൂട്ടറിൽ ചെയ്തതല്ല. യാക്സൺ ഗാരി പരേര, നേഹ എസ് നായർ എന്നിവരും കൂടെയുണ്ടായിരുന്നു. അവരും സംഗീത സംവിധായകരാണ്. എന്റെ കൂടെ ജോലി ചെയ്യാൻ അവർ തയ്യാറായതിൽ എനിക്കവരോട് നന്ദിയുണ്ട്. പകുതിയിലധികം സിനിമയിലും അവർ എനിക്കൊപ്പം ബാക്ക്ഗ്രൗണ്ട് സ്കോറിൽ ജോലി ചെയ്തിട്ടുണ്ട്. കൂടാതെ ബാക്ക്ഗ്രൗണ്ട് സ്കോറിൽ മൂന്ന് മ്യൂസിക് പ്രൊഡ്യൂസർമാരും ഉണ്ട്. 6091, സുജിത്ത് വലിയവീട്ടിൽ, അരുൺ സുരാത. അരുൺ ആണ് വിസിൽസ് എല്ലാം ചെയ്‌തത്. ഞങ്ങൾ ഒരു വലിയ ടീം ആണ് ഇതിൽ വർക്ക് ചെയ്തത്. ഇവരെല്ലാവർക്കും ഇതിൽ ക്രെഡിറ്റ് ഉണ്ട്.

യാക്സൺ ഗാരി പരേര, നേഹ എസ് നായർ

ഞങ്ങൾ മ്യൂസിക്കൽ ഫ്രണ്ട്സ് ആണ്. ഒരുമിച്ച് ജോലി ചെയ്യുമ്പോൾ പരസ്പരം ഒരുപാട് സംസാരങ്ങളില്ലാതെ തന്നെ ഞങ്ങൾക്ക് പെട്ടന്ന് കാര്യങ്ങൾ മനസ്സിലാകും. പടത്തിലെ പാട്ടുകളിൽ നിന്നുള്ള മ്യൂസിക് അവർ തന്നെ കറക്റ്റ് ആയി പിക്ക് ചെയ്ത് ഉപയോഗിക്കുന്നത് കാണാം. എനിക്കും അത് ഹെൽപ്ഫുൾ ആണ്. യാക്സൺ ചാപ്പാകുരിശ് മുതൽക്കേ എന്റെ കൂടെയുണ്ട്. അവർ ഇൻഡിപെൻഡന്റ് ആയതിന് ശേഷവും ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യാറുണ്ട്.

അടിസ്ഥാനപരമായി ഞങ്ങൾ എല്ലാവരും ഒരു സമയത്ത് ബാൻഡുകളിൽ ഉണ്ടായിരുന്ന ആളുകളാണ്. ബാൻഡിൽ വർക്ക് ചെയ്യുമ്പോൾ, ഒരുമിച്ച് ഷോ ചെയ്യുന്നു, എല്ലാവരെയും ഒരേ ട്രാക്കിൽ കൊണ്ട് വരുന്നു, എപ്പോഴും ഒരേ പോലെ ഒരുമിച്ച് മ്യൂസിക് കേട്ട് നടക്കുന്നവരാണ്. അതിൽ തന്നെ ഒരുപാട് കാര്യങ്ങൾ ശരിയാകും. മ്യൂസിക്കൽ ടേസ്റ്റ് ഒക്കെ പരസ്പരം മനസ്സിലാകും. പറയാതെ തന്നെ ഇയാൾക്ക് ഇത് ആകും ഇഷ്ടമാകുക എന്നൊരു ജഡ്‌ജ്മെന്റ് കിട്ടും.

പാട്ടുകളും പശ്ചാത്തല സംഗീതവും ഒന്നാണ്

ബേസിക്കലി എനിക്ക് എല്ലാം മ്യൂസിക് ആണ്. പാട്ട് എന്നു പറയുമ്പോൾ അതിൽ ശബ്ദം കൂടെ വരുന്നുണ്ട് എന്നല്ലേയുള്ളൂ? ലിറിക്‌സ് വരുന്നത് കൊണ്ട് നമ്മൾ ആ സംഗീതത്തെ പാട്ട് എന്ന് വിളിക്കും. സമ്മർ സോങ് എന്നൊരു മ്യൂസിക് ഉണ്ട്. ലിറിക്‌സ് ഉണ്ട് എന്നല്ല അതിനർത്ഥം. ഒരു കഥ പറയുന്നത് എന്തും എന്നെ സംബന്ധിച്ച് സോങ് ആണ്. ഇതെന്റെ അഭിപ്രായം ആണ്. അത് ശരിയാണോ തെറ്റാണോ എന്ന് ഞാൻ ചിന്തിക്കുന്നില്ല. ഒരു സിനിമയിൽ എവിടെയെങ്കിലും മ്യൂസിക് വന്നാൽ അത് സ്കോർ ആയി എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. ആ പടത്തിന് ആ സന്ദർഭത്തിൽ ആ പാട്ട് ഒരു ബാക്ക്ഗ്രൗണ്ട് സ്കോർ ആയിട്ടാണ് വരുന്നത്.

What is music to you?

Music is the background score of life. പാട്ട് കേട്ട് ഡ്രൈവ് ചെയ്യുമ്പോൾ ഒരു വ്യത്യാസം തോന്നില്ലേ? ചിലപ്പോൾ നന്നായി ഉറങ്ങാൻ മ്യൂസിക് സാഹായിക്കും. ഒരു സിനിമയിൽ പശ്ചാത്തലസംഗീതം എങ്ങനെയാണോ ആ സിനിമയെ സഹായിക്കുന്നത് അതുപോലെ തന്നെ ജീവിതത്തെയും പലപ്പോഴും മ്യൂസിക് സഹായിക്കാറില്ലേ? അങ്ങനെ നോക്കുമ്പോൾ ജീവിതത്തിന്റെ പശ്ചാത്തലസംഗീതമാണ് എനിക്ക് മ്യൂസിക്.

ഞാൻ ചെയ്യുന്ന എല്ലാ പാട്ടുകളും മനുഷ്യരുടെ ആത്മാവിൽ തൊടണം, അവർക്ക് അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകണം. അതാണ് ഞാൻ ആഗ്രഹിക്കുന്നത്.

സങ്കടമുള്ള സമയത്ത് എന്റെ പാട്ടുകൾ ഒരു സുഹൃത്തായി കൂടെ ഉണ്ടാകണം എന്നാണ് ആഗ്രഹം. ആ ഊർജം ഇമോഷണൽ ലെവലിൽ സഹായകമാകണം. നമ്മുടെ കല മറ്റൊരാൾക്കാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനി ഒരേ ഒരാൾക്ക് മാത്രമാണെങ്കിലും ഞാൻ സന്തോഷവാൻ ആണ്.

ടെക്നിക്കലി മ്യൂസിക് ഉണ്ടാക്കുന്ന ആളാണോ, ഇൻസ്റ്റിംഗ്റ്റീവ്ലി മ്യൂസിക് ഉണ്ടാക്കുന്ന ആളാണോ റെക്‌സേട്ടൻ?

ഇതിന്റെ ഒരു കോമ്പിനേഷൻ ആണ് എന്നാണ് തോന്നുന്നത്. വെറുതെ ഇരിക്കുമ്പോൾ മ്യൂസിക് എന്നിലേക്ക് ഒഴുകി വരാറില്ല. കിനാവ് കൊണ്ടൊരു കളിമുറ്റം അല്ലെങ്കിൽ സുഡാനിയിലെ മറ്റു പാട്ടുകൾ എല്ലാം ഞാൻ എവിടെയെങ്കിലും പോയി ഇരുന്ന് ആലോചിച്ച് കിട്ടിയ ട്യൂൺ അല്ല. ഞാൻ ഒരുപാട് രാത്രികൾ ആ പാട്ടിന്റെ ആലോചനയിൽ ട്രിപ്പ് ചെയ്യാറുണ്ട്. ചിലപ്പോൾ ഗിറ്റാർ വായിച്ച് നോക്കും, ചിലപ്പോൾ പിയാനോ റെക്കോർഡ് ചെയ്യും, ചിലപ്പോൾ കുറച്ച് ദിവസങ്ങൾ അതിങ്ങനെ മൂളി നടക്കും. ആ ഒരു കൺഫ്യൂഷനിൽ നിന്നാണ് ഞാൻ എപ്പോഴും തുടങ്ങുന്നത്.

ഏത് രാഗം ഏത് സന്ദർഭത്തിന് യോജിക്കും എന്നൊന്നും എനിക്ക് അറിയില്ല. ആ മൊമെന്റിൽ എനിക്ക് ആ പാട്ട് ഓർമ്മകളിലേക്ക് കണക്റ്റ് ആകുന്നുണ്ടോ, ഫീൽ ചെയ്യാൻ പറ്റുന്നുണ്ടോ എന്നാണ് ഞാൻ നോക്കുന്നത്. അല്ലെങ്കിൽ എന്റെ പങ്കാളിയെ കേൾപ്പിക്കും, സംവിധായകരെ കേൾപ്പിക്കും. സംവിധായകരെ കേൾപ്പിക്കുമ്പോൾ ഒരു ഐഡിയ കിട്ടുമല്ലോ.

പാട്ടുകൾ സിനിമയ്ക്ക് പുറത്ത് നിലനിൽക്കണം എന്ന് ചിന്തിക്കാറുണ്ടോ?

സിനിമ തിയറ്ററിൽ നിന്ന് പോയാലും ആ പാട്ട് ഒരു കലാകാരന്റെ പാട്ടായി ആളുകൾ ഏറ്റെടുത്ത് കേൾക്കണം എന്ന് ആഗ്രഹിക്കാറുണ്ട്. അതേ സമയം ആ പാട്ട് കേൾക്കുമ്പോൾ ആ സിനിമയും അതിന്റെ ഓർമ്മകളും ആ പാട്ടിന്റെ കൂടെ നിൽക്കണം എന്നും ആഗ്രഹിക്കാറുണ്ട്. സിനിമയും പാട്ടും പരസ്പരം കോംപ്ലിമെന്റ് ചെയ്ത് നിൽക്കണം. വർഷങ്ങളോളം നിലനിന്നാൽ കൊള്ളാം...

നീലാകാശത്തിലെ ശബ്ദങ്ങൾ

നാഗാലാൻഡ് ആണ് യാത്രയുടെ അവസാനം എന്നത് സമീർ കഥ പറയുമ്പോൾ തന്നെ ഉള്ളിലുണ്ട്. പക്ഷെ നാഗാലാന്റിലെ മ്യൂസിക് ഒന്നുമല്ല ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്. നീലാകാശത്തിന്റെ തുടക്കത്തിൽ ഉള്ള ആ ടോൺ ഒരു ചൈനീസ് സൗണ്ട് ആണ്. അതിൽ കുറച്ച് റൊമാൻസ് ഉണ്ട്, ഒരു തിരച്ചിൽ ഉണ്ട്. ആ ട്യൂണിൽ നിന്നാണ് നീലാകാശത്തിന്റെ മുഴുവൻ പാലറ്റ് ഉണ്ടാക്കിയിട്ടുള്ളത്.

ആ ഇൻസ്ട്രുമെന്റ് ഏതായിരുന്നു?

എർഹു. ചൈനീസ്, ഈസ്റ്റ് ഏഷ്യ സൈഡിൽ ഉള്ള ഇൻസ്ട്രുമെന്റ് ആണത്. നാഗാലാൻഡിന്റെ ജിയോഗ്രാഫിക്ക് ആ സൗണ്ട് ചേരും എന്നെനിക്ക് തോന്നി.

ERHU
ERHU

ഓരോ സിനിമയുടെയും ശബ്ദം തീരുമാനിക്കുന്നത് എങ്ങനെയാണ്?

ട്രയൽ ആൻഡ് എറർ വഴി തന്നെയാണ് അത് നടക്കുന്നത്. എന്റെ പ്രധാന ഇൻസ്ട്രുമെന്റ് ഗിറ്റാർ ആയത് കൊണ്ട് തന്നെ മനസ്സിൽ വരുന്ന ട്യൂൺ ഞാൻ ഗിറ്റാറിൽ വായിക്കും. ഗിറ്റാർ ടോണിനെ എർഹു, സിത്താർ, വയലിൻ തുടങ്ങി ഏത് ഇൻസ്ട്രുമെന്റിന്റെ ടോണിലേക്കും ആക്കി നോക്കാം. ഫോട്ടോഷോപ്പിൽ പല കളറുകൾ മാറ്റി നോക്കുന്ന പോലെ. അങ്ങനെ നോക്കുമ്പോൾ ഏതെങ്കിലും ഒരു സൗണ്ട് നമുക്ക് ആ സിനിമയുമായി സെറ്റ് ആകും. അങ്ങനെയാണ് പലപ്പോഴും ഞാൻ സൗണ്ടിങ്ങിലേക്ക് എത്തുന്നത്. സംവിധായകർക്ക് അയച്ച് കൊടുത്ത് അവർ ഓകെ പറഞ്ഞാൽ അതിൽ തന്നെ തുടരും.

പക്ഷെ മായാനദിയിൽ നേഹയുടെ ഹമ്മിങ് ആണ് ഒരു മേജർ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്. അത് സോഫ്റ്റ്വയറിൽ ഇട്ടാൽ കിട്ടില്ലല്ലോ?

ഈ ഹമ്മിങ്ങിന്റെ ഐഡിയ ആഷിക്കേട്ടന്റെ ആയിരുന്നു. 'മിഴിയിൽ നിന്നും' എന്ന പാട്ടിലും ഒരു ഹമ്മിങ് ഉണ്ടല്ലോ. ആ ഹമ്മിങ് നമുക്ക് പാട്ടിൽ വേണം എന്ന ഐഡിയ തന്നത് സംവിധായകനാണ്. എവിടെ നിന്നാണോ നല്ല ഐഡിയ വരുന്നത് അത് നമ്മൾ എടുക്കുക എന്നതെയുള്ളൂ.

മായാനദിയിലെ തന്നെ 'കാറ്റിൽ' എന്ന പാട്ട് പെട്ടന്ന് തീർന്ന് പോകും എന്നത് സങ്കടമാണ്. അതിനിയും വേണം എന്ന് തോന്നാറുണ്ട്.

അത് നല്ലൊരു കോംപ്ലിമെന്റ് ആണ്. അതിന് സത്യത്തിൽ ഇനിയും നീളമുണ്ട്‌.

അത് പുറത്ത് വിടണം.

പുറത്തു വിടാം.

'കാറ്റിൽ' എന്ന പാട്ടും 'മിഴിയിൽ നിന്നും' എന്ന പാട്ടും ഞങ്ങൾ ഒരുമിച്ച് ഇരുന്ന് ഉണ്ടാക്കിയ പാട്ടാണ്. ഞാനും ഷഹബാസിക്കയും കൂടെ ഒരുമിച്ചിരുന്ന് ജാം ചെയ്ത് ഉണ്ടാക്കിയതാണ് അത് രണ്ടും. ആദ്യം ഗിറ്റാറിൽ പ്ലേ ചെയ്ത്, അതിന്റെ കൂടെ പല ട്യൂണുകളും അദ്ദേഹം പാടി നോക്കി. അതിൽ ഇഷ്ടപ്പെട്ട ട്യൂണുകൾ റെക്കോർഡ് ചെയ്ത് വച്ചു, അതിന് വരികൾ എഴുതി. ഗിറ്റാറും ശബ്ദവും മാത്രം ആയി റെക്കോഡ് ചെയ്തു വച്ചിരുന്നു. എന്നിട്ട് അതിന്റെ മുകളിൽ അത് പ്രൊഡ്യൂസ് ചെയ്തു. പല കളേഴ്‌സ് കൊണ്ട് വന്ന്, ആ പാട്ടിനെ നമുക്ക് ഏതൊക്കെ വഴി യാത്ര ചെയ്യിപ്പിച്ച് ആ ട്രവലിങ് ഫിലും റൊമാൻസും കൊണ്ട് വരാം എന്ന് ആലോചിച്ചു. കാറ്റ് എന്ന് പറയുന്ന എഫക്ട് വരികളിൽ മാത്രമല്ലാതെ ഇൻസ്ട്രുമെന്റ്സിലും ​ആ ഫീൽ എങ്ങനെയൊക്കെ കൊണ്ട് വരാം എന്ന് മനസ്സിൽ വച്ചിട്ടാണ് അത് വർക്ക് ചെയ്തത്.

മിഴിയിൽ നിന്നും...

സീൻ കണ്ടതിന് ശേഷം ചെയ്ത പാട്ടാണ് 'മിഴിയിൽ നിന്നും'. 'കാറ്റിൽ' പോലെ തന്നെ ഉണ്ടായ പാട്ടാണ് അത്. കാറ്റിലും, മിഴിയിൽ നിന്നും, 'കിളിയെ'യും ഷൂട്ടിംഗ് കഴിഞ്ഞ് കമ്പോസ് ചെയ്യുന്ന പാട്ടുകൾ.

സീൻ കണ്ട് ചെയ്യുന്നതും, അല്ലാതെ ചെയ്യുന്നതും

പെട്ടന്ന് നടക്കുന്നത് സീൻ കണ്ട് കമ്പോസ് ചെയ്യുമ്പോഴാണ്. കാരണം നമുക്കൊരു ഗ്രിപ്പ് കിട്ടുമല്ലോ?. ഒരു സീൻ കണ്ട് ഗിറ്റാറോ, പിയാനോയോ വായിച്ച് നോക്കി ആ സീനിന് അത് ചേരുന്നുണ്ടോ എന്ന് പെട്ടന്ന് അറിയാൻ കഴിയും. സീൻ കാണാതെ ചെയ്യുന്നത് നമ്മൾ കുറച്ചധികം ഊഹിക്കേണ്ടി വരും.

പ്യാർ പ്യാർ എന്താണ് ഈ പാട്ട് എന്ന് എനിക്കിന്നും പിടികിട്ടിയിട്ടില്ല. ടെക്നിക്കലി ആ പാട്ട് എന്താണ്?

പഴയൊരു ഹിന്ദി പാട്ടുണ്ട്, 'ഹോ ഗയാ ഹേ തുജ്കോ പ്യാർ സജ്‌നാ'. ആ പാട്ട് ഒരു കുട്ടി പാടിയതാണ്. അതിൽ നിന്ന് 'പ്യാർ'എന്ന വാക്ക് മാത്രം എടുത്തിട്ട് അത് റിപ്പീറ്റ് ചെയ്‌തിട്ടാണ് 'പ്യാർ പ്യാർ' തുടങ്ങി വച്ചത്. ഇടക്ക് 'ഹോ ഗയാ ഹേ' വരുന്നുണ്ട്. ഒരു കുട്ടി പാടിയ ഇന്നസൻസ് വരും. അങ്ങനെ ആ ലൂപ്പ് ഉണ്ടാക്കിയിട്ടാണ് ആ പാട്ട് തുടങ്ങിയത്. പിന്നെ അതിൽ നിന്ന് ഇൻസ്പെയേഡ് ആയിട്ടാണ്, 'നെഞ്ചിൽ ഈ നെഞ്ചിൽ' വരുന്നത്.

പറവയുടെ സംഗീതം

ഒരുപാട് സമയം സൗബിന്റെ കൂടെ ചിലവഴിച്ചിട്ടാണ് ഞാൻ പറവയ്ക്ക് സംഗീതം ഒരുക്കിയത്. സൗബിന് പാട്ട് ഇഷ്ടപ്പെടുകയാണെങ്കിൽ അപ്പോൾ തന്നെ ബെഞ്ചിന്റെ മുകളിലെല്ലാം കയറി നിന്ന് ഡാൻസ് കളിക്കും. അത്ര എക്സപ്രസീവ് ആണ് അദ്ദേഹം. അതുകൊണ്ട് നമ്മൾ ചെയ്യുന്നത് പുള്ളിക്ക് ഇഷ്ടപ്പെടുന്നുണ്ടോയെന്ന് നമുക്ക് മനസ്സിലാവും. സൗബിൻ കൂടെ തന്നെയുണ്ടായിരുന്നു. സൗബിനെ ഫോളോ ചെയ്യുക എന്ന ഡ്യൂട്ടി ആയിരുന്നു എനിക്ക് ആ സിനിമയിൽ. സൗബിനാണ് പറവ.

ആഷിഖ് അബു

മ്യൂസിക്കലി എന്താണ് വേണ്ടത് എന്ന് കൃത്യമായ ധാരണയുള്ള ആളാണ് ആഷിഖ് അബു. കൂടാതെ ഒരുപാട് പരീക്ഷണങ്ങൾ നടത്തുന്ന ഒരാളായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. പരീക്ഷങ്ങൾ പേടിയല്ല. അത് നമുക്കും കുറച്ച് ധൈര്യം തരും.

സിനിമയെ ആളുകളിലേക്ക് എത്തിക്കുന്നത് പാട്ടുകളാണ്

ഒരു ടെക്നിക്കൽ ടൂൾ ആയിട്ട് കാണുന്നില്ല. പക്ഷെ സോണിക്കലി മ്യൂസിക് സിനിമയുടെ കൂടെ തന്നെ ഒരു കഥ പറഞ്ഞു പോകുന്നുണ്ട്. മ്യൂസിക് മാറുമ്പോൾ കഥ തന്നെ മാറും. മീം ഒക്കെ കാണാറില്ലേ.. മ്യൂസികിനെ ഒരു പാരലൽ ആർട്ട് ആയിട്ടാണ് കാണുന്നത്.

ഹിറ്റ് ആകുക എന്ന കാര്യമുണ്ടല്ലോ..30 സെക്കൻഡ് റീലിൽ ട്രെൻഡ് ആകുന്ന പാട്ടുകൾ.

പാട്ടുണ്ടാക്കുന്ന സമയത്ത് ഇതൊന്നും ചിന്തിക്കാൻ പറ്റില്ല എനിക്ക്. അതെനിക്കൊരു എക്സ്ട്രാ സ്ട്രെയിൻ അല്ലെങ്കിൽ പ്രഷർ ആണ്. റീലോടിക്കാൻ വേണ്ടി പാട്ടുണ്ടാക്കുക എന്ന പ്രോസസ് എനിക്ക് വലിയ പിടിയില്ല. പാട്ടിനെ പാട്ടായിട്ടാണ് കാണുന്നത്.

പക്ഷെ ഗന്ധർവ്വ ഗാനത്തിൽ പോരുനീ അതിശയ ചാരുതേ ആണ് ആളുകൾ കൂടുതൽ റീൽസ് ആയി ഉപയോഗിച്ചിരിക്കുന്നത്. അവിടെയാകും ആളുകൾക്ക് ഹൈ കിട്ടുന്നത്. പാട്ടിൽ അങ്ങനെയൊരു ഹൈ ഉണ്ടെങ്കിൽ സ്വാഭാവികമായി അത് ഹിറ്റ് ആയിക്കോളും എന്നാണ് ഞാൻ വിചാരിക്കുന്നത്. പണ്ടത്തെ പാട്ടുകളും റീൽസിൽ ഓടുന്നുണ്ടല്ലോ.

sooryakiran

പുതിയ ഒരാൾക്ക് റെക്‌സ് ഏട്ടനെ എങ്ങനെ അപ്പ്രോച്ച് ചെയ്യാൻ സാധിക്കും?

എന്നെ വിളിച്ചാൽ മതി. അല്ലെങ്കിൽ മെസ്സേജ് അയച്ചാൽ മതി. ബാക്ക് ടു ബാക്ക് വർക്ക് ചെയ്തുകൊണ്ടേയിരിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഞാൻ പലതും അവോയ്ഡ് ചെയ്യാറുണ്ട്.

വർക്ക് ചെയ്യുമ്പോൾ എനിക്ക് ഉറക്കമൊക്കെ ഇല്ലാതാകും. രാത്രിയൊക്കെ ആലോചനകളും മറ്റുമാകും. ആ പാട്ട് തീർന്നില്ലല്ലോ, അത് ശരിയായില്ലല്ലോ എന്നെല്ലാമാകും ചിന്ത. അതുകൊണ്ടാണ് ഞാൻ കുറച്ച് മാത്രം വർക്ക് ചെയ്യുന്നത്. സമാധാനം എനിക്ക് ഇമ്പോർട്ടന്റ് ആണ്. പുതിയ ആളുകൾ വരാറുണ്ട്.

സിനിമയില്ലാത്ത സമയത്ത് എന്താണ് ചെയ്യുന്നത്?

മിക്സിങ് എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ പാട്ടുകൾ ഞാൻ മിക്സ് ചെയ്യാറില്ല. പക്ഷെ മറ്റുള്ളവരുടെ പാട്ടുകൾ മിക്സ് ചെയ്യാൻ ഇഷ്ടമാണ്. കാരണം അവരുടെ മ്യൂസിക്കൽ ജേർണി അറിയാൻ പറ്റും. ഈ അടുത്ത് ഞാൻ ഡബ്സിയുടെ ഒരു പാട്ട് മിക്സ് ചെയ്‌തു. സിത്താരയുടെ ഒരു പാട്ട് ചെയ്യുന്നുണ്ട്. അത് ഇൻസ്ട്രസ്റ്റിംഗ് ആണ്. പിന്നെ അവരുടെ സൗണ്ട് നമ്മുടെ കയ്യിൽ എത്തി, അതിനെ നമ്മുടെ രീതിയിൽ വേറെയൊരു സൗണ്ടിങ്ങിൽ ആകിയെടുക്കുന്നതിൻറെ ഒരു പ്രോസസ് എനിക്ക് എക്സൈറ്റിങ് ആണ്.

പിന്നെ അവിയൽ ലൈവ് ചെയ്യാറുണ്ട്. ഷഹബാസ് അമന്റെ കൂടെ ഇൻഡി ട്രാക്ക്‌സ് ഇറക്കാറുണ്ട്.

മ്യൂസിക് ആണ് എപ്പോഴും?

മ്യൂസിക് അല്ലാതെ വേറെ ഒന്നും എനിക്ക് അറിയില്ല.

sooryakiran

അവിയൽ 20 വർഷമായി. 20 വർഷം ഒരുമിച്ച് കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്..

അവിയലിനകത്ത് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് സംസാരിക്കറൊന്നുമില്ല. അധികം സംസാരിക്കാത്തത് കൊണ്ട് അധികം പ്രശ്‌നങ്ങളുമില്ല. അതിങ്ങനെ പൊക്കോളും എത്ര നാൾ വേണമെങ്കിലും.

അവിയൽ ഞങ്ങൾക്കെല്ലാവർക്കും സ്‌പെഷ്യൽ ആണ്. ആദ്യമായി മലയാളത്തിൽ ഒരു റോക്ക് ബാൻഡ് വരുന്നു. ആ സ്പെഷ്യാലിറ്റി ഇപ്പോഴും എപ്പോഴും ഞങ്ങൾക്ക് എക്സൈറ്റിങ് ആണ്. ഇപ്പോഴും സ്റ്റേജിൽ കയറുമ്പോൾ ആളുകൾക്കും ആ ഇഷ്ടമുണ്ട്. ഇതെല്ലാം ഞങ്ങൾക്ക് ഡ്രൈവിംഗ് ഫോഴ്സ് ആണ്. ഇപ്പോൾ ഏതെങ്കിലും കോളേജിൽ പോയാലും, ഈ പുതിയ തലമുറയും ഞങ്ങളുടെ എന്തെങ്കിലുമൊക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ പിന്നെ ഇനിയും ചെയ്യാം എന്നൊരു തോന്നൽ അത് ഞങ്ങളിൽ ഉണ്ടാകും. ഇത് നാച്ചുറലി പോകുന്നതാണ്. ഞങ്ങൾ കഷ്ടപ്പെട്ട് ഇതിനെ പിടിച്ച് വലിച്ച് കൊണ്ടുപോകുകയല്ല.

യങ് ബാൻഡുകൾ

ഒരു പത്തു വർഷത്തിനുള്ളിൽ വന്ന ബാൻഡുകൾ എല്ലാം എക്‌ട്രീംലി ടാലെന്റഡ് ആണ്. ടെക്നിക്കലി അഡ്വാൻസ്ഡുമാണ്. കേൾക്കുന്ന ആളുകൾക്കും എല്ലാം അറിയാം. ഒരു കോളേജിൽ പോയാൽ കുട്ടികൾക്ക് ഹിപ് ഹോപും, റോക്കും എല്ലാം ആസ്വദിക്കാൻ അറിയാം. ഇതൊരു നല്ല സമയമാണ് എന്നാണ് എനിക്ക് തോന്നുന്നത്.

കുറച്ച് പേരുകൾ പറയാൻ പറഞ്ഞാൽ

ശങ്ക ട്രൈബ് അടിപൊളിയാണ്. എനിക്കവരുടെ മ്യൂസിക് വളരെ ഇഷ്ടമാണ്.

പൈനാപ്പിൾ എക്സ്പ്രസ്. അവരുടെ ലൈവ് കണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.

മ്യൂസിഷൻസ്

സുഷിൻ, നേഹ, യാക്‌സൺ, വിഷ്ണു വിജയ്. പിന്നെ അഞ്ചക്കള്ള കോക്കാൻ ചെയ്‌ത മണികണ്ഠൻ അയ്യപ്പ.

മുജീബ് മജീദ്. അങ്ങനെ ഒരുപാട് പേരുണ്ട്.

അപ്പോൾ കാണുന്ന സിനിമയുടെ മ്യൂസിക് ഡയറക്ടർ ആകും അപ്പോഴത്തെ ഫേവറേറ്റ്. അടുത്ത സിനിമ കണ്ടാൽ അടുത്തയാൾ. വാഴ കണ്ടപ്പോൾ അതിലെ മ്യൂസിക് ഡയറക്ടർ ഫേവറേറ്റ് ആയി. കിഷ്കിന്ധാ കാണ്ഡം കണ്ടപ്പോൾ മുജീബ്, ആവേശം കണ്ടപ്പോൾ സുഷിൻ അങ്ങനെയാണ്.

റൈഫിൾ ക്ലബ് എന്റെ തിരിച്ചു വരവല്ല, സ്വാഭാവികമായ  ഇടവേള; റെക്സ് വിജയൻ
ബ്രേക്ക് എടുത്ത് ഇൻഡിപെൻഡന്റ് മ്യൂസിക്കിലേക്ക്, തിരിച്ചു വരവ് മമ്മൂട്ടി-മോഹൻലാൽ-മഹേഷ് നാരായണൻ ചിത്രത്തിലൂടെ; സുഷിൻ ശ്യാം അഭിമുഖം

അച്ഛൻ മ്യൂസിക് കേട്ട് എന്താണ് പറയാറുള്ളത്?

അച്ഛന് ഇഷ്ടമാണ്. പിന്നെ എന്റെ അച്ഛൻ ആയത് കൊണ്ട് കുറച്ച് ക്ഷമിക്കുന്നുണ്ടാകും. എന്നാലും എന്ത് കേട്ടാലും അടിപൊളി എന്ന് പറയും. പ്രശ്നങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. ചിലപ്പോൾ മകനായത് കൊണ്ട് ആകാം. എൻകറേജ്മെന്റ് ചെറുപ്പം മുതലേ ഉണ്ട്. ഔട്ട് ഓഫ് ദി ബോക്‌സ് ആകണം ചെയ്യേണ്ടത് എന്ന ഇൻസ്പിറേഷൻ എപ്പോഴും തന്നിട്ടുണ്ട്.

അച്ഛന്റെ മ്യൂസിക് എല്ലാം എനിക്കും ഇഷ്ടമാണ്. പണ്ടത്തെ സിനിമകളിൽ എല്ലാം അറേഞ്ച്മെന്റ്സ് ഒക്കെ ചെയ്തിട്ടുണ്ട്. തിയററ്റിക്കലി പഠിച്ചിട്ടുള്ള ആളാണ്. ഹിന്ദുസ്ഥാനിയും, വെസ്റ്റേണും എല്ലാം അറിയുന്ന ആളാണ്.

ഇപ്പോൾ ഹോട്ടൽ കാലിഫോർണിയ വായിക്കാൻ അറിയുമോ?

ഇല്ല. മനപ്പൂർവം പഠിക്കാത്തതല്ല അത്. ഒരുപാട് ഹിറ്റ് ആകുന്ന ട്രാക്‌സ് കേൾക്കുമ്പോൾ അത് എന്തിനാണ് ഇനി നമ്മൾ പഠിക്കുന്നത് എന്ന് തോന്നും. അത് എല്ലാവർക്കും അറിയാമല്ലോ. പണ്ട് എവിടെ ചെന്നാലും ഹോട്ടൽ കാലിഫോർണിയ എല്ലാവരും വായിക്കുന്ന പാട്ടാണ്. നല്ല പാട്ടാണ്. നല്ല ഭംഗിയുള്ള സോളോ ആണ്. എല്ലാവരും വായിക്കുന്നു. ഇനി ഞാൻ കൂടെ എന്തിനാണ് എന്ന തോന്നൽ. അത്രയേ ഉള്ളൂ.

സിന്ത് സംഗീതത്തിനെ സഹായിക്കുന്നത്

സിന്തസൈസേഴ്‌സ് ആണ് നാച്ചുറലും ഇലക്ട്രോണിക്കും തമ്മിലുള്ള ബ്രിഡ്ജ്. ഗിറ്റാർ, വയലിൻ ഒക്കെ ആളുകൾക്ക് ശീലമാണ്. അവിടെ നിന്ന് ഒരു ഹിബ്രിഡ് ലെവലിൽ സിന്ത് നമ്മൾ എപ്പോഴും ആഡ് ചെയ്യേണ്ടി വരും. സിന്തസൈസർ വന്നാലേ ഒരു ഫ്യൂച്ചറിസ്റ്റിക്ക് ഫീൽ കിട്ടുകയുള്ളൂ. ക്ലാസിക്കൽ മ്യൂസിക് ആണ് ഉപയോഗിക്കുന്നത് എങ്കിലും അതിൽ എവിടെയെങ്കിലും സിന്ത് സൗണ്ട് കൊണ്ട് വരും.

ഇനിയുള്ള പ്രോജക്ടുകൾ

പറയാൻ ആയിട്ടില്ല. ഒരു വർഷത്തിനുള്ളിൽ ഒരു പ്രോജെക്റ്റ് ഉണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in