തഗ് ലൈഫ് ഓഡിയോ ലോഞ്ചിന് ശേഷം സോഷ്യൽ മീഡിയ ചിന്മയിയുടെ ശബ്ദത്തിൽ വന്ന 'മുത്തമഴൈ' തരംഗത്തിലാണ്. ഒരാഴ്ചയോളമായി യൂട്യൂബിൽ ആ പെർഫോമൻസ് ട്രെൻഡിങ്. ഇൻസ്റ്റഗ്രാമിലും എക്‌സിലും #bringbackchinmayi. തിരികെ കൊണ്ട് വരാൻ ചിന്മയി എവിടെ പോയി എന്ന് ഒരു വലിയ പക്ഷം ആളുകൾ ഇപ്പോഴാണ് ചോദിച്ചു തുടങ്ങുന്നത്. തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിൽ നിന്നും നേരിട്ട ലൈംഗികാതിക്രമം ചിന്മയി തുറന്ന് പറയുന്നത് 2018ലായിരുന്നു. ചിന്മയിക്ക് പിന്നാലെ മീടൂ കാമ്പയിനിലൂടെ വൈരമുത്തുവിനെതിരെ ഒരുപാട് സ്ത്രീകളും നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞു. എന്നാൽ പിന്തുണയ്ക്ക് പകരം തമിഴ് സിനിമാ ലോകം ചിന്മയിക്ക് നൽകിയത് മറ്റൊന്നായിരുന്നു. അതേ വർഷം തന്നെ സബ്സ്ക്രിപ്ഷൻ ഫീസ് രണ്ടു വർഷത്തോളമായി മുടക്കി എന്ന് പറഞ്ഞു കൊണ്ട് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയൻ ( South Indian Cine, Television Artistes and Dubbing Artistes Union ) ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ ചിന്മയിയെ വിലക്കി. വിലക്കപ്പെട്ടത് ഡബ്ബിങ്ങിൽ നിന്നാണ് എങ്കിലും പിന്നീട് തമിഴ് സിനിമയിൽ ചിന്മയിക്ക് പാടാൻ അവസരം ഉണ്ടായിട്ടില്ല. ദെെവം തന്ത പൂവേയും , മയ്യ മയ്യയും, വാരായോ വാരായും , കാതലേ കാതലേയുമെല്ലാം ലോകം കേട്ട ശബ്ദത്തിന് വിലക്ക്. പിന്നീടുള്ള ഏഴ് വർഷത്തിനിടയിൽ വിലക്കിനെ എതിർത്ത് കൊണ്ട് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലിയോയിൽ മാത്രമാണ് ചിന്മയി ഡബ്ബിങ്ങ് ആർടിസ്റ്റായി ശബ്ദം കൊടുത്തിട്ടുള്ളത്. തമിഴിൽ ഒരു പാട്ടും ഇക്കാലയളവിൽ പാടിയിട്ടില്ല.
കഴിഞ്ഞ ഏഴ് വർഷത്തോളമായി ചിന്മയി വിലക്കിനെതിരെയുള്ള നിയമപരമായ പോരാട്ടത്തിലാണ്. എന്നാൽ തനിക്ക് തന്റെ ഫ്രട്ടേണിറ്റിയിൽ നിന്നും യാതൊരു തരത്തിലുള്ള പിന്തുണയും ലഭിച്ചിട്ടില്ല എന്നും, തമിഴ് സിനിമ ഒന്നടങ്കം വൈരമുത്തുവിനൊപ്പമാണ് എന്നും ചിന്മയി പറയുന്നു. താൻ ഈ പോരാട്ടത്തിൽ ഒറ്റയ്ക്കാണ് എന്നും, ആരിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നില്ല എന്നും ചിന്മയി ആവർത്തിക്കുന്നുണ്ട്. പ്രത്യാശ ഇല്ലാതെയായിരിക്കുന്നു തനിക്ക്. എങ്കിലും സംസാരിക്കുന്നതിൽ നിന്നോ, നിയമയുദ്ധത്തിൽ നിന്നോ ഒരിക്കലും പിന്മാറില്ല എന്നും ചിന്മയി. തന്റെ ഇരുപത് വർഷത്തോളം നീളുന്ന സംഗീത യാത്രയെക്കുറിച്ചും, പ്രതീക്ഷകളും, പ്രത്യാശയും നശിച്ചിട്ടും തുടരുന്ന പോരാട്ടത്തെ കുറിച്ചും ചിന്മയി ശ്രീപാദ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
'ഒരു ദൈവം തന്ത പൂവേ' പാടുമ്പോൾ പതിനഞ്ച് വയസ്സാണ്. ആ പാട്ട് ആകട്ടെ വളരെ കോംപ്ലെക്സ് ആയ ഒരു മാതൃവികാരവും. അന്ന് പറഞ്ഞ് തന്നത് എന്താണ്?
ഏത് പാട്ടാണ്, എന്ത് സന്ദർഭത്തിൽ വരുന്ന പാട്ടാണ് എന്നൊന്നും അന്നെന്നോട് പറഞ്ഞിരുന്നില്ല. വരികൾ തന്നു, ട്യൂൺ പഠിപ്പിച്ചു, ഞാൻ പാടി. ഒരുപാട് കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് 'ഒരു ദൈവം തന്ത പൂവേ' അമ്മയുടെ കാഴ്ചപ്പാടിൽ ഉള്ള പാട്ടാണ് എന്ന്. കോംപ്ലെക്സ് ഇമോഷൻസ് ഉള്ള പാട്ടാണ് എന്നൊന്നും അറിഞ്ഞതേ ഇല്ലായിരുന്നു. ആളുകൾ പറയുന്ന പോലെ എന്റെ ശബ്ദത്തിന് പൊതുവെ ഒരു വിഷാദഭാവമുണ്ട്. ജീവിതം ആവശ്യത്തിന് ദുഷ്കരമായത് കൊണ്ട് സങ്കടം എന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നിരിക്കണം.
എആർ റഹ്മാനുമായുള്ള ബന്ധത്തെ 'സ്പിരിച്ച്വൽ കണക്ഷൻ' എന്ന് പറഞ്ഞ് കേട്ടു...
എആർ റഹ്മാൻ സാറിനെ ഞാൻ എന്റെ ഗുരുവായാണ് കാണുന്നത്. അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്. അദ്ദേഹത്തിന്റെ അത്രയും സ്പിരിച്വലി എലിവേറ്റഡ് ആണ് ഞാനെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ സിനിമയിലേക്ക് കൊണ്ട് വന്നതും, എന്റെ കരിയറിലെ ഓരോ പോയിന്റിലും ബ്രേക്കുകൾ തന്നതും അദ്ദേഹമാണ്. ഇപ്പോൾ തഗ് ലൈഫ് അടക്കം അങ്ങനെയാണ്.
പല ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്നയാളാണ് ചിന്മയി. ഭാഷകളോടുള്ള താത്പര്യം?
എന്റെ അമ്മയാണ് അതിന് കാരണം. സ്കൂളിൽ സെക്കന്റ് ലാംഗ്വേജ് ആയി പഠിച്ചത് തെലുങ്ക് ആയിരുന്നു, വീട്ടിൽ തമിഴും, ഇംഗ്ലീഷുമായിരുന്നു സംസാരിക്കുന്നുണ്ടായിരുന്നത്, ബോംബെയിൽ ആയത് കൊണ്ട് മറാഠിയും, ഗുജറാത്തിയും എല്ലാമായി പരിചയമുണ്ടായിരുന്നു. ഹിന്ദി അറിയാമായിരുന്നു. ജർമനും, ഫ്രഞ്ചുമാണ് പിന്നീട് പഠിച്ചത്. പുതിയ ഭാഷകൾ പെട്ടന്ന് പഠിക്കാൻ സാധിക്കാറുണ്ട്. അത് തീർച്ചയായും പാട്ടിനെ സഹായിക്കുന്നുണ്ട്. എന്റെ മദർ-ഇൻ-ലോ ആണെങ്കിലും പല ഭാഷകൾ കൈകാര്യം ചെയ്യുന്നയാളാണ്. അതെന്റെ കുഞ്ഞുങ്ങൾക്കും സഹായകമാകുന്നുണ്ട്. എന്റെ ഭർത്താവാണെങ്കിലും ഗുജ്‌റാത്തിയായിരുന്നു അഹമ്മദാബാദിലായിരുന്ന സമയത്ത് സംസാരിച്ചു കൊണ്ടിരുന്നത്, തെലുങ്ക് പഠിച്ച്, തിരക്കഥയെഴുതി, അതിന് മികച്ച തിരക്കഥക്കുള്ള നാഷണൽ അവാർഡ് വരെ ലഭിച്ച ആളാണ് അദ്ദേഹം. എനിക്ക് ചുറ്റിലും ഉള്ളവരിലും ഇതുണ്ട് എന്നതാണ് കൗതുകം. മലയാളം മാത്രമാണ് എനിക്ക് അറിയാത്തത്. എങ്കിൽ തന്നെയും, ചെറുതായി എഴുതാനും, വായിക്കാനും അറിയാം.
വളരെ എക്സ്പ്രെസ്സീവ് ആയ ഭാഷയാണ് മലയാളവും, ഉറുദുവും എന്നെനിക്ക് തോന്നിയിട്ടുണ്ട്. എങ്ങനെയാണ് ഈ വാക്കുകൾ ഉണ്ടായത്, എങ്ങനെയാണ് അതെഴുതുന്ന ആളുകൾ ചിന്തിക്കുന്നത് എന്നെല്ലാം അത്ഭുതപ്പെടാറുണ്ട്. ഒരു കലാകാരി എന്ന നിലയിൽ എനിക്ക് വളരെ ആരാധന തോന്നിയിട്ടുള്ള ഭാഷകളാണ് ഇവ രണ്ടും.
പല പാട്ടുകൾക്ക് പല ശബ്ദം. എങ്ങനെയാണ് പാട്ടുകൾക്ക് ശബ്ദം തെരഞ്ഞെടുക്കുന്നത്?
ശബ്ദം ഞാൻ തെരഞ്ഞെടുക്കാറുള്ളതല്ല, എന്നിലേക്ക് വരുന്നത് പാടുക എന്നത് മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പിനുള്ള ലക്ഷ്വറി എനിക്കുണ്ടായിട്ടില്ല. വൾഗർ ആയ ഒരു തമിഴ് പാട്ട് വന്നപ്പോൾ ഞാൻ പാടില്ല എന്ന് പറഞ്ഞ് ഇറങ്ങി പോന്നിട്ടുണ്ട്. അല്ലാത്തപക്ഷം വലിയ തെരഞ്ഞെടുപ്പുകൾ ഒന്നും ഉണ്ടായിട്ടില്ല, വരുന്ന പാട്ടുകൾ പാടുക എന്നതേയുള്ളൂ.
What is music to you?
A lot of unsung struggle and devotion. എപ്പോൾ ഒരു അമ്പലത്തിൽ പോയാലും ഞാൻ പാടാറുണ്ട്. Music to me is also about an internal silence.
അത് വളരെ സ്വകാര്യമായ അനുഭവമാണ്. ഒന്നോ രണ്ടോ മണിക്കൂർ തുടർച്ചായി പാടിയതിന് ശേഷം സ്വാഭാവികമായി ഒരു നിശബ്ദത വരും. where there is stillness and placidity , music will slow there... നിശ്ശബ്ദതയില്ലാതെ സംഗീതമില്ലല്ലോ. ഒരിക്കൽ അത്രമാത്രം ശാന്തമായ ഒരു അവസ്ഥയിലേക്ക് ഞാൻ എത്തിയിട്ടുണ്ട്. Music freezes and then there is a space of meditation. സംഗീതം എനിക്ക് ആ സിപിരിച്വൽ എക്സ്പീരിയൻസ് ആണ്.
ഓഡിയോ ലോഞ്ചിന് ശേഷം ഇപ്പോൾ വീണ്ടും ചിന്മയി എവിടെയായിരുന്നു എന്ന് കുറച്ച് പേർ അന്വേഷിക്കുന്നു, ചർച്ചകൾ ചെയ്യുന്നു, സപ്പോർട്ട് അറിയിക്കുന്നു, ആ വേവ് കഴിഞ്ഞാൽ എല്ലാവരും സ്വന്തം ജീവിതത്തിലേക്ക് തിരിച്ചു പോകുന്നു. ആളുകളുടെ ഈ മനോഭാവത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഈ ഒക്കേഷണൽ സപ്പോർട്ട് കൊണ്ട് എന്തെങ്കിലും മാറുമോ?
രണ്ട് തവണയായി എനിക്ക് ഈ ഒക്കേഷണൽ സപ്പോർട്ട് കിട്ടിയിട്ടുണ്ട്. മുൻപ് ഒരു കോൺസെർട്ടിന് ശേഷം ഇപ്പോൾ സംഭവിക്കുന്നത് പോലെ തന്നെ ഒരു രാത്രി കൊണ്ട് ഒരുപാട് സ്നേഹവും സപ്പോർട്ടുമൊക്കെ ലഭിച്ചിട്ടുണ്ട്. അന്ന് ഇരുപത്തിനാല് മണിക്കൂറോളം #bringbackchinmayi ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നു. ഇപ്പോൾ സംഭവിക്കുന്നതും അത് തന്നെയാണ്. ഒരാഴ്ചയോളമായി ഓഡിയോ ലോഞ്ചിലെ പെർഫോമൻസ് ട്രെൻഡിങ്ങിൽ ആണ്, യൂട്യൂബിൽ നമ്പർ വൺ ആണ്. അതെങ്ങനെ സംഭവിക്കുന്നു എന്നെനിക്കറിയില്ല. മുത്തമഴൈ പോലെയൊരു പാട്ട് കഴിഞ്ഞ കുറെ കാലമായി തമിഴിൽ വന്നിട്ടില്ല, ചിലപ്പോൾ അതുകൊണ്ടാകണം.
തമിഴിൽ അതെന്റെ പാട്ട് അല്ല. മെയിൻ സിങ്ങർ ഇല്ലാത്തതിനാൽ മറ്റൊരാൾ സ്റ്റേജിൽ പാടുന്നത് ആദ്യമായല്ല. ഒരു കോൺസെർട്ടിൽ ഉണ്ടായിട്ടു കൂടെ എന്നേക്കാൾ ഗംഭീരമായി നൃത്തം ചെയ്ത് പാടുന്ന നീതി മോഹൻ, 'മയ്യ മയ്യ' പാടിയിട്ടുണ്ട്. ഇത് സംഗീത രംഗത്ത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. അതുകൊണ്ട് ഇത് എനിക്ക് പുതിയൊരു അനുഭവമാണ്.
പക്ഷെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ വിലക്കപ്പെട്ടിരുന്നു എന്ന് ഒരുപാട് പേർ അറിയുന്നത് ഇപ്പോഴാണ്. എന്നോട് എന്റെ ഭർത്താവ് വരെ പറഞ്ഞിട്ടുണ്ട്, ഇനിയും ബാനിനെ പറ്റി പറഞ്ഞാൽ ആളുകൾ എന്നെ അത് മാത്രം വച്ച് ഓർക്കും എന്ന്. പക്ഷെ ഞാൻ നിർത്തിയിട്ടില്ല. ഇത്രയും കാലമായി ആളുകൾ കോമയിലായിരുന്നു, ഇപ്പോഴെണീറ്റ് ചിന്മയി എവിടെ എന്ന് ചോദിക്കുന്ന പോലെയാണ് എന്ന് ആരോ ഇൻസ്റ്റഗ്രാമിൽ എഴുതി കണ്ടു. അതെനിക്കും തോന്നി.
വൈരമുത്തുവിനെ മുഖ്യമന്ത്രി സ്റ്റാലിൻ പിറന്നാളാശംസിക്കാൻ നേരിട്ട് പോയി കാണുന്നു. അന്നും ചിന്മയി സംസാരിച്ചിരുന്നു. കമൽ ഹാസനും അബ്യൂസർക്ക് ആശംസകൾ അറിയിക്കുന്നു. അതേ കമൽ ഹാസന്റെ മുന്നിൽ നിന്നാണ് ചിന്മയി പാടിയത്...
കമൽ ഹാസൻ മാത്രമല്ല ഇൻഡസ്ട്രിയിലുള്ള എല്ലാവരും എന്നെ ഉപദ്രവിച്ചയാളെ വാഴ്ത്തിയിട്ടുണ്ട്. 'ആയിരം പാടൽകൾ' എന്ന് പറഞ്ഞ് ഒരു പ്രോസസ്സ് ഉണ്ടായിരുന്നു വൈരമുത്തുവിന്. തമിഴിലെ എല്ലാ ഗായകരും അതിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്റെ ഫ്രറ്റേണിറ്റി പോലും എന്റെ കൂടെ നിന്നിട്ടില്ല. പിന്നെ എനിക്ക് എന്ത് ചെയ്യാൻ സാധിക്കും? പിൻഡ്രോപ്പ് സൈലെൻസ് ആണ്.
എന്തുകൊണ്ടാണ് അതെന്ന് ചിന്തിച്ചിട്ടുണ്ടോ?
എനിക്കറിയാം അത് എന്ത് കൊണ്ടാണ് എന്ന്. ഒരുപാട് പേരുടെ പേരുകൾ ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്, അവർക്ക് എന്നെ ഇഷ്ടമാകില്ല എന്നത് എനിക്ക് അറിയാം. നിർഭാഗ്യകരമാണ് അത്. പക്ഷെ ശക്തിശ്രീ, സിദ്, സാഷ, ജോനീത ഒന്നും ആ കൂട്ടത്തിൽ ഉള്ളവരല്ല. കോൾ ഔട്ട് ചെയ്യപ്പെട്ട ആരുടേയും കൂടെ ജോലി ചെയ്യില്ല എന്ന് ശക്തിശ്രീ തുറന്നു പറഞ്ഞിട്ടുണ്ട്. കാർത്തിക്കിനൊപ്പം പാടാൻ വിളിച്ചപ്പോൾ ഞാൻ പോയിട്ടില്ല. എനിക്കറിയാം എനിക്ക് പണവും അവസരവും നഷ്ടപ്പെടുകയും, കാർത്തിക്കിന് അത് ലഭിക്കുകയും ചെയ്യുകയുമാണെന്ന്. കാർത്തിക്ക് ജഡ്ജ് ആയിരിക്കുന്ന റിയാലിറ്റി ഷോ ഉണ്ട്. അയാളൊരു പീഡകനാണ് എന്ന് അയാൾക്ക് ചുറ്റുമിരിക്കുന്നവർക്ക് അറിയാം. അവരിൽ ഒരാൾ അതിന്റെ തെളിവുകൾ വരെ കണ്ടിട്ടുണ്ട്. പക്ഷെ അവർ ആരും അതിനെപറ്റി ശബ്ദിക്കില്ല, ഞാൻ ശബ്ദിക്കാതിരിക്കുകയുമില്ല. അതുകൊണ്ട് തന്നെ എനിക്ക് ഇവിടെ സുഹൃത്തുക്കൾ ഇല്ല.
എന്നോട് സഹതാപം ഉണ്ടെങ്കിൽ പോലും ഗായകർക്ക് അത് പ്രകടിപ്പിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഒരു കൂട്ടായ്മയായി, എല്ലാവരും ഒന്നിച്ചു നിന്നിരുന്നു എങ്കിൽ അത് വിപ്ലവമാകുമായിരുന്നു. പക്ഷെ അതങ്ങനെ അല്ല എന്നതാണ് യാഥാർഥ്യം. ആരാധനയോടെ നോക്കിക്കണ്ടിരുന്ന ഒരുപാട് പേരെ നോക്കി, 'അയ്യേ ഇത്രയേ ഉള്ളോ ഇവരൊക്കെ' എന്ന് തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷങ്ങൾ കൊണ്ട് മനുഷ്യരെ പറ്റി ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. പ്രത്യേകിച്ചും കഴിഞ്ഞ ആറേഴ് ദിവസങ്ങളായി വരുന്ന അഭിപ്രായങ്ങൾ.
ഞാൻ വിലക്കപ്പെട്ടിട്ടില്ല എന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ട ഗായകരുണ്ട്. അറിയില്ലെങ്കിൽ എന്റെ കൂടെ കോടതിയിൽ വരൂ. സിംഗേഴ്സ് യൂണിയൻ ആരെയും വിലക്കിയിട്ടില്ല. പക്ഷെ അവസാനമായി എന്നാണ് നിങ്ങൾ എനിക്കൊപ്പം ജോലി ചെയ്തത് എന്നാലോചിച്ചു നോക്കൂ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ശ്രീനിവാസ് ഒരിക്കൽ പറഞ്ഞിരുന്നു, ചിന്മയി പൊരുതുന്നത് നീതിക്ക് വേണ്ടിയാണ്, പക്ഷെ ചിന്മയി ഇതിനെ ഡീൽ ചെയ്യുന്ന വിധം കാരണം ആരും ചിന്മയിയുടെ കൂടെ നിൽക്കില്ല എന്ന്. അവർക്കെല്ലാം ഞാൻ കോംപ്രമൈസിന് പോകണം. മനോ സാർ എന്നോട് കോംപ്രമൈസിന് പോകാൻ പറഞ്ഞു. എങ്ങനെയാണ് എന്റെ മൊളസ്റ്ററോട് ഞാൻ കോംപ്രമൈസ് ചെയ്യേണ്ടത്. ?
ചിലർക്ക് പ്രശ്നം ഞാൻ കാർത്തിക്കിനെ ചൂണ്ടിക്കാണിച്ചതാണ്. ഒരുപാട് കഷ്ടപ്പെട്ട് വന്ന ആളല്ലേ അയാൾ എന്ന് ചോദിക്കുന്നു. അതെ, കഷ്ടപ്പെട്ട് വന്ന ആളാണ്, പക്ഷെ റേപ്പ് ചെയ്ത ആളാണ് അയാൾ. എന്താണ് അവരോടൊക്കെ പറയുക?
എന്റെ കൂടെ നിൽക്കുക എന്നത് എളുപ്പമുള്ള കാര്യമേയല്ല.
കലയും കലാകാരനും രണ്ടാണ് എന്ന് പറയുന്നവർ പീഡകർക്ക് കൂട്ടുനിൽക്കുന്നവരാണ്. അവർ സത്യത്തിൽ പീഡനങ്ങൾക്കും, ലൈംഗികചൂഷണങ്ങൾക്കും വളം വച്ച് കൊടുക്കുകയാണ്. അവരും ആ ക്രൈമിന്റെ ഭാഗമാണ്.
ചിന്മയി
പക്ഷേ ചിന്മയിയെ പ്രതീക്ഷയായി കാണുന്ന ഒരുപാട് പെൺകുട്ടികൾ ഇവിടെയുണ്ട്...
എങ്കിലും ഒരൊറ്റപ്പെടലുണ്ട്. എനിക്കൊരു രക്തസാക്ഷിയാകേണ്ട. ഇതൊരു സാമൂഹ്യ പ്രശ്നമാണ്. സമൂഹം ഒന്നടങ്കം ഇതിന് എതിരെ പ്രതികരിക്കണം, എതിർത്ത് നിൽക്കണം.
ക്ഷീണിക്കാറുണ്ടോ? ഈ യുദ്ധം നിർത്തണം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഒരിക്കലുമില്ല. ഞാൻ നിർത്തില്ല. ഇന്ന് കൂടെ എന്റെ ഫീഡിൽ ഒരു റേപ്പ് കേസ് ഉണ്ട്. ഞാൻ ഒരിക്കലും മിണ്ടാതിരിക്കില്ല. എനിക്ക് അതിന് സാധിക്കുകയുമില്ല. ഞാൻ ഗർഭിണിയായിരിക്കുന്ന സമയത്തൊക്കെ എന്നോട് ഇപ്പോഴെങ്കിലും ഇതിൽ നിന്ന് മാറി നിൽക്കൂ എന്ന് പറഞ്ഞവരുണ്ട്. ഞാൻ മാറിയില്ല.
ഒരാളുടെ തൊഴിൽ അയാളുടെ അവകാശം കൂടിയല്ലേ, അത് നിഷേധിക്കാൻ പാടില്ല എന്നാണല്ലോ. എങ്ങനെയാണ് ഒരു ഇൻഡസ്ട്രി ഒന്നടങ്കം ഒരാളുടെ തൊഴിൽ ചെയ്യാനുള്ള അവകാശത്തെ നിഷേധിക്കുന്നത് ?
വിലക്ക് സത്യത്തിൽ രാധാരവി ഉണ്ടാക്കിയെടുത്തതാണ്. രാധാരവി തമിഴ്‌നാട്ടിലെ എല്ലാ പാർട്ടികളിലും ഉണ്ടായിട്ടുണ്ട്. അത്രയും സ്വാധീനമുള്ള ആളാണ് അയാൾ. തമിഴ് സിനിമയിലെ എല്ലാ യൂണിയനുകളും പരസ്പരം ഇഴചേർന്ന് കിടക്കുന്നവയാണ്. ഒരേ ആൾ തന്നെ പല യൂണിയനുകളിൽ അംഗമായിരിക്കും. പലരും അധികാരസ്ഥാനങ്ങളിലുണ്ടാകും. അതുകൊണ്ട് ഒരു സംവിധാനത്തിലെ വിലക്ക് എല്ലായിടത്തും പറയാതെ തന്നെ തുടരും.
പക്ഷെ തൊഴിൽ അവകാശമല്ലേ , അത് നിഷേധിക്കാൻ കഴിയുമോ?
ഇവിടെ നിഷേധിക്കും. നിങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ എന്ന നിലക്ക് ജോലി നിഷേധിക്കുക. ഞാൻ മാത്രമല്ല ഇതിന്റെ ഇര. എത്രയോ ആളുകളുണ്ട്. നിങ്ങൾ സംസാരിക്കാൻ ശ്രമിച്ചാൽ, നിങ്ങളെ പാടെ നശിപ്പിക്കും എന്നതാണ് ഇവിടെയുള്ള നിയമം. ഗായകർ ചെയ്യുന്നത് പറയാതെയുള്ള വിലക്കാണ്, പക്ഷെ കോടതിയിൽ നിയമപരമായി പോരാടുന്നത് ശരിക്കുമുള്ള വിലക്കിനെയാണ്.
എന്ത് മാറ്റമാണ് കാണാൻ ആഗ്രഹിക്കുന്നത്?
പീഡകരെ സമൂഹം മാറ്റി നിർത്തിയാൽ മതി. പണവും, സ്വാധീനവും ദുരുപയോഗം ചെയ്ത് ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നവരെ പ്രത്യേകിച്ചും. എന്നിട്ട് അതിജീവിതർക്കൊപ്പം നിൽക്കൂ. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കണം എന്നല്ല. നീതിപൂർവമായ ഒരു ട്രയൽ എങ്കിലും അനുവദിക്കൂ. തുറന്നു പറച്ചിലുകൾക്ക് ധൈര്യപ്പെടുത്തുന്നവരെ ഉപദ്രവിക്കുന്നത് നിർത്തൂ.
പൊലീസ് സ്റ്റേഷനിലും, കോടതിയിലും എല്ലാക്കാലവും കയറിയിറങ്ങാൻ ഞങ്ങൾ ആരും ആഗ്രഹിക്കുന്നില്ല.
ഇവിടെ ഒരു അബ്യൂസിനെക്കുറിച്ചുള്ള വാർത്തകൾ വരുമ്പോൾ, തുറന്നുപറച്ചിലുകളുണ്ടാകുമ്പോൾ, പലരും കലയും കലാകാരനും രണ്ടായി കണ്ടുകൂടെ എന്ന ചോദ്യം ഉന്നയിക്കാറുണ്ട്...
അവർ ആ കലാകാരനിൽ നിന്ന് കല വാങ്ങുന്നു, അയാൾക്ക് പണവും, പ്രശസ്തിയും, പീഡനം തുടരാനുള്ള നിശബ്ദ സമ്മതവും കൊടുക്കുന്നു. കലയും കലാകാരനും രണ്ടാണ് എന്ന് പറയുന്നവർ പീഡകർക്ക് കൂട്ടുനിൽക്കുന്നവരാണ്. അവർ സത്യത്തിൽ പീഡനങ്ങൾക്കും, ലൈംഗികചൂഷണങ്ങൾക്കും വളം വച്ച് കൊടുക്കുകയാണ്. അവരും ആ ക്രൈമിന്റെ ഭാഗമാണ്. റേപ്പ് വിഡിയോകൾ കാണുന്ന, അത് ഷെയർ ചെയ്യുന്ന ആളുകളെ പോലെ തന്നെയാണ് അവരും.
ഞാൻ പറയുന്നത് വളരെ പരുഷമാണ് എന്നറിയാം. പക്ഷെ അതാണ് യാഥാർഥ്യം. ഞാൻ അങ്ങനെയാണ് ഈ കൂട്ടരെ നോക്കിക്കാണുന്നത്.
ഇക്കാലയളവിൽ എല്ലായിപ്പോഴും സാമന്ത ചിന്മയിക്ക് കൂടെയുണ്ടായിട്ടുണ്ട്. സമാന്തയുമായുള്ള സൗഹൃദത്തെ പറ്റി എന്താണ് പറയാനുള്ളത്?
എന്റെ ഭർത്താവിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് സമാന്ത. എന്നെക്കാളും എത്രയോ അടുപ്പമുണ്ട് അവർ തമ്മിൽ. എനിക്കറിയാം രാവിലെ ഒരു മണിക്കും, മൂന്ന് മണിക്കും, നാല് മണിക്കുമൊക്കെ വിളിച്ചാൽ അപ്പുറത്തുണ്ടാകുന്ന സുഹൃത്താണ് സമാന്ത എനിക്ക്. എല്ലായിപ്പോഴും അവർ എന്റെ കൂടെയുണ്ടായിട്ടുണ്ട്, ഞാൻ അവരുടെയും. എന്നും ഉണ്ടാകുകയും ചെയ്യും. എല്ലാ ദിവസവും വിളിക്കുന്ന, മെസേജ് അയക്കുന്ന സുഹൃത്തുക്കളല്ല ഞങ്ങൾ, പക്ഷെ ഞങ്ങൾക്കറിയാം ഞങ്ങൾ പരസ്പരം അവിടെ ഉണ്ട് എന്ന്.
കുടുംബത്തിൽ നിന്നുള്ള പിന്തുണ
എനിക്ക് എന്റെ കുടുംബത്തിൽ നിന്നും കിട്ടുന്ന സപ്പോർട്ട് എല്ലാ പെൺകുട്ടികൾക്കും കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്റെ ഭർത്താവിൽ നിന്നും ഭർതൃഗൃഹത്തിൽ നിന്നും എനിക്ക് ലഭിക്കുന്ന സപ്പോർട്ട് അത്രമാത്രമുണ്ട്.
സന്തോഷിക്കാറുണ്ടോ സത്യത്തിൽ?
സോഷ്യൽ മീഡിയ ഓഫ് ചെയ്താൽ, ഞാൻ ഹാപ്പി ആണ്. എനിക്കൊരു ഡെർമറ്റോളജി ക്ലിനിക്ക് ഉണ്ട്, ഒരു സ്കിൻ കെയർ ബ്രാൻഡ് ഉണ്ട്. വിലക്കുകൾക്ക് എല്ലാം മുൻപ് ഇതെല്ലം ചെയ്യുന്നുണ്ട്. ഈ പ്രശ്നങ്ങൾ എന്നെ ബാധിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്.
മാറ്റങ്ങൾ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നുണ്ടോ?
എനിക്ക് ഒരു പ്രതീക്ഷയുമില്ല, പ്രത്യാശയുമില്ല. ആദ്യ കാലങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നത് ആളുകൾ സത്യത്തിനും നീതിക്കുമൊക്കെ കൂടെ നിൽക്കും എന്നായിരുന്നു. പക്ഷെ അങ്ങനെയല്ല എന്ന് ലോകം എന്നെ പഠിപ്പിച്ചു. ഞാൻ ഒറ്റയ്ക്കാണ്. ഞാനും ദൈവവും തമ്മിലുള്ള ബന്ധം പോലും മാറിയിട്ടുണ്ട്.
സെക്ഷ്വൽ അബ്യൂസിനെ പറ്റി സംസാരിക്കാൻ തുടങ്ങിയ ശേഷം എന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് കുട്ടികൾ ഇരയാക്കപ്പെടുന്നതാണ്. കുട്ടികളെ വെറുതെ വിടൂ. പ്രായമായവർ അതിലൂടെ കടന്ന് പോകട്ടെ എന്നല്ല പറയുന്നത്. പക്ഷെ കുട്ടികളെ രക്ഷിക്കൂ. മൂന്നും നാലും വയസ്സുള്ള കുഞ്ഞുങ്ങൾ ഇരയാക്കപ്പെട്ടിട്ടുണ്ട് ഈ രാജ്യത്ത്. വീണ്ടും ഇത് തുടരാൻ കാരണം നമ്മൾ അബ്യൂസേഴ്സിനൊപ്പം നിൽക്കുന്നത് കൊണ്ട് തന്നെയാണ്. നിങ്ങൾക്ക് പണവും, സ്വാധീനവുമുണ്ടെങ്കിൽ എന്തുമാകാം എന്ന് പുരുഷന്മാർക്ക് തോന്നും വിധമാണ് നമ്മൾ ഒരു സമൂഹമെന്ന നിലയിൽ പ്രവർത്തിക്കുന്നത്. റേപ്പ് ഒരു രാത്രി കൊണ്ട് നടക്കുന്നതല്ല. റേപ്പ് കൾച്ചർ വളർത്തുന്നതാണ്.
നീതി കിട്ടുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഞാൻ അത് നൽകുന്ന എല്ലാവരോടും കടപ്പെട്ടിരിക്കുന്നുണ്ട്. നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ നിരാശ തോന്നിയേക്കാം. പക്ഷെ ഇതാണ് എന്റെ ചുറ്റുപാടും അവസ്ഥകളും എന്നെ പഠിപ്പിച്ചത്.
ഇനി എന്തൊക്കെ സംഭവിച്ചാലും എനിക്ക് നഷ്ടപ്പെട്ട ഏഴ് വർഷങ്ങൾ തിരികെ നൽകാൻ ആർക്കും സാധിക്കില്ല, ഞാൻ കടന്ന് പോയ ഒന്നും മാറ്റാൻ സാധിക്കില്ല. വിലക്ക് നീങ്ങിയാൽ, വീണ്ടും എന്റെ ജോലി ചെയ്യാൻ സാധിച്ചാൽ ഒക്കെ ഞാൻ ഗ്രേറ്റ്ഫുൾ ആയിരിക്കുമെന്ന് മാത്രം.
ചിന്മയിയുടെ വിജയം ഒരുപാട് പേരുടെ വിജയമാകില്ലേ?
എനിക്ക് വേണ്ടി മാത്രമല്ല, സംസാരിക്കുന്ന എല്ലാവർക്കും വേണ്ടി വിജയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. മാറ്റം എല്ലാവർക്കും വേണ്ടിയാണ്. സംസാരിച്ചാൽ ഇതാണ് നിങ്ങൾക്ക് സംഭവിക്കുക എന്ന് പറഞ്ഞാണ് ഞങ്ങളെ ഉദാഹരിച്ച് പറയാറുള്ളത്. അത് മാറണം. തുടക്കത്തിൽ ബുദ്ധിമുട്ടുകളുണ്ടാകും, പക്ഷെ നീതി ലഭിക്കും എന്ന് ആളുകൾ പറയട്ടെ. ഞാൻ മാത്രമല്ല.എനിക്ക് മുന്നിൽ മൈക്ക് ഉണ്ട്. എനിക്ക് സംസാരിക്കാൻ വേദികൾ ലഭിക്കാറുണ്ട്. എന്നാൽ ഇവിടെ സംസാരിക്കാൻ ഇടമില്ലാതാകുന്ന എത്രയോ ആളുകളുണ്ട്. ദളിത് ആക്ടിവിസ്റ്റ്സ് ഉണ്ട്. അവരെ കേൾക്കാൻ തയ്യാറകണം.