സമസ്തയെ കൂടെ നിര്‍ത്താന്‍ സാദിഖലി തങ്ങള്‍ക്ക് കഴിയുമോ?

സമസ്തയെ കൂടെ നിര്‍ത്താന്‍ സാദിഖലി തങ്ങള്‍ക്ക് കഴിയുമോ?

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാദിഖലി ശിഹാബ് തങ്ങളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി സമസ്തയെ കൂടെ നിര്‍ത്തുക എന്നതായിരിക്കും. മുന്‍ഗാമികളുടെ പാത പിന്‍തുടര്‍ന്ന് രാഷ്ട്രീയവും ആത്മീയതയും ഒന്നിച്ച് കൊണ്ടുപോകുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റെടുത്ത് വ്യക്തമാക്കിയിട്ടുണ്ട്. ആത്മീയ നേതൃത്വമായ സമസ്തയെടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ കുറച്ച് കാലമായി മുസ്ലീം ലീഗിന് തിരിച്ചടിയാകുന്നുണ്ട്. വഖഫ് നിയമന വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായി സമസ്ത നിലപാട് സ്വീകരിച്ചത് ലീഗുമായുള്ള പരസ്യ പോരിലേക്ക് നയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള ചില നീക്കങ്ങളുണ്ടായിരുന്നെങ്കിലും അകല്‍ച്ച തുടരുന്നതിനിടെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മരണം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടുകളായിരിക്കും ഇനി സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമാകുക.

സമസ്ത ഉയര്‍ത്തുന്ന വെല്ലുവിളി

സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് എളുപ്പമായിരിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹൈദരലി തങ്ങളുടെ അവസാന കാലത്തൊഴികെ സമസ്തയുമായി നല്ല ബന്ധം തുടര്‍ന്നിരുന്നു. ഹൈദരലി തങ്ങള്‍ അനാരോഗ്യം കാരണം വിട്ടുനിന്നതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ലീഗില്‍ സാദിഖലി ശിഹാബ് തങ്ങളായിരുന്നു തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഇതേ കാലത്താണ് സമസ്തയുമായുള്ള തര്‍ക്കം രൂക്ഷമായതും. സാദിഖലി ശിഹാബ് തങ്ങള്‍ കൂടിയുള്ള വേദിയിലിരുന്നാണ് വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം നടത്താനുള്ള ലീഗ് തീരുമാനം ജിഫ്രി മുത്തുക്കോയ തങ്ങള്‍ തള്ളിയത്. ലീഗിനെ അവഗണിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചയും നടത്തി സമസ്ത. കോഴിക്കോട് കടപ്പുറത്ത് അണികളെ നിരത്തി മുസ്ലിം ലീഗ് മറുപടി നല്‍കിയത് സമസ്തയ്ക്ക് കൂടിയാണെന്ന് വിലയിരുത്തപ്പെട്ടു.

സമസ്തയുടെ തീരുമാനങ്ങളില്‍ ലീഗിന് അതൃപ്തിയുണ്ടായാല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന തങ്ങളുടെ വാക്കുകള്‍ക്ക് മുന്‍കാലങ്ങളില്‍ പ്രാധാന്യം നല്‍കാറുണ്ടായിരുന്നു. മുസ്ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്തിരുന്ന മറ്റ് പാണക്കാട് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ച പരിഗണന കിട്ടണമെന്നില്ലെന്ന ആശങ്ക മുസ്ലിം ലീഗിനുള്ളില്‍ തന്നെയുണ്ട്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരും സാദിഖലി ശിഹാബ് തങ്ങളെക്കാള്‍ മുതിര്‍ന്നവരാണെന്നതാണ് ചിലര്‍ വാദിക്കുന്നത്. ജിഫ്രി തങ്ങളെയാണോ സാദിഖലി തങ്ങളെയാണോ അംഗീകരിക്കേണ്ടതെന്ന ചോദ്യം ശക്തമായാല്‍ ഇരുവിഭാഗങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ തുടരും. മുസ്ലിം സമുദായത്തിന് ഇടയില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വലിയ സ്വീകാര്യത ഇപ്പോള്‍ ലഭിക്കുന്നുണ്ട്. എ.പി വിഭാഗത്തിനിടയില്‍ പോലും ജിഫ്രി തങ്ങള്‍ അംഗീകരിക്കപ്പെടുന്നുണ്ട്.

സാദിഖലി ശിഹാബ് തങ്ങള്‍ നിലവില്‍ സമസ്തയുടെ പ്രധാന പദവികളിലില്ലെന്ന വാദവും ഉയരുന്നുണ്ട്. മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളും സമസ്തയുടെ നേതൃനിരയിലുണ്ടായിരുന്നു. എസ്.കെ.എസ്.എസ്.എഫിന്റെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്ന സാദിഖലി ശിഹാബ് തങ്ങള്‍ യുവജന സംഘടനയുടെ വൈസ് പ്രസിഡന്റാണ്. സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് അംഗം മാത്രമാണ് സാദിഖലി ശിഹാബ് തങ്ങള്‍. തങ്ങള്‍ എന്ന പദവിയെ അംഗീകരിക്കുന്നതില്‍ പ്രായം വിഷയമല്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. മതപരമായ കണിശതയും ജീവിത ലാളിത്യവുമാണ് സമസ്തയുടെ അംഗീകാരത്തിന് അടിസ്ഥാനമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആ കണിശത സാദിഖലി തങ്ങള്‍ക്ക് പല വിഷയങ്ങളിലും ഇല്ലെന്ന് സമസ്തക്ക് പരാതിയുണ്ടായിരുന്നു. പരാതികള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന സൂചനയാണ് സ്ഥാനം ഏറ്റെടുത്ത് സാദിഖലി ശിഹാബ് തങ്ങള്‍ നല്‍കിയതെന്നും മാറ്റമുണ്ടാകുമെന്നും മുസ്ലിം ലീഗിനുള്ളില്‍ ഉള്ളവര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ മറ്റ് തങ്ങള്‍മാര്‍ക്ക് ലഭിച്ച സ്വീകാര്യതയും പിന്തുണയും സമസ്തയില്‍ നിന്ന് സാദിഖലി തങ്ങള്‍ക്ക് ലഭിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in