രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ഭാഗങ്ങള്‍ എന്തുകൊണ്ട് നീക്കംചെയ്തു? എന്താണ് ബിജെപിയെ ചൊടിപ്പിച്ചത്

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ഭാഗങ്ങള്‍ എന്തുകൊണ്ട് നീക്കംചെയ്തു? എന്താണ് ബിജെപിയെ ചൊടിപ്പിച്ചത്

പ്രതിപക്ഷനേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച നടത്തിയ കന്നി പ്രസംഗത്തിന്റെ ഞെട്ടലില്‍ നിന്ന് എന്‍ഡിഎ മുന്നണി ഇതുവരെ പുറത്തു വന്നിട്ടില്ല. സ്പീക്കറും പ്രധാനമന്ത്രിയുമൊക്കെ രാഹുലിന്റെ വാക്കുകളുടെ മൂര്‍ച്ചയറിഞ്ഞു. പ്രസംഗത്തില്‍ ഇടപെടാന്‍ രണ്ടു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും തുനിഞ്ഞത് ആ പ്രഹരത്തിന്റെ ശക്തി കാണിക്കുന്നു. എന്തായാലും രാഹുല്‍ ഗാന്ധിയുടെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തുകൊണ്ടാണ് ചെയറും സര്‍ക്കാരും പ്രതികരിച്ചത്. ബിജെപിയെ ആകമാനം പൊള്ളിച്ച ആ പരാമര്‍ശങ്ങള്‍ ചരിത്ര രേഖയായി സൂക്ഷിക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ചുരുക്കം. എങ്കിലും ഒരു കാലത്ത് പപ്പുവെന്ന് വിളിച്ച് പരിഹസിച്ച രാഹുല്‍ ഇങ്ങനെ തീമഴയായി പെയ്തിറങ്ങുമെന്ന് ബിജെപി ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല.

നീക്കം ചെയ്ത ഭാഗങ്ങള്‍

  • ബിജെപിയെയും ആര്‍എസ്എസിനെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍. സ്വയം ഹിന്ദുക്കളെന്ന് വിളിക്കുന്നവര്‍ സംസാരിക്കുന്നത് ഹിംസയും നുണയും വിദ്വേഷവുമാണെന്ന് കടുത്ത വാക്കുകളിലാണ് രാഹുല്‍ പറഞ്ഞത്.

  • പ്രധാനമന്ത്രി തന്നെ നോക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ലെന്ന് പറഞ്ഞത്.

  • നീറ്റ് വിഷയത്തില്‍ നടത്തിയ പരാമര്‍ശം. പ്രവേശന പരീക്ഷകള്‍ സാമ്പത്തികശേഷിയുള്ളവര്‍ക്ക് വേണ്ടി മാത്രമായി മാറ്റിയിരിക്കുന്നുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. പരീക്ഷാ നടപടികള്‍ പൂര്‍ണ്ണമായും കോട്ടയിലേക്ക് കേന്ദ്രീകരിക്കുകയും അതില്‍ നിന്ന് പണമുണ്ടാക്കുകയാണ് ഭരണപക്ഷമെന്നും ആരോപിച്ചത്.

  • ക്രിസ്ത്യന്‍, മുസ്ലീം, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങളെ കേന്ദ്രസര്‍ക്കാര്‍ മോശമായാണ് പരിഗണിക്കുന്നതെന്ന പരാമര്‍ശം.

  • അഗ്നിവീര്‍ പദ്ധതി സൈന്യത്തിനു വേണ്ടിയല്ല, പ്രധാനമന്ത്രിയുടെ ഓഫീസിനു വേണ്ടിയാണെന്ന പരാമര്‍ശം

ആര്‍എസ്എസിനെയും ബിജെപിയെയും ആക്രമിക്കാന്‍ അവരുടെ രാഷ്ട്രീയത്തെ വിമര്‍ശിച്ച രാഹുലിനെതിരെ വളരെ പെട്ടെന്നു തന്നെ തിരിച്ചാക്രമിക്കാനുള്ള ആയുധം ഹിന്ദുത്വ പാര്‍ട്ടിയുടെ നേതാക്കള്‍ കണ്ടെത്തി. രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ വളരെ പെട്ടെന്നു തന്നെ വളച്ചൊടിക്കുകയും ഹിന്ദു സമൂഹത്തെ ആകമാനം അപമാനിക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്ന് കുറ്റപ്പെടുത്താനും നരേന്ദ്ര മോദിയും അമിത് ഷായും രംഗത്തെത്തുകയും ചെയ്തു. നീറ്റ് വിഷയവും ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ സമീപനവും മണിപ്പൂരിനെ ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിടുകയാണ് ബിജെപി ചെയ്തതെന്ന പരാമര്‍ശവും ഇനിയും വിമര്‍ശനങ്ങളൊടുങ്ങിയിട്ടില്ലാത്ത അഗ്നിവീര്‍ വിഷയവുമൊക്കെ രാഹുല്‍ ഗാന്ധി എടുത്ത് പ്രയോഗിച്ചത് ഭരണപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ചു. രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന ആവശ്യവുമായി അമിത് ഷാ തന്നെ രംഗത്തെത്തി.

സഭയില്‍ അംഗബലമില്ലാത്ത പാര്‍ട്ടിയുടെ സാധാരണ എംപി എന്ന നിലയില്‍ നിന്ന് ശക്തിയാര്‍ജിച്ച പ്രതിപക്ഷത്തിന്റെ സഭാ നേതാവായി തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയുടെ അധികരിച്ച ശക്തിയെ നേരിടാന്‍ ബിജെപിക്കു മുന്നില്‍ ആദ്യം കിട്ടിയ മാര്‍ഗ്ഗമാണ് പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുകയെന്നത്. സഭാ ചെയര്‍ നേരിട്ടു ചെയ്യുന്ന കാര്യമായതുകൊണ്ട് അതില്‍ രാഷ്ട്രീയം നേരിട്ട് ആരോപിക്കാനും കഴിയില്ല. രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ നീക്കിയത് പാര്‍ലമെന്ററി ജനാധിപത്യ തത്വങ്ങളുടെ ലംഘനമാണെന്ന് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ രാഹുല്‍ പറഞ്ഞു.

പ്രസംഗത്തില്‍ സ്പീക്കര്‍ ഓം ബിര്‍ളയെയും രാഹുല്‍ വെറുതെവിട്ടിരുന്നില്ല. താനുള്‍പ്പെടെ മറ്റാരെങ്കിലും ഷേക്ക് ഹാന്‍ഡ് നല്‍കിയാല്‍ നേരെ നിന്ന് കൈ നല്‍കുന്ന സ്പീക്കര്‍ മോദിജി ഷേക്ക് ഹാന്‍ഡ് നല്‍കിയാല്‍ ഉപചാരപൂര്‍വം കുനിഞ്ഞു നില്‍ക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in