കേരളത്തിൽ തമ്പടിച്ച് തെലങ്കാന പൊലീസ്, 'ഓപ്പറേഷൻ താമരയിൽ' തുഷാർ വെള്ളാപ്പള്ളിയും അന്വേഷണ പരിധിയിൽ; ഇടനിലക്കാരൻ ഡോക്ടർക്കായും തിരച്ചിൽ

കേരളത്തിൽ തമ്പടിച്ച് തെലങ്കാന പൊലീസ്, 'ഓപ്പറേഷൻ താമരയിൽ' തുഷാർ വെള്ളാപ്പള്ളിയും അന്വേഷണ പരിധിയിൽ; ഇടനിലക്കാരൻ ഡോക്ടർക്കായും തിരച്ചിൽ

തെലങ്കാന സംസ്ഥാന ഭരണം അട്ടിമറിക്കാൻ ടിആർഎസ് എംഎൽഎമാരെ 100 കോടി കോഴ നൽകി ചാക്കിട്ട് പിടിക്കാൻ ബിജെപി ഇടനിലക്കാർ ശ്രമിച്ചെന്ന കേസിൽ തെലങ്കാന പോലീസ് കേരളത്തിൽ. കൊച്ചിയിലും കൊല്ലത്തുമായി രണ്ട് സംഘമായി നൽഗോണ്ട ജില്ലാ പോലീസ് മേധാവി രമ രാജേശ്വരിയുടെ നേതൃത്വത്തിൽ തെലങ്കാന പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. കേസിൽ ബിജെഡിഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. പിടിക്കപ്പെട്ട പ്രതികളിൽ ഒരാളായ പുരോഹിതൻ കൂടിയായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്ത് കൊച്ചിയിൽ ഒളിവിൽ താമസിക്കുകയാണെന്ന വിവരത്തെ തുടർന്നാണ് സംഘം എത്തിയിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ.

കൊച്ചിയിലുള്ള ജ​​ഗ്​ഗു സ്വാമിക്കായി തെലങ്കാന പൊലീസ് തെരച്ചിൽ നടത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെയും ഇന്നുമായി തെലങ്കാന പൊലീസ് സംഘം നടത്തിയ റെയിഡിൽ ലാപ്‌ടോപ്, മൊബൈൽ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഓപ്പറേഷൻ ലോട്ടസിൽ നിർണായക നീക്കം തെലങ്കാന പൊലീസിൽ നിന്നുണ്ടാകുമെന്നും സൂചനയുണ്ട്.

കേരളത്തിൽ തമ്പടിച്ച് തെലങ്കാന പൊലീസ്, 'ഓപ്പറേഷൻ താമരയിൽ' തുഷാർ വെള്ളാപ്പള്ളിയും അന്വേഷണ പരിധിയിൽ; ഇടനിലക്കാരൻ ഡോക്ടർക്കായും തിരച്ചിൽ
തുഷാറിനെ തുറുപ്പാക്കി കുതിരക്കച്ചവടമോ? കെ.സി.ആറിന്റെ ഒളിക്യാമറ ഓപ്പറേഷനും കുരുക്കിലായ ബിജെപിയും

സ്ഥിരീകരിച്ച് കൊച്ചി പൊലീസ് കമ്മീഷണർ, കൂടുതൽ വിവരങ്ങൾ നൽകാനാകില്ല

ഓപ്പറേഷൻ ലോട്ടസ് അന്വേഷണത്തിനായി തെലങ്കാന പോലീസ് കൊച്ചിയിൽ തുടരുന്നുണ്ടെന്നും അവരുടെ അന്വേഷണ പരിധിയിൽ ഇരിക്കുന്ന കേസ് ആയതിനാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാ​ഗരാജു ദ ക്യുവിനോട് പ്രതികരിച്ചു. 'തെലങ്കാന പോലീസിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയാണ് ഞങ്ങൾ. മറ്റൊരു സംസ്ഥാനത്തിന്റെ അന്വേഷണ പരിധിയിൽ ഇരിക്കുന്ന കേസ് ആയതിനാൽ കേസിന്റെ പുരോഗതി പുറത്ത് പറയാൻ സാങ്കേതികമായ തടസ്സമുണ്ട്.' കമ്മീഷണർ വ്യക്തമാക്കി.

കോഴക്കേസിൽ എലൂർ സ്വദേശികളായ രണ്ട് പേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ 13 മുതൽ രാജ്യത്തുടനീളം പത്ത് സ്ഥലങ്ങളിലായി തെലങ്കാന പൊലീസിലെ പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ നടത്തി വരികയാണ്.

ആരോപണ നിഴലിൽ തുഷാർ വെള്ളാപ്പള്ളിയും

ദേശീയ രാഷ്ട്രീയത്തിലാകെ ചർച്ചയായ തെലങ്കാനയിലെ 'ഓപ്പറേഷൻ താമര'ക്ക് ചുക്കാൻ പിടിച്ചത് മലയാളിയും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപള്ളിയാണെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വാർത്താ സമ്മേളനത്തിലൂടെ ആരോപിച്ചിരുന്നു. തുഷാർ വെള്ളാപള്ളിയെ ബന്ധിപ്പിക്കുന്ന തെളിവുകളുടെ ശേഖരണവും നിലവിലെ അന്വേഷണത്തിന്റെ ഭാ​ഗമാണ്.

തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണം നിഷേധിച്ച് തുഷാർ വെള്ളാപ്പള്ളി ആദ്യം രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ തെലങ്കാന രാഷ്ട്രീയ സമിതി തുഷാറിന്റേതെന്ന് ആരോപിക്കുന്ന ഫോൺ സംഭാഷണം പുറത്ത് വിട്ടു. ഇതിൽ പ്രതികരണമാരാഞ്ഞ് 'ദ ക്യു' തുഷാർ വെള്ളാപള്ളിയെ ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ തുഷാർ വെള്ളാപള്ളിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

FACSTORY MEDIA

നാല് എം.എൽ.എമാർക്ക് ബിജെപിയിൽ ചേരാൻ 100 കോടി വാ​ഗ്ദാനം, പുരോഹിതന്റെ ഇടനില

നാല് ടി.ആർ.എസ് എം.എൽ.എമാർക്ക് ബി.ജെ.പിയിൽ ചേരാൻ 100 കോടി രൂപ വാഗ്ദാനം നൽകിയെന്നതാണ് കേസ്. മൂന്നു പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാസർഗോഡ് സ്വദേശിയായ പുരോഹിതൻ സതീഷ് ശർമ്മ എന്ന രാമചന്ദ്രഭാരതി, കർണാടകയിലെ പുട്ടൂരിലെ സ്വാമി സിംഹയാജി, ഹൈദരാബാദിലെ വ്യവസായി നന്ദകുമാർ കോർ എന്നിവരാണ് അറസ്റ്റിലായത്. ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി നൽകൽ, അഴിമതി വിരുദ്ധ നിയമം-1988 എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

FACSTORY MEDIA

2022 ഒക്ടോബർ 22നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത് എന്നാണ് ടി.ആർ.എസ് പറയുന്നത്. ഇടനിലക്കാരും എം.എൽ.എമാരും തമ്മിൽ നടന്ന പ്രാരംഭ ഫോൺ സംഭാഷണങ്ങൾക്ക് ശേഷം ടി.ആർ.എസ് എം.എൽ.എ രോഹിത്ത് റെഡ്ഡിയുടെ ഫാം ഹൗസിൽ വെച്ച് ഒക്ടോബർ 22ന് ഇരുകൂട്ടരും യോഗം ചേരാൻ തീരുമാനിച്ചു. എന്നാൽ യോഗത്തിന് മുന്നേ തെലങ്കാന പോലീസ് ഫാം ഹൗസിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമറ സ്ഥാപിച്ച് പ്രതികളെ കുരുക്കുകയായിരുന്നു.

ടി.ആർ.എസ് (തെലങ്കാന രാഷ്ട്ര സമിതി) അടുത്തിടെ ബി.ആർ.എസ് (ഭാരതീയ രാഷ്ട്ര സമിതി) എന്ന് പേര് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുന്നതിന് തുടക്കമിട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്തി അട്ടിമറി നീക്കവും കോഴ ആരോപണവും ദേശീയ തലത്തിലും സജീവ ചർച്ചയാക്കി തന്റെ ദേശീയ രാഷ്ട്രീയാരോഹണം മികച്ചതാക്കാനാണ് കെ.സി.ആർ ശ്രമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in