തുഷാറിനെ തുറുപ്പാക്കി കുതിരക്കച്ചവടമോ? കെ.സി.ആറിന്റെ ഒളിക്യാമറ ഓപ്പറേഷനും കുരുക്കിലായ ബിജെപിയും

 ‘Operation Lotus’
‘Operation Lotus’

തെലങ്കാനയിലെ 'ഓപ്പറേഷന്‍ താമര' ദേശീയ രാഷ്ട്രീയത്തിലാകെ ചൂടു പിടിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തെലങ്കാനയിലെ എം.എല്‍.എമാരെ കൂടെ നിര്‍ത്താന്‍ ബിജെപി കോടികള്‍ ഇറക്കിയെന്ന ആരോപണത്തില്‍ മലയാളികളെ ഞെട്ടിച്ചത്

ബിജെഡിഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിലൂടെയായിരുന്നു. ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു എന്നതൊഴിച്ചാല്‍ കേരളത്തില്‍ കാര്യമായ രാഷ്ട്രീയ ഇടപെടലൊന്നും നടത്തിയിട്ടില്ലാത്ത, തിരഞ്ഞെടുപ്പ് വേളകളില്‍ മാത്രം എന്‍ഡിഎ ഘടകകക്ഷിയായി സജീവമാകുന്ന രാഷ്ട്രീയ നേതാവ് എങ്ങനെയാണ് ഒരു സംസ്ഥാനത്തിന്റെ ഭരണം അട്ടിമറിക്കുന്നതിന്റെ ആസൂത്രകനാകുന്നതെന്ന സംശയം കേരളത്തിലുമുണ്ടായി.

ടി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവാണ് (കെ.സി.ആര്‍) ഒളിക്യാമറ ദൃശ്യങ്ങളും ഫോണ്‍ സംഭഷണങ്ങളും പുറത്ത് വിട്ടുകൊണ്ട് സംസ്ഥാനത്ത് 'ഓപ്പറേഷന്‍ ലോട്ടസിന് വേണ്ടി ബി.ജെ.പി പദ്ധതിയിട്ടെന്ന ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്. നാല് ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയില്‍ ചേരാന്‍ 100 കോടി രൂപ വാഗ്ദാനം നല്‍കിയെന്നായിരുന്നു ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടുകൊണ്ട് കെ.സി.ആര്‍ ആരോപിച്ചത്. കേന്ദ്രആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത്ഷായുടെ ആശീര്‍വാദത്തോടെ തുഷാര്‍ വെള്ളാപ്പള്ളി ഭരണം അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയതെന്നാണ് കെസിആറിന്റെ വാദം. അറസ്റ്റിലായ ഇടനിലക്കാര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പുരോഹിതന്‍മാരായ സതീഷ് ശര്‍മ്മ എന്ന രാമചന്ദ്രഭാരതിയും സിംഹയാജിയും വ്യവസായിയായ നന്ദകുമാര്‍ കോറുമാണ് അറസ്റ്റിലായത്. ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി നല്‍കല്‍, അഴിമതി വിരുദ്ധ നിയമം-1988 എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചുക്കാന്‍ പിടിച്ചത് തുഷാര്‍ വെള്ളാപ്പള്ളി?

ഇടനിലക്കാരെ അറസ്റ്റ് ചെയ്‌തെന്നും എന്നാല്‍ 'ഓപ്പറേഷന്‍ താമര'ക്ക് ചുക്കാന്‍ പിടിച്ചത് കേരളത്തിലെ എന്‍.ഡി.എയുടെ ഘടകകക്ഷി നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും ടി.ആര്‍.എസ് വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. തുഷാര്‍ എം.എല്‍.എമാരെ വിളിച്ചതിന് തെളിവായി ഓഡിയോ ക്ലിപ്പും കെ.സി.ആര്‍ പുറത്തുവിട്ടിരുന്നു. ബി.ജെ.പി ദേശീയ നേതാവായ ബി.എല്‍.സന്തോഷുമായി കൂടിക്കാഴ്ചക്ക് സൗകര്യമൊരുക്കാമെന്ന് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം നല്‍കിയെന്നും ടിആര്‍എസ്.

ഭരണം അട്ടിമറിക്കാന്‍ 100 കോടി കോഴ നല്‍കാന്‍ ശ്രമിച്ചെന്ന തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണത്തെ പാടെ നിഷേധിച്ചാണ് തുഷാര്‍ രംഗത്തെത്തിയത്. താന്‍ പലരേയും വിളിക്കാറുണ്ട്. പക്ഷെ ഇങ്ങനൊരു ഡീലിന് ശ്രമിച്ചിട്ടില്ലെന്നും തെളിവുണ്ടെങ്കില്‍ ടി.ആര്‍.എസ് പുറത്ത് വിടട്ടെ എന്നും തുഷാര്‍ തൊട്ടടുത്ത ദിവസം മാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചു. തുഷാറിന്റെ നിഷേധത്തിന് പിന്നാലെയാണ് തെലങ്കാന രാഷ്ട്രീയ സമിതി തുഷാറിന്റേതെന്ന് ആരോപിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്.

ഇതില്‍ പ്രതികരണമാരാഞ്ഞ് ദ ക്യു തുഷാര്‍ വെള്ളാപള്ളിയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഉടന്‍ വാര്‍ത്ത സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാമെന്നും തുഷാര്‍ വെള്ളാപ്പള്ളി. തന്റേതെന്ന പേരില്‍ ടി.ആര്‍.എസ് പുറത്ത് വിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം നിഷേധിക്കുന്നുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ അതെല്ലാം പിന്നീട് വ്യക്തമാക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്.

തുഷാര്‍ വെള്ളാപ്പള്ളി
തുഷാര്‍ വെള്ളാപ്പള്ളി

ടി.ആര്‍.എസ് പുറത്ത് വിട്ട ഒളിക്യാമറ ദൃശ്യങ്ങളില്‍ നാല് സംസ്ഥാനങ്ങളില്‍ 'ഓപ്പറേഷന്‍ താമര' നടന്ന് കൊണ്ടിരിക്കുകയാണെന്ന് ഇടനിലക്കാര്‍ പറയുന്നുണ്ട്. തെലങ്കാനക്ക് പുറമേ ഡല്‍ഹി, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പേരാണ് ദൃശ്യങ്ങളില്‍ പരാമര്‍ശിക്കുന്നത്. ഡല്‍ഹിയില്‍ ഭരണം അട്ടിമറിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഗസ്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആരോപിച്ചിരുന്നു. കെ.സി.ആര്‍ പുറത്ത് വിട്ട വീഡിയോയുടെ പശ്ചാത്തലത്തില്‍ തന്റെ ആരോപണം സത്യമായിരുന്നെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കെജരിവാള്‍ പ്രതികരിച്ചു. ആംആദ്മി ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഇതോടെ ഓപ്പറേഷന്‍ താമര പ്രചരണ വിഷയമായി മാറിയിട്ടുണ്ട്.

'പ്രധാനി സതീഷ് ശര്‍മ്മ, ഫാം ഹൗസിലെ ഡീല്‍'

ഇടനിലക്കാരില്‍ പ്രധാനിയായ സതീഷ് ശര്‍മ്മ കര്‍ണാടകയില്‍ ജനിക്കുകയും പിന്നീട് കാസര്‍ഗോഡേക്ക് താമസം മാറുകയും ചെയ്ത ആളാണെന്ന് തെലങ്കാന പോലീസിനെ ഉദ്ധരിച്ച് കൊണ്ട് ന്യൂസ്ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗോമൂത്രം കാന്‍സറിനെ പ്രതിരോധിക്കുമെന്ന് പ്രചരിപ്പിച്ചിരുന്ന സതീഷ് ശര്‍മ്മ പിന്നീട് ഹരിയാനയിലെ ഫരീദാബാദിലേക്ക് കുടിയേറുകയായിരുന്നെന്നും ന്യൂസ്ലോണ്‍ട്രിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഒക്ടോബര്‍ 22നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത് എന്നാണ് ടി.ആര്‍.എസ് പറയുന്നത്. ഇടനിലക്കാരും എം.എല്‍.എമാരും തമ്മില്‍ നടന്ന പ്രാരംഭ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് ശേഷം ടി.ആര്‍.എസ് എം.എല്‍.എ രോഹിത്ത് റെഡ്ഡിയുടെ ഫാം ഹൗസില്‍ വെച്ച് ഒക്ടോബര്‍ 22ന് ഇരുകൂട്ടരും യോഗം ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ യോഗത്തിന് മുന്നേ തെലങ്കാന പോലീസ് ഫാം ഹൗസിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമറ സ്ഥാപിക്കുകയായിരുന്നു. 'ഫാം ഹൗസിലേക്ക് ഇടനിലക്കാര്‍ എത്തി ഡീല്‍ ഉറപ്പിക്കുന്നതിനിടയില്‍ പോലീസ് ഇവരെ കയ്യോടെ പിടികൂടി.' കെ.സി.ആര്‍ പറഞ്ഞു.

ആദ്യം പുറത്ത് വിട്ടത് 30 മിനിറ്റ് നീളുന്ന രണ്ട് ഓഡിയോ ക്ലിപ്പുകളായിരുന്നു. അതില്‍ രണ്ട് പേര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഉണ്ടായിരുന്നത്. ഒരാള്‍ ഇടനിലക്കാരനായ രാമചന്ദ്രഭാരതിയും രണ്ടാമന്‍ ടി.ആര്‍.എസ് എം.എല്‍.എ രോഹിത്ത് റെഡ്ഡിയുമണെന്ന് കെ.സി.ആര്‍ പറഞ്ഞു. നവംബര്‍ 3 ലെ മുനഗോഡ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ എം.എല്‍.എമാരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കണമെന്ന് ഇടനിലക്കാരന്‍ രാമചന്ദ്രഭാരതി ഇതില്‍ ആവശ്യപ്പെടുന്നത് കേള്‍ക്കാം.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളില്‍ ഒരാളായ നന്ദകുമാറിന് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന്‍ റെഡ്ഡിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവത്തെ കുറിച്ച് തനിക്ക് ഒരു അറിവുമില്ലെന്നാണ് കിഷന്‍ റെഡ്ഡിയുടെ പ്രതികരണം. 'എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മറ്റു പാര്‍ട്ടിയിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരേയും മറ്റും സാധാരണയായി ടി.ആര്‍.എസ് ആണ് ചാക്കിട്ട് പിടിക്കാറ്. ഇപ്പോള്‍ അവരത് മറ്റുള്ളവര്‍ക്ക് നേരെ ആരോപിക്കുന്നു' സെക്കന്തരാബാദ് എം.പി കൂടിയായ കിഷന്‍ റെഡ്ഡി പറയുന്നു.

ടി.ആര്‍.എസ് (തെലങ്കാന രാഷ്ട്ര സമിതി) അടുത്തിടെ ബി.ആര്‍.എസ് (ഭാരതീയ രാഷ്ട്ര സമിതി) എന്ന് പേര് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുന്നതിന് തുടക്കമിട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി അട്ടിമറി നീക്കവും കോഴ ആരോപണവും ദേശീയ തലത്തിലും സജീവ ചര്‍ച്ചയാക്കാനാണ് കെ.സി.ആര്‍ ശ്രമിക്കുന്നത്.

'ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോടും മറ്റു ജഡ്ജിമാരോടും എല്ലാ സംസഥാനങ്ങളിലേയും ചീഫ് ജസ്റ്റിസുമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'

ഈ കുതിരക്കച്ചവടം അവസാനിപ്പിക്കണമെന്നാണ് എനിക്ക് നരേന്ദ്ര മോദിയോട് പറയാനുള്ളത്. ജനാധിപത്യത്തെ ബഹുമാനിക്കാന്‍ ശീലിക്കൂ' കെ.സി.ആര്‍ പറഞ്ഞു. മുനുഗോഡ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പര്യടനത്തിന് എത്തിയ അമിത്ഷാ 'ഇവിടത്തെ ടി.ആര്‍.എസ് സര്‍ക്കാര്‍ ഉടന്‍ വീഴും' എന്ന് പ്രസംഗിച്ചത് ഗൂഢ ലക്ഷ്യത്തോടെയായിരുന്നെന്ന് ഇപ്പോള്‍ ബോദ്ധ്യമായെന്നും കെ.ചന്ദ്രശേഖര റാവു.

ഓപ്പറേഷന്‍ താമരയും പുറത്തുവന്ന വീഡിയോ-ഓഡിയോ തെളിവുകളും ബി.ജെ.പി ദേശീയ നേതൃത്വം നിഷേധിക്കുന്നുണ്ടെങ്കിലും ആരോപണത്തെ കൃത്യമായി പ്രതിരോധിക്കാനായിട്ടില്ല. കെ.സി.ആര്‍ തുറന്നുവിട്ട ഭൂതത്തെ ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ ഫലപ്രദമായി ഉപയോഗിക്കാനാണ് അരവിന്ദ് കെജരിവാള്‍ ശ്രമിക്കുന്നത്. ഗോവയിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമെല്ലാം ബിജെപി നടത്തിയ കുതിരക്കച്ചവടത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

ഗുജറാത്തില്‍ മോര്‍ബി പാലം തകര്‍ന്ന് 135 പേര്‍ ദാരുണമായി കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഗുരുതരമായ മറ്റൊരു ആരോപണം ബിജെപിക്ക് തലവേദനയായിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in