ഇഡി വാദങ്ങള്‍ തള്ളി കോടതി; അരവിന്ദ് കെജ്രിവാളിന് ജാമ്യം

ഇഡി വാദങ്ങള്‍ തള്ളി കോടതി; അരവിന്ദ് കെജ്രിവാളിന് ജാമ്യം
Published on

മദ്യനയ അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഇഡി വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദു കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കെജ്രിവാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാണ് ഇഡി വാദിച്ചത്. ജാമ്യം 48 മണിക്കൂര്‍ നേരത്തേക്ക് സ്‌റ്റേ ചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടെങ്കിലും ജാമ്യത്തില്‍ സ്റ്റേയില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യ ഉത്തരവ് കിട്ടിയാല്‍ വെള്ളിയാഴ്ച തന്നെ കെജ്രിവാള്‍ ജയില്‍മോചിതനാകും.

കേസില്‍ ഇഡിയുടെ പക്കല്‍ തെളിവുകളൊന്നുമില്ലെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ വാദിച്ചു. സൗത്ത് ഗ്രൂപ്പില്‍ നിന്ന് 100 കോടി രൂപ വാങ്ങിയെന്നാണ് വാദം. എന്നാല്‍ ഇതെല്ലാം ആരോപണങ്ങള്‍ മാത്രമാണ്, തെളിവുകളൊന്നുമില്ല. മാപ്പുസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അവര്‍ക്ക് ജാമ്യം നല്‍കാമെന്നും കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്നും വാഗ്ദാനമുണ്ട്. മറ്റു ചിലരുണ്ട്. അവരെ അറസ്റ്റ് ചെയ്തിട്ടുപോലുമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. തെലങ്കാനയില്‍ നിന്നുള്ള ലോബിക്ക് ഡല്‍ഹിയില്‍ മദ്യവിതരണ ലൈസന്‍സ് നല്‍കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി കേസ്.

കേസില്‍ മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത നടപടി വലിയ തോതില്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി തന്നെ വേട്ടയാടുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂണ്‍ ഒന്നാം തിയതി വരെ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in