കൂടത്തായി കൂട്ടമരണം: ജോളിയും ബന്ധുവും സ്വര്‍ണപണിക്കാരനും അറസ്റ്റില്‍

കൂടത്തായി കൂട്ടമരണം: ജോളിയും ബന്ധുവും സ്വര്‍ണപണിക്കാരനും അറസ്റ്റില്‍

കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് അംഗങ്ങള്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ അടുത്ത ബന്ധുവായ ജോളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മരിച്ച റോയിയുടെ ഭാര്യയാണ് ജോളി. ജോളിയുടെ ബന്ധുവായ മാത്യുവും പ്രജീഷ് എന്ന സ്വര്‍ണപണിക്കാരനുമാണ് അറസ്റ്റിലായിരിക്കുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് റോയി ഉള്‍പ്പെടെയുള്ളവര്‍ മരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ കല്ലറ തുറന്ന് പരിശോധന നടത്തിയിരുന്നു.

ഇന്ന് രാവിലെയാണ് ജോളിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബ സ്വത്ത് തര്‍ക്കവും കുടുംബാംഗങ്ങളുടെ മരണവും തമ്മില്‍ സംശയം തോന്നിയ റോയിയുടെ സഹോദരങ്ങളാണ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ആറ് തവണ ജോളിയെ ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ വൈരുദ്ധ്യമുണ്ടായതോടെ നുണ പരിശോധനയ്ക്ക് തയ്യാറാവാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ജോളി അനുവദിച്ചില്ല.

കൂടത്തായി കൂട്ടമരണം: ജോളിയും ബന്ധുവും സ്വര്‍ണപണിക്കാരനും അറസ്റ്റില്‍
കൂടത്തായിയിലെ കൂട്ടമരണം: റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍; മരണ കാരണം സയനൈഡെന്ന് പോലീസ്

ബന്ധുക്കളുടെ മരണവുമായി തനിക്ക് ബന്ധമില്ലെന്ന് ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു പ്രതികരിച്ചു. സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഫോറന്‍സിക് പരിശോധനാഫലം വരുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. ജോളിക്ക് മരണത്തില്‍ പുങ്കുണ്ടോയെന്ന കാര്യം തനിക്കറിയില്ല. അധ്യാപകനായ താന്‍ കള്ളം പറയേണ്ട കാര്യമില്ലെന്നും ഷാജു പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി തോമസ്, ടോം തോമസിന്റെ സഹോദര പുത്രന്റെ ഭാര്യ സിലി, സിലിയുടെ മകള്‍ രണ്ട് വയസ്സുകാരി അല്‍ഫോന്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചത്. 2002ല്‍ അന്നമ്മ മരിച്ചു. ടോം തോമസ് 2008ലും റോയി 2011ലും മരിച്ചു. മാത്യുവും അല്‍ഫോന്‍സയും 2014ലും സിലി 2016ലുമാണ് മരിച്ചത്. ടോം തോമസിന്റെ സഹോദരന്റെ മകനാണ് ഷാജു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in