തുഷാറിന്റെ വരവില്‍ രാഷ്ട്രീയം സംശയിച്ച് എന്‍എസ്എസ്; ഐക്യം പൊളിയാന്‍ കാരണമെന്ത്? സുകുമാരന്‍ നായര്‍ പറഞ്ഞത്

തുഷാറിന്റെ വരവില്‍ രാഷ്ട്രീയം സംശയിച്ച് എന്‍എസ്എസ്; ഐക്യം പൊളിയാന്‍ കാരണമെന്ത്? സുകുമാരന്‍ നായര്‍ പറഞ്ഞത്
Published on

പതിറ്റാണ്ടുകള്‍ക്ക് ശേഷം പൊടിതട്ടിയെടുത്ത എസ്എന്‍ഡിപി-എന്‍എസ്എസ് സഖ്യം എന്ന ആശയം വീണ്ടും തകര്‍ന്നു. ഐക്യത്തിന് ഇല്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കിയിരിക്കുകയാണ്. ഐക്യം അടഞ്ഞ അധ്യായമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പറഞ്ഞു. പല കാരണങ്ങളാലും പല തവണ സഖ്യം വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടുമൊരു ഐക്യശ്രമം പരാജയമാകുമെന്ന് രാഷ്ട്രീയ സാഹചര്യങ്ങളാല്‍ തന്നെ വ്യക്തമാണെന്നാണ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിലയിരുത്തി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്‍കൈയെടുത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന ഐക്യം എന്ന ആശയത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍എസ്എസിന്റെ പിന്‍മാറ്റമെന്ന് ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍എസ്എസുമായുള്ള ചര്‍ച്ചകള്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെയാണ് എസ്എന്‍ഡിപി യോഗം ചുമതലപ്പെടുത്തിയത്. ബിഡിജെഎസ് തലവനായ തുഷാറിനെ ഇത്തരമൊരു ദൗത്യം ഏല്‍പിച്ചതാണ് എന്‍എസ്എസ് പിന്‍വാങ്ങാന്‍ കാരണമെന്നാണ് വിശദീകരണം.

സുകുമാരന്‍ നായര്‍ പറഞ്ഞത്

ഐക്യം വേണ്ട എന്നാണ് നിലപാട്. ഐക്യവുമായി മുന്നോട്ട് പോകുന്നില്ല. അതിന്റെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഞങ്ങള്‍ക്ക് സംശയം തോന്നിയിരിക്കുന്നു. സമദൂരം എന്നുള്ള കാര്യം നടക്കില്ല. രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സംശയിക്കുമ്പോള്‍ സമദൂരത്തെ സംബന്ധിച്ച് സംശയം തോന്നില്ലേ, അത് നടപ്പാകുമോ എന്ന്. പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകള്‍ യോജിക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. പക്ഷേ ആ യോജിപ്പിന് പിന്നില്‍ അത് ഉന്നയിച്ച ആളുകള്‍ക്ക്, അവരുടെ ആലോചനയുടെ പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യം വന്നു. കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവിനെ തന്നെ, മകനായാലും അങ്ങനെ വിടാന്‍ പാടില്ലായിരുന്നു. വിട്ടില്ല. വരാനായി അനുവാദം ചോദിച്ചു. പറ്റില്ലെന്ന് ഞാന്‍ തന്നെ നേരിട്ട് പറഞ്ഞു.

ചര്‍ച്ച അടഞ്ഞ അധ്യായം. ആദ്യമുണ്ടായ സംഭവവും അതിന് ശേഷം മാറ്റി പറയാനുണ്ടായ കാര്യവും ഡയറക്ടര്‍ ബോര്‍ഡിന് മുന്നില്‍ അവതരിപ്പിച്ചത് ഞാനാണ്. മുന്നോട്ട് പോകണ്ട എന്ന് സജസ്റ്റ് ചെയ്തതും ഞാനാണ്. ഭിന്നാഭിപ്രായമൊന്നും ഇല്ല. വെറുതെയെന്തിനാ പൊല്ലാപ്പിന് പോകുന്നത്. അതിന്റെ ആവശ്യമില്ല. എന്‍എസ്എസിന് ഒറ്റക്ക് പോകുന്നതിനുള്ള എല്ലാമുണ്ട്. ഞാന്‍ സംസാരിക്കുന്നത് എന്റെ സമുദായത്തിനും പ്രസ്ഥാനത്തിനും വേണ്ടിയാണ്. അവര് സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാ, എനിക്ക് അറിഞ്ഞുകൂടാ. കാരണം ഉണ്ടാക്കിയത് അവര് തന്നെയാ. അച്ഛനാകട്ടെ, മകനാകട്ടെ, ഒരു ഐക്യവിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, നിഷ്പക്ഷമായി നില്‍ക്കുന്ന ഒരു വിഭാഗവുമായി ചര്‍ച്ച നടക്കുമ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട ഒരു നേതാവിനെ അതിനെപ്പറ്റി സംസാരിക്കാന്‍ എന്റെ അടുത്ത് വിടുക എന്ന് പറഞ്ഞാല്‍ അതിന്റെ പിന്നില്‍ എന്താണ് അര്‍ത്ഥം? ആര്‍ക്കു വേണ്ടിയാ അത്, ശരിയല്ല.

ഞങ്ങളും കാര്യങ്ങള്‍ കണ്ടാല്‍ മനസിലാകുന്ന ആളുകളാ. ഞങ്ങള്‍ക്ക് ഒരബദ്ധം വരാതിരിക്കാനുള്ളത് ഞങ്ങള്‍ കാണും. സര്‍ക്കാരിനോടുള്ള നിലപാടില്‍ മാറ്റമില്ല. എല്ലാം സമദൂരത്തില്‍ അടിസ്ഥാനമാക്കിയാണ്. സര്‍ക്കാരിന്റെ കാര്യത്തിലായാലും പാര്‍ട്ടിയുടെ കാര്യത്തിലായാലും സമുദായങ്ങളുടെ കാര്യത്തിലും സൗഹൃദം വെച്ചു പോകാന്‍ ആഗ്രഹിക്കുന്ന ആളുകളാണ്. വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കിയത് നല്ല കാര്യം. എല്ലാ സമുദായ, മത, രാഷ്ട്രീയ സംഘടനകളുമായും സൗഹൃദം തുടരും. ഇത്രയും പ്രായമുള്ള ഒരാളിനെ, ഒരു സമുദായ നേതാവിനെ ആവശ്യമില്ലാത്ത ഭാഷയില്‍ വ്യാഖ്യാനിക്കുന്നത് ഏത് രാഷ്ട്രീയ നേതാവാണെങ്കിലും അത് തെറ്റാണെന്നാ വി.ഡി.സതീശനെക്കുറിച്ച് പറഞ്ഞത്. പിന്നെ കറക്ഷന്‍ കൊടുത്തതില്‍ പറഞ്ഞു. ഞങ്ങള്‍ എസ്എന്‍ഡിപിയും എന്‍എസ്എസുമായി യോജിക്കാന്‍ ആലോചിക്കുന്നിടത്ത് വി.ഡി.സതീശനെ കൊണ്ടു വരേണ്ടതിന്റെ ആവശ്യമെന്താ? അയാളെ അങ്ങനെ വലിയ ആളാക്കേണ്ടതില്ലായിരുന്നു എന്ന് ഞാന്‍ അന്നേരം പറഞ്ഞതാ.

ഐക്യം വേണ്ടെന്ന തീരുമാനത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സമ്മര്‍ദ്ദമുണ്ടായില്ല. ഞങ്ങളുടെ കൂടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവരുമുണ്ട്. അവര് അവരുടെ രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ അവരുടെ സംഘടനയെ സ്‌നേഹിക്കുന്നവരാണ്. അവര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്നതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ പറയുന്നത്. ഐക്യം ഞങ്ങളല്ലല്ലോ ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനല്ലേ. അപ്പോള്‍ അദ്ദേഹമല്ലേ ബോര്‍ഡില്‍ തീരുമാനം എടുത്ത് ഇങ്ങനെയൊരു തീരുമാനമുണ്ട് എന്ന് അറിയിക്കേണ്ടത്. ഇതിനൊക്കെ ഒരു രൂപരേഖയുണ്ടാക്കണ്ടേ? അല്ലാതെ ഞങ്ങള്‍ അവിടെ തീരുമാനിച്ചു. ഇവിടെയും തീരുമാനിച്ചു എന്ന് പറഞ്ഞാല്‍ മതിയോ.

എന്തെല്ലാം കാര്യങ്ങളില്‍ എന്തെല്ലാം നിലപാടുകള്‍ സ്വീകരിക്കും എന്നതിന് രൂപരേഖ വേണ്ടേ? അതൊന്നുമില്ലാതെ ബാക്കി എല്ലാമായി എന്ന് പറഞ്ഞാല്‍ എങ്ങനെയാ? ഞങ്ങള്‍ ഐക്യത്തിലൊന്നുമായില്ല. അതിന്റെ ആരംഭ ഘട്ടത്തില്‍ വന്നുവെന്നേയുള്ളു. അപ്പോള്‍ തന്നെ വേറൊരു രാഷ്ട്രീയക്കാരനെയാണ് ചര്‍ച്ചക്ക് വിടുന്നത് എന്നു പറഞ്ഞാല്‍ അതിന്റെ രഹസ്യം നമ്മളൊന്ന് അന്വേഷിക്കേണ്ടതുണ്ട്. വെള്ളാപ്പള്ളി പറഞ്ഞതുകൊണ്ട് കാലഘട്ടത്തിന്റെ ആവശ്യമാണ്, ഹൈന്ദവന്‍ ഒന്നിക്കേണ്ടത് ആവശ്യമാണ് എന്ന് പറയേണ്ടി വന്നിട്ടുണ്ട്. അല്ലാതെ ഐക്യം എന്‍എസ്എസ് ആഗ്രഹിച്ചിരുന്നില്ല.

എട്ട് ദിവസത്തിന് മുൻപ് സുകുമാരന്‍ നായര്‍ പറഞ്ഞത്

ഐക്യം എന്ന ആശയത്തോട് യോജിക്കുന്നുവെന്ന് ഞാന്‍ പറയുന്നത് വ്യക്തിപരമായിട്ടാണ്. അത് എന്‍എസ്എസ് യോഗം കൂടി, അധികാരപ്പെട്ട യോഗത്തില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ച് എടുക്കണം എന്നുള്ളത് എന്റെ ഔദ്യോഗിക ചുമതലയാണ്. അവരുമായി അനൈക്യമൊന്നും ഇല്ലായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ സംവരണ വിഷയത്തിലൊക്കെ അകല്‍ച്ചയുണ്ടായി. അതു കഴിഞ്ഞ് യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടാകാതെ യോജിപ്പോടു കൂടി തന്നെ പോകുകയായിരുന്നു. ഇപ്പോള്‍ ഐക്യം വീണ്ടും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആയതുകൊണ്ട് എസ്എന്‍ഡിപി അത് ഉന്നയിക്കുന്നു. എന്‍എസ്എസ് അത് അംഗീകരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in