ബിന്ദു അമ്മിണി അക്രമിക്കപ്പെടുന്നത് ദളിത് സ്ത്രീയായത് കൊണ്ട്- സണ്ണി എം കപികാട്

ബിന്ദു അമ്മിണി അക്രമിക്കപ്പെടുന്നത് ദളിത് സ്ത്രീയായത് കൊണ്ട്- സണ്ണി എം കപികാട്

ദളിത് സ്ത്രീയായത് കൊണ്ടാണ് ബിന്ദു അമ്മിണി നിരന്തരം അക്രമിക്കപ്പെടുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ സണ്ണി.എം. കപികാട് ദ ക്യുവിനോട് പ്രതികരിച്ചു.

ശബരിമലയില്‍ ബിന്ദു അമ്മിണി ഒറ്റയ്ക്കല്ല പോയത്. ശബരിമല വിഷയത്തില്‍ ഇടപെട്ട മറ്റാരും ബിന്ദു അമ്മിണിയെ പോലെ അക്രമിക്കപ്പെടുന്നില്ല. അക്രമികള്‍ ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരാണ്. ദളിത് സമുദായം ഇതിനെ ഗൗരവമായെടുത്ത് ഇടപെടണമെന്നും സണ്ണി.എം.കപികാട് ആവശ്യപ്പെട്ടു.

സണ്ണി. എം. കപികാടിന്റെ വാക്കുകള്‍

കേരളത്തില്‍ ഏറ്റവും വിവാദമായ ഒരു വിഷയത്തില്‍ ഇടപെട്ട ആളാണ് ബിന്ദു അമ്മിണി. ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയത്ത് അവിടെ പോയ വ്യക്തിയാണ്. അവര്‍ ഒറ്റയ്ക്കല്ല ശബരിമലയില്‍ പോയത്. ശബരിമല വിഷയത്തില്‍ ഇടപെട്ട വേറെ ആളുകളുമുണ്ട്. അവരോട് ആരോടുമില്ലാത്ത പ്രശ്‌നം ബിന്ദു അമ്മിണിയോട് മാത്രം കാണിക്കുന്നതില്‍ പ്രശ്‌നമുണ്ട്. അവര്‍ ദളിത് സ്ത്രീയായത് കൊണ്ടാണ് നിരന്തരം അക്രമം നടക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അക്രമിക്കുന്നവര്‍ ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരാണ്. ഒരു സ്ത്രീക്കെതിരെ നിരന്തരം അക്രമം നടന്നിട്ടും അതിനോട് കാര്യമായ പ്രതികരണം കേരളീയ സമൂഹം കാണിക്കുന്നില്ല എന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ബിന്ദുവിനെ അക്രമിച്ചാലും ആരും ചോദ്യം ചെയ്യില്ലെന്നതും അക്രമിക്ക് കൂടുതല്‍ അംഗീകാരം സംഘടനയ്ക്ക് അകത്ത് ലഭിക്കുകയും ചെയ്യുന്നുണ്ട്.

ബിന്ദു അമ്മിണി അക്രമിക്കപ്പെടുന്നത് ദളിത് സ്ത്രീയായത് കൊണ്ട്- സണ്ണി എം കപികാട്
ബിന്ദുവിന് വഴിനടക്കാന്‍ പറ്റാത്ത കേരളത്തില്‍ സംഘപരിവാറിന് അഴിഞ്ഞാടാന്‍ അനുമതി നല്‍കുന്നത് ആര്?

കേരളത്തില്‍ ഒരു സ്ത്രീക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനോ ജീവിക്കാനോ കഴിയുന്നില്ല എന്ന സ്ഥിതി വിശേഷം ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ അതിനെ ഗൗരവത്തില്‍ എടുക്കണം. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് അക്രമിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീയെ, അതും ദളിത് സ്ത്രീയെ പരസ്യമായി അപമാനിച്ച ആള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്നെ ജാമ്യം ലഭിക്കുകയെന്നത് തെറ്റായ കീഴ് വഴക്കമാണ്. പ്രതികളെ രക്ഷപ്പെടുത്തുന്ന പണിയിലാണ് പോലീസ് ഏര്‍പ്പെട്ടിരിക്കുന്നത്. ദളിത് സമുദായം ഈ വിഷയത്തെ ഗൗരവമായി കണ്ട് ഏറ്റെടുക്കണം. വിഷയത്തില്‍ പെട്ടെന്ന് തന്നെ ഇടപെടണമെന്ന് ദളിത് സമുദായ മുന്നണി സര്‍ക്കാരിനോട് ആവശ്യപ്പെടും.

The Cue
www.thecue.in