ബിന്ദുവിന് വഴിനടക്കാന്‍ പറ്റാത്ത കേരളത്തില്‍ സംഘപരിവാറിന് അഴിഞ്ഞാടാന്‍ അനുമതി നല്‍കുന്നത് ആര്?

ബിന്ദുവിന് വഴിനടക്കാന്‍ പറ്റാത്ത കേരളത്തില്‍ സംഘപരിവാറിന് അഴിഞ്ഞാടാന്‍ അനുമതി നല്‍കുന്നത് ആര്?

'ഇവിടെ ജീവിക്കാന്‍ പറ്റില്ല. ഇന്ത്യ തന്നെ വിട്ട് പുറത്ത് പോകാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്'.

സ്ത്രീകള്‍ക്ക് പ്രവേശന വിലക്കുണ്ടായിരുന്ന ഇടത്തേക്ക് സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ കയറി ചരിത്രത്തിന്റെ ഭാഗമായ ഒരു സ്ത്രീക്ക് കേരളത്തില്‍ ഇരുന്ന് കൊണ്ട് പറയേണ്ടി വരുന്നു ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്ന്. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് ആ രാഷ്ട്രീയം തെരുവില്‍ പ്രയോഗിക്കുന്നവരില്‍ നിന്നും ബിന്ദു അമ്മിണി നിരന്തരം ആക്രമണം നേരിടുന്നത്. ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് ബിന്ദു അമ്മിണിയെ പൊതുവിടത്തില്‍ അക്രമിച്ചത് മദ്യപിച്ചെത്തിയ ആളാണെന്നായിരുന്നു പോലീസ് ഭാഷ്യം. കമ്മീഷണര്‍ ഓഫീസിന്റെ മുറ്റത്തും ബസിലും നടുറോഡിലും ബിന്ദു അമ്മിണിയെ നേരിട്ട് അക്രമിച്ചവരുടെ രാഷ്ട്രീയം വ്യക്തമായിരുന്നു. മോര്‍ഫ് ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തത് ഉള്‍പ്പെടെ സൈബര്‍ ഇടത്തെ അക്രമത്തിന് പിന്നിലും മുഖംമൂടിയിട്ടവരായിരുന്നില്ല. ശബരിമല പ്രവേശനത്തിന് അനുകൂലമായി നിന്ന സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ച് മല കയറിയ സ്ത്രീകള്‍. അവര്‍ മുഖം മറച്ച് ഒളിച്ച് ജീവിക്കാന്‍ തയ്യാറല്ലെങ്കില്‍ തെരുവില്‍ അക്രമിക്കപ്പെടട്ടെയെന്നതാണോ സര്‍ക്കാരിന്റെ നിലപാട്. ബിന്ദു അമ്മിണിക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടാണ്?.

2018 ജനുവരി രണ്ടിനായിരുന്നു ബിന്ദു അമ്മിണിയും കനക ദുര്‍ഗ്ഗയും ശബരിമലയില്‍ പ്രവേശിച്ചത്. സുപ്രീംകോടതി വിധിക്കെതിരെ തെരുവില്‍ നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ പെണ്‍മതില്‍ കെട്ടി മറുപടി നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ബിന്ദു അമ്മിണിക്കും കനക ദുര്‍ഗ്ഗയ്ക്കും മുമ്പേ ശബരിമല കയറാന്‍ ശ്രമിച്ചവരെല്ലാം സംഘപരിവാര്‍ അനുകൂലികളാല്‍ അക്രമിക്കപ്പെട്ടിരുന്നു. അതീവ രഹസ്യമായെത്തിയ ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കിയവരാകാന്‍ കഴിഞ്ഞു. ഇത് സംഘപരിവാറിന് എത്രത്തോളം ചൊടിപ്പിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് ബിന്ദു അമ്മിണി തെരുവില്‍ നേരിടുന്നത്.

അടുത്ത വര്‍ഷം ജനുവരി രണ്ടിനും ശബരിമലയില്‍ കയറുമെന്ന് ബിന്ദു അമ്മിണി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ സംഘടിപ്പിച്ച് ശബരിമലയിലെത്തുമെന്നായിരുന്നു ബിന്ദുവിന്റെ പ്രഖ്യാപനം. നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ശബരിമലയില്‍ കയറാന്‍ തീരുമാനിച്ചിരുന്നത്. സ്ത്രീകള്‍ വീണ്ടും ശബരിമല കയറുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ബിന്ദുവിനെതിരെ ആദ്യ ആക്രമണം നടക്കുന്നത്.

അഞ്ച് പരാതികളാണ് ശാരീരിക ആക്രമണങ്ങള്‍ക്കെതിരെ ബിന്ദു അമ്മിണി പോലീസില്‍ നല്‍കിയത്. ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതികളയച്ചു. പരാതികളില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ബിന്ദു അമ്മിണി ആരോപിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയെന്നും ബിന്ദു അമ്മിണി പറയുന്നു. മൊബൈല്‍ നമ്പര്‍ സംഘപരിവാര്‍ അനുകൂലികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയാണ്. കേട്ടാല്‍ അറയ്ക്കുന്ന തെറികളാണ് ഓരോ കോളിലും ഉണ്ടാവുകയെന്ന് ബിന്ദു അമ്മിണി പറയുന്നു. ഫേക്ക് വീഡിയോകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു.

ബിന്ദു അമ്മിണിക്കും കനക ദുര്‍ഗയ്ക്കും സുപ്രീംകോടതി നിര്‍ദേശ പ്രകാരം പോലീസ് സംരക്ഷണം നല്‍കിയിരുന്നു. നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥ കുറ്റവാളിയോടെന്ന പോലെ പെരുമാറിയപ്പോള്‍ ബിന്ദു അമ്മിണി പരാതി നല്‍കി. പിന്നാലെ പോലീസ് സംരക്ഷണം പിന്‍വലിച്ചു. പോലീസ് പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ തനിക്കെതിരെ അതിക്രമം നടക്കില്ലായിരുന്നുവെന്ന് ബിന്ദു അമ്മിണി ചൂണ്ടിക്കാണിക്കുന്നു. ഓരോ അക്രമം നടക്കുമ്പോഴും പോലീസിനെ അറിയിക്കുന്നുണ്ടെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ല. കോഴിക്കോട് കടപ്പുറത്ത് അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അരമണിക്കൂര്‍ മുമ്പ് തന്നെ പോലീസിനെ അറിയിച്ചിട്ടും അവഗണിച്ചുവെന്ന് ബിന്ദു അമ്മിണി ആരോപിക്കുന്നു. അക്രമി അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് അക്രമിച്ചതെന്നത് മറച്ചുവെക്കാന്‍ പോലീസ് ശ്രമിച്ചുവെന്നും ബിന്ദു അമ്മിണി ആരോപിക്കുന്നു.

കമ്മീഷണര്‍ ഓഫീസ് മുറ്റത്തെ കുരുമുളക് സ്‌പ്രേ അക്രമണം

2019 നവംബര്‍ 26 നായിരുന്നു ബിന്ദു അമ്മിണിക്കെതിരെ മുളക് സ്േ്രപ ആക്രമണമുണ്ടായത്. കൊച്ചി കമ്മിഷണര്‍ ഓഫീസ് പരിസരത്ത് വെച്ചായിരുന്നു സംഭവം. ശബരിമല സന്ദര്‍ശിക്കാന്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണര്‍ ഓഫീസിലെത്തിയ ഭൂമാതാവ് ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ കാണാനെത്തിയപ്പോഴായിരുന്നു ബിന്ദു അമ്മിണി. ഇതിനിടെയാണ് ബിന്ദുവിന് നേരെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭന്‍ മുളക് സ്േ്രപ പ്രയോഗിച്ചത്. ശ്രീനാഥ് പത്മനാഭനെ കസ്റ്റഡിയിലെടുത്തെങ്കിലും കേസില്‍ പിന്നീട് നടപടി ഉണ്ടായില്ലെന്ന് ബിന്ദു അമ്മിണി ആരോപിക്കുന്നു.

ശബരിമലയുടെ പേരില്‍ ബസിലും അതിക്രമം

2021 സെപ്റ്റംബര്‍ 19ന് രാത്രി കണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസില്‍ നിന്നും മോശം അനുഭവം നേരിട്ടുവെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ശബരിമലയില്‍ കയറിയെന്നതിന്റെ പേരിലായിരുന്നു ബസില്‍ മോശം പെരുമാറ്റം നേരിട്ടതെന്ന് ബിന്ദു അമ്മിണി പറയുന്നു. ഈ റൂട്ടിലെ ബസുകളില്‍ നിന്നും മുമ്പും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. നടക്കാവ് പോലീസില്‍ ഇതു സംബന്ധിച്ച് ബിന്ദു അമ്മിണി പരാതി നല്‍കിയിരുന്നു.

ഓട്ടോ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമമെന്ന് പരാതി

കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രി കൊയിലാണ്ടി പൊയില്‍ക്കാവില്‍ വെച്ച് ഓട്ടോയിടിപ്പിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചു. തുണിക്കട അടച്ച് വീട്ടിലേക്ക് വരുമ്പോഴായികുന്നു വണ്ടിയിടിച്ചത്. മൂക്കിന് പരിക്കേറ്റു. ഓട്ടോ നിര്‍ത്താതെ പോയി. വധശ്രമത്തിന് കേസെടുത്തു. തുടര്‍നടപടികളുണ്ടായില്ലെന്ന് ബിന്ദു അമ്മിണി ആരോപിക്കുന്നു.

അക്രമിക്കപ്പെടുന്നത് ദളിത് സ്ത്രീയായത് കൊണ്ട്- സണ്ണി. എം. കപികാട്

സാമൂഹ്യ പ്രവര്‍ത്തകന്‍

കേരളത്തില്‍ ഏറ്റവും വിവാദമായ ഒരു വിഷയത്തില്‍ ഇടപെട്ട ആളാണ് ബിന്ദു അമ്മിണി. ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയത്ത് അവിടെ പോയ വ്യക്തിയാണ്. അവര്‍ ഒറ്റയ്ക്കല്ല ശബരിമലയില്‍ പോയത്. ശബരിമല വിഷയത്തില്‍ ഇടപെട്ട വേറെ ആളുകളുമുണ്ട്. അവരോട് ആരോടുമില്ലാത്ത പ്രശ്‌നം ബിന്ദു അമ്മിണിയോട് മാത്രം കാണിക്കുന്നതില്‍ പ്രശ്‌നമുണ്ട്. അവര്‍ ദളിത് സ്ത്രീയായത് കൊണ്ടാണ് നിരന്തരം അക്രമം നടക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അക്രമിക്കുന്നവര്‍ ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരാണ്. ഒരു സ്ത്രീക്കെതിരെ നിരന്തരം അക്രമം നടന്നിട്ടും അതിനോട് കാര്യമായ പ്രതികരണം കേരളീയ സമൂഹം കാണിക്കുന്നില്ല എന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ബിന്ദുവിനെ അക്രമിച്ചാലും ആരും ചോദ്യം ചെയ്യില്ലെന്നതും അക്രമിക്ക് കൂടുതല്‍ അംഗീകാരം സംഘടനയ്ക്ക് അകത്ത് ലഭിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ ഒരു സ്ത്രീക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനോ ജീവിക്കാനോ കഴിയുന്നില്ല എന്ന സ്ഥിതി വിശേഷം ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ അതിനെ ഗൗരവത്തില്‍ എടുക്കണം. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് അക്രമിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീയെ, അതും ദളിത് സ്ത്രീയെ പരസ്യമായി അപമാനിച്ച ആള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്നെ ജാമ്യം ലഭിക്കുകയെന്നത് തെറ്റായ കീഴ് വഴക്കമാണ്. പ്രതികളെ രക്ഷപ്പെടുത്തുന്ന പണിയിലാണ് പോലീസ് ഏര്‍പ്പെട്ടിരിക്കുന്നത്. ദളിത് സമുദായം ഈ വിഷയത്തെ ഗൗരവമായി കണ്ട് ഏറ്റെടുക്കണം. വിഷയത്തില്‍ പെട്ടെന്ന് തന്നെ ഇടപെടണമെന്ന് ദളിത് സമുദായ മുന്നണി സര്‍ക്കാരിനോട് ആവശ്യപ്പെടും.

സണ്ണി. എം. കപികാട്

സണ്ണി. എം. കപികാട്

സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം- എന്‍.സുകന്യ

ജനാധിപത്യ മഹിളാ അസോസിയേഷന്‍

ബിന്ദു അമ്മിണിക്കു നേരെ ഇന്നലെ കോഴിക്കോട് നടന്ന ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇതാദ്യമായല്ല ഇത്തരത്തില്‍ ബിന്ദു ആക്രമിക്കപ്പെടുന്നത്.

തങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ കായികമായി അക്രമിക്കുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഈ അക്രമങ്ങള്‍ക്കു പിന്നിലെന്നത് വ്യക്തമാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ വിയോജിക്കാനും സ്വന്തം അഭിപ്രായം പറയാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അത് ഹനിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനലുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. ഒപ്പം ഇത്തരം സമൂഹ വിരുദ്ധരെ ഒറ്റപ്പെടുത്താന്‍ നാം ഒരുമിച്ചു നില്‍ക്കണം.

എന്‍.സുകന്യ

എന്‍.സുകന്യ

സംരക്ഷണം പിന്‍വലിച്ച് സര്‍ക്കാര്‍ അക്രമികള്‍ക്ക് സൗകര്യം ചെയ്തു കൊടുത്തു- വി.ടി ബല്‍റാം

കോണ്‍ഗ്രസ്

ഓരോ പൗരന്റേയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഭരണകൂടത്തിന്റെ പ്രാഥാമികമായ ഉത്തരവാദിത്തമാണ്. ഇവിടെ ബിന്ദു അമ്മിണിക്കെതിരെ നിരന്തരമായി ശാരീരികാക്രമണം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആധുനിക സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല അത്. അവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന കോടതി വിധി ഉണ്ട്. അക്രമകാരികള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന രീതിയില്‍ ആ സംരക്ഷണം സര്‍ക്കാര്‍ പിന്‍വലിച്ചത് കൊണ്ടാണ് നിരന്തരം ആക്രമണം ബിന്ദു അമ്മിണി നേരിടുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും തന്നെയാണ് ഏറ്റവും വലിയ ഉത്തരവാദികള്‍.

സര്‍ക്കാരിന്റെ നവോത്ഥാന നാട്യങ്ങളില്‍ വിശ്വസിച്ചാണ് ബിന്ദു അമ്മിണി ശബരിമലയുമായി ബന്ധപ്പെട്ട് ചില നടപടികളിലേക്ക് നീങ്ങിയത്. അന്ന് അതിനെ പ്രകീര്‍ത്തിച്ചവരാണ് മുഖ്യമന്ത്രിയടക്കം ഈ സര്‍ക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളും. പൂര്‍ണ സംരക്ഷണം നല്‍കുമെന്നുള്ള സര്‍ക്കാരിന്റെ ഉറപ്പാണ് വിശ്വാസികളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ക്ഷേത്ര ആചാരങ്ങളെ വെല്ലുവിളിച്ച് നടപടികളിലേക്ക് ഇവരെ എത്തിച്ചത്. അതിനെതിരെയുള്ള വികാര പ്രകടനങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് കോടതി ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടത്. ഒരു വ്യക്തിയെ തെരുവില്‍ അക്രമിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇനി ഇത്തരം അക്രമങ്ങള്‍ ബിന്ദു അമ്മിണിക്കെതിരെ ഉണ്ടാകാതിരിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. ഇപ്പോഴത്തെ അക്രമത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണം.

വി.ടി ബല്‍റാം

വി.ടി ബല്‍റാം

ഭരണകൂടത്തിന്റെ പിടിപ്പുകേട്- ജിയോ ബേബി

സംവിധായകന്‍

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ ഇടപെട്ട ആളാണ്. അത് അമ്പലത്തില്‍ പ്രവേശിക്കുക എന്നതല്ല, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഒരിടത്ത് പ്രവേശിക്കാമെന്ന കോടതി വിധി വന്നപ്പോള്‍ അത് നടപ്പിലാക്കിയ സ്ത്രീകളില്‍ ഒരാളാണ്. അവര്‍ ചരിത്രത്തില്‍ ഇടമുള്ള വ്യക്തിയാണ്. അത്രയേറെ പ്രാധാന്യമുള്ള ഒരു സ്ത്രീയേയാണ് നിരന്തരം അക്രമിക്കുന്നത്. സംരക്ഷണം നല്‍കാന്‍ കോടതി വിധിയുണ്ട്. എന്നിട്ടും അക്രമിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ പിടിപ്പുകേടാണ്. കാരണം അവരുടെ ദളിത് പശ്ചാത്തലം അവഗണന തുടരുന്നതിന് കാരണമാകുന്നുണ്ട്.

ജിയോ ബേബി

ജിയോ ബേബി

ദളിതരോട് ഭരണകൂടവും പോലീസും എങ്ങനെയാണ് പെരുമാറുന്നതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ശബരിമല പ്രവേശനം നേടിയ സ്ത്രീകളെക്കുറിച്ച് എന്തുകൊണ്ടാണ് പി.എസ്.സി പരീക്ഷയില്‍ ചോദ്യം വരാത്തത്?. അത്രമാത്രം അവഗണനയാണ് ഇവര്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഭരണകൂടവും പോലീസ് വകുപ്പും കൃത്യമായി ഇടപെടുന്നില്ല. ഇതിനെതിരെ പൊതുസമൂഹം പ്രതികരണം ഉണ്ടാവണം. ബിന്ദു അമ്മിണിയെ അക്രമിക്കുമ്പോള്‍ സന്തോഷിക്കുന്നവരെ ഫേസ്ബുക്കില്‍ കാണാം. വീഡിയോക്ക് താഴെ സ്വാമി ശരണം എന്ന് കമന്റിടുന്ന, നൂറ്റാണ്ടുകള്‍ പിറകില്‍ ജീവിക്കുന്ന ജനതയേയും കാണാം. ഇതിനോടൊക്കെയും അതോടൊപ്പം ഭരണകൂടത്തോടുമുള്ള പ്രതിഷേധം ഞാനിവിടെ അറിയിക്കുന്നു.

The Cue
www.thecue.in