ഡി.വൈ.എഫ്.ഐക്ക് മോദിയെ പേടിയെന്ന് പി.കെ ഫിറോസ്
ഏഴ് വര്‍ഷമായി സൈലന്റ് മോഡിലാണ് കേരളത്തിലെ ഡി.വൈ.എഫ്.ഐയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ദ ക്യു അഭിമുഖത്തില്‍ കെ.ടി ജലീല്‍ എം.എല്‍.എയുടെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പി.കെ ഫിറോസ്. കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തുന്ന എല്ലാ അന്വേഷണവും രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാന്‍ കഴിയില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.
പി.കെ ഫിറോസിന്റെ വാക്കുകള്‍
ഡി.വൈ.എഫ്.ഐക്കാണ് നരേന്ദ്രമോദിക്കെതിരെ സംസാരിക്കാന്‍ പേടി. ഏഴ് കൊല്ലം അധികാരത്തിന്റെ തണലില്‍ ജീവിച്ച യുവജന സംഘടനയാണിത്. ഹോട്ടലുകളിലെ ഉണ്ണിയപ്പത്തിന്റെ വിലക്കുറക്കാനും ആമസോണ്‍ കാടുകള്‍ക്ക് തീപിടിച്ചപ്പോള്‍ പതിനൊന്ന് ആളുകളെയും കൂട്ടി ബ്രിസീല്‍ എംപസി പൂട്ടിയ സമയം നോക്കി നടത്തിയതുമാണ് അവര്‍ ആകെ നടത്തിയ സമരം. ഇത് കഴിഞ്ഞാല്‍ പിന്നെ നടത്തിയത് മോദിക്കെതിരെ എന്തോ നൂറ് ചോദ്യം ചോദിച്ചുള്ള പരിപാടിയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി സൈലന്റ് മോഡിലാണ് കേരളത്തിലെ ഡി.വൈ.എഫ്.ഐ. അതേ സമയം യൂത്ത് ലീഗ് സംഘപരിവാറിനും മോദിക്കും ബി.ജെ.പി സര്‍ക്കാരിനും എതിരെ നിരന്തരമായി സമരം നടത്തുന്നത് കേരളത്തിലെ ജനങ്ങളുടെ മുന്നിലുണ്ട്. ഡല്‍ഹിയിലെ ഷഹീന്‍ബാഗ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ഷഹീന്‍ബാഗ് നടത്തിയത് യൂത്ത് ലീഗാണ്. നാല്പത് ദിവസം നീണ്ടു നിന്ന സമരം കോഴിക്കോട്ടായിരുന്നു. പൂക്കോട്ടൂരില്‍ നിന്നും കോഴിക്കോട്ട് കടപ്പുറത്തേക്ക് നടത്തിയ ഡേ-നൈറ്റ് മാര്‍ച്ച്, പാചക വാതക വില വര്‍ദ്ധനക്കെതിരെയുള്ള പ്രതിഷേധങ്ങള്‍, മോദിക്കെതിരെ സംസാരിച്ചു എന്ന ഒറ്റക്കാരണത്താല്‍ സജ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോള്‍ ശ്വേത ഭട്ടിനെ തന്നെ പങ്കെടുപ്പിച്ച് നടത്തിയ വലിയ റാലി, അന്ന് കേരളത്തോടാണ് ശ്വേത ഭട്ട് നന്ദി പറഞ്ഞത്, യൂത്ത് ലീഗിനോടല്ല. കേരളത്തിന്റെ സമരമായാണ് അവര്‍ അതിനെ കണ്ടത്. ഗുജാറാത്ത് കലാപത്തിലെ കുറ്റക്കാര്‍ക്കെതിരെ നിയമ പോരാട്ടം നടത്തിയതിന് ജയിലിലടയ്ക്കപ്പെട്ട ആര്‍.ബി ശ്രീകുമാറിന് ടീസ്റ്റ് സെതല്‍വാദിനും വേണ്ടി ശബ്ദമുയര്‍ത്തി, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയപ്പോള്‍ നോമ്പുകാലമായിട്ടും പതിനായിരങ്ങളെ അണിനിരത്തി നടത്തിയ സമരം. ഇതൊക്കെ മുന്നിലുണ്ട്. ഈഡിയെയോ ബി.ജെ.പിയേയോ പേടിക്കുന്ന ഡി.വൈ.എഫ്.ഐ പോലെയല്ല യൂത്ത് ലീഗ്. പിന്നെ കത്വ ആരോപണത്തിന്റെ കാര്യം. ജലീലിനെതിരെ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച് കോടതിയില്‍ പോകുകയും ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിട്ടും നാണംകെട്ട് രാജിവെക്കാന്‍ ഇടയാക്കിയതിന്റെ പ്രതികാരമാണ് നിരന്തരമായി ആരോപണം ഉന്നയിക്കുന്നതിന്റെ പിന്നിലുള്ളത്. അല്ലാതെ വേറെ കഴമ്പൊന്നുമില്ല. വാദത്തിന് വേണ്ടി പറയുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ പോലീസ് കേസെടുത്തു. രണ്ടര വര്‍ഷമായിട്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് വിളിപ്പിക്കാത്തത്. ആരോപണത്തില്‍ കഴമ്പില്ലെന്ന് അവര്‍ക്ക് അറിയാം. കെ.ടി ജലീലും ഒരു മന്ത്രിയുടെ ഓഫീസും നിരന്തരം ഈ.ഡിയെ സമീപിച്ചു. തെളിവുകളില്ലാത്തതിനാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതി വന്നു. അവര്‍ക്കാണ് ഭരണവും പോലീസുമുള്ളത്. എന്നിട്ടും എന്താണ് അവര്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയാത്തത്.
എല്ലാ അന്വേഷണവും രാഷ്ട്രീയ പ്രേരിതമല്ല
കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തുന്ന എല്ലാ അന്വേഷണവും രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാന്‍ കഴിയില്ല. കേരളത്തിലെ പല കേസുകളിലും യു.ഡി.എഫും എല്‍.ഡി.എഫും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാറുണ്ട്. ടൈറ്റാനിയം കേസും സരിതയുടെ ആരോപണങ്ങളും സി.ബി.ഐ അന്വേഷണത്തിന് വിടുകയാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയതത്. അന്വേഷണത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കേസുകളാണ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയമായി വേട്ടയാടാന്‍ ഉപയോഗിക്കുന്നു എന്ന നിലപാടല്ല യു.ഡി.എഫ് നേതൃത്വം സ്വീകരിച്ചത്. രാഹുല്‍ഗാന്ധി, ഡി.കെ ശിവകുമാര്‍, ചിദംബരം എന്നിവര്‍ക്കെതിരെയെല്ലാം രാഷ്ട്രീയ പ്രേരിതമായി അന്വേഷണം നടത്തുന്നുമുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കേരളാ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തുടങ്ങിയത്. ആ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമ്പോള്‍ മാത്രം രാഷ്ട്രീയ വേട്ടയാണെന്ന് പറയുന്നതിലാണ് യഥാര്‍ത്ഥത്തില്‍ വൈരുദ്ധ്യമുള്ളത്.