
വഴിക്കടവ് ഗ്രാമപഞ്ചായത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായ അഡ്വ.കൃഷ്ണരാജിനെ നിയമിച്ചതിന് പിന്നില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന നിലമ്പൂര്‍ ബിഡിഒയുടെ ഗൂഢതാല്‍പര്യമാണെന്ന് പി.കെ.ഫിറോസ്. സിപിഎം ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയിയുടെ ഭര്‍ത്താവാണ് ബിഡിഒയെന്നും ഫിറോസ് ദ ക്യുവിനോട് പറഞ്ഞു.
തീവ്ര ഹിന്ദുത്വ നിലപാടിലൂന്നിയ വിദ്വേഷ പരാമർശങ്ങളിലൂടെ വിവാദങ്ങളിലും കേസിലും ഉൾപ്പെട്ട അഡ്വ കൃഷ്ണരാജിനെയാണ് മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസലാക്കി നിയമിച്ചത്. സന്തോഷിന്റെ താല്പര്യമാണ് സംഘപരിവാർ പ്രചാരകന്റെ നിയമനത്തിന് പിന്നിൽ. തിരുത്താനും ആവശ്യമായ നടപടി സ്വീകരിക്കാനും മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കൾ നിർദേശം നൽകിയിട്ടുണ്ടെന്നും പികെ ഫിറോസ് പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ ആയിരുന്നു അഡ്വ. കൃഷ്ണരാജ്. കെഎസ്ആർടിസി ഡ്രൈവറെ വർഗീയമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ മണ്ഡലത്തിലാണ് യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത്. കോൺഗ്രസ് അംഗമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്.