മാനന്തവാടി എംഎല്‍എ ഒ.ആര്‍.കേളു മന്ത്രിസഭയിലേക്ക്; വാസവനും എം.ബി.രാജേഷിനും കൂടുതല്‍ വകുപ്പുകള്‍

O R Kelu
O R Kelu
Published on

മാനന്തവാടി എംഎല്‍എ ഒ.ആര്‍.കേളു മന്ത്രിസഭയിലേക്ക്. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച കെ.രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് അദ്ദേഹം മന്ത്രിയാകുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അദ്ദേഹത്തിന് നല്‍കും. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പുനസംഘടനയില്‍ വിവിധ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുത്തും. സിപിഎമ്മിന്റെ ആദിവാസി വിഭാഗമായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ കേളു വയനാട് ജില്ലയില്‍ നിന്ന് സിപിഎം സംസ്ഥാന സമിതിയില്‍ എത്തുന്ന ആദ്യ പട്ടികവര്‍ഗ്ഗ നേതാവും വയനാട്ടില്‍ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രിയുമാണ്.

കുറിച്യ സമുദായാംഗമായ ഒ.ആര്‍.കേളു പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയര്‍മാനാണ്. 2000ല്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2005ലും 2010ലും തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 2015ല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മിയെ പരാജയപ്പെടുത്തി മാനന്തവാടിയില്‍ നിന്ന് എംഎല്‍എയായി. 2021ല്‍ മാനന്തവാടിയില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഒ.ആര്‍.കേളു മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റങ്ങള്‍ വരും. കെ.രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എന്‍ വാസവന് നല്‍കും. പാര്‍ലമെന്ററി കാര്യം എം.ബി.രാജേഷ് ആയിരിക്കും ഇനി കൈകാര്യം ചെയ്യുക. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കെ രാധാകൃഷ്ണന്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in