വോട്ടിംഗ് സമയം കഴിയുമ്പോള്‍ 75 ശതമാനം, സംസ്ഥാനത്ത് ഉയര്‍ന്ന പോളിംഗ് നിരക്ക്; കണക്കുകള്‍ ആരെ തുണക്കും?

വോട്ടിംഗ് സമയം കഴിയുമ്പോള്‍ 75 ശതമാനം, സംസ്ഥാനത്ത് ഉയര്‍ന്ന പോളിംഗ് നിരക്ക്; കണക്കുകള്‍ ആരെ തുണക്കും?
Published on

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം അവസാനിച്ച 6 മണിക്ക് രേഖപ്പെടുത്തിയത് 75 ശതമാനം പോളിംഗ്. 2021ലെ 74.6 ശതമാനം എന്ന നിരക്കിനെ അന്തിമ ശതമാന കണക്കുകള്‍ക്ക് മുന്‍പ് തന്നെ മറികടന്നിരിക്കുകയാണ്. വോട്ടിംഗിന്റെ തുടക്കം മുതല്‍ തന്നെ പോളിംഗ് നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന നിലയായിരുന്നു. മിക്കയിടങ്ങളിലും വലിയ ക്യൂ തന്നെ ദൃശ്യമായി. ഉച്ചയോടെ കടുത്ത ചൂട് പോളിംഗിനെ നേരിയ തോതില്‍ ബാധിച്ചെങ്കിലും വെയില്‍ ശമിച്ചതോടെ ജനങ്ങള്‍ പോളിംഗ് സ്‌റ്റേഷനുകളിലേക്ക് എത്തി. പോളിംഗ് സമയം അവസാനിച്ച സമയത്ത് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി അവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നുണ്ട്. പലയിടങ്ങളിലും നീണ്ട ക്യൂ ദൃശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉയര്‍ന്ന പോളിംഗ് നിരക്ക് മുന്നണികള്‍ക്കും പ്രതീക്ഷയാണ് നല്‍കുന്നത്. പോളിംഗ് നിരക്ക് ഉയര്‍ന്നാല്‍ അത് അനുകൂലമാകുമെന്നാണ് ഒരു യുഡിഎഫ് വിലയിരുത്തുന്നതെങ്കിലും എല്‍ഡിഎഫ് അതിനെ തള്ളുകയാണ്. 2016ല്‍ പോളിംഗ് ശതമാനം കൂടുതലായിരുന്നു. എല്‍ഡിഎഫാണ് അന്ന് വിജയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. 2021ല്‍ ഇതില്‍ നിന്ന് നേരിയ കുറവുണ്ടായെങ്കിലും എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തില്‍ എത്തി. പോളിംഗ് ശതമാനം കൂടുന്നതും കുറയുന്നതും വിജയ സാധ്യതയെ ബാധിക്കില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്. അതേസമയം ഉയര്‍ന്ന കണക്കുകള്‍ യുഡിഎഫിനെ തുണക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉച്ചയോടെ തന്നെ പോളിംഗ് 40 ശതമാനം പിന്നിട്ടിരുന്നു. മൂന്ന് മണിയോടെ ഇത് 62.71 ശതമാനത്തിലേക്ക് കുതിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ 67 ശതമാനമെന്ന് രേഖപ്പെടുത്തിയ കണക്ക് ഇതിനിടെ ഒന്ന് തിരുത്തി 62 ശതമാനമാക്കിയിരുന്നു. പോളിംഗ് 90 ശതമാനം കടന്നേക്കാമെന്നാണ് സംസ്ഥാന മുഖ്യ പോളിംഗ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പ്രതികരിച്ചത്. എസ്‌ഐആര്‍ വോട്ടിംഗ് ശതമാനത്തെ സ്വാധീനിച്ചിരിക്കാമെന്നായിരുന്നു വോട്ടിംഗ് ട്രെന്‍ഡ് അനുസരിച്ച് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളാണ് പോളിംഗിനായി സജ്ജമാക്കിയിരുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ സമാധാനപരമായ തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. മെയ് നാലിനാണ് വോട്ടെണ്ണല്‍. പാര്‍ട്ടികളും മുന്നണികളും ബൂത്ത് തലത്തില്‍ നടത്തുന്ന കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ വിജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന 25 ദിവസങ്ങളാണ് ഇനി മുന്നിലുള്ളത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും വരും ദിവസങ്ങളില്‍ പുറത്തു വരും. പ്രചാരണത്തിന് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം ലഭിച്ച തെരഞ്ഞെടുപ്പിന് ശേഷം ഇനി ഫലത്തിനായി നാലാഴ്ചയോളം കാത്തിരിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in