
ഗോകുലം ഗ്രൂപ്പ് പ്രവാസികളിൽ നിന്ന് ചട്ടം ലംഘിച്ച് 593 കോടി സമാഹരിച്ചുവെന്ന് ഇഡി കണ്ടെത്തൽ. ചിട്ടിക്കെന്ന പേരിൽ പണമായും ചെക്കായും തുക വാങ്ങി. പ്രവാസികൾക്ക് പണമായി തിരികെ നൽകിയതും ചട്ടലംഘനം. ഒന്നരക്കോടി രൂപയും ഫെമ ചട്ടലംഘനത്തിൻറെ തെളിവുകളും പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു.
കോഴിക്കോടും ചെന്നൈയിലുമായി മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തു. കോടമ്പാക്കത്തെ കോർപറേറ്റ് ഓഫീസിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇന്ത്യയ്ക്ക് പുറത്തുള്ള വ്യക്തികളിൽ നിന്ന് ചിട്ടി ഫണ്ടുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ശേഖരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇഡി ഗോകുലം ഗ്രൂപ്പിനെ നിരീക്ഷിച്ച് വരികയായിരുന്നു.
കോടമ്പാക്കത്തെ കോർപ്പറേറ്റ് ഓഫീസിൽ വെള്ളിയാഴ്ച രാവിലെ ഒൻപതരയ്ക്ക് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് ശനിയാഴ്ച പുലർച്ചയോടെയാണ്. റെയ്ഡിനൊപ്പം ഗോകുലം ഗ്രൂപ്പ് എംഡി ഗോകുലം ഗോപാലനെയും ഇഡി ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യം കോഴിക്കോടും പിന്നീട് ചെന്നൈയിലേക്കും വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഈ പരിശോധനയിലാണ് വിദേശ നാണയ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായി ഇഡി കണ്ടെത്തിയത്.