ലീഗ് വേദിയിലേക്ക് പിണറായി; ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി

ലീഗ് വേദിയിലേക്ക് പിണറായി; ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി

മുസ്ലിംലീഗ് വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി ഈ മാസം 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇടതു മുഖ്യമന്ത്രിമാരില്‍ പിണറായി വിജയനെ മാത്രമാണ് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ചടങ്ങില്‍ ഉദ്ഘാടനത്തിനായി പങ്കെടുപ്പിച്ചിട്ടുള്ളത്. നേരത്തെ തിരുവനന്തപുരത്തെ സി.എച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തതും പിണറായി വിജയനാണ്.

പി.കെ കുഞ്ഞാലിക്കുട്ടിയും കെ.ടി ജലീലും രഹസ്യ കൂടിക്കാഴ്ച നടത്തിയത് ദ ക്യു പുറത്ത് വിട്ടിരുന്നു. പിന്നാലെ സി.പി.എം നേതാവ് തോമസ് ഐസക് പി.കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റും ഇട്ടതോടെ മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലീഗ് വേദിയിലെത്തുന്നത്.

മന്ത്രിമാരായ വി.എന്‍ വാസവന്‍, വി.അബ്ദുറഹിമാന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാത്രമാണുള്ളത്.

മുഹമ്മദാലി ശിഹാബ് തങ്ങളുടെ പേരിലുള്ള സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടതു സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ടെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിന് കാരണമായി ലീഗ് നേതൃത്വം പറയുന്നത്. നൂറ് കോടി ചിലവിട്ടാണ് ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്. അബ്ദുറഹ്‌മാന്‍ രണ്ടത്താണിയാണ് ആശുപത്രി ഭരണസമിതിയുടെ ചെയര്‍മാന്‍.

Related Stories

No stories found.
logo
The Cue
www.thecue.in