.png?w=480&auto=format%2Ccompress&fit=max)
.png?w=480&auto=format%2Ccompress&fit=max)
ഹേമകമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കെ. സുരേന്ദ്രൻ പറഞ്ഞത്
പാർട്ടി നിലപാട് പറയാൻ പാർട്ടി അധ്യക്ഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അക്കാര്യങ്ങൾ അധ്യക്ഷൻ സംസാരിക്കും. മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാട്. സുരേഷ്‌ഗോപിയല്ല നയപരമായ തീരുമാനം എടുക്കേണ്ടത്. അദ്ദേഹം സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. അതിനെ മാധ്യമങ്ങളാണ് വലുതാക്കി കാണിക്കുന്നത്. ആരോപണങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന സുരേഷ് ഗോപിയുടെ നിലപാട് ശരിയല്ല, അതെല്ലാം ഇവിടെ വ്യകതമാണ്. ചലച്ചിത്ര മേഖലയിലെ എല്ലാ താരങ്ങളെയും സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണ്. സർക്കാർ അതിൽ കുറ്റക്കാരാണ്.
ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. സർക്കാരിന്റെ ആത്മാർത്ഥതയാണ് ഇവിടെ കാണുന്നത്. ഇഷ്ടക്കാർക്ക് എന്തുമാകാമെന്ന സർക്കാർ നിലപാടാണ് മുകേഷിന്റെ ധാർഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എംഎൽഎയുടെ രാജി എഴുതി വാങ്ങാൻ പിണറായി തയ്യാറാകണം.
മുകേഷിന്റെ കാര്യത്തിൽ കോടതി വല്ലതും പറഞ്ഞോ, ഇപ്പോൾ നിലനിൽക്കുന്നത് ആരോപണങ്ങൾ മാത്രമാണെന്നായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നും 'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ 'അമ്മ' ഓഫിസിൽ നിന്നിറങ്ങുമ്പോൾ മാത്രം ചോദിച്ചാൽ മതിയെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
സുരേഷ്‌ഗോപി പറഞ്ഞത്
മുകേഷിന്റെ കാര്യത്തിൽ കോടതി വല്ലതും പറഞ്ഞോ. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ എന്റെ ഓഫീസിനെ സംബന്ധിക്കുന്ന കാര്യങ്ങൾ ചോദിക്കണം. വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനിൽ നിന്ന് ഇറങ്ങി വരുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കൂ. ആരോപണങ്ങളൊക്കെ മാധ്യമസൃഷ്ടിയാണ്. ഇത് മാധ്യമങ്ങളുടെ തീറ്റയാണ്. ഇതുവെച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ. പക്ഷെ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടുകയാണ് മാധ്യമങ്ങൾ. വിഷയങ്ങളെല്ലാം കോടതിക്ക് മുമ്പിലുണ്ട്. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. കോടതി തീരുമാനിക്കും. സർക്കാർ കോടതിയിൽ കൊണ്ടുചെന്നാൽ അവർ എടുത്തോളും.