'നിങ്ങളാണോ കോടതി', വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റ; മുകേഷിനെതിരായ ആരോപണത്തിൽ സുരേഷ് ഗോപി
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിൽ ഉയർന്നുവരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നും 'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ 'അമ്മ' ഓഫിസിൽ നിന്നിറങ്ങുമ്പോൾ മാത്രം ചോദിച്ചാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ്‌ഗോപി പറഞ്ഞത്
മുകേഷിന്റെ കാര്യത്തിൽ കോടതി വല്ലതും പറഞ്ഞോ. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ എന്റെ ഓഫീസിനെ സംബന്ധിക്കുന്ന കാര്യങ്ങൾ ചോദിക്കണം. വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനിൽ നിന്ന് ഇറങ്ങി വരുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കൂ. ആരോപണങ്ങളൊക്കെ മാധ്യമസൃഷ്ടിയാണ്. ഇത് മാധ്യമങ്ങളുടെ തീറ്റയാണ്. ഇതുവെച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ. പക്ഷെ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടുകയാണ് മാധ്യമങ്ങൾ. വിഷയങ്ങളെല്ലാം കോടതിക്ക് മുമ്പിലുണ്ട്. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. കോടതി തീരുമാനിക്കും. സർക്കാർ കോടതിയിൽ കൊണ്ടുചെന്നാൽ അവർ എടുത്തോളും.
അതെ സമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. മുകേഷ് രാജിവെക്കണം എന്നുതന്നെയാണ് പാർട്ടിനിലപാട്. സുരേഷ് ഗോപി പ്രതികരിച്ചത് സിനിമ നടൻ എന്ന നിലക്ക് ആണെന്നും അത് പാർട്ടി നിലപാടായി കാണേണ്ടതില്ലെന്നും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സ്ത്രീ പീഡനത്തിന്റെ അപ്പോസ്തലനായ മുകേഷിൽ നിന്ന് രാജി എഴുതിവാങ്ങാൻ പിണറായി വിജയൻ തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.