റെക്കോര്‍ഡുകളുടെ അമരം കാത്ത കെഎം മാണി 

റെക്കോര്‍ഡുകളുടെ അമരം കാത്ത കെഎം മാണി 

പൊതുജീവിതത്തിലെ റെക്കോര്‍ഡുകളില്‍ പകരക്കാരനില്ലാത്ത അമരക്കാരനാണ് കെ എം മാണി

പൊതുജീവിതത്തിലെ റെക്കോര്‍ഡുകളില്‍ പകരക്കാരനില്ലാത്ത അമരക്കാരനാണ് കെ എം മാണി. സംസ്ഥാനത്ത് കൂടുതല്‍ കാലം നിയമസഭാംഗമായതിന്റെ റെക്കോര്‍ഡ് കെ എം മാണിക്കാണ്. 54 വര്‍ഷം അദ്ദേഹം സഭയില്‍ പൂര്‍ത്തിയാക്കി. ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയിച്ചെന്നതാണ് മറ്റൊരു സവിശേഷത. 13 തവണ തുടര്‍ച്ചയായി പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. ഒരിക്കല്‍ പോലും പരാജയപ്പെടാതെ കൂടുതല്‍ കാലം നിയമസഭാംഗമായെന്ന നേട്ടവും മാണിക്ക് സ്വന്തം.

1965 ലാണ് ആദ്യമായി പാലായില്‍ നിന്ന് നിയമസഭയിലെത്തിയത്. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ സഭ രൂപീകരിക്കപ്പെട്ടില്ല. ശേഷം 1967 ല്‍ വിജയം ആവര്‍ത്തിച്ചു. 1967 മാര്‍ച്ച് 15 നാണ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2017 മാര്‍ച്ച് 15 ന് നിയമസഭാംഗമെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി. 1967 ല്‍ സഭ രൂപീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഈ നേട്ടം മാണിക്ക് 2 വര്‍ഷം മുന്‍പേ നേടാമായിരുന്നു. 2014 മാര്‍ച്ചില്‍ ഗൗരിയമ്മയെ പിന്നിലാക്കിയാണ് എറ്റവും കൂടുതല്‍ കാലം എംഎല്‍എ ആകുന്നതിന്റെ റെക്കോര്‍ഡ് മാണി കൈവരിച്ചത്.

കൂടുതല്‍ കാലം മന്ത്രിയായിരുന്നതിന്റെ റെക്കോര്‍ഡും കെഎം മാണിയുടെ പേരിലാണ്. 12 മന്ത്രിസഭകളില്‍ അംഗമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ധന നിയമ വകുപ്പുകള്‍ കയ്യാളിയത് അദ്ദേഹമാണ്. കൂടുതല്‍ കാലം മന്ത്രിയായിരുന്നതിന്റെ റെക്കോര്‍ഡ് നേരത്തേ ബേബി ജോണിനായിരുന്നു. 7 മന്ത്രിസഭകളിലായി 6061 ദിവസമാണ് ബേബി ജോണ്‍ മന്ത്രിയായിരുന്നത്. അതായത് 17 വര്‍ഷവും 7 മാസവും. ഈ റെക്കോര്‍ഡ് 2003 ജൂണ്‍ 22 ന് കെ എം മാണി തന്റെ പേരിലാക്കി. ആദ്യമായി 1975 ഡിസംബര്‍ 26 ന് അച്യുതമേനോന്‍ മന്ത്രിസഭയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അച്യുതമേനോന്‍, നായനാര്‍, പികെ വാസുദേവന്‍ നായര്‍ മന്ത്രിസഭകളില്‍ ഓരോ വട്ടം മന്ത്രിയായി. കരുണാകരന്റെ 4 മന്ത്രിസഭകളിലും ആന്റണിയുടെ 3 മന്ത്രിസഭകളിലും ഉമ്മന്‍ചാണ്ടിയുടെ 2 മന്ത്രിസഭകളിലും പ്രവര്‍ത്തിച്ചു. കൂടുതല്‍ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ റെക്കോര്‍ഡും മാണിക്കാണ്. 13 തവണ. 1977-78 കാലയളവില്‍ മന്ത്രിയായിരിക്കെ രാജിവെയ്ക്കുകയും ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയും ചെയ്തതിനാലാണ് ഒരു സത്യപ്രതിജ്ഞ അധികമായി വന്നത്.

കെ എം മാണി സഭാ ചരിത്രം

1975 ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രി

1977 ഏപ്രില്‍ മുതല്‍ 1979 ജൂലൈ വരെ ആഭ്യന്തരമന്ത്രി

1980 ജനുവരി മുതല്‍ 81 ഒക്ടോബര്‍ വരെ ധനകാര്യ-നിയമ മന്ത്രി

1981 ഡിസംബര്‍ മുതല്‍ 1986 മെയ് വരെ ധനകാര്യ-നിയമ മന്ത്രി

1987 ല്‍ ജലവിഭവ-നിയമ മന്ത്രി

1987 ല്‍ റവന്യൂ- നിയമ മന്ത്രി

1991 ജൂണ്‍ മുതല്‍ 1996 മാര്‍ച്ച് വരെ റവന്യൂ- നിയമ മന്ത്രി

2001 മെയ് മുതല്‍ - 2006 മെയ് വരെ റവന്യൂ നിയമ മന്ത്രി

2011 മെയ് മുതല്‍ -2015 നവംബര്‍ വരെ ധനകാര്യ- നിയമ മന്ത്രി

  • അച്യുതമേനോന്‍ മന്ത്രിസഭയില്‍ - 455 ദിവസം
  • കരുണാകരന്റെ 4 മന്ത്രിസഭകളിലായി 3229 ദിവസം
  • ആന്റണിയുടെ 3 മന്ത്രിസഭകളിലായി 1472 ദിവസം
  • പികെവി മന്ത്രിസഭയില്‍ 270 ദിവസം
  • നായനാരുടെ മന്ത്രിസഭയില്‍ 635 ദിവസം
  • ഉമ്മന്‍ചാണ്ടിയുടെ 2 മന്ത്രിസഭകളിലായി 2259 ദിവസം
  • 2015 നവംബര്‍ 10 ന് ബാര്‍ കോഴയാരോപണത്തില്‍ രാജി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡ് കെ എം മാണിക്കാണ്. 13 തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്. 13 ബജറ്റ് അവതരിപ്പിച്ച കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് രാജ്യത്ത് ഈ നേട്ടത്തില്‍ മാണിക്കൊപ്പമുള്ളത്. 1976 ലാണ് ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്.

കോട്ടയം മീനച്ചല്‍ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷക ദമ്പതികളായ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 നായിരുന്നു കെ എം മാണിയുടെ ജനനം. തൃശ്‌നാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളില്‍ നിന്നായി നിയമ ബിരുദവും നേടി. ഹൈക്കോടതി ജഡ്ജി പി ഗോവിന്ദമേനോന്റെ കീഴില്‍ 1955ല്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്നായിരുന്നു രാഷ്ട്രീയ പ്രവേശം. 1959 ല്‍ കോണ്‍ഗ്രസില്‍ അംഗത്വം നേടി. 1964 ല്‍ കേരളകോണ്‍ഗ്രസിന്റെ ഭാഗമായി. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവാണ്. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എം ന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. അധ്വാന വര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in