മോദിയുടെ വിശ്വസ്തനായ കണ്ണൂരുകാരന്‍, വാജ്പേയ്-മോദി ഭരണകാലങ്ങളില്‍ ബിജെപിയിലെ ശക്തന്‍ 

മോദിയുടെ വിശ്വസ്തനായ കണ്ണൂരുകാരന്‍, വാജ്പേയ്-മോദി ഭരണകാലങ്ങളില്‍ ബിജെപിയിലെ ശക്തന്‍ 

നരേന്ദ്രമോദിയുടെ രണ്ടാം കേന്ദ്രമന്ത്രിസഭയില്‍ അംഗമാകാന്‍ കേരളാ ബിജെപിയില്‍ നിന്ന് വി മുരളീധരനാണ് അവസരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഭരണകാലത്ത് എം പി സ്ഥാനമാണ് വി മുരളീധരന് ലഭിച്ചത്. ഇക്കുറി കേന്ദ്രമന്ത്രിയാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രനേതൃത്വത്തിന്റെയും ഏറ്റവും വിശ്വസ്ഥനായ കേരളാ ബിജെപി നേതാവായും മുരളീധരന്‍ മാറുകയാണ്. ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവ് എന്ന നിലയിലാണ് കേന്ദ്രനേതൃത്വം വി മുരളീധരനെ പരിഗണിക്കുന്നത്. വാജ്പേയി ഭരണകാലത്തും നരേന്ദ്രമോദി ഭരണകാലത്തും ഒരു പോലെ ശക്തനായ ബിജെപി നേതാവ് കൂടിയാണ് കണ്ണൂര്‍ തലശ്ശേരി എരഞ്ഞോളി സ്വദേശിയായ വി മുരളീധരന്‍.

വണ്ണത്താന്‍വീട്ടില്‍ ഗോപാലന്റെയും നമ്പള്ളി വെള്ളാംവെള്ളി ദേവകിയുടെയും മകനായി 1958 ലായിരുന്നു വി മുരളീധരന്റെ ജനനം. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബമായിരുന്നെങ്കിലും 9ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുരളീധരന്‍ എബിവിപിയില്‍ ആകൃഷ്ടനായി. 1972ല്‍ കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കപ്പെട്ടതാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് അകല്‍ച്ചയ്ക്കുള്ള കാരണമെന്ന് മുരളീധരന്‍ പറഞ്ഞിട്ടുണ്ട്.

തലശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. പ്രീഡിഗ്രി കാലത്ത് അടിയന്തിരാവസ്ഥയ്‌ക്കെതിരെ എബിവിപിയുടെ രഹസ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നുവെന്ന് മുരളീധരന്‍. 1978 ല്‍ എബിവിപിയുടെ തലശ്ശേരി താലൂക്ക് സെക്രട്ടറിയായി. 1979 ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1980 ല്‍ എബിവിപിയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി. 25 ാം വയസ്സില്‍ എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായി. 1983 മുതല്‍ 11 വര്‍ഷം ഈ സ്ഥാനത്തുതുടര്‍ന്നു. അതിനിടെ 87 മുതല്‍ 90 വരെ അഖിലേന്ത്യാ സെക്രട്ടറി പദവിയുമുണ്ടായിരുന്നു. 1994 ല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു .രണ്ടുവര്‍ഷമാണ് ഈ സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബം പ്രതിസന്ധിയിലായപ്പോള്‍ ഇടക്കാലത്ത് എല്‍ഡി ക്ലര്‍ക്ക് ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ പിന്നീട് ജോലി വിടുകയും കോഴിക്കോട് ആര്‍എസ്എസ് കാര്യാലയത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയും ജോലി വിടുകയും ചെയ്തു.

എബിവിപിയുടെ ഉത്തരമേഖലാ ചുമതല ലഭിച്ചതിന് പിന്നാലെ 13 വര്‍ഷം ആര്‍എസ്എസ് പ്രചാരകനായിരുന്നു വി മുരളീധരന്‍. പ്രീഡിഗ്രി ബോര്‍ഡ് വിരുദ്ധ പ്രക്ഷോഭത്തിനും പോളിടെക്‌നിക് സമരത്തിനും സംസ്ഥാനത്ത് നേതൃത്വം നല്‍കിയിട്ടുണ്ട്. വാജ്‌പേയി സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ ബിജെപി ആസ്ഥാനത്ത് സെക്രട്ടറിയായിരുന്ന വെങ്കയ്യ നായിഡുവിന്റെ സഹായിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് നെഹ്‌റു യുവകേന്ദ്ര വൈസ് ചെയര്‍മാന്‍, ഡയറക്ടര്‍ ജനറല്‍, എന്‍ജിഒ സെല്ലിന്റെ ദേശീയ കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചു. 2006 ല്‍ ബിജെപി കേരള ഘടകത്തിന്റെ ഉപാദ്ധ്യക്ഷ പദവിയില്‍ അവരോധിക്കപ്പെട്ടു. 2010 ല്‍ അദ്ധ്യക്ഷ പദവി കൈവന്നു. നിലവില്‍ ദേശീയ നിര്‍വാഹകസമിതി അംഗമാണ്. മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭാംഗത്വം. ഭാര്യ ഡോ. കെ എസ് ജയശ്രീ കോഴിക്കോട് ചേളന്നൂര്‍ എസ്എന്‍ കോളജ് അദ്ധ്യാപികയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in