തൂക്കുസഭയെങ്കില്‍ നിര്‍ണായക  ട്വിസ്റ്റിന് കോണ്‍ഗ്രസ്; ചടുല നീക്കങ്ങള്‍ക്ക് ധാരണ 

തൂക്കുസഭയെങ്കില്‍ നിര്‍ണായക ട്വിസ്റ്റിന് കോണ്‍ഗ്രസ്; ചടുല നീക്കങ്ങള്‍ക്ക് ധാരണ 

രാജ്യമൊന്നടങ്കം ഉറ്റുനോക്കുന്ന നിര്‍ണ്ണായക പൊതുതെരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പ്രസ്തുത പ്രവചനങ്ങള്‍ കോണ്‍ഗ്രസ് ക്യാംപിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മൂന്നക്കത്തിലെത്താനായില്ലെങ്കില്‍ കോണ്‍ഗ്രസിന് അത് കനത്ത പ്രഹരമാകും. തൂക്കുസഭയാണെങ്കില്‍ ഒരു നിമിഷം അമാന്തിക്കാതെ ചടുലമായ രാഷ്ട്രീയ ഇടപെടലുകളുണ്ടാകണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷമില്ലെങ്കില്‍ ഏതുവിധേനയും സംഖ്യ തികയ്ക്കാനാണ് നീക്കം. ഇതിനായി കര്‍ണാടക മോഡല്‍ പയറ്റാമെന്നാണ് നേതൃതല ധാരണ.

543 അംഗങ്ങളാണ് ലോക്‌സഭയുടെ അംഗബലം. കേവല ഭൂരിപക്ഷത്തിന് 272 പേരുടെ പിന്‍തുണ വേണം. ഈ സംഖ്യ തികയ്ക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചില്ലെങ്കില്‍ ഉടന്‍ രാഷ്ട്രപതിയെ കാണാനാണ് കോണ്‍ഗ്രസ് തീരുമാനം. രാംനാഥ് കോവിന്ദിനെ കണ്ട് ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. കര്‍ണാടക മാതൃകയില്‍ മറ്റ് കക്ഷികളുമായി അധികാരം പങ്കിട്ടാകും ഈ ഇടപെടല്‍. ഫലപ്രഖ്യാപനം പുരോഗമിക്കുമ്പോള്‍ ട്രെന്‍ഡനുസരിച്ചാകും നിലപാടുറപ്പിക്കുക. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സന്നദ്ധതയുള്ള മുഴുവന്‍ പാര്‍ട്ടികളുമായും ആശയവിനിമയം നടത്തും. കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം ജെഡിഎസിന് വിട്ടുകൊടുത്താണ് ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. കര്‍ണാടകയില്‍ 104 സീറ്റുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസിന് 78 ഉം ജനതാദള്‍ എസിന് 37 ഉം സീറ്റ് ലഭിച്ചു. ഒരു ബിഎസ്പി അംഗവും വിജയിച്ചു. ഇതോടെ ജനതാദളിനെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഫലപ്രഖ്യാപനം പൂര്‍ണമാകുന്നതിന് മുന്‍പാണ് സോണിയ ദേവഗൗഡയുമായി ഫോണില്‍ സംസാരിച്ച് ജെഡിഎസിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തത്.

ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല. നേതാക്കള്‍ അമാന്തിച്ചതാണ് ഇവിടങ്ങളില്‍ ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ബിജെപി നിയന്ത്രിക്കുന്ന ഗവര്‍ണര്‍മാര്‍ ഇറ്റവും വലിയ ഒറ്റക്കക്ഷിയെ മാറ്റിനിര്‍ത്തി എന്‍ഡിഎയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കര്‍ണാടകയില്‍ കാലേകൂട്ടി കോണ്‍ഗ്രസ് ജെഡിഎസുമായി ആശയവിനിമയം നടത്തിയത്. സമാന ജാഗ്രത മെയ് 23 ന് പ്രാവര്‍ത്തികമാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ ,അഭിഷേക് സിങ്‌വി എന്നിവരുമായി ആശയ വിനിമയം നടത്തി രാഹുല്‍ ഗാന്ധി പദ്ധതി തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടികളുടെ പിന്‍തുണ സംബന്ധിച്ച നിയമവശങ്ങളുടെ നിര്‍വഹണത്തിനായി അഭിഷേക് സിങ്‌വിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൂക്കുസഭയാണെന്ന് കണ്ടാല്‍ ഉടന്‍ സോണിയ മറ്റ് കക്ഷിനേതാക്കളെ ബന്ധപ്പെടും.

പ്രതിപക്ഷത്ത് ആകെ 22 പാര്‍ട്ടികളുണ്ട്. എന്‍സിപി നേതാവ് ശരത് പവാര്‍, ബിഎസ്പി അദ്ധ്യക്ഷ മായാവതി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി സമാജ് വാദി പാര്‍ട്ടി നേതാക്കളായ മുലായം - അഖിലേഷ്, ജനതാദള്‍ എസ് നേതാവ് ദേവഗൗഡ തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡു എന്നിവരെല്ലാം പ്രധാനമന്ത്രി പദ മോഹികളാണ്. മേല്‍പ്പറഞ്ഞ രാഷ്ട്രീയ അസ്ഥിരതയുണ്ടായാല്‍ 30 സീറ്റുകള്‍ നേടുന്ന കക്ഷികള്‍ കോണ്‍ഗ്രസിനോട് പ്രധാനമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇടയുണ്ട്.

തൂക്കുസഭയാണെങ്കില്‍ സമാന നീക്കങ്ങള്‍ തന്നെയാകും മോദി ക്യാംപും പയറ്റുക. എന്‍ഡിഎയ്ക്ക് പുറത്തുനിന്ന് പിന്‍തുണ ലഭിക്കാവുന്നത് നവീന്‍ പട്‌നായിക് (ബിജു ജനതാദള്‍) കെ ചന്ദ്രശേഖര റാവു (തെലങ്കാന രാഷ്ട്ര സമിതി) ജഗന്‍മോഹന്‍ റെഡ്ഡി ( വൈഎസ്ആര്‍ കോണ്‍ഗ്രസ്) എന്നിവരില്‍ നിന്നാണ്. മൂന്നുപാര്‍ട്ടികളും യുപിഎയില്‍ ഇല്ല. ഏതുവിധേയനയും പ്രതിപക്ഷ കക്ഷികളെയടക്കം കൂടാരത്തിലെത്തിക്കാന്‍ അമിത്ഷാ ക്യാമ്പില്‍ നിന്ന് നീക്കങ്ങളുണ്ടാകുമെന്നും ഉറപ്പാണ്.

Related Stories

No stories found.
logo
The Cue
www.thecue.in