നീറ്റ് പരീക്ഷയ്ക്ക് തലേന്ന് ചോദ്യ പേപ്പര്‍ ലഭിച്ചുവെന്ന് പിടിയിലായ വിദ്യാര്‍ത്ഥി; വിശ്വാസ്യത നഷ്ടമാകുന്ന പരീക്ഷകള്‍

Neet
Neet
Published on

മെഡിക്കല്‍ യുജി നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് പിടിയിലായ വിദ്യാര്‍ത്ഥിയുടെ മൊഴി. ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്നും പരീക്ഷയുടെ തലേദിവസം അത് ലഭിച്ചുവെന്നുമാണ് മൊഴി. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്ന് അറസ്റ്റിലായ അനുരാഗ് യാദവ് എന്ന വിദ്യാര്‍ത്ഥിയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. അനുരാഗ് യാദവിനു പുറമേ നിതീഷ് കുമാര്‍, അമിത് ആനന്ദ്, സിഖന്ദര്‍ യാദവേന്ദു എന്നിവരും പിടിയിലായിട്ടുണ്ട്. ഇവര്‍ കുറ്റസമ്മതം നടത്തി.

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ സിഖന്ദര്‍ യാദവേന്ദു മെയ് നാലിന് തനിക്ക് ചോദ്യ പേപ്പര്‍ നല്‍കിയെന്നും അത് മനഃപാഠമാക്കിയാണ് തൊട്ടടുത്ത ദിവസം പരീക്ഷ എഴുതിയതെന്നുമാണ് അനുരാഗ് യാദവ് വെളിപ്പെടുത്തിയത്. അമിത് ആനന്ദും നിതീഷ് കുമാറും ചേര്‍ന്നാണ് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ കഴിയുമെന്ന് തന്നെ അറിയിച്ചതെന്ന് സിഖന്ദര്‍ യാദവേന്ദു പറഞ്ഞു. ചോദ്യ പേപ്പര്‍ ആവശ്യമുള്ള നാലുപേരെ തനിക്ക് അറിയാമെന്ന് താന്‍ മറുപടി നല്‍കി. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യ പേപ്പര്‍ കൈമാറിയത്. വിദ്യാര്‍ത്ഥികളോട് 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പ്രതികള്‍ വെളിപ്പെടുത്തി. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 13 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനിടെയാണ് ചൊവ്വാഴ്ച നടന്ന യുജിസി-നെറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് റദ്ദാക്കിയത്. നീറ്റ് നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി, എന്‍ടിഎ തന്നെയാണ് യുജിസി പരീക്ഷയുടെയും നടത്തിപ്പുകാര്‍. ചോദ്യങ്ങള്‍ ചോര്‍ന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. ക്രമക്കേടില്‍ സിബിഐ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്. 11.21 ലക്ഷം പേരാണ് രാജ്യമൊട്ടാകെയുള്ള 1205 കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയത്. നെറ്റ് പരീക്ഷ കൂടി റദ്ദാക്കപ്പെട്ടതോടെ എന്‍ടിഎയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ജൂണ്‍ 12ന് ബിഎഡ് പ്രോഗ്രാമിലേക്ക് നടത്തിയ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റും റദ്ദാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in