മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയ വിവാദ പരാമര്‍ശങ്ങള്‍ ഒറ്റവായനയില്‍ 

മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയ വിവാദ പരാമര്‍ശങ്ങള്‍ ഒറ്റവായനയില്‍ 

സൈന്യത്തെ പ്രചരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശം നിലവിലുണ്ട്. വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വോട്ട് ആകര്‍ഷിക്കാന്‍ ഉപകരണമാക്കരുതെന്നും കമ്മീഷന്‍ വ്യക്തമാക്കിയതാണ്. വര്‍ഗീയ ധ്രുവീകരണ പ്രസ്താവനകള്‍ പാടില്ലെന്ന ഉത്തരവും നിലവിലുണ്ട്. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തുന്ന രീതിയിലായിരുന്നു ബിജെപി റാലികളിലെ നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍. ഇതുസംബന്ധിച്ച് കോണ്‍ഗ്രസും ഇതരപാര്‍ട്ടികളും ഉന്നയിച്ച പരാതികളിലെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റും നല്‍കി. എന്നാല്‍ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികളില്‍ മോദിക്ക് ശുദ്ധപത്രം നല്‍കിയതിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. പരാതിക്കിടയാക്കിയ മോദിയുടെ പരാമര്‍ശങ്ങള്‍ ഇങ്ങനെ.

'രാഹുല്‍ മുസ്ലിം ഭൂരിപക്ഷ മേഖലയിലേക്ക് ഒളിച്ചോടി'

ഹിന്ദു മേഖലയില്‍ നിന്ന് മുസ്ലിം ഭൂരിപക്ഷ കേന്ദ്രത്തിലേക്ക് രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്ന് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ബിജെപി റാലിയില്‍ മോദി. ഏപ്രില്‍ ഒന്നിനായിരുന്നു വിവാദ പ്രസംഗം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അമേഠിക്ക് പുറമെ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നുവെന്ന് അറിയിപ്പ് വന്നതിന് പിന്നാലെയായിരുന്നു പ്രസ്താവന. ഹിന്ദു മേഖലയില്‍ മത്സരിക്കാന്‍ ഭയക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിം കേന്ദ്രങ്ങളിലേക്ക് ഓടുകയാണെന്നും മോദി പറഞ്ഞു.

'ന്യൂനപക്ഷ സീറ്റുകള്‍ കണ്ടെത്താന്‍ മൈക്രോസ്‌കോപ്പ്'

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍, ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സീറ്റുകള്‍ കോണ്‍ഗ്രസ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് കണ്ടുപിടിച്ചെന്ന് മഹാരാഷ്ട്രയിലെ നന്ദേഡില്‍ നരേന്ദ്രമോദി. ഏപ്രില്‍ 6 നായിരുന്നു വിദ്വേഷ പരാമര്‍ശം.

'കന്നിവോട്ട് സൈനികര്‍ക്ക് സമര്‍പ്പിക്കണം'

കന്നിവോട്ടര്‍മാര്‍, പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബാലാകോട്ട് പ്രത്യാക്രമണത്തില്‍ പങ്കാളികളായ ജവാന്‍മാര്‍ക്കും വേണ്ടി ആദ്യ വോട്ട് സമര്‍പ്പിക്കണമെന്ന് മഹാരാഷ്ട്രയിലെ ലാത്തൂരില്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലും മോദി ഇതാവര്‍ത്തിച്ചു. ഏപ്രില്‍ 9 നായിരുന്നു രണ്ടിടത്തെയും പ്രസംഗം.

'അഭിനന്ദനെ വിട്ടില്ലായിരുന്നെങ്കില്‍ കശാപ്പിന്റെ രാത്രിയായേനെ'

നമ്മുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ വിടില്ലെന്ന് പാകിസ്താനെ താക്കീത് ചെയ്‌തെന്ന് നരേന്ദ്രമോദി ഏപ്രില്‍ 21 ന് ഗുജറാത്തിലെ പഠാനില്‍. ഈ പ്രസ്താവന വന്നതിന് ശേഷമാണ് പാകിസ്താന്‍ അഭിനന്ദനെ വിട്ടയച്ചത്. ഇല്ലെങ്കില്‍ അന്ന് കശാപ്പിന്റെ രാത്രിയാകുമായിരുന്നുവെന്നും മോദി പ്രസ്താവിച്ചിരുന്നു.

'ആണവായുധങ്ങള്‍ ദീപാവലിക്കുള്ളതല്ല'

ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് വേണ്ടി വെച്ചതല്ലെന്നായിരുന്നു രാജസ്ഥാനിലെ ബാര്‍മറില്‍ ഏപ്രില്‍ 21 ന് നടത്തിയ പ്രസംഗം.

'40 സൈനികര്‍ക്ക് പകരം 42 ഭീകരരെ വധിച്ചു'

പുല്‍വാമയില്‍ പാക് ഭീകരര്‍ 40 സൈനികരെ കൊലപ്പെടുത്തി. എന്നാല്‍ ബാലാകോട്ടില്‍ തിരിച്ചടിച്ച് 42 ഭീകരരെ വധിച്ചെന്ന്, മോദി ഏപ്രില്‍ 25 ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍.

പോളിങ് ദിനത്തില്‍ റോഡ്‌ഷോ

ഏപ്രില്‍ 23 ന് ലോകസ്ഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പുരോഗമിക്കവെ അഹമ്മദാബാദില്‍ വോട്ട് ചെയ്ത ശേഷം റോഡ് ഷോ നടത്തി മോദി.

'രാജീവ് മരിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരനായി'

ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരിച്ചതെന്ന് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ മെയ് 4 ന് മോദി. രാഹുല്‍ഗാന്ധിക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു ലക്ഷ്യം. ഉപജാപക വൃന്ദമാണ് നിങ്ങളുടെ അച്ഛനെ മിസ്റ്റര്‍ ക്ലീന്‍ എന്ന് വിശേഷിപ്പിക്കുന്നതെന്നും പരാമര്‍ശം.

Related Stories

No stories found.
logo
The Cue
www.thecue.in