മുരളീധരന്റെ വട്ടിയൂര്‍ക്കാവില്‍ സസ്‌പെന്‍സിന് കോണ്‍ഗ്രസ് ; വടകര മോഡല്‍ ട്വിസ്റ്റിനും സാധ്യത 

മുരളീധരന്റെ വട്ടിയൂര്‍ക്കാവില്‍ സസ്‌പെന്‍സിന് കോണ്‍ഗ്രസ് ; വടകര മോഡല്‍ ട്വിസ്റ്റിനും സാധ്യത 

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാക്കി കോണ്‍ഗ്രസ്. കെ മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 84663 വോട്ടുകളുടെ തകര്‍പ്പന്‍ ഭൂരിപക്ഷത്തിലാണ് കെ മുരളീധരന്‍ വിജയിച്ചത്. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായാണ് മുരളി വടകരയിലെത്തിയത്. മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം, പി ജയരാജനെന്ന കരുത്തനെ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ തേടുകയായിരുന്നു. ഒടുവില്‍ നിര്‍ണ്ണായക ട്വിസ്റ്റിലൂടെ മുരളീധരനെ പ്രഖ്യാപിച്ചു. മുരളീധരന്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസിന്റെ ഇനിയുള്ള വെല്ലുവിളി. മണ്ഡലത്തില്‍ ബിജെപിയുമായാണ് യുഡിഎഫിന്റെ നേരിട്ടേറ്റുമുട്ടല്‍. കഴിഞ്ഞവണ 7622 വോട്ടുകള്‍ക്ക് കുമ്മനം രാജശേഖരനെ തറപറ്റിച്ചായിരുന്നു മുരളീധരന്റെ വിജയം. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ടി എന്‍ സീമ മൂന്നാമതായി.

അതേസമയം തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുരളീധരന്റെ ഭൂരിപക്ഷമായ 7622, ശശി തരൂരിനെതിരെ 2836 ആക്കി കുറയ്ക്കാന്‍ കുമ്മനത്തിനായി. ഈ കണക്ക് യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായെത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ മണ്ഡലം നിലനിര്‍ത്താന്‍ മികച്ച സ്ഥാനാര്‍ത്ഥി വേണമെന്ന വികാരം കോണ്‍ഗ്രസില്‍ ശക്തമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 - വട്ടിയൂര്‍ക്കാവ് ഫലം

ശശി തരൂര്‍ - 53,545

കുമ്മനം രാജശേഖരന്‍ - 50709

സി ദിവാകരന്‍ - 29414

ശശി തരൂരിന്റെ ഭൂരിപക്ഷം - 2836

മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാല്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിവരം. പിതാവും മുന്‍മുഖ്യമന്ത്രിയുമായ കെ കരുണാകരനോടുള്ള വട്ടിയൂര്‍ക്കാവുകാരുടെ വികാരവായ്പ് കഴിഞ്ഞ രണ്ടുതവണയും കെ മുരളീധരന് അനുകൂലമായി ഭവിച്ചിരുന്നു. പത്മജ സ്ഥാനാര്‍ത്ഥിയായാല്‍ ഇത് അനുകൂല ഘടകമാണെന്ന വാദം കോണ്‍ഗ്രസ് നേതാക്കള്‍ ദ ക്യുവിനോട്പങ്കുവെച്ചു. മണ്ഡലത്തെ പ്രതിനിധീകരിച്ച കെ മുരളീധരന്റെ, സഹോദരിയെന്ന പരിഗണനയും ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. സാമുദായിക ഘടകങ്ങളും പത്മജയെ തുണക്കുമെന്നും വിലയിരുത്തുന്നു. മണ്ഡലത്തിലെ നായര്‍ - ന്യൂനപക്ഷ വോട്ടുകള്‍ പത്മജയ്ക്ക് സമാഹരിക്കാനാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗവും ശബരിമല വിഷയത്തിന്റെ ആനുകൂല്യവും മികച്ച രാഷ്ട്രീയാന്തരീക്ഷമാണെ ന്നാണ് കോണ്‍ഗ്രസ് നിരീക്ഷണം. മണ്ഡലത്തിലെ അടുത്ത സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് സ്വാഭാവികമായും കെ മുരളീധരന്റെ അഭിപ്രായത്തിന് മേല്‍ക്കൈയുണ്ട്. അത്തരത്തില്‍ പത്മജ വേണുഗോപാലിന് നറുക്കുവീഴാനാണ് സാധ്യത. 2016 ല്‍ പത്മജ ഇടതുതരംഗത്തില്‍ തൃശൂരില്‍ പരാജയപ്പെട്ടിരുന്നു.

പത്മജയെ കൂടാതെ പി സി വിഷ്ണുനാഥാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു നേതാവ്. യുവനേതാവെന്നതും മണ്ഡലം ഇളക്കിമറിച്ച് പ്രചരണം നടത്താനാകുമെന്നതും പിസി വിഷ്ണുനാഥിന് അനുകൂല ഘടകങ്ങളാണ്. സാമുദായിക ഘടകങ്ങളും വിഷ്ണുനാഥിനെ തുണയ്ക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ പിസി വിഷ്ണുനാഥ് വേണമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. എ ഗ്രൂപ്പുകാരനാണ് പിസി വിഷ്ണുനാഥ്. അദ്ദേഹത്തിന് വേണ്ടി ഉമ്മന്‍ചാണ്ടി അവകാശവാദമുന്നയിക്കാന്‍ സാധ്യതയുണ്ട്. 2016 ല്‍ ചെങ്ങന്നൂരില്‍ വിഷ്ണുനാഥ് പരാജയപ്പെടുകയായിരുന്നു. ശേഷം 2018 ല്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ വിഷ്ണുനാഥിന്റെ പേര് ഉയര്‍ന്നുവന്നു. ആ സമയം കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ചുമതലയിലായിരുന്നതിനാല്‍ മത്സരരംഗത്തുണ്ടായില്ല. നിലവില്‍ എഐസിസി സെക്രട്ടറിയാണ്. ഇതും വിഷ്ണുനാഥിന്റെ പേര് ഉയര്‍ന്നുവരുന്നതില്‍ നിര്‍ണ്ണായകമാണ്. മണ്ഡലം വിട്ട് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സന്നദ്ധനാവുകയും മികച്ച പോരാട്ടത്തിലൂടെ വിജയം നേടുകയും ചെയ്തതിനാല്‍ വട്ടിയൂര്‍ക്കാവിന്റെ കാര്യത്തില്‍ കെ മുരളീധരന്റെ അഭിപ്രായത്തിനാണ് പ്രാമുഖ്യം. മണ്ഡലം എ ഗ്രൂപ്പിന് വിട്ടുനല്‍കാന്‍ കെ മുരളീധരന്‍ തയ്യാറായാല്‍ പി സി വിഷ്ണുനാഥ് സ്ഥാനാര്‍ത്ഥിയാകും.

അതേസമയം നിര്‍ണ്ണായക ട്വിസ്റ്റിലൂടെ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മൂന്നാമതൊരാളെ പ്രഖ്യാപിക്കുമോയെന്നും കണ്ടറിയേണ്ടതുണ്ട്. വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന് അത്രമേല്‍ അഭിമാനപ്രശ്‌നമാണ്.

വട്ടിയൂര്‍ക്കാവ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം - 2016

ആകെ പോള്‍ ചെയ്ത വോട്ട് - 1,35,720

കെ മുരളീധരന്‍ - 51322

കുമ്മനം രാജശേഖരന്‍- 43700

ടി.എന്‍ സീമ - 40441

വോട്ട് ശതമാന കണക്കില്‍ - 2016

കെ മുരളീധരന്‍ - 37.81%

കുമ്മനം രാജശേഖരന്‍ - 32.19%

ടിഎന്‍ സീമ - 29.79%

2011 ല്‍ 16167 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കെ മുരളീധരന്‍ വിജയിച്ചത്. 2016 ല്‍ ഇത് 7622 ആയി കുറഞ്ഞു. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയായെത്തിയതോടെ ശക്തമായ ത്രികോണ മത്സരമുണ്ടായതാണ് യുഡിഎഫിന്റെ ഭൂരിപക്ഷം കുറയാനിടയാക്കിയത്. 2011 ല്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി ചെറിയാന്‍ ഫിലിപ്പിനെയാണ് മുരളീധരന്‍ പരാജയപ്പെടുത്തിയത്. അന്ന് യുവമോര്‍ച്ച നേതാവായിരുന്ന വിവി രാജേഷായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. 1987 ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി കുമ്മനം തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. അന്ന് 23,000 ലേറെ വോട്ടുമായി രണ്ടാം സ്ഥാനവും നേടി. അന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശങ്കരനാരായണപിള്ള വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഉണ്ണികൃഷ്ണന്‍ നായര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുകയായിരുന്നു.

വട്ടിയൂര്‍ക്കാവ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം - 2011

ആകെ പോള്‍ ചെയ്ത വോട്ട് - 112637

കെ മുരളീധരന്‍ - 56,531

ചെറിയാന്‍ ഫിലിപ്പ് - 40364

വി വി രാജേഷ് - 13494

വോട്ട് ശതമാന കണക്കില്‍ - 2011

കെ മുരളീധരന്‍ - 50.19%

ചെറിയാന്‍ ഫിലിപ്പ് - 35.84%

വിവി രാജേഷ് - 11.98%

വട്ടിയൂര്‍ക്കാവില്‍ ഇക്കുറി മികച്ച സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാനാകും സിപിഎം നീക്കം. ലോക്‌സഭയിലേക്ക് തിരിച്ചടി നേരിട്ടെങ്കിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് വിജയം സിപിഎമ്മിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ്ഫലം താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. രാജ്യത്തിന്റെ ഭരണം നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പായതിനാലാണ് യുഡിഎഫ് അനുകൂല തരംഗമുണ്ടായതെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. ഫലത്തില്‍ കടുത്ത പോരാട്ടത്തിനാണ് വട്ടിയൂര്‍ക്കാവ് വേദിയാവുക.

Related Stories

No stories found.
logo
The Cue
www.thecue.in