സുരേഷ് ​ഗോപിക്കെതിരെ നിയമനടപടിക്ക് മാധ്യമപ്രവർത്തക ; വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കെയുഡബ്ല്യുജെ

സുരേഷ് ​ഗോപിക്കെതിരെ നിയമനടപടിക്ക് മാധ്യമപ്രവർത്തക ; വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കെയുഡബ്ല്യുജെ

ബിജെപി നേതാവും നടനുമായ സുരേഷ് ​ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തില് നിയമനടപടികൾ സ്വീകരിക്കുമെന്ന് മാധ്യമപ്രവർത്തക. കോഴിക്കോട് പൊലീസിൽ പരാതി നൽകും. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം. പത്രപ്രവർത്തക യൂണിയനും പരാതി നൽകും.

ബിജെപിയെ വിമർശിച്ചുകൊണ്ടുള്ള ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കാൻ ശ്രമിച്ച സുരേഷ് ഗോപിയിൽനിന്ന് മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറി. ചോദ്യം ആവർത്തിച്ചപ്പോൾ വീണ്ടും ഇതേ പെരുമാറ്റമുണ്ടായതോടെ മാധ്യമപ്രവർത്തക കൈ തട്ടിമാറ്റുകയായിരുന്നു. മീഡിയവണ്ണിലെ സ്പെഷ്യൽ കറസ്പോണ്ടന്റിനോടായിരുന്നു സുരേഷ് ​ഗോപിയുടെ മോശം പെരുമാറ്റം. നിയമ നടപടി ഉൾപ്പെടെ എല്ലാ തുടർ നീക്കങ്ങൾക്കും പിന്തുണയുണ്ടാകുമെന്ന് മാധ്യമപ്രവർത്തക ജോലി ചെയ്യുന്ന മീഡിയ വൺ മാനേജ്‌മെന്റും അറിയിച്ചു.

വിഷയം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുകയും സുരേഷ് ​ഗോപിക്കെതിരെ വ്യാപകമായി വിമർശനം ഉയരുകയും ചെയ്തിരുന്നു. സംഭവത്തിൽ സുരേഷ് ​ഗോപി മാപ്പ് പറയണമെന്നും മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും കെയുഡബ്ല്യുജെ അറിയിച്ചിരുന്നു. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവർത്തകയ്ക്കൊപ്പം യൂണിയൻ ഉറച്ചുനിൽക്കുമെന്നും കെയുഡബ്ല്യുജെ അറിയിച്ചു.

വിഷയം ചർച്ചയായതിനെ തുടർന്ന് മാധ്യമപ്രവർത്തകയോട് പെരുമാറിയത് വാത്സല്യത്തോടെയാണെന്നായിരുന്നു സുരേഷ് ​ഗോപിയുടെ വിശദീകരണം. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് അഭിപ്രായം..ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in