പീച്ചിയില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് കെഎസ്ഇബി ; ശാന്തിവനത്തില്‍ പരിഗണിക്കാതിരുന്നത് എന്തുകൊണ്ട് ? 

പീച്ചിയില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് കെഎസ്ഇബി ; ശാന്തിവനത്തില്‍ പരിഗണിക്കാതിരുന്നത് എന്തുകൊണ്ട് ? 

പീച്ചിയില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചുവരുന്ന കെഎസ്ഇബി ശാന്തിവനത്തില്‍ അത്തരം സാധ്യതകള്‍ എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന ചോദ്യം ശക്തമാകുന്നു. ഇവിടെ ഭൂഗര്‍ഭ കേബിളിന്റെ സാധ്യത സംബന്ധിച്ച് ശാന്തിവനം സംരക്ഷണസമിതി വിശദാംശങ്ങള്‍ തേടിവരികയാണ്. അനുയോജ്യമാണെങ്കില്‍, പീച്ചി മാതൃകയില്‍ ഇതിനായി കോടതിയെ സമീപിക്കും. ശാന്തിവനത്തിന്റെ വടക്കേ അതിരിലൂടെ ഭൂഗര്‍ഭ കേബിള്‍ കടത്തിവിടുകയാണെങ്കില്‍, ടവര്‍ നിര്‍മ്മിച്ച് 110 കെ വി ലൈന്‍ വലിക്കുന്നയത്ര പാരിസ്ഥിതിക ആഘാതമുണ്ടാകില്ലായിരുന്നുവെന്നാണ് ഇവര്‍ക്ക് ലഭിച്ച പ്രാഥമികമായ വിവരം. എന്തുകൊണ്ട് കെഎസ്ഇബി ഇത്തരമൊരു സാധ്യത പരിശോധിച്ചില്ലെന്ന് ഉടമ മീന മേനോന്‍ ചോദിക്കുന്നു. അതേസമയം 110 കെവി ലൈന്‍ ടവര്‍ കമ്മീഷന്‍ ചെയ്യാനിരിക്കെ ഇത്തരം നീക്കങ്ങള്‍ ഫലം കാണുമോയെന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാല്‍ പരിസ്ഥിതി സംരക്ഷണ ലക്ഷ്യം മുന്‍നിര്‍ത്തി കൊച്ചിയില്‍ ഫ്‌ളാറ്റ് പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ആ വാദത്തെ ഖണ്ഡിക്കുന്നത്.

ലൈന്‍ കടന്നുപോകുന്ന നിലയാകുമ്പോള്‍ എക്കാലവും മരച്ചില്ലകള്‍ മുറിക്കേണ്ടുന്ന സാഹചര്യമുണ്ട്. അപൂര്‍വ സസ്യജന്തുജാലങ്ങളുള്ള ശാന്തിവനത്തിന് ഇതേല്‍പ്പിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. അതുകൊണ്ടാണ് ഭൂഗര്‍ഭ കേബിള്‍ സാധ്യത പരിശോധിക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്ന് ശാന്തിവനം ഉടമ വ്യക്തമാക്കുന്നത്. അത്തരമൊരു സാധ്യത പരിശോധിക്കുന്നതില്‍ തെറ്റില്ലല്ലോയെന്നും മീന മേനോന്‍ ചോദിക്കുന്നു. ശാസ്ത്രീയ പരിശോധനയില്‍ അനുയോജ്യമല്ലെന്ന് കണ്ടെത്തിയാല്‍ മാത്രം ആ സാധ്യത ഒഴിവാക്കിയാല്‍ മതിയല്ലോയെന്നാണ് അവരുടെ നിലപാട്. അന്‍പതോളം മരങ്ങള്‍ മുറിച്ചാണ് ശാന്തിവനത്തില്‍ കെഎസ്ഇബി 110 കെവി ലൈന്‍ ടവര്‍ സ്ഥാപിച്ചിരിക്കുന്നത്. ടവര്‍ നിര്‍മ്മാണത്തിനായാണ് കൂടുതല്‍ മരങ്ങള്‍ മുറിക്കേണ്ടി വന്നത്. ഭൂഗര്‍ഭ കേബിളായിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഉടമ മീന മേനോന്റെയും പരിസ്ഥിതി പ്രേമികളുടെയും കടുത്ത എതിര്‍പ്പുകളെ മുഖവിലയ്‌ക്കെടുക്കാതെയാണ് കെഎസ്ഇബി പച്ചത്തുരുത്തിന് കോടാലി വെച്ചത്.

പീച്ചിയില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് കെഎസ്ഇബി ; ശാന്തിവനത്തില്‍ പരിഗണിക്കാതിരുന്നത് എന്തുകൊണ്ട് ? 
ശാന്തിവനം അശാന്തമാണ് 

എന്നാല്‍ ഇതേ കെഎസ്ഇബി പീച്ചിയില്‍ മരം വെട്ടാതെ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചുവരികയാണ്. പീച്ചിയില്‍ വനം ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്ത് റോഡിന് ഇരുവശത്തുമുള്ള മരങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന 11 കെവി ലൈനുകളാണ് ഭൂമിക്കടയിലൂടെ കടത്തിവിടുന്നത്. ഈ മാസം 30 നകം പദ്ധതി പൂര്‍ത്തീകരിക്കപ്പെടും. ഇത്തരത്തില്‍ 110 കെ വി ലൈന്‍ കടത്തിവിടാനാകുമോയെന്ന കാര്യം കെഎസ്ഇബി പരിശോധിച്ചിരുന്നോയെന്നാണ് ശാന്തിവനം സംരക്ഷണ സമിതിയുടെ ചോദ്യം. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പീച്ചിയില്‍ ഈ രീതി സ്വീകരിക്കാന്‍ കെഎസ്ഇബി നിര്‍ബന്ധിതമായത്. അതുകൊണ്ടാണ് ഇത്തരമൊരു സാധ്യത സംബന്ധിച്ച് നിയമവഴി തേടുന്ന കാര്യവും ശാന്തിവന സംരക്ഷണ സമിതി പരിഗണിക്കുന്നത്.

കെഎസ്ഇബിയുടെ പ്രൊജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ ഈ വര്‍ഷത്തെ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയാണ് പീച്ചിയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കി വരുന്നത്. മരങ്ങള്‍ പന്തലിച്ചുനില്‍ക്കുന്ന രണ്ട് കിലോമീറ്ററോളം ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുകയായിരുന്നു. അതായത് പുതിയ ലൈന്‍ വലിക്കുകയല്ല നിലവിലുള്ള ലൈനുകളാണ് ഇത്തരത്തില്‍ മാറ്റിയതെന്നര്‍ത്ഥം. കമ്പിയിലേക്ക് മരക്കൊമ്പുകള്‍ ഒടിഞ്ഞുവീഴുന്നതിനാല്‍ പീച്ചി വനം ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് നില്‍ക്കുന്ന മേഖലകളില്‍ നിരന്തരം വൈദ്യതി തടസപ്പെടാറുണ്ട്. തൃശൂര്‍ നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന, ഈ മേഖലയിലെ പമ്പ് ഹൗസിലടക്കം വൈദ്യുതി മുടങ്ങുന്നത് പതിവാണ്.

പീച്ചിയില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് കെഎസ്ഇബി ; ശാന്തിവനത്തില്‍ പരിഗണിക്കാതിരുന്നത് എന്തുകൊണ്ട് ? 
വികസനത്തിനായി പച്ചപ്പിന് കോടാലിവെയ്ക്കില്ല; 1285 മരങ്ങള്‍ പിഴുതെടുത്ത് സംരക്ഷിക്കും 

ഇക്കാര്യം ചൂണ്ടിക്കാട്ടി, വൈദ്യുതി വിതരണം ഭൂഗര്‍ഭ കേബിള്‍ വഴിയാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ 60 ലക്ഷം തുക ചെലവ് വരുമെന്നായിരുന്നു കെഎസ്ഇബിയുടെ എതിര്‍വാദം. എന്നാല്‍ പദ്ധതിക്ക് 40 ലക്ഷം രൂപയേ ചെലവ് വരൂ എന്ന് കെഎസ്ഇബി വിവരാവകാശപ്രകാരം ഷാജി കോടങ്കണ്ടത്തിന് മറുപടി നല്‍കിയിരുന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതോടെ കെഎസ്ഇബിയുടെ വാദങ്ങള്‍ തള്ളി, ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അതായത് വന്‍ തുക ചെലവാകുമെന്ന് പറഞ്ഞാണ് കെഎസ്ഇബി ഇത്തരം ആവശ്യങ്ങള്‍ തള്ളിക്കളയാറ്. ശാന്തിവന വിഷയത്തിലും കെഎസ്ഇബിയുടെ നിലപാട് അതുതന്നെയായിരിക്കുമെന്ന് സംരക്ഷണ സമിതി കണക്കുകൂട്ടുന്നുണ്ട്. എന്നാല്‍ നിയമവഴിലൂടെ സാധ്യമായാല്‍ അത് എക്കാലത്തേക്കും ഗുണകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in