പി രാജീവിന്റെ വാദം തെറ്റ് ; മന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത് വിട്ട് ഡബ്ല്യു.സി.സി

പി രാജീവിന്റെ വാദം തെറ്റ് ;  മന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത് വിട്ട് ഡബ്ല്യു.സി.സി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടതായുള്ള നിയമമന്ത്രി പി.രാജീവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തുകൊണ്ടുവരികയും വേണ്ട ചര്‍ച്ചകള്‍ നടത്തി പ്രായോഗിക നടപടികള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ടെന്നും ആവശ്യപ്പെട്ട് പി രാജീവിന് സമര്‍പ്പിച്ച കത്ത് ഡബ്ല്യു.സി.സി പുറത്തുവിട്ടു.

കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര, അതിജീവിതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ട് അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്ന് ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അതുകൊണ്ടാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നും ഗവണ്‍മെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടത് അതിപ്രധാനമാണെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയിലായിരുന്നു. ഡബ്ല്യു.സി.സി അംഗങ്ങള്‍ പി. രാജീവിനെ കണ്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പൂര്‍ത്തിയായാല്‍ സമഗ്ര നിയമനിര്‍മ്മാണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു അന്ന് മന്ത്രി പറഞ്ഞത്.

പി രാജീവിന്റെ വാദം തെറ്റ് ;  മന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത് വിട്ട് ഡബ്ല്യു.സി.സി
ഹേമ കമ്മിറ്റി മൂന്നംഗ സമിതി പഠിക്കുന്നു, പൂര്‍ത്തിയായാല്‍ സമഗ്ര നിയമനിര്‍മ്മാണമെന്ന് മന്ത്രി രാജീവ് ഡബ്ല്യുസിസി അംഗങ്ങളോട്

ഡബ്ല്യു.സി.സിയുടെ കത്തിലെ പ്രസക്തഭാഗങ്ങള്‍

സിനിമാരംഗത്തെ സ്ത്രീ അവസ്ഥ പഠിക്കാനായി സ്തുത്യര്‍ഹമായ വിധം ഇടപെട്ട പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ പഠന റിപ്പോര്‍ട്ടിന്മേല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് ഞങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചിലവിട്ട് രണ്ടുവര്‍ഷമെടുത്ത് പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തുകൊണ്ടുവരികയും വേണ്ട ചര്‍ച്ചകള്‍ നടത്തി പ്രായോഗിക നടപടികള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്.

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പഠിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ല എന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ പറഞ്ഞതായി നിയമമന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡബ്ല്യു.സി.സി അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അവര്‍ ആവശ്യപ്പെട്ടു എന്നുമാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. നിയമമന്ത്രാലയത്തിലേക്ക് സമിതിയുടെ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. അത് പരിശോധിച്ചു വരികയാണ്. അത് സാംസ്‌കാരിക വകുപ്പിന് കൈമാറിയശേഷം നടപടി സ്വീകരിക്കും. വേണമെങ്കില്‍ പുതിയ നിയമത്തെക്കുറിച്ചും പരിശോധിക്കാവുന്നതാണെന്നും മന്ത്രി അഭിമുഖത്തില്‍ പറയുന്നു

Related Stories

No stories found.
logo
The Cue
www.thecue.in