ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനുള്ള സന്ദേശം, ഇന്ത്യയുടെ തന്ത്രങ്ങളെക്കുറിച്ച് നയതന്ത്ര വിദഗ്ദ്ധന്‍ വേണു രാജാമണി

ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനുള്ള സന്ദേശം, ഇന്ത്യയുടെ തന്ത്രങ്ങളെക്കുറിച്ച് നയതന്ത്ര വിദഗ്ദ്ധന്‍ വേണു രാജാമണി
Published on

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തിയിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ തിരിച്ചടിക്കുമെന്നാണ് പാകിസ്ഥാന്‍ പ്രതികരിക്കുന്നത്. അത്തരത്തില്‍ ഒരു തിരിച്ചടിയുണ്ടായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു യുദ്ധത്തിലേക്കാണോ കാര്യങ്ങള്‍ നീങ്ങുക? പാകിസ്ഥാനില്‍ കടന്നുചെന്ന് ഒരു ആക്രമണം നടത്താന്‍ ഇന്ത്യ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്? പാക് തിരിച്ചടിയുണ്ടായാല്‍ അതെങ്ങനെയായിരിക്കും? ഈ വിഷയത്തില്‍ ഇന്ത്യക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുണ്ടാകുമോ? ഇന്ത്യയുടെ മുന്‍ അംബാസഡറും നയതന്ത്ര വിദഗ്ദ്ധനുമായ വേണു രാജാമണി സംസാരിക്കുന്നു.

പഹല്‍ഗാമില്‍ തിരിച്ചടിക്കാന്‍ ഇന്ത്യയുടെ തയ്യാറെടുപ്പ്

പാകിസ്ഥാനില്‍ തിരിച്ചടിക്കാനുള്ള തീരുമാനത്തിന് പ്രത്യേക നടപടിക്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല. തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് സമിതി പല പ്രാവശ്യം യോഗങ്ങള്‍ ചേര്‍ന്ന് വേണ്ട തീരുമാനങ്ങള്‍ എടുത്തു. പിന്നീട് എല്ലാ സൈനിക വിഭാഗങ്ങളുടെയും മേധാവികള്‍ പ്രധാനമന്ത്രിയെ കാണുകയുണ്ടായി. അതിന് ശേഷം ഏതു സമയത്തും എവിടെവെച്ചും എങ്ങനെ വേണമെങ്കിലും തിരിച്ചടിക്കാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള ഒരു പ്രസ്താവന പ്രധാനമന്ത്രി പുറപ്പെടുവിച്ചു. കൂടാതെ പ്രതിപക്ഷ നേതാക്കളെ വിളിച്ച് അവരുമായി സാഹചര്യങ്ങള്‍ വിശദീകരിച്ചു. ഇതുപോലൊരു തിരിച്ചടിക്ക് വേണ്ട പിന്തുണ അവരും ഗവണ്‍മെന്റിന് പ്രഖ്യാപിച്ചു. ഇതൊക്കെയാണ് നടപടിക്രമങ്ങള്‍. സൈന്യത്തിന് ഓപ്പറേഷണല്‍ ഫ്രീഡം കൊടുത്തു കഴിഞ്ഞാല്‍, രാഷ്ട്രീയപരവും സര്‍ക്കാര്‍ തലത്തിലുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് തിരിച്ചടിക്കുന്നുവെന്നത് മാത്രമേ ബാക്കിയുണ്ടാവുകയുള്ളു. ഇങ്ങനെയൊരു വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയവുമായും ഏകോപനമുണ്ടാവും. സംഭവമുണ്ടാകുന്നതിന് മുന്‍പും അതിന് ശേഷവും മറ്റു രാജ്യങ്ങളുമായി ബന്ധപ്പെടുകയും അവര്‍ക്ക് ഇന്ത്യയുടെ നിലപാട് വിശദീകരിക്കുകയും ചെയ്യുന്നത് മന്ത്രാലയമായിരിക്കും.

ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനുള്ള സന്ദേശം, ഇന്ത്യയുടെ തന്ത്രങ്ങളെക്കുറിച്ച് നയതന്ത്ര വിദഗ്ദ്ധന്‍ വേണു രാജാമണി
പുലര്‍ച്ചെ 1.44ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂര്‍ ഇങ്ങനെ

നിലവിലെ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യതയില്ല

യുദ്ധത്തിലേക്കല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് എന്റെ വിശ്വാസം. ഇതൊരു പരിമിതമായ തിരിച്ചടിയാണ്. ഇത് വളരെ സംയമനത്തോടു കൂടിയ ഒരു ആക്രമണമായിരുന്നു, ലക്ഷ്യങ്ങള്‍ കൃത്യമായി മനസിലാക്കിക്കൊണ്ടായിരുന്നു, നമ്മള്‍ സിവിലിയന്‍മാരെ ലക്ഷ്യമിട്ടിട്ടില്ല, അവരുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചില്ല എന്ന് ഇന്ത്യ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഭീകര ക്യാംപുകളെയും ഭീകരരെയും മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളു. മാത്രമല്ല, ഇതൊരു തീവ്രത കുറയ്ക്കാനുള്ള ശ്രമമാണ് എന്നുകൂടി നമ്മള്‍ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം പാകിസ്ഥാനുള്ള സന്ദേശമാണ്, നാം ഇതിനെ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നത്. ആണവ ആയുധങ്ങളുള്ള രാജ്യങ്ങളാണെന്നത് ഇന്ത്യക്കും പാകിസ്ഥാനും പരിപൂര്‍ണ്ണ ബോധമുണ്ട്. ഒരു വിപുലമായ യുദ്ധത്തിലേക്ക് കടക്കാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. ആണവയുദ്ധത്തിലേക്ക് കടക്കാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. യുദ്ധം സംബന്ധിച്ച് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ആശങ്കകള്‍ വളരെ ശരിയാണ്. അപകടങ്ങള്‍ സംഭവിക്കാം, ഇരു രാജ്യങ്ങളും ആഗ്രഹിച്ചില്ലെങ്കിലും അതിലേക്ക് കടന്നുകൂടാ എന്നില്ല. എങ്കിലും ഇരു രാജ്യങ്ങളും അവരുടെ പ്രതികരണം ആ ഒരു ആണവ ത്രെഷോള്‍ഡ് കടക്കാതെയേ ചെയ്യുകയുള്ളു. ഇപ്പോള്‍ ഇന്ത്യ ഇങ്ങനെയൊരു ആക്രമണം നടത്തിയ സ്ഥിതിക്ക് പാകിസ്ഥാന്റെ ഒരു തിരിച്ചടിയുണ്ടാകും. അത് വളരെ ചെറുതും എവിടെയെങ്കിലും കേന്ദ്രീകരിച്ചുമാകാനാണ് സാധ്യത. ഉദാഹരണത്തിന് ഇസ്രയേല്‍ ലെബനനില്‍ ചെന്ന് ഹിസ്ബുള്ളയെ ആക്രമിച്ച ശേഷം ഇറാന്‍ ഒരുപാട് മിസൈലുകള്‍ ഇസ്രയേലിന് നേരെ വര്‍ഷിച്ചു. അതുപോലെ ഇസ്രയേലും ഇറാന് നേരെ മിസൈലുകള്‍ തൊടുത്തു. ഈ രണ്ട് സംഭവങ്ങളുണ്ടായിട്ടും അതൊരു യുദ്ധത്തിലേക്ക് കടന്നില്ല. അതുപോലെ തന്നെ പാകിസ്ഥാന്റെ തിരിച്ചടിയുണ്ടാകും. എന്നാല്‍ അതൊരു യുദ്ധത്തിലേക്ക് നീങ്ങാനോ ആണവ യുദ്ധത്തിലേക്ക് നീങ്ങാനോ യാതൊരു സാധ്യതയുമില്ല.

ഒരു യുദ്ധമുണ്ടായാല്‍ സ്വീകരിക്കുന്ന നടപടികള്‍

ഒരു യുദ്ധമുണ്ടായാല്‍ പ്രത്യേകിച്ച് ഓപ്പറേഷണല്‍ പ്രൊസീജ്യറുകളില്ല. സാഹചര്യങ്ങള്‍ അനുസരിച്ച് വേണം തീരുമാനം എടുക്കാന്‍. ഒരു തിരിച്ചടി പാകിസ്ഥാനില്‍ നിന്ന് ഉണ്ടാകുമെന്ന് നമുക്ക് അറിയാം. അതിനായി പൂര്‍ണ്ണമായി തയ്യാറെടുത്ത് ഇരിക്കുന്നു. ഏത് രീതിയിലുള്ള തിരിച്ചടി എന്നുള്ളതിനെ ആശ്രയിച്ചിരിക്കും. അവര്‍ മിസൈലുകളാണ് അയക്കുന്നതെങ്കില്‍ ആ മിസൈലുകളെ ആകാശത്തില്‍ വെച്ച് തന്നെ വെടിവെച്ച് വീഴ്ത്താനുള്ള ശ്രമങ്ങളുണ്ടാകും. അവരുടെ യുദ്ധവിമാനങ്ങളാണ് വരുന്നതെങ്കില്‍ അവയെ വീഴ്ത്താനും നമ്മുടെ ശ്രമങ്ങളുണ്ടാകും. ഇപ്പോള്‍ തന്നെ പാകിസ്ഥാന്‍ ഇന്ത്യയുടെ 5 വിമാനങ്ങള്‍ വീഴ്ത്തിയെന്നാണ് അവകാശവാദം ഉന്നയിക്കുന്നത്. സിവിലിയന്‍മാരെ സംരക്ഷിക്കാനുള്ള നടപടികള്‍ നമ്മള്‍ എടുക്കും. ഇപ്പോള്‍ സിവില്‍ ഡിഫന്‍സ് ഡ്രില്‍ ഒക്കെ ഓര്‍ഡര്‍ ചെയ്തത് ഇത് മനസില്‍ കണ്ടുകൊണ്ടു തന്നെയാണ്. എവിടെയായിരിക്കും അവരുടെ ആക്രമണം എന്ന് അറിയില്ല. അതുകൊണ്ട് മുന്നറിയിപ്പുകളോ സൈറണുകളോ ഉണ്ടെങ്കില്‍ എന്ത് ചെയ്യണമെന്നത് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗവണ്‍മെന്റ് ഡ്രില്‍ നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. അതിലൂടെ ഇന്ത്യന്‍ ജനതയ്ക്കും പാകിസ്ഥാന്‍ ജനതയ്ക്കും ഒരു സന്ദേശം കൂടി അയക്കുകയാണ്. ഒരു തിരിച്ചടി ആസന്നമാണ്, നിങ്ങള്‍ തയ്യാറെടുത്തിരിക്കുകയെന്ന സന്ദേശം ഇന്ത്യന്‍ ജനതയ്ക്കും ഞങ്ങള്‍ തയ്യാറാണ് നിങ്ങളെ ഞങ്ങള്‍ക്ക് ഭയമില്ല എന്ന സന്ദേശം പാകിസ്ഥാന്‍ ജനതയ്ക്കും നല്‍കിയിരിക്കുകയാണ്.

പാകിസ്ഥാൻ തിരിച്ചടിച്ചേക്കും

പാകിസ്ഥാന്‍ തിരിച്ചടിക്കുമെന്നത് ഉറപ്പാണ്. അവര്‍ക്ക് അവരുടെ ജനതയെ ബോധ്യപ്പെടുത്താനെങ്കിലും എന്തെങ്കിലും ചെയ്യണം. ഭാവിയില്‍ ഇന്ത്യ ആക്രമിച്ചാല്‍ വെറുതെ നോക്കി നില്‍ക്കില്ല എന്ന സന്ദേശവും കൂടി അവര്‍ക്ക് നല്‍കേണ്ടതുണ്ട്. അതുകൊണ്ട് അവര്‍ക്ക് ഒരു തിരിച്ചടി അനിവാര്യമാണ്. അവരുടെ സാമ്പത്തിക സ്ഥിതിയുമായി അതില്‍ നേരിട്ട് ബന്ധമില്ല. ഒരു നീണ്ട യുദ്ധത്തിലേക്ക് കടന്നാലേ സാമ്പത്തിക സ്ഥിതി ഒരു പ്രശ്‌നമാവുകയുള്ളു. ഇന്നത്തെ സാഹചര്യത്തില്‍ പാകിസ്ഥാനും ശക്തമായ ഒരു ആര്‍മിയുണ്ട്. ഇന്ത്യയെ വെല്ലുന്ന ഒന്നല്ലെങ്കിലും ഇന്ത്യക്ക് ദോഷമുണ്ടാക്കാന്‍ സാധിക്കുന്ന കഴിവ് അവര്‍ക്കുമുണ്ട്. അവരുടെ ജനതയെ തൃപ്തിപ്പെടുത്തുന്നതിനായി തിരിച്ചടിച്ചേ പറ്റൂ. അതില്‍ പരമാവധി ആലോചിച്ച് അവര്‍ എന്തെങ്കിലും ചെയ്യും.

അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട്

ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ഭീകര വിരുദ്ധരാണ്. ഭീകര വിരുദ്ധ നടപടികള്‍ എടുക്കണം, ഭീകരര്‍ക്ക് യാതൊരു പിന്തുണയും ഉണ്ടാകരുത് എന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ ആരും തന്നെ ഇന്ത്യാ പാകിസ്ഥാന്‍ വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് എടുക്കാന്‍ തയ്യാറല്ല. ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചകളിലൂടെ, സംയമനത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്ന നിലപാടാണുള്ളത്. അത് അമേരിക്കയാണെങ്കിലും ചൈനയാണെങ്കിലും യുഎന്‍ സുരക്ഷാ സമിതിയിലെ ചര്‍ച്ചകളിലാണെങ്കിലും ഇന്ത്യാ-പാകിസ്താന്‍ പ്രശ്‌നം ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്നാണ് ഭൂരിഭാഗം രാജ്യങ്ങളും അഭിപ്രായപ്പെടുന്നത്. പാകിസ്ഥാനില്‍ ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടെ തീവ്രവാദികള്‍ ഉണ്ടെന്നതും അറിയാമെങ്കിലും പാകിസ്ഥാനെതിരെ പ്രത്യക്ഷ നടപടിയെടുക്കാന്‍ ആരും തയ്യാറല്ല. ഇന്ത്യ തന്നെ പരിഹരിക്കേണ്ട പ്രശ്‌നമായാണ് എല്ലാവരും അതിനെ കാണുന്നത്.

ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിലും പുറത്തുമായി പാകിസ്ഥാന് എന്നും പിന്തുണയുമായി ചൈനയുണ്ട്. അതൊരു സൈനിക പിന്തുണയല്ല, ഒരു പൊളിറ്റിക്കല്‍ ആന്‍ഡ് മോറല്‍ സപ്പോര്‍ട്ടാണ്. ഇന്ത്യയോടൊപ്പം റഷ്യയും ഇസ്രയേല്‍ പോലുള്ള രാജ്യങ്ങളും നില്‍ക്കും. പക്ഷേ ഭൂരിഭാഗം രാജ്യങ്ങളും ഒരു മധ്യവര്‍ത്തി നിലപാടാണ് സ്വീകരിക്കുന്നത്. ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരിക്കുക, യുദ്ധത്തിലേക്ക് കടക്കാതിരിക്കുക, ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നുള്ളതാണ് അവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് നമുക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുണ്ട് എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ല. തീവ്രവാദ വിരുദ്ധ യുദ്ധത്തിന് നമുക്ക് പിന്തുണയുണ്ട്. എന്നാല്‍ പാകിസ്ഥാനിലെ തീവ്രവാദി ക്യാമ്പില്‍ ആക്രമണം നടത്തുന്നതിന് ആരും കൂട്ടുനില്‍ക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in