'തുടര്‍ച്ചയായ രക്തസ്രാവം, മൂത്രം കളയുന്നത് സേഫ്റ്റിപിന്‍ കൊണ്ട് കുത്തി'; ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ നന്ദന

'തുടര്‍ച്ചയായ രക്തസ്രാവം, മൂത്രം കളയുന്നത് സേഫ്റ്റിപിന്‍ കൊണ്ട് കുത്തി'; ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ നന്ദന

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവെന്ന ആരോപണവുമായി മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ കൂടി രംഗത്ത്. പുനലൂര്‍ സ്വദേശി നന്ദന സുരേഷാണ് താന്‍ നേരിടുന്ന ദുരിതങ്ങള്‍ വെളിപ്പെടുത്തിയത്. ശസ്ത്രക്രിയയിലെ പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയ അനന്യ അലക്‌സ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

തുടര്‍ച്ചയായ രക്തശ്രാവമാണെന്നും, മൂത്രം കളയുന്നത് സേഫ്റ്റി പിന്‍ കൊണ്ട് കുത്തിയാണെന്നും നന്ദന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 120,000 രൂപ മുടക്കി മധുരയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ ചെയ്തത്.

രണ്ട് വര്‍ഷം മുമ്പായിരുന്നു ശസ്ത്രക്രിയ, അന്ന് മുതല്‍ ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മൂത്രമൊഴിക്കുന്ന ഭാഗം മുഴുവനായി അടഞ്ഞിരിക്കുകയാണ്. അതുകൊണ്ട് മൂത്രമൊഴിക്കാന്‍ പോലും കഴിയുന്നില്ല. സേഫ്റ്റി പിന്‍ ഉപയോഗിച്ച് കുത്തിയാണ് മൂത്രം പുറത്ത് കളയുന്നത്. പിന്‍ ഉപയോഗിച്ച് കുത്തുന്നതുകൊണ്ട് ബ്ലീഡിങ് നിയന്ത്രിക്കാനും കഴിയുന്നില്ല. എന്ത് ആഹാരം കഴിച്ചാലും ശരീരത്തില്‍ പിടിക്കുന്നില്ലെന്നും നന്ദന.

'ഞാനൊരു ആദിവാസി കൂടിയാണ്. എന്റെ ഇഷ്ടത്തിനാണ് ഇങ്ങനെയായത്. അതുകൊണ്ട് തന്നെ ആരോടും സഹായം ചോദിക്കാനാകുന്നില്ല. ശസ്ത്രക്രിയയ്ക്കുള്ള പണം വളരെ ബുദ്ധിമുട്ടിയാണ് ഉണ്ടാക്കിയത്. രണ്ടും കെട്ടൊരു ജീവിതം വേണ്ടെന്ന് വെച്ചാണ് ഇതിന് തയ്യാറായത്. മരിക്കുന്ന നിലയിലാണിപ്പോള്‍ ഉള്ളത്. അത് ഏത് നിമിഷവും പ്രതീക്ഷിക്കാം', നന്ദന പറഞ്ഞു.

റിനൈ മെഡിസിറ്റി ആശുപത്രിയില്‍ നടത്തിയ ലിഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു അനന്യ അലക്‌സ് രംഗത്തെത്തിയത്. ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനോ ഉറക്കെ തുമ്മാനോ കരയാനോ പോലും ആകുന്നില്ലെന്നായിരുന്നു മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ അനന്യ പറഞ്ഞത്. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായിരുന്നു അനന്യ.

Related Stories

No stories found.
logo
The Cue
www.thecue.in