കശ്മീരില്‍ അറസ്റ്റിലായത് നാലായിരത്തോളം പേര്‍; കണക്കില്‍ പെടാതെ വേറേയും;  ഔദ്യോഗിക രേഖ വെളിപ്പെടുത്തി റോയിട്ടേഴ്‌സ്

കശ്മീരില്‍ അറസ്റ്റിലായത് നാലായിരത്തോളം പേര്‍; കണക്കില്‍ പെടാതെ വേറേയും; ഔദ്യോഗിക രേഖ വെളിപ്പെടുത്തി റോയിട്ടേഴ്‌സ്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ അറസ്റ്റിലായത് 4,000ത്തോളം പേര്‍. സര്‍ക്കാര്‍ രേഖകളില്‍ തന്നെ ഇക്കാര്യം വ്യക്തമാണെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ ആറിലെ സര്‍ക്കാര്‍ രേഖ പ്രകാരം 3,800ലധികം പേരെ അറസ്റ്റ് ചെയ്യുകയും 2,600 പേരെ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിലെ അവസ്ഥയേക്കുറിച്ച് പ്രതികരണമാരാഞ്ഞ് ആഭ്യന്തരമന്ത്രാലയത്തേയും ജമ്മു കശ്മീര്‍ പൊലീസിനെയും ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് റോയിട്ടേഴ്‌സ് പറയുന്നു.

പത്താം ക്ലാസുകാരന്‍ പെല്ലറ്റ് വെടിയേറ്റ് മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്റര്‍നെറ്റിനും മൊബൈല്‍ സര്‍വീസുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിനാലും കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാലും ഇരുമ്പ് തിരശ്ശീലയ്ക്കുള്ളിലാണ് കശ്മീര്‍ താഴ്‌വര.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍

ആളുകളില്‍ ഭൂരിഭാഗം പേരും എന്തിന്റെ പേരിലാണ് അറസ്റ്റിലായിരിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. കുറേപ്പേര്‍ പബ്ലിക് സേഫ്റ്റി ആക്ടിന്റെ കീഴിലാണ് അറസ്റ്റിസായിരിക്കുന്നതെന്ന് അധികൃതര്‍ പ്രതികരിച്ചു. ജമ്മുകശ്മീരില്‍ നിലവിലുള്ള പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം ചാര്‍ജൊന്നും ഇല്ലാതെ തന്നെ ഒരാളെ രണ്ട് വര്‍ഷം തടവില്‍ വെയ്ക്കാം.

രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ (ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി) ഉള്‍പ്പെടെ 200 രാഷ്ട്രീയനേതാക്കള്‍ അറസ്റ്റിലായി. വിഘടനവാദത്തെ പിന്തുണയ്ക്കുന്ന 100 നേതാക്കളും പ്രവര്‍ത്തകരും തടവിലാണ്. അറസ്റ്റിലായവരില്‍ 3,000 പേരെ 'കല്ലേറുകാരും മറ്റ് നിയമലംഘകരുമായാണ്' വിശേഷിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച്ച അറസ്റ്റിലായവരില്‍ 85 പേരെ ആഗ്ര ജയിലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

കശ്മീരില്‍ അറസ്റ്റിലായത് നാലായിരത്തോളം പേര്‍; കണക്കില്‍ പെടാതെ വേറേയും;  ഔദ്യോഗിക രേഖ വെളിപ്പെടുത്തി റോയിട്ടേഴ്‌സ്
ശസ്ത്രക്രിയകള്‍ നീട്ടുന്നു, അവശ്യ മരുന്നുകള്‍ക്ക് ക്ഷാമം, ആശുപത്രിയില്‍ എത്താനുമാകുന്നില്ല ;കശ്മീരില്‍ രോഗികള്‍ കടുത്ത ദുരിതത്തില്‍ 

കശ്മീര്‍ താഴ്‌വരയിലെ 13 പൊലീസ് ജില്ലകള്‍ അധികരിച്ചുള്ളതാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നിട്ടുള്ളത് ശ്രീനഗറിലാണ്. ആയിരത്തോളം പേര്‍ ശ്രീനഗറില്‍ മാത്രം അറസ്റ്റിലായെന്ന് പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ 80 പേര്‍ ബിജെപിയ്‌ക്കൊപ്പം കശ്മീര്‍ ഭരിച്ച പിഡിപി പാര്‍ട്ടിക്കാരാണ്. 70 പേര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍. ഒരു ഡസനോളം കോണ്‍ഗ്രസ് നേതാക്കളും പൊലീസിന്റെ തടങ്കലിലാണ്.

തീവ്രവാദബന്ധം ആരോപിച്ച് 150ലധികം പേരെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരില്‍ നേതാക്കള്‍ ഉള്‍പ്പെടെ 1,200ലധികം പേര്‍ തടവില്‍ തന്നെയാണെന്ന് അധികൃതരിലൊരാള്‍ വ്യക്തമാക്കി. ഡസന്‍ കണക്കിന് ആളുകള്‍ ദിവസേന അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് രണ്ട് ഡസനോളം പേര്‍ സൈന്യത്തെ കല്ലെറിഞ്ഞെന്ന സംശയത്തിന്റെ പേരില്‍ മാത്രം പിടികൂടപ്പെട്ടു. രേഖപ്പെടുത്താത്ത വീട്ടുതടങ്കലുകളും അറസ്റ്റുകളും ഉള്‍പ്പെടാത്ത കണക്കാണ് ഇതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കശ്മീരില്‍ അറസ്റ്റിലായത് നാലായിരത്തോളം പേര്‍; കണക്കില്‍ പെടാതെ വേറേയും;  ഔദ്യോഗിക രേഖ വെളിപ്പെടുത്തി റോയിട്ടേഴ്‌സ്
നിങ്ങള്‍ക്ക് കശ്മീരാണ് വേണ്ടത്, കശ്മീരികളെയല്ല
logo
The Cue
www.thecue.in