ഷാജ് കിരണിനെ വര്‍ഷങ്ങളായി അറിയാം, ഭീഷണിപ്പെടുത്തി; ശബ്ദ രേഖ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്

ഷാജ് കിരണിനെ വര്‍ഷങ്ങളായി അറിയാം, ഭീഷണിപ്പെടുത്തി; ശബ്ദ രേഖ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്

ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. പാലക്കാട് എച്ച്.ആര്‍.ഡി.എസ് ഓഫീസില്‍ നിന്നാണ് ഫോണ്‍ സംഭാഷണം പുറത്തു വിട്ടത്. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്.

നികേഷ് കുമാര്‍ വരുമെന്നും പെഴ്‌സണലായി സംസാരിക്കുമെന്നും ഷാജ് കിരണ്‍ പറയുന്നുണ്ട്.നമ്മള്‍ അറിയാത്ത കളി പുറത്ത് നടക്കുന്നുണ്ട്. പിണറായിയുടെയും കോടിയേരിയുടെയും ഫണ്ടുകള്‍ കൂടുതലും അമേരിക്കയിലേക്കാണ് കടത്തുന്നതെന്നും അത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്നും ശബ്ദ രേഖയില്‍ ഷാജ് കിരണ്‍ പറയുന്നുണ്ട്.

ഷാജും ഇബ്രാഹിമുമാണ് തന്നെ കാണാന്‍ എത്തിയത്, ഷാജ് ആണ് ഭീഷണിപ്പെടുത്തിയത് എന്നും സ്വപ്‌ന ശബ്ദ സന്ദേശം പുറത്ത് വിടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ചു. സരിത്തിനെ അടുത്ത ദിവസം കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തി. ഷാജ് മുന്നറിയിപ്പ് നല്‍കിയതുപോലെ സരിത്തിനെ പിറ്റേന്ന് തട്ടിക്കൊണ്ട് പോയി. ഒന്നരമണിക്കൂറിനകം ഷാജ് പറഞ്ഞതുപോലെ സരിത്തിനെ വിട്ടയച്ചു എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

ഷാജ് ഇക്കാര്യം നേരത്തെ പറഞ്ഞതുകൊണ്ടാണ് സരിത്തിനെ കാണാതായപ്പോള്‍ ആദ്യം ഷാജിനെ തന്നെ വിളിച്ചതെന്നും സ്വപ്‌ന സുരേഷ്. ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പേ പരിചയമുണ്ടെന്നും ശിവശങ്കര്‍ ആണ് പരിചയപ്പെടുത്തിയതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

മുഖ്യമന്ത്രിയെക്കുറിച്ചും ഷാജ് പറഞ്ഞു, കളിച്ചിരിക്കുന്നത് ആരോടെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് എടുത്തിട്ടാല്‍ അദ്ദേഹം വെറുതെ വിടില്ല എന്നാണ് പറഞ്ഞതെന്നും ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്‌ന സുരേഷ് പറഞ്ഞു.

ഷാജിന്റെ ഭീഷണി മാനസികമായി തളര്‍ത്തി. വീണ്ടും തടവറയിലിടും. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. ഷാജിനെ വിശ്വസിപ്പിക്കാന്‍ സരിത്തിനെയും എച്ച്.ആര്‍.ഡി.എസിനെയും തള്ളിപ്പറഞ്ഞു എന്നും സ്വപ്‌ന പറഞ്ഞു.

The Cue
www.thecue.in