പ്രതിഷേധം ഫലം കണ്ടു, ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി

പ്രതിഷേധം ഫലം കണ്ടു, ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി

ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടര്‍ ആയി നിയമിച്ചതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. ശ്രീരാമന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍ കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചു.

കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറല്‍ മാനേജറായാണ് പകരം നിയമനം നല്‍കിയിരിക്കുന്നത്.

ശ്രീറാമിന് നിയമനം നല്‍കിയതില്‍ പ്രതികരിച്ച് കെ എം ബഷീറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. കെ എം ബഷീറിന്റെ കുടുംബത്തിന് നീതി കിട്ടിയില്ലെന്നാണ് ബഷീറിന്റെ ഭാര്യ സഹോദരന്‍ താജുദ്ദീന്‍ ദ ക്യുവിനോട് പറഞ്ഞത്. സര്‍ക്കാരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ കേസില്‍ നിന്ന് രക്ഷപ്പെടും എന്നാണ് തോന്നുന്നത്. കോടതിയില്‍ അതിന്റേതായ രൂപത്തില്‍ കേസ് അവതരിപ്പിക്കാന്‍ കഴിയുന്നില്ല. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആയതുകൊണ്ടാണോ എന്ന് അറിയില്ലെന്ന ആശങ്കയും താജുദ്ദീന്‍ പങ്കുവെച്ചു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകളക്ടര്‍ ആയി നിയമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കളങ്കിതനായ വ്യക്തിയെ ജില്ല കളക്ടര്‍ സ്ഥാനത്ത് അവരോധിക്കുന്നതിനെതിരെ പ്രതിഷേധിക്കുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. കളക്ടറായി ചുമതലയേല്‍ക്കുന്ന ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും ശ്രീറാമിനെതിരെ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധം ഫലം കണ്ടു, ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി
'ശ്രീറാം വെങ്കിട്ടരാമന്‍ രക്ഷപ്പെടും എന്ന് തോന്നുന്നു', കെ. എം ബഷീറിന്റെ കുടുംബത്തിന് നീതി കിട്ടിയിട്ടില്ലെന്ന് ബന്ധു

നിയമനത്തില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്റെയും എംപ്ലോയിസ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ആലപ്പുഴ കളക്ട്രേറ്റിന് മുന്നിലായിരുന്നു ധര്‍ണ. പ്രതിഷേധ ധര്‍ണ്ണ കെ.യു.ഡബ്ല്യു.ജെ നിയുക്ത പ്രസിഡന്റ് എം.വി വിനീതയാണ് ഉദ്ഘാടനം ചെയ്തത്.

നരഹത്യകേസില്‍ ഒന്നാം പ്രതിയായ ആളെ ജില്ലാ മജിസ്ട്രേറ്റിന്റെ പദവിയിലുള്ള കസേരയില്‍ ഇരുത്തിയത് നിയമ സംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് വിനീത കുറ്റപ്പെടുത്തി. ശ്രീറാം വെങ്കിട്ടരാമനെ പദവിയില്‍ നിന്ന് നീക്കും വരെ സമരം തുടരുമെന്നും കെ.യു.ഡബ്ല്യു.ജെ യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലും ശ്രീറാമിന്റെ നിയമനത്തിനെതിരെ പ്രതിഷേധ മാര്‍ച്ചും നടന്നിരുന്നു.

അതേസമയം ഇടതു നേതാക്കള്‍ക്കിടയിലും ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പ്രതിഷേധത്തിന് ഇടായിക്കിയിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പൊതു സമൂഹത്തില്‍ വ്യാപകമായ പരാതികള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഉചിതമായ നടപടി വേണം എന്ന് ആവശ്യപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് കത്തയച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി ഇടത് സഹയാത്രികനും കൊടുവള്ളി മുന്‍ എംഎല്‍എയുമായ കാരാട്ട് റസാറും രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തെ എക്കാലത്തും സഹായിച്ച പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേടായിരിക്കുമെന്നും കാരാട്ട് റസാഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രതിഷേധം ഫലം കണ്ടു, ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി
പ്രത്യേക മറവി രോഗമുള്ള ശ്രീറാം വെങ്കിട്ടരാമന്‍ എന്ന പ്രതി ജില്ലാ കളക്ടര്‍ ആകുമ്പോള്‍

ശ്രീറാമിനെ മാറ്റിയ നടപടി സ്വാഗതാര്‍ഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി നിയമിച്ചത്.

സ്ഥാനമൊഴിഞ്ഞ ആലപ്പുഴ ജില്ലാ കളക്ടര്‍ രേണുരാജില്‍ നിന്നായിരുന്നു ശ്രീറാം ചുമതലയേറ്റത്. രേണു രാജിന് എറണാകുളം ജില്ലാ കളക്ടര്‍ ആയാണ് പുതിയ നിയമനം.

Related Stories

No stories found.
logo
The Cue
www.thecue.in