വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം
Published on

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെത്തുടർന്ന് വോട്ട് ചെയ്യാൻ കഴിയാത്തതും പാസ്‌പോർട്ട് പുതുക്കാൻ കഴിയാതെ പോയ അനുഭവത്തിലൂടെയും, 'എസ്.ഐ.ആർ' (SIR)ന്റെ നടപടികളുടെ ഇരയായതിനെ കുറിച്ച് മനസു തുറന്ന് ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാൽ. കൊൽക്കത്തയിലെ  ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെത്തുടർന്ന് പാസ്‌പോർട്ട് പുതുക്കൽ നൂറിലധികം ദിവസങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണ്. എസ്ഐആർ സൃഷ്ടിച്ച 'സിവിക് അനിശ്ചിതത്വം' (civic uncertainty) എങ്ങനെ സാധാരണക്കാരനെ ബാധിക്കാമെന്നും ഇത്തരം നടപടികൾക്കെതിരെ മുഖ്യധാരാ മാധ്യമങ്ങൾ പുലർത്തുന്ന മൗനം എത്രമാത്രം ഗൗരവകരമാണെന്നും ആർ രാജഗോപാൽ ദ ക്യു അഭിമുഖത്തിൽ. 

പേര് നീക്കം ചെയ്തതിലെ അവ്യക്തത
"എന്റെ വോട്ടവകാശം നിഷേധിക്കപ്പെട്ടത് ഒട്ടും പൊരുത്തപ്പെടാനാവാത്ത ഒന്നായിരുന്നു. 2002ലെ വോട്ടർ പട്ടികയിൽ എന്റെയും പിതാവിന്റെയും പേര് കണ്ടെത്താനായില്ല എന്നതാണ് കാരണം പറയുന്നത്. എന്നാൽ, എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്പെല്ലിംഗ് മിസ്റ്റേക്കുകളോ ചെറിയ വ്യത്യാസങ്ങളോ മെഷീൻ റീഡിംഗ് വഴി മാച്ച് ചെയ്താൽ അത് വലിയ പ്രശ്നമായി മാറുന്നു. ഇതിൽ ഒരു മനുഷ്യന്റെ വിവേചന ബുദ്ധിയോ ഇടപെടലോ ഇല്ല. ഇതിന്റെ ആകെയുള്ള അവസ്ഥ സുതാര്യത ഇല്ലായ്മ (lack of transparency) ആണ്. പേര് വെട്ടാൻ ഉണ്ടായ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല".

പാസ്‌പോർട്ടും പോലീസ് നടപടിയും 

"പാസ്‌പോർട്ട് റിന്യൂവൽ അപേക്ഷ നൽകിയത് ഇതിന് ഒരു മാസം മുമ്പാണ്. പോലീസ് വെരിഫിക്കേഷൻ വന്നപ്പോൾ, എസ്.ഐ.ആറിൽ (SIR) പേര് ഡിലീറ്റ് ചെയ്യപ്പെട്ടതുകൊണ്ട് വോട്ടർ ലിസ്റ്റിൽ പേര് പുനഃസ്ഥാപിക്കുന്നതുവരെ വെരിഫിക്കേഷൻ റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്. ജൂൺ 17ന് പോലീസ് അഡ്വേഴ്‌സ് റിപ്പോർട്ട് നൽകിയതായി പാസ്‌പോർട്ട് ഓഫീസ് അറിയിച്ചു. പോലീസ് റിപ്പോർട്ട് ലഭിക്കാതെ അവർക്ക് മുന്നോട്ട് പോകാൻ കഴിയില്ല".

പോളിസി മ്യൂട്ടേഷൻ

"ഇതൊരു പോളിസി പരാലിസിസ് അല്ല, 'പോളിസി മ്യൂട്ടേഷൻ' ആണ്. ഒരു പോളിസി ഉണ്ടാക്കിയ ശേഷം ഓരോ ഉദ്യോഗസ്ഥർക്കും അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് അതിനെ വളച്ചൊടിച്ച് പൗരന്മാരെ പീഡിപ്പിക്കാൻ അവസരം നൽകുന്ന ഒരവസ്ഥയാണിത്. എന്റെ വിഷയം ചെറിയൊരു അംശം മാത്രമാണ്. അനേകലക്ഷം ആളുകൾക്ക് ഇത് മൂലം ക്ഷേമപദ്ധതികൾ നിഷേധിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ നടന്ന ഒരു കൺവെൻഷനിൽ പങ്കെടുത്തവർ പങ്കുവെച്ച അനുഭവങ്ങൾ ഞെട്ടിക്കുന്നതാണ്. തങ്ങളുടെ പേര് എസ്.ഐ.ആറിൽ (SIR) നിന്ന് വെട്ടിയതുകൊണ്ട്, ജനിച്ച കുഞ്ഞിന് ബർത്ത് സർട്ടിഫിക്കറ്റ് നൽകാൻ ലോക്കൽ അതോറിറ്റീസ് വിസമ്മതിക്കുന്നു എന്ന് ഒരു വനിത പരാതിപ്പെട്ടു. റേഷൻ കാർഡ് ഉടമയോട്, എസ്.ഐ.ആറിൽ പേര് ഇല്ലാത്തതുകൊണ്ട് റേഷൻ ഓഫീസിൽ പോയി അപ്രൂവൽ വാങ്ങി വരണമെന്ന് റേഷൻ കടക്കാരൻ ആവശ്യപ്പെട്ട അനുഭവവും പുറത്തുവന്നു.
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം എസ്.ഐ.ആർ വോട്ടർ ലിസ്റ്റ് ക്ലീൻ ചെയ്യാൻ മാത്രമുള്ളതാണ്, ഇത് പൗരത്വത്തിന്റെ തെളിവല്ല. എന്നിട്ടും എങ്ങനെയാണ് ഇത് പാസ്‌പോർട്ടും ക്ഷേമപ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നത്?".

മാധ്യമങ്ങളുടെ മൗനം 

"ഇത്രയും വലിയൊരു ജനവിഭാഗത്തെ ബാധിക്കുന്ന വിഷയത്തിൽ നമ്മുടെ മെയിൻ സ്ട്രീം മാധ്യമങ്ങൾ പുലർത്തുന്ന നിശബ്ദത അതിശയിപ്പിക്കുന്നു. ലോകകപ്പ് ഫുട്ബോളിനോ ഐ.പി.എല്ലിനോ അവർ നൽകുന്ന കവറേജ് പോലെ, മനുഷ്യജീവിതത്തെ പിടിച്ചുലയ്ക്കുന്ന ഇത്തരം കാര്യങ്ങളെ അവർ പരിഗണിക്കുന്നതേയില്ല. അങ്ങനെയുള്ള വാർത്തകൾക്ക് കവറേജ് നൽകേണ്ടതില്ല എന്നല്ല ഞാൻ പറയുന്നത്, എന്നാൽ ഇതിനേക്കാൾ ഗൗരവതരമായ വിഷയങ്ങൾ നിലനിൽക്കുമ്പോൾ മാധ്യമങ്ങളുടെ ഈ നിസ്സംഗത അവരുടെ മാനസികാവസ്ഥയെയാണ് കാണിക്കുന്നത്. ഇതൊരു വലിയ സാമൂഹിക പ്രശ്നമായിട്ടും, അടിസ്ഥാനപരമായ ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മെയിൻ സ്ട്രീം മീഡിയ തയ്യാറാവുന്നില്ല. ഇതിന് നിയമപരമായ വ്യക്തത അടിയന്തരമായി ആവശ്യമാണ്. സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ബാധ്യസ്ഥരാണ്. അവർ അതിന് തയ്യാറാകുന്നില്ലെങ്കിൽ കോടതികളോ പാർലമെന്റോ ഇടപെടണം. അന്തിമമായി സുപ്രീം കോടതി തന്നെ ഇതിൽ ഇടപെട്ട് ഒരു അന്തിമ തീരുമാനം എടുക്കേണ്ടി വരുമെന്നാണ് ഞാൻ കരുതുന്നത്".

പോളിസി പരാലിസിസല്ല, ഇത് പോളിസി മ്യൂട്ടേഷൻ 

"ഇതൊരു വ്യക്തിപരമായ പ്രതിസന്ധിയല്ല. എസ്.ഐ.ആർ (SIR) നടപടികൾ അനേക ലക്ഷം ആളുകളെയാണ് ബാധിക്കുന്നത്. വോട്ടർ ലിസ്റ്റ് ശുദ്ധീകരിക്കാൻ മാത്രമുള്ള ഒന്നായി കണ്ട് ഇതിനെ ന്യായീകരിച്ച ശേഷം, ഇപ്പോൾ വെൽഫെയർ ആനുകൂല്യങ്ങൾ, പാസ്‌പോർട്ട്, ബാങ്ക് അക്കൗണ്ടുകൾ എന്നിവ പോലും നിഷേധിക്കാൻ ഉദ്യോഗസ്ഥർ ഇതിനെ ഉപയോഗിക്കുന്നു.

2014 ന് മുമ്പ് നാം കേട്ടിരുന്ന 'പോളിസി പരാലിസിസി'നേക്കാൾ അപകടകരമാണ് ഇന്നത്തെ 'പോളിസി മ്യൂട്ടേഷൻ'. ഒരു പോളിസി ഉണ്ടാക്കിയ ശേഷം, ഓരോ ഉദ്യോഗസ്ഥർക്കും സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് അതിനെ വളച്ചൊടിച്ച് പൗരന്മാരെ പീഡിപ്പിക്കാൻ അവസരം നൽകുന്ന ഒരവസ്ഥയാണിത്. തന്നിഷ്ടം പോലെ നിയമം വളച്ചൊടിച്ച് ആരെയും ദ്രോഹിക്കാം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു. എന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചല്ല, മറിച്ച് ഇത്തരമൊരു അപകടകരമായ സാമൂഹിക അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഞാൻ മുന്നോട്ട് വന്നത്."

logo
The Cue
www.thecue.in