ചിലപ്പോള്‍ രാഷ്ട്രീയ വ്യത്യാസങ്ങളെ മാറ്റിനിര്‍ത്തേണ്ടിവരും, വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരൂര്‍

ചിലപ്പോള്‍ രാഷ്ട്രീയ വ്യത്യാസങ്ങളെ മാറ്റിനിര്‍ത്തേണ്ടിവരും, വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരൂര്‍

കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍. കെ റെയിലിനെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ഒപ്പിടാതിരുന്ന നടപടിക്ക് പിന്നാലെ തിരുവനന്തപുരത്തെ ലുലുമാള്‍ ഉദ്ഘാടനത്തില്‍ മുഖ്യമനന്ത്രിയെ പുകഴ്ത്തിയും തരൂര്‍ രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

'കേരളത്തിന്റെ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തത് ആസ്വാദ്യകരമായിരുന്നു. ചില കാര്യങ്ങളില്‍ രാഷ്ട്രീയ വിയോജിപ്പുകള്‍ മാറ്റി നിര്‍ത്തി വളര്‍ച്ചയ്‌ക്കൊപ്പം നില്‍ക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ പിന്നോട്ട് നില്‍ക്കുമ്പോഴും സംസ്ഥാനത്തെ യുവാക്കള്‍ക്ക് പുതിയ ജോലി സാധ്യതകള്‍ ലഭിക്കേണ്ടതായിരിക്കുന്നു,' എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

തിരുവനന്തുപുരം ലുലു മാളിന്റെ ഉദ്ഘാടനത്തിനെത്തിയ സമയത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളാണ് തരൂര്‍ പങ്കുവെച്ചിരിക്കുന്നത്.

ലുലുമാളിന്റെ ഉദ്ഘാടന വേദിയില്‍, വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് തരൂര്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ വികസനകാര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന തടസങ്ങളെയെല്ലാം മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു.

കെ- റെയിലിനെതിരായ വിഷയത്തില്‍ തരൂരിന്റെ വ്യത്യസ്ത നിലപാടില്‍ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു.

സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. തരൂര്‍ എഴുത്തുകാരനും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയുമൊക്കെ ആയിരിക്കും. എന്നാല്‍ അച്ചടക്കം പാലിക്കണമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in