
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
കോണ്‍ഗ്രസ് യോഗ്യനായ എതിരാളിയാണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ ദിവസം ബിജെപി നടത്തിയ ഗംഭീര പ്രകടനത്തിന് അഭിനന്ദനങ്ങള്‍. കോണ്‍ഗ്രസ് യോഗ്യനായ എതിരാളിയാണെന്ന് തെളിയിക്കുക തന്നെ ചെയ്യും. 'ഞങ്ങള്‍ തോറ്റു പക്ഷെ പരാജയപ്പെട്ടിട്ടില്ല എന്നാണ് സഹപ്രവര്‍ത്തകന്‍ ആലിം ജാവേരി പറഞ്ഞത്. നമ്മുടെ ബോധ്യങ്ങള്‍, മൂല്യങ്ങള്‍, പൈതൃകം എന്നവയെല്ലാം ആഴത്തില്‍ വേരൂന്നിയതാണ്. അത് നിലനില്‍ക്കും,' ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
പഞ്ചാബില്‍ നേട്ടമുണ്ടാക്കിയ ആം ആദ്മി പാര്‍ട്ടിയെയും തരൂര്‍ അഭിനന്ദിച്ച് രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ നേതൃത്വം നവീകരിക്കേണ്ട സമയമായെന്നും തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.