'സയന്‍സ് നുണ പറയില്ല മോദി പറയും'; കൊവിഡ് മരണക്കണക്കില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

'സയന്‍സ് നുണ പറയില്ല മോദി പറയും'; കൊവിഡ് മരണക്കണക്കില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയതിന്റെ ഒന്‍പത് ഇരട്ടിയാണെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കേന്ദ്രത്തിന് നേരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സയന്‍സ് നുണ പറയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നുണ പറയുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് പോലെ 4.8 ലക്ഷം പേരല്ല മറിച്ച് 48 ലക്ഷം പേരാണ് കൊവിഡ് മൂലം രാജ്യത്ത് മരിച്ചത്, ജീവ നഷ്ടമായവരുടെ ബന്ധുക്കളെ ബഹുമാനിക്കൂവെന്നും അവര്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കൂവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.

ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ മിക്ക രാജ്യങ്ങളിലും കോവിഡ് മരണങ്ങള്‍ ശരിയായി രേഖപ്പെടുത്തപ്പെടുത്തിയില്ലെന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ കണക്കുകള്‍ ശരിയല്ലെന്നും മരണം കണക്കാക്കിയ രീതി ശാസ്ത്രീയമല്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് കണക്കുകള്‍ പുറത്തുവിട്ടത്. കൊവിഡ് മരണങ്ങള്‍ കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന അവലംബിച്ച രീതി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും കേന്ദ്രം പറയുന്നു.