മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയണം, ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കുകയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍

മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയണം, ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കുകയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനായില്ല. ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കുകയെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. മീഡിയവണ്‍ ചാനലിലാണ് പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ആത്മാര്‍ഥമായാണ് ഏറ്റെടുത്തതെങ്കില്‍ സ്ഥാനമൊഴിയണമെന്നാണ് ഉണ്ണിത്താന്‍ പറയന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

പൊതുരാഷ്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാത്തത് നിരാശാജനകമാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി കെ.എസ്.യുവിന്റെ പേരില്‍ തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കെ. മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം കോഴിക്കോട്ടും പോസ്റ്ററുകള്‍ ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പിലെ പ്രഹരത്തിന്റെ ആഴം കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കണം. ഇത്രയധികം അനുകൂല കാലാവസ്ഥ യുഡിഎഫിന് ഉണ്ടായിട്ടില്ല. പുറം ചികിത്സ കൊണ്ട് പരിഹാരമില്ല. മധ്യതിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ.എം മാണിക്കും ജോസിനുമൊപ്പമാണ് കേരള കോണ്‍ഗ്രസ് അനുഭാവികള്‍ എന്ന് യുഡിഎഫ് നേതൃത്വം മനസിലാക്കിയില്ല. പറഞ്ഞയക്കുന്നതിന് പകരം നിലനിര്‍ത്താനായിരുന്നു ശ്രമിക്കേണ്ടതെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി വിശ്വാസ്യത തകര്‍ത്തുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍. നേതൃമാറ്റമല്ല നിലപാടുകളില്‍ വ്യക്തതയാണ് വേണ്ടതെന്നും നേതൃത്വം പറഞ്ഞാല്‍ എംപി സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് പ്രചാരകനാകാനും തയാറാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താന്‍ രംഗത്ത് വന്നിരിക്കുന്നത്.

മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയണം, ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കുകയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍
'സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ', കെ.പി.സി.സി ഓഫീസിന് മുന്നില്‍ കെ.എസ്.യുവിന്റെ പേരില്‍ ഫ്‌ളെക്‌സ്

മുല്ലപ്പള്ളി ഇന്നലെ പറഞ്ഞത്

എന്റെ പ്രവര്‍ത്തനങ്ങള്‍ തുറന്ന പുസ്തകമാണ്. മാധ്യമങ്ങള്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെയാണ് മാധ്യമങ്ങള്‍ ക്രൂരമായി എന്നെ ആക്രമിച്ചത്. ഞാനെന്ത് തെറ്റാണ് ചെയ്തത്. വിജയത്തിന് പിതൃത്വം വഹിക്കാന്‍ ഒരുപാട് തന്തമാരുണ്ടാകുമെന്നും പരാജയം എപ്പോഴും അനാഥമായിരിക്കും. ലോക്‌സഭയില്‍ 20 ല്‍ 19 നേടിയപ്പോള്‍ എനിക്കാരും പൂച്ചെണ്ട് തന്നിട്ടില്ല. പരാജയം ഉണ്ടായപ്പോള്‍ പൂര്‍ണ ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ഏല്‍ക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in