'ഇന്ത്യന്‍ ഭരണഘടനയുടെ ആശയം വാല്‍മീകിയില്‍ നിന്ന്, നിലവിലെ ഭരണത്തിന്റെ കീഴില്‍ ദളിതര്‍ ആക്രമിക്കപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി

'ഇന്ത്യന്‍ ഭരണഘടനയുടെ ആശയം വാല്‍മീകിയില്‍ നിന്ന്, നിലവിലെ ഭരണത്തിന്റെ കീഴില്‍ ദളിതര്‍ ആക്രമിക്കപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി
Published on

ഇന്ത്യന്‍ ഭരണഘടനയുടെ ആശയമുണ്ടായത് വാല്‍മീകിയില്‍ നിന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം വാല്‍മീകി ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. വാല്‍മീകിയുടെ തത്ത്വചിന്തയുടെ ചൈതന്യം ഭരണഘടന ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷേ ദളിതരും, സാധാരണക്കാരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും നിലവിലെ ഭരണത്തിന്റെ കീഴില്‍ അക്രമം നേരിടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'മഹര്‍ഷി വാല്‍മീകി നമുക്ക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാത കാണിച്ചുതന്നു, നമുക്ക് ഒരു ജീവിത രീതി നല്‍കി. നമ്മുടെ ഭരണഘടന വാല്‍മീകിയുടെ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ഈ കാലത്ത്, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ആക്രമിക്കപ്പെടുകയാണെന്ന് നമുക്ക് കാണാം.'

ഇന്ന് ഭരണഘടനും വാല്‍മീകിയുടെ തത്വചിന്തയും, പ്രത്യേകിച്ച് ദളിത് സഹോദരങ്ങളും ആക്രമിക്കപ്പെടുകയാണ്. പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ആക്രമിക്കപ്പെടുന്നു. എല്ലാ ആനുകൂല്യങ്ങളും പത്തോ പതിനഞ്ചോ പേര്‍ക്ക് മാത്രം നല്‍കുന്നു. ലക്ഷക്കണക്കിന് ജനങ്ങളെയും, കര്‍ഷകരെയും, ദരിദ്രരെയും നിശബ്ദരാക്കിയിരിക്കുന്നു, അവര്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

കോണ്‍ഗ്രസ് ഈ ആക്രമണങ്ങള്‍ ഇല്ലാതാക്കുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 'അവര്‍ രാജ്യത്തെ എത്രത്തോളം വിഭജിക്കാന്‍ ശ്രമിക്കുന്നുവോ, നമ്മള്‍ അത്രത്തോളം ഒത്തുചേരും, അവര്‍ എത്രത്തോളം വിദ്വേഷം പരത്തുന്നുവോ, നമ്മള്‍ അത്രത്തോളം സ്‌നേഹത്തെ കുറിച്ചും, സാഹോദര്യത്തെ കുറിച്ചും സംസാരിക്കും', രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in