ബില്ലുകളിൽ കോടതിക്ക് സമയപരിധി നിശ്ചയിക്കാനാകുമോ? സുപ്രീം കോടതിയോട് പതിനാല് ചോ​ദ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

ബില്ലുകളിൽ കോടതിക്ക് സമയപരിധി നിശ്ചയിക്കാനാകുമോ? സുപ്രീം കോടതിയോട് പതിനാല് ചോ​ദ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു
Published on

സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ അം​ഗീകരിക്കുന്നതിനായി ​ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കാനാകുമോയെന്ന് സുപ്രീം കോടതിയോട് രാഷ്ട്രപതി. നിയമപരമായ വിഷയങ്ങളിൽ സുപ്രീം കോടതിയോട് ചോ​ദ്യങ്ങൾ ഉന്നയിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 143 അനുസരിച്ചാണ് ദ്രൗപതി മുർമു വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. പതിനാല് ചോദ്യങ്ങളാണ് രാഷ്ട്രപതി കോടതിക്ക് ഔദ്യോ​ഗികമായി നൽകിയത്. ബില്ലുകൾ അം​ഗീകാരം നൽകാതെ വൈകിപ്പിക്കുന്നതിന് എതിരെ തമിഴ്നാട് സർക്കാർ ​​ഗവർണർക്ക് എതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതി സർക്കാരിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയിൽ ​ബില്ലുകളിൻമേൽ തീരുമാനമെടുക്കാൻ ​​ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി ഏർപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. ഇതിനെതിരെ സംഘപരിവാർ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ ​ഗവർ‌ണർമാരും രം​ഗത്തെത്തിയിരുന്നു. പിന്നാലെയാണ് രാഷ്ട്രപതിയും കോടതിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ചോദ്യങ്ങൾ

1. ഒരു ബിൽ സമർപ്പിക്കപ്പെട്ടാൽ ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാ സാധ്യതകൾ എന്തൊക്കെ?

2. തന്റെ അധികാരം ഉപയോഗിക്കുന്നതിനൊപ്പം മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിക്കാൻ ഗവർണർ നിർബന്ധിതനാണോ?

3. ആർട്ടിക്കിൾ 200 നൽകുന്ന ഭരണഘടനാപരമായ വിവേചനാധികാരം കോടതികളിൽ ചോദ്യം ചെയ്യപ്പെടാവുന്നതാണോ?

4. ഭരണഘടനയുടെ ആർട്ടിക്കിൾ 361 ഗവർണർമാരുടെ നടപടികളുടെ ജുഡീഷ്യൽ റിവ്യൂ പൂർണ്ണമായും വിലക്കുന്നുണ്ടോ?

5. ഭരണഘടന സമയപരിധി നിശ്ചയിക്കാത്ത സാഹചര്യത്തിൽ കോടതി ഉത്തരവിലൂടെ ഗവർണർമാർക്ക് സമയപരിധി ഏർപ്പെടുത്താൻ സാധിക്കുമോ?

6. ആർട്ടിക്കിൾ 201 അനുസരിച്ച് രാഷ്ട്രപതിക്കുള്ള ഭരണഘടനാപരമായ വിവേചനാധികാരം കോടതികളിൽ ചോദ്യം ചെയ്യപ്പെടാൻ കഴിയുമോ?

7. ഭരണഘടന വിഭാവനം ചെയ്യാത്ത സമയപരിധി കോടതി ഉത്തരവിലൂടെ രാഷ്ട്രപതിക്ക് മേൽ അടിച്ചേൽപിക്കാനാകുമോ?

8. ഗവർണർമാർ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിൽ പ്രസിഡന്റ് സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ?

9. നിയമങ്ങൾ നിലവിൽ വരുന്നതിന് മുൻപ് അതിൻമേൽ ഗവർണറോ രാഷ്ട്രപതിയോ എടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനാകുമോ? ബില്ലുകൾ നിയമമാകുന്നതിന് മുൻപ് അവയിൽ തീരുമാനം എടുക്കാൻ കോടതികൾക്ക് അധികാരമുണ്ടോ?

10. പ്രസിഡന്റിന്റെയോ ഗവർണറുടെയോ ഭരണഘടനാപരമായ അധികാരങ്ങൾക്കും ഉത്തരവുകൾക്കും ഏതെങ്കിലും വിധത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്താനാകുമോ?

11. ഗവർണറുടെ അനുമതി ലഭിക്കാതെ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന നിയമങ്ങൾക്ക് സാധുത ലഭിക്കുമോ

12. ഭരണഘടനാപരമായ വ്യാഖ്യാനം വേണ്ടതും നിയമപരമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതുമായ വിഷയങ്ങൾ കുറഞ്ഞത് അഞ്ചംഗങ്ങളെങ്കിലുമുള്ള ബെഞ്ചിലേക്ക് മാറ്റണമെന്നത് നിർബന്ധമല്ല എന്നുണ്ടോ?

13. സുപ്രീം കോടതിയുടെ അധികാരങ്ങൾ ആർട്ടിക്കിൾ 142ന്റെ നടപടിക്രമങ്ങൾക്ക് അനുസൃതമായി മാർഗ്ഗനിർദേശങ്ങൾ നൽകുകയോ ഉത്തരവുകൾ ഇറക്കുകയോ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടോ?

14. ആർട്ടിക്കിൾ 131 അനുസരിച്ചുള്ള സ്യൂട്ടിലൂടെയല്ലാതെ യൂണിയൻ സർക്കാരും സംസ്ഥാന സർക്കാരുകളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സുപ്രീം കോടതിക്കുള്ള മറ്റെന്തെങ്കിലും അധികാരത്തെ ഭരണഘടന വിലക്കുന്നുണ്ടോ?

സുപ്രീം കോടതിയുടെ രണ്ടം​ഗ ബെഞ്ചാണ് തമിഴ്നാട് ​ഗവർണർക്കെതിരായ കേസിൽ വിധി പുറപ്പെടുവിച്ചത്. ഭരണഘടന വ്യാഖ്യാനിക്കുന്ന കേസിൽ രണ്ടം​ഗ ബെഞ്ചിന് ഭരണഘടനാ പദവിയിലുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അധികാരമുണ്ടോ എന്ന ചോദ്യമാണ് ആദ്യ ഘട്ടത്തിൽ പ്രധാനമായും ഉയർന്നത്. രാഷ്ട്രപതി, ​ഗവർണർമാർ എന്നിവരുടെ തീരുമാനങ്ങൾക്ക് ഭരണ​ഘടന സമയപരിധി നിശ്ചയിച്ചി‍ട്ടില്ല. ഈ പശ്ചാത്തലത്തിൽ രണ്ടം​ഗ ബെഞ്ചിന് ഇത്തരത്തിൽ ഒരു വിധി പുറപ്പെടുവിക്കാൻ അധികാരമുണ്ടോ എന്നതാണ രാഷ്ട്രപതിയുടെ ചോദ്യങ്ങളുടെ കാതൽ. കുറഞ്ഞത് അഞ്ചം​ഗങ്ങളുള്ള ബെഞ്ചിലേക്കെങ്കിലും അയക്കേണ്ടതല്ലേ എന്ന ചോദ്യം ഈ വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരി​ഗണനയ്ക്ക് വിടേണ്ടതുണ്ടെന്ന പരോക്ഷമായ നിർദേശമായിക്കൂടി കണക്കാക്കാം.

logo
The Cue
www.thecue.in