പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളെന്ന് എ.കെ.ബാലന്‍, വര്‍ഗശത്രുക്കള്‍

പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളെന്ന് എ.കെ.ബാലന്‍, വര്‍ഗശത്രുക്കള്‍

തരൂര്‍ മണ്ഡലത്തില്‍ പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി മന്ത്രി എ.കെ.ബാലന്‍. പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികളാണ്. വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയുമെന്നും മന്ത്രി ബാലന്‍. ഇപ്പോള്‍ കൊടുക്കുന്ന വാര്‍ത്തകളെല്ലാം അബദ്ധജടിലമാണ്. വാസ്തവ വിരുദ്ധമാണ്. ഒരു സ്ഥാനാര്‍ത്ഥിയെയും നിലവില്‍ തീരുമാനിച്ചിട്ടില്ല. ഈ പ്രക്രിയക്കിടയില്‍ ചില സ്ഥാനാര്‍ത്ഥികള്‍ വരും. ചിലര്‍ പോവും. അത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രക്രിയയല്ല', മന്ത്രി എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എ.കെ.ബാലനും ഭാര്യ പി.കെ ജമീലക്കുമെതിരെ മന്ത്രിയുടെ വീടിന് മുന്നിലും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തരൂര്‍ മണ്ഡലത്തില്‍ എ.കെ.ബാലന് പകരം ഡോ.പി.കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സിപിഐഎം തീരുമാനമാണ് അണികള്‍ക്കിടയില്‍ എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്. 'പാര്‍ട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുക തന്നെ ചെയ്യു'മെന്നാണ് പോസ്റ്ററില്‍. സേവ് കമ്യൂണിസം എന്ന പേരിലാണ് പോസ്റ്ററുകള്‍.

പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളെന്ന് എ.കെ.ബാലന്‍, വര്‍ഗശത്രുക്കള്‍
മണ്ഡലത്തെ കുടുംബസ്വത്താക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും, എ.കെ.ബാലനെതിരെ പോസ്റ്ററുകള്‍

രണ്ട് ടേം വ്യവസ്ഥയില്‍ ഇളവില്ലെന്ന നിലപാടിന് പിന്നാലെ ബാലന് പകരം ഭാര്യ ജമീലയെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐഎം സംസ്ഥാന സമീതി തീരുമാനിച്ചിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട ദളിത് നേതാക്കളെ അവഗണിച്ച് കുടുംബ പാരമ്പര്യം മാത്രം പരിഗണനയാക്കി പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തരൂര്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷമുണ്ട്. പട്ടികജാതി ക്ഷേമസമിതി ജില്ലാ ഭാരവാഹി പൊന്നുക്കുട്ടനെയോ, ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ കെ.ശാന്തകുമാരിയെയോ ഈ സീറ്റില്‍ പരിഗണിക്കണമായിരുന്നുവെന്നാണ് മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം.

പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളെന്ന് എ.കെ.ബാലന്‍, വര്‍ഗശത്രുക്കള്‍
പി.ജയരാജനെ പാര്‍ട്ടി ഒറ്റപ്പെടുത്തിയെന്ന് കെ.സുധാകരന്‍, സിപിഎമ്മിലെ വിള്ളല്‍ കണ്ണൂരില്‍ സഹായകമാകും

സേവ് സിപിഐഎം ഫോറം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. കേരളത്തിലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സംഘടനയാണ് അത്. തെരഞ്ഞെടുപ്പ് കാലത്ത് രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങള്‍ക്കറിയാമെന്നും എ.കെ.ബാലന്‍. തങ്ങളുടെ ജീവിതം തുറന്നപുസ്തകമാണെന്നും തന്റെയും കുടുംബത്തിന്റെയും ചരിത്രം എല്ലാവര്‍ക്കും അറിയാമെന്നും ബാലന്‍. മണ്ഡലത്തില്‍ ഓരോ തവണയും എന്റെ ഭൂരിപക്ഷം ഉയര്‍ന്നിട്ടുണ്ട്. ഇത് സിപിഐഎം വോട്ടുകള്‍ മാത്രമല്ല. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ത്ഥി ചരിത്ര വിജയം നേടും. മാത്രമല്ല, അത് എനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തോടെയായിരിക്കും.

ഭാര്യ പി.കെ ജമീല ഇക്കുറി സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത മന്ത്രി എ.കെ.ബാലന്‍ സമീപദിവസങ്ങളില്‍ നിഷേധിച്ചിരുന്നു. കള്ളവാര്‍ത്തകളാണ് പുറത്തുവരുന്നതെന്നായിരുന്നു ചാനല്‍ അഭിമുഖങ്ങളില്‍ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞിരുന്നത്. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തല്‍. പ്രാഥമിക ചര്‍ച്ചയില്‍ ആരുടെ പേര് വേണമെങ്കിലും വരാമെന്നും ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രചരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി ബാലന്‍ അടുത്ത ദിവസങ്ങളില്‍ പറഞ്ഞിരുന്നു.

സിപിഐഎം മുന്‍ കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായിരുന്നു പി.കെ കുഞ്ഞച്ചന്റെ മകള്‍ കൂടിയാണ് ഡോ.പി.കെ.ജമീല. ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം മിഷന്റെ ഡയറക്ടറാണ്.2016ല്‍ എ.കെ.ബാലന്‍ 67,047 വോട്ടിനാണ് കോണ്‍ഗ്രസിലെ സി.പ്രകാശിനെ തരൂരില്‍ തോല്‍പ്പിച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 64,175 വോട്ട് നേടിയായിരുന്നു എ.കെ.ബാലന്റെ വിജയം.

Related Stories

No stories found.
logo
The Cue
www.thecue.in